2023 മാർച്ച് 2 മുതൽ എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ആരംഭിച്ച തീയും പുകയും എറണാകുളം നിവാസികളെ വലിയ ആശങ്കയിലെത്തിച്ചു. ഡസൻ കണക്കിന് ഫയർ ഫൈറ്റിങ് എൻജിനുകൾ ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും ദിവസങ്ങളേറെ കഴിഞ്ഞിട്ടാണ് തീ പൂർണമായി അണയ്ക്കാൻ സാധിച്ചത്. യുഡിഎഫും എൽഡിഎഫും തീയും പുകയും കണ്ട് പരസ്പരം കുറ്റാരോപണം നടത്തി.
2010 മുതൽ 2020 വരെ കൊച്ചി കോർപ്പറേഷൻ യുഡിഎഫ് ഭരിച്ചു. അതിനു ശേഷം ഇപ്പോൾ എൽഡിഎഫ് ഭരിക്കുന്നു. യുഡിഎഫിന്റെ ഭരണ കാലത്താണ് ഇന്നത്തെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു.
മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ മേൽനോട്ടം കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് കമ്മറ്റിക്കാണെങ്കിലും ടെക്നോളജി നിശ്ചയിക്കുക, ടെൻഡർ കൊടുക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇപ്പോഴത്തെ കരാർ കമ്പനിക്കാരായ "സോണ്ട ഇൻഫ്രാടെക്കി'ന് മാലിന്യ നിർമ്മാർജന പ്രവർത്തനം നൽകിയത് പിണറായി വിജയൻ സർക്കാരാണ്. കരാർ ലഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സോണ്ടാ കമ്പനിയുടെ പ്രതിനിധികളും തമ്മിൽ നെതർലൻഡ്സിൽ വച്ച് കണ്ടിരുന്നുവെന്ന് ഫോട്ടൊ സഹിതം മുൻ കൊച്ചി മേയർ ടോണി ചമ്മിണി ആരോപിക്കുന്നു.
സിപിഎം നേതാവായ വൈക്കം വിശ്വന്റെ മരുമകൻ ഡയറക്റ്റർ ബോർഡ് അംഗമായതു കൊണ്ടാണ് "സോണ്ട ഇൻഫ്രാ ടെക്കി'ന് പ്രവർത്തന പരിചയം ഇല്ലാതിരുന്നിട്ടും ബ്രഹ്മപുരം മാലിന്യ സംസ്കരണ പദ്ധതി ലഭിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ ജോലിയുടെ സബ് കോൺട്രാക്റ്റ് എടുത്തിരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലമായി കൊച്ചിൻ കോർപ്പറേഷൻ ഭരണത്തിൽ നേരിട്ടും അല്ലാതെയും സ്വാധീനവുമുള്ള എൻ. വേണുഗോപാലിന്റെ പുത്രനാണെന്ന് മറുവശം തിരിച്ചടിച്ചു.
നിയമസഭ തുടങ്ങിയ സന്ദർഭമായിരുന്നതു കൊണ്ട് രണ്ടു ഭാഗത്തു നിന്നുമുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ സഭയിൽ വിദ്വേഷത്തിന്റെയും പകയുടെയും പുകയുണ്ടാക്കി. പ്രതിപക്ഷ നേതാവ് തന്നെ അവഹേളിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ആരോപണം നടത്തി. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുള്ളതാണെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, മുഹമ്മദ് റിയാസ് സംസ്ഥാന മന്ത്രിയായത് മാനെജ്മെന്റ് ക്വാട്ടയിലാണെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവായ വി.ഡി. സതീശൻ 30 മിനിറ്റ് പോലും ജയിൽവാസം അനുഭവിക്കാത്ത അവസരവാദിയാണെന്ന് റിയാസ് വീണ്ടും കളിയാക്കി.
ബ്രഹ്മപുരം പുക പടലത്തെക്കുറിച്ച് കൊച്ചിയിലും നിയമസഭയിലും വലിയ ആരോപണങ്ങളും കൈയാങ്കളികളും നടത്തിയപ്പോൾ, ഉടനെ എണീറ്റ് ഒറ്റ മറുപടിയിലൂടെ പ്രതിപക്ഷത്തെ നിഷ്പ്രഭനാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, താൻ ഈ നാട്ടുകാരനേയല്ല എന്ന ഭാവത്തിൽ നിശബ്ദനായി ഇരുന്നു. എന്നാൽ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനും മറ്റു സന്നദ്ധ സംഘടനകൾക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ അർപ്പിക്കാൻ അദ്ദേഹം മറന്നില്ല. ദിവസങ്ങൾക്കുശേഷം, ബ്രഹ്മപുരം പദ്ധതിക്കുണ്ടായ വീഴ്ചകളും, പരിഹാരമാർഗങ്ങളും തുടർനടപടികളും വിശദമായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സ്പീക്കറും പ്രതിപക്ഷ നേതാവും ചില പ്രതിപക്ഷ അംഗങ്ങളുമായി ഉണ്ടായ ഏറ്റുമുട്ടലുകൾ സഭയിൽ അഗ്നിസ്ഫുലിംഗങ്ങൾ ഉണ്ടാക്കി.
