അന്നം തേടുന്നവർക്ക് വായ്ക്കരി ഇടുന്നവർ 
Special Story

അന്നം തേടുന്നവർക്ക് വായ്ക്കരി ഇടുന്നവർ

ഒരുവന്‍റെ തൊഴിലും സ്വകാര്യജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ ഇടവേളകൾക്കും വിശ്രമത്തിനും മാനസികമായ ഉല്ലാസത്തിനും വലിയ പങ്കുണ്ട്.

ജോസഫ് എം. പുതുശേരി

അന്ന സെബാസ്റ്റ്യന്‍റെ അകാല മരണം വലിയൊരു ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനി. പഠനം കഴിഞ്ഞയുടന്‍ പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങ്ങിൽ (ഇവൈ) ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി. നല്ല ശമ്പളം. പക്ഷേ മനുഷ്യത്വഹീനമായ ജോലി പരിസരങ്ങള്‍ തകര്‍ത്തു കളഞ്ഞത് ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങളെയാണ്. അമിതമായ ജോലി ഭാരം മൂലം 26ാം വയസില്‍ അന്ന വിട പറഞ്ഞു.

അവരുടെ മാതാവ് അനിത അഗസ്റ്റിൻ ഇവൈ ഇന്ത്യാ മേധാവി രാജീവ് മേമാനിക്ക് എഴുതിയ കത്താണ് പുതിയ ചർച്ചയ്ക്ക് വഴിവച്ചത്. കോര്‍പ്പറെറ്റ് ഭീമന്മാർ അടക്കം ലോകം മുഴുവൻ ഇതു ചര്‍ച്ച ചെയ്യുകയാണ്. കോർപ്പറെറ്റ് ലോകത്തിന്‍റെ അത്യാഗ്രഹം കൊന്നുകളഞ്ഞതാണ് അന്നയെ. എട്ടു മണിക്കൂര്‍ ജോലി എന്ന മനുഷ്യത്വപരമായ സമീപനം ലംഘിച്ച് ബഹുരാഷ്‌ട്ര കുത്തകകള്‍ യുവത്വത്തെ കൊല്ലാതെ കൊല്ലുകയാണ്.

ബാങ്കിൽ രാവിലെ 9 മുതൽ 11 വരെ മീറ്റിങ്ങിൽ പങ്കെടുത്ത ശേഷമാണ് അസോഷ്യേറ്റ് വൈസ് പ്രസിഡന്‍റായ 35കാരൻ അലക്സ് റെജി പുറത്തിറങ്ങി ജീവനൊടുക്കിയത്. മുംബൈയിൽ നിന്നു പുറത്തുവന്ന ഈ വാർത്തയും തൊഴിൽ സമ്മർദത്തിന് ഇരയാകേണ്ടി വന്ന ഹതഭാഗ്യന്‍റേതാണ്. ഇതുപോലെ അറിഞ്ഞതും അറിയാത്തതുമായ എത്രയോ പേർ.

മിച്ചമൂല്യത്തിന്‍റെ നിരക്ക് വർധിപ്പിക്കാനുള്ള മുതലാളിയുടെ ത്വര തൊഴിൽ സമയം പരമാവധി നീട്ടിയെടുക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നീട്ടാൻ പറ്റുന്നത് ഒരു ദിവസം പരമാവധി 24 മണിക്കൂറാണ്. പക്ഷേ അത് സാധ്യമല്ലല്ലോ. കാരണം ഓരോ ദിവസത്തെയും ഒരു ഭാഗം സമയം അടുത്തദിവസം വീണ്ടും അധ്വാനത്തിൽ ഏർപ്പെടാനായി തൊഴിലാളിയുടെ ആരോഗ്യം വീണ്ടെടുക്കാനും വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വേണം.

എന്നാൽ പുതിയ സാമ്പത്തിക വ്യവസ്ഥിതിയിൽ വൻകിടക്കാരും കോർപ്പറെറ്റുകളും ലക്ഷ്യം വയ്ക്കുന്നത് പരമാവധി ലാഭം എന്നതു മാത്രമാണ്. ലാഭം (മിച്ചമൂല്യം) സൃഷ്ടിക്കാനുള്ള ഒടുങ്ങാത്ത ആർത്തി കാരണം തൊഴിൽ സമയം നിശ്ചയിക്കുമ്പോൾ ശാരീരിക ആവശ്യകതകൾ പോലും പരിഗണിക്കാറില്ല; പിന്നല്ലേ, സാമൂഹിക- സാംസ്കാരിക ആവശ്യകതകൾ നിർവഹിക്കാനുള്ള സമയത്തിന്‍റെ കാര്യം. തൊഴിലാളിയുടെ ആരോഗ്യത്തിന്‍റെയും ആയുസിന്‍റെയും കാര്യത്തിൽ ദയാരഹിതമായാണ് ഇക്കൂട്ടർ പെരുമാറുന്നത്. തൊഴിലാളികളുടെ അധ്വാനശക്തി നിഷ്ഠുരം ചൂഷണം ചെയ്യുന്നതു കാരണം അവരുടെ ആയുസ് കുറയുന്നു. മരണ നിരക്ക് കൂടുന്നു.

