കഴിഞ്ഞ പോയതു വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞ മണിക്കൂറുകളായിരുന്നു നമുക്കു ചുറ്റും എന്നതിന് ഒരു സംശയവുമില്ല. കര്‍ക്കിടകത്തിലെ മഴ നമ്മുടെ രാജ്യത്ത് തെക്കുവടക്കു വ്യത്യാസമില്ലാതെ തകര്‍ത്തു പെയ്തതു വലിയ വാര്‍ത്തയായിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മഴ ശക്തമായി.
സാധാരണ കേരളത്തിലാണ് ഇത്തരത്തില്‍ കര്‍ക്കിടക മാസത്തില്‍ തകര്‍ത്തു പെയ്യുന്ന മഴയുണ്ടാകുന്നത്. എന്നാല്‍ അത് ഇത്തവണ രാജ്യത്ത് ആകമാനം പെയ്തിറങ്ങി. വടക്കേ ഇന്ത്യയില്‍ പെയ്ത മഴയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മഴവെള്ളം ഇരച്ചുകയറി പ്രളയമുണ്ടായി. രാജ്യ തലസ്ഥാനത്തിലൂടെ ഒഴുകുന്ന യമുനാ നദി കവിഞ്ഞൊഴുകി. ഇത് ജന ജീവിതത്തെ സാരമായി ബാധിച്ചു.
ബഹിരാകാശ രംഗത്ത് ഇന്ത്യ നടത്തിയ പരീക്ഷണങ്ങളുടെ വിജയമായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം. അതും വാര്‍ത്തകളിലെ പ്രധാന തലക്കെട്ടായി വന്നു. ഇതിനിടെ ഒട്ടേറെ രാഷ്ട്രീയ വാര്‍ത്തകളും നമ്മുടെ മാധ്യമങ്ങളില്‍ ഉണ്ടായി. മണിപ്പുര്‍ അതിലൊന്നായിരുന്നു. മാസങ്ങളായി മണിപ്പുരില്‍ നടക്കുന്ന അരക്ഷിതാവസ്ഥ എല്ലാ ദിവസവും വാര്‍ത്താ താളുകളില്‍ ഇടം പിടിച്ചിരുന്നു. പ്രതിപക്ഷ ഐക്യ ശ്രമങ്ങളാണ് മറ്റൊന്ന്.
ആദ്യം കര്‍ക്കിടക മാസത്തെ വിശേഷണങ്ങളാകാം. കൊല്ലവര്‍ഷം 12ാമത്തെ മാസമാണ് കര്‍ക്കടകം. പഞ്ഞമാസം എന്നു പണ്ടു വിളിച്ചിരുന്ന ഈ മാസം ഇപ്പോൾ രാമായണ മാസമാണ്. ഒട്ടനവധി ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിച്ചിട്ടുള്ള രാമായണത്തിന്റെ പാരായണം കര്‍ക്കടക മാസത്തില്‍ നടത്തുക മലയാളികള്‍ക്കിടയില്‍ ഏതാനും ദശകങ്ങളായി പതിവാണ്. രാമായണം എന്നാല്‍ രാമന്റെ അയനം അഥവാ, ശ്രീരാമന്റെ യാത്ര എന്നാണല്ലോ അർഥം. രാമയണം രണ്ടുണ്ട്. വാല്മീകി രചിച്ച രാമായണത്തേക്കാള്‍, മലയാളികള്‍ക്ക് പരിചിതം എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്. വടക്കേ ഇന്ത്യയില്‍ വാല്മീകി രാമായണമാണ് പ്രിയം.
വാല്മീകി എഴുതിയ രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ആ രാമായണത്തെ ആദിമ കാവ്യം എന്നും അറിയപ്പെടുന്നു. 20,000 ശ്ലോകങ്ങൾ രാമായണത്തില്‍ കാവ്യരൂപത്തില്‍ വാല്മീകി എഴുതിയിട്ടുണ്ട്. 500 അധ്യായങ്ങള്‍. ബാലകാണ്ഡം, അയോധ്യാ കാണ്ഡം, ആരണ്യകാണ്ഡം, കൃഷ്കിന്ധാ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം, ഉത്തര കാണ്ഡം എന്നിങ്ങനെ 7 കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. വാല്മീകി മഹര്‍ഷി മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യവും, പാലിക്കപ്പെടേണ്ട കര്‍മങ്ങള്‍ എന്തൊക്കെയെന്നും, ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെയെന്നും, നന്മ-തിന്മയേതെന്നും, മോക്ഷപ്രാപ്തി എങ്ങനെ കൈവരിക്കാന്‍ സാധിക്കും എന്നും രാമായണത്തില്‍ വിവരിക്കുന്നു. മനുഷ്യന് നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളില്‍ ഓരോന്നിനും രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. അത്തരത്തില്‍ പരിശോധിച്ചാല്‍ വ്യക്തവും സത്യനിഷ്ഠവുമായ മറുപടി തരുന്ന അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ് രാമായണം.