നിയമസഭയിൽ പ്രതിപക്ഷം സമാന്തര സഭാ സമ്മേളനം തന്നെ നടത്തി. അംഗങ്ങളും നിയമസഭ വാച്ച് ആൻഡ് വാർഡുമായി ഏറ്റുമുട്ടൽ നടന്നു. കെ.കെ. രമ എംഎൽഎയ്ക്ക് പരിക്കേറ്റു. വാച്ച് ആൻഡ് വാർഡുകാർക്കും പരിക്കുണ്ടായതായി പരാതി ഉയർന്നു. രണ്ടു ഭാഗത്തു നിന്നും ആശുപത്രി പ്രവേശനം നടന്നു. മുൻ ആഭ്യന്തര മന്ത്രിയും സീനിയർ എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെയും ആക്രമിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വെറും ഒരു പുകമറയാണെന്ന് തിരുവഞ്ചൂരിന്റെ മൊബൈൽ സംഭാഷണം പുറത്തുകൊണ്ടുവന്ന് വ്യവസായ മന്ത്രി പി. രാജീവ് തിരിച്ചടിച്ചു.
ബ്രഹ്മപുരം പുക തീരാൻ ദിവസങ്ങളെടുക്കും. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണപ്പുക പുറത്തു പടരും മുമ്പു തന്നെ കെട്ടുപോയി. വാച്ച് ആൻഡ് വാർഡിന്റെ ബലപ്രയോഗം പുതിയ ഒന്നല്ല. അവർ യൂണിഫോം ഇട്ട പൊലീസുകാർ തന്നെയാണ്. അവർക്ക് വേദനിച്ചാൽ എംഎൽഎ ആണെങ്കിലും തിരിച്ചുകിട്ടും എന്ന് മറക്കരുതായിരുന്നു.
മുഖ്യമന്ത്രി എന്തുകൊണ്ട് ആദ്യ ദിവസങ്ങളിൽ നിശബ്ദനായി എന്ന് ചോദിക്കുമ്പോൾ ചില ഉത്തരങ്ങൾ കാണുന്നു.
ബ്രഹ്മപുരം ആളിക്കത്തുകയും പുക കൊണ്ട് എറണാകുളം ജില്ല നിറയുകയും ചെയ്തപ്പോൾ അതുവരെ കേരള രാഷ്ട്രീയത്തിൽ പുകഞ്ഞു നീറി നിന്നിരുന്ന സ്വപ്നപ്രഭ സുരേഷിന്റെ ആരോപണങ്ങൾ പെട്ടെന്ന് മൂടിപ്പോയി. സ്വപ്ന ഉയർത്തിയതും പറഞ്ഞതും ചെറിയ കാര്യങ്ങളല്ലായിരുന്നു. ആ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ടു പ്രഗത്ഭ ഉദ്യോഗസ്ഥരായ എം. ശിവശങ്കറും സെക്രട്ടറി സി.എം. രവീന്ദ്രനും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ കൈയിൽ പെട്ടു. ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കറിന് കോടതി ജാമ്യം നിഷേധിച്ചു. രവീന്ദ്രനാകട്ടെ മണിക്കൂറുകളോളം ഇഡിയുടെ ചോദ്യശരങ്ങൾക്കു മുൻപിൽ ശ്വാസം കിട്ടാതെ വീർപ്പുമുട്ടി.
യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്വർണക്കടത്ത്, ബിരിയാണി ചെമ്പ് കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ ആരോപണങ്ങൾക്കു ശക്തി പകർന്നുകൊണ്ട് പുതിയ പുതിയ ആരോപണങ്ങൾ സ്വപ്ന ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ ആ സാഹചര്യം പ്രയോജനപ്പെടുത്താൻ യുഡിഎഫും ബിജെപിയും പരസ്പരം കൈകോർക്കുന്നു. പിണറായിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തികൂടുന്നു, മാധ്യമങ്ങൾ അത് ആഘോഷിക്കുന്നു.
പുതിയ ഇരകളെ തേടി നടക്കുന്ന മാധ്യമങ്ങൾക്ക് ബ്രഹ്മപുരത്ത് തീയും പുകയും വന്നപ്പോൾ സ്വപ്നയെ വിട്ട് ബ്രഹ്മപുരത്തേക്ക് നീങ്ങേണ്ടി വന്നു. കാരണം, എന്നും ഒരാളുടെ പിറകെ പോയാൽ ജനങ്ങൾക്ക് മടുക്കും. പത്രങ്ങൾക്കും ചാനലുകൾക്കും വായനക്കാരും കാഴ്ചക്കാരും പരസ്യ വരുമാനവും കുറഞ്ഞുവരും. അതുകൊണ്ട് മാധ്യമപ്പുലികൾ എപ്പോഴും പുതിയ ഇരയെ തേടി നടക്കും.
രാഷ്ട്രീയ തന്ത്രജ്ഞനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു തന്നെയാണ് ഇച്ഛിച്ചതെന്ന് ജോത്സ്യൻ കാണുന്നു. സ്വപ്നയുടെ തട്ടകത്തിൽ നിന്നും മുഖ്യമന്ത്രിയെ ഇപ്പോൾ രക്ഷിച്ചിരിക്കുന്നത് ബ്രഹ്മപുരത്തെ തീയും പുകയും നിയമസഭയിലെ ശബ്ദകോലാഹലങ്ങളും ആണെന്നതിൽ ജോത്സ്യന് യാതൊരു സംശയവുമില്ല.