അടിമത്ത വ്യവസ്ഥിതിയിൽ അടിമയുടെ അധ്വാനത്തിന്‍റെ മാത്രമല്ല, അടിമയുടെ ആകമാന ഉടമസ്ഥതയും ഉടമയ്ക്കായിരുന്നു. അടിമകൾ ഉടമയുടെ മൂലധനമാണ്. അമിതമായി പണിയെടുപ്പിച്ച് അടിമ മരിച്ചുപോയാൽ ഉടമയ്ക്ക് നഷ്ടമാണ്. അതിനാൽ കുറച്ചൊക്കെ വിശ്രമം അനുവദിക്കുമായിരുന്നു. പക്ഷേ, പിൽക്കാലത്ത് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളുടെ ലഭ്യത വർധിച്ചതോടെ അടിമകളുടെ ആ ആനുകൂല്യം എടുത്തുകളയപ്പെട്ടു. അമെരിക്കയിലെ അടിമപ്പണിക്കാർ അകാല മരണത്തിലൂടെ തോട്ടങ്ങളിലെ വളമായി മാറി. ഒരു അടിമയുടെ തൊഴിൽ ശേഷിയുടെ പരമാവധി ഊറ്റിയെടുത്ത ശേഷം എത്രയും വേഗം മരണത്തിലേക്ക് തള്ളിവിടുന്നതും ലാഭമായി മാറി. സമാനമായ അവസ്ഥയിലേക്കാണ് നാം എത്തപ്പെട്ടിരിക്കുന്നത്.

8 മണിക്കൂർ തൊഴിൽ സമയമെന്നത് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡമാണ്. ഒരുവന്‍റെ തൊഴിലും സ്വകാര്യജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ ഇടവേളകൾക്കും വിശ്രമത്തിനും മാനസികമായ ഉല്ലാസത്തിനും വലിയ പങ്കുണ്ട്.

1886ലെ ഐതിഹാസികമായ മേയ്ദിന പോരാട്ടവും തൊഴിലാളികളുടെ രക്തസാക്ഷിത്വവും ലോകമെങ്ങും തൊഴിലാളികളെ തട്ടിയുണർത്തി. 1889ൽ പാരിസിൽ നടന്ന സാർവദേശീയ സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് ഒന്ന് സർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. 1917ൽ ലോകത്താദ്യമായി റഷ്യയിലെ തൊഴിലാളികൾ മുതലാളിത്ത ഭരണകൂടത്തെ നിഷ്കാസനം ചെയ്ത് സ്വന്തം ഭരണകൂടം സ്ഥാപിച്ചു. അതോടെ തൊഴിൽ സമയം ദീർഘിപ്പിച്ചുകൊണ്ടു നടത്തുന്ന തൊഴിൽ ചൂഷണം റഷ്യയിൽ അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് പുനർനിർമാണത്തിന്‍റെ പുരോഗതിയോടെ തൊഴിൽ സമയം വീണ്ടും കുറച്ചു. 1927ൽ 6 മണിക്കൂറും ആകെ 104 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഏർപ്പെടുത്തി. 1929ൽ ആഴ്ചയിൽ 5 തൊഴിൽ ദിവസങ്ങൾ എന്ന് നിജപ്പെടുത്തി. സോവിയറ്റ് യൂണിയനിൽ തൊഴിലാളികളുടെ ജീവിതത്തിൽ വന്ന ഈ പുരോഗതി ലോകമെങ്ങുമുള്ള തൊഴിലാളി മുന്നേറ്റങ്ങൾക്ക് ആക്കം കൂട്ടി.

1919ൽ ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) സ്ഥാപിക്കപ്പെട്ടു. അതിന്‍റെ ആദ്യ കൺവെൻഷൻ 8 മണിക്കൂർ തൊഴിൽ സമയത്തെപ്പറ്റിയായിരുന്നു. 8 മണിക്കൂർ പ്രതിദിനം, 48 മണിക്കൂർ പ്രതിവാരം, ആഴ്ചയിൽ ഒരു ദിവസം വിശ്രമം, ക്രമേണ പ്രതിവാരം 40 മണിക്കൂറിൽ എത്തുക എന്നതായിരുന്നു കൺവെൻഷന്‍റെ പ്രഖ്യാപനം. ഈ കൺവെൻഷൻ ഇന്ത്യ അംഗീകരിക്കുകയും 1948ലെ ഫാക്റ്ററി ആക്റ്റിൽ ആ വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു.

ആഗോളവത്കരണ - ഉദാരവത്കരണ - സ്വകാര്യവത്കരണ കാലഘട്ടത്തിൽ തൊഴിലാളികൾക്ക് അനുകൂലമായിരുന്ന എല്ലാ പരിഷ്കൃതനിയമങ്ങളും പിൻവലിക്കപ്പെട്ടു. രാജ്യത്ത് നിലനിന്ന തൊഴിൽ നിയമങ്ങൾക്ക് പകരം കൊണ്ടുവന്ന ലേബർ കോഡുകളിലൂടെ നിലവിലുണ്ടായിരുന്ന തൊഴിലാളി അനുകൂല വ്യവസ്ഥകൾ ഇല്ലാതാവുകയോ ദുർബലപ്പെടുകയോ ചെയ്തിരിക്കുകയാണ്. കൊവിഡ് കാലത്ത് പാർലമെന്‍റ് ചർച്ച പോലും ചെയ്യാതെ പ്രതിപക്ഷ എംപിമാരുടെ അഭാവത്തിലാണ് ലേബർ കോഡുകൾ പാസാക്കിയെടുത്തത്. ഇത് വൻകിടക്കാർക്ക് ഏതു തൊഴിലാളി ചൂഷണത്തിലും ഉപയോഗപ്പെടുത്താവുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്‍റ് സ്റ്റാൻഡിങ് ഓർഡർ ആക്റ്റിൽ നിന്ന് ഇന്ത്യൻ ഐടി ബിസിനസുകളെ ഒഴിവാക്കിയതിനാൽ തൊഴിൽ നിയമങ്ങളുടെ ഈ അടിസ്ഥാന നിയമച്ചട്ടകൂടിൽ ഐടിയും അനുബന്ധ ഉദ്യമങ്ങളും ഉൾപ്പെട്ടിരുന്നില്ല. വ്യവസായിക തർക്ക നിയമം (1947), ഫാക്റ്ററി നിയമം (1946) എന്നിവയുടെ പരിധിയിൽ ഇവ വരുന്നില്ലെന്ന് പല കേസുകളിലും ഉന്നയിക്കാറുണ്ട്. എന്നാൽ പൊതുവായ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഐടി വ്യവസായം ഉൾപ്പെടുന്നുണ്ടെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്താകെയുള്ള തൊഴിൽ ശക്തിയിൽ 93% ശതമാനവും അസംഘടിത മേഖലയിലാണ്. യാതൊരു തൊഴിൽ സുരക്ഷിതത്വവുമില്ലാതെ മുതലാളിമാരുടെ ക്രൂര ചൂഷണത്തിന് വിധേയരാക്കപ്പെട്ട വിഭാഗം. ഏറ്റവും വൈദഗ്ധ്യത്തോടെ പ്രവർത്തിക്കേണ്ട രംഗമാണ് ഐടി മേഖല. ലോകമെമ്പാടുമുള്ള വൻകിട മുതലാളിമാർ അതിശയിപ്പിക്കുന്ന രീതിയിൽ ലാഭം കുന്നുകൂട്ടുന്ന മേഖലയാണിത്. കൊവിഡ് കാലത്ത് ഇക്കൂട്ടർക്കത് കൊയ്ത്തുകാലമായിരുന്നു. സ്പെഷ്യൽ ഇക്കണോമിക് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ മേഖലകളിൽ തൊഴിൽ സമയത്തെപ്പറ്റിയുള്ള യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമല്ലെന്ന നിലയിലാണ് പോക്ക്. യുവത്വവും ഊർജസ്വലതയും എത്രയും വേഗം ഊറ്റിയെടുത്ത്, ചുരുങ്ങിയ കാലംകൊണ്ട് ചണ്ടിയാക്കി, തൊഴിലിൽ നിന്നും ചവിട്ടി പുറന്തള്ളി, പുതുരക്തത്തെ തേടുകയാണ് അവരുടെ രീതി.

കംപ്യൂട്ടറിനു മുമ്പിൽ ബുദ്ധിയും ശ്രദ്ധയും കേന്ദ്രീകരിച്ച് ആരോഗ്യകരമായി പണിയെടുക്കാവുന്നത് 5 മണിക്കൂർ വരെയാണ്. പക്ഷേ 12- 16 മണിക്കൂർ വരെയാണ് പണിയെടുപ്പിക്കുന്നത്. അതും യാതൊരു നിയമത്തിന്‍റെയും പിൻബലവുമില്ലാതെ.

കാഴ്ച- അസ്ഥി സംബന്ധമായ രോഗങ്ങൾ, മാനസിക സമ്മർദം, വിഷാദരോഗം, ഉറക്കപ്രശ്നങ്ങൾ, ദഹനപ്രശ്നം, ഹൃദയ അസുഖങ്ങൾ, പ്രത്യുൽപാദനപരമായ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷി കുറയുന്നത് തുടങ്ങി സമൂഹത്തിലെ ഏറ്റവും ബൗദ്ധിക ശേഷിയുള്ള ഈ വിഭാഗം തൊഴിലാളികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അനവധിയാണ്. ഇന്ത്യയിലെ 60 ലക്ഷത്തോളം വരുന്ന ഐടി ജീവനക്കാരിൽ 80 ശതമാനവും തൊഴിൽ സമ്മർദങ്ങൾ കാരണം മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് Deloitte എന്ന കൺസൾട്ടൻസി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