ആധുനിക മലയാളഭാഷയുടെ പിതാവാണല്ലോ ഭക്തകവി തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്. എഴുത്തച്ഛന് ശുദ്ധമലയാളത്തിലാണ് അധ്യാത്മ രാമായണം കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ചത്. അതുകൊണ്ടാകും മലയാളികള്‍ക്ക് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തോട് കൂടുതല്‍ പ്രിയം. കിളി കഥ പറയുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകള്‍ എന്നറിയപ്പെടുന്നത്. സംസ്കൃതത്തിലെ രാമായണ കാവ്യത്തെ അവലംബിച്ചാണ് എഴുത്തച്ഛന് കിളിപ്പാട്ട് രീതിയില്‍ അധ്യാത്മ രാമായണം എഴുതിയിരിക്കുന്നത്. കേരളത്തില്‍ മലയാള വര്‍ഷത്തിലെ കര്‍ക്കിടക മാസം രാമായണ പാരായണ മാസമായി പ്രത്യേകം ആചരിക്കുന്നു. കര്‍ക്കിടകം ഒന്നിന് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കര്‍ക്കിടകം അറിയപ്പെടുന്നതു തന്നെ.
മലയാള വര്‍ഷത്തിലെ അവസാന മാസമാണ് കര്‍ക്കടകം എന്ന് പറഞ്ഞുവല്ലോ. ചിങ്ങത്തെ വരവേല്‍ക്കാനായുള്ള കാത്തിരിപ്പ് കൂടിയാണ് ഈ ഒരു മാസക്കാലം. മലയാളികളുടെ പുതുവര്‍ഷമാണല്ലോ ചിങ്ങമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടയ്ക്കാണ് കര്‍ക്കടക മാസം വരുന്നത്. മലബാറിലെ ചിലയിടങ്ങളില്‍ കര്ക്കിടകത്തിന് സ്വാഗതമോതുന്നത് കാര്‍ഷിക മൂര്‍ത്തിയായ കലിയനെ വരവേറ്റുകൊണ്ടാണ്. കലിയാ കലിയാ കൂ.. കൂ.. എന്ന വിളി കേള്‍ക്കുന്ന ഗ്രാമങ്ങള്‍ ഇന്നും കാണാം. കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമായാണ് കര്‍ക്കടക മാസത്തെ വിലയിരുത്തുന്നത്. അപ്രതീക്ഷിതമായി മഴ പെയ്യുമ്പോള്‍ കള്ളക്കര്‍ക്കടകം എന്ന ചൊല്ലു തന്നെ നിലവിലുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ പഞ്ഞമാസം എന്നും വിളിക്കപ്പെടുന്നു.
കര്‍ക്കിടക മാസത്തില്‍ വലിയ രീതിയില്‍ മഴയുണ്ടാകുന്നതിനാല്‍ മഴക്കാല രോഗങ്ങള്‍ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കര്‍ക്കടക മാസത്തില്‍ ആരോഗ്യ പരിപാലനത്തിനായി കര്‍ക്കിടകക്കഞ്ഞി കുടിക്കുന്നത് നല്ലതാണെന്ന് ആയുവേദ ഗ്രന്ഥങ്ങളില്‍ പറയുന്നു. മലയാളികള്‍ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർധനവിനും ഔഷധ കഞ്ഞി അഥവാ കര്കിടക കഞ്ഞി കുടിക്കുക പതിവാണ്. അതുകൊണ്ടുതന്നെ കർക്കിടക കഞ്ഞിക്ക് ഇന്ന വലിയ വിപണി തന്നെ ഉണ്ടായിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവര നെല്ല് , മുതിര തുടങ്ങിയ ധാന്യങ്ങളും കഞ്ഞി തയാറാക്കാന്‍ ഉപയോഗിക്കുന്നു. ആയുര്‍വേദ നാട്ടുവൈദ്യ വിധിപ്രകാരം പല കേന്ദ്രങ്ങളിലും കര്‍ക്കടക മാസത്തില്‍ പ്രത്യേക സുഖചികിത്സയും നടത്തുന്നു.
കര്‍ക്കിടകത്തില്‍ വലിയ മഴയാണ് മലയാളികള്‍ക്ക് കാലങ്ങളായി ലഭിച്ചിരുന്നത്. കുറച്ചു കാലമായി കാലം തെറ്റിയും കര്‍ക്കിടക മഴ പെയ്യാറുണ്ട്. മലയാളികളുടെ കര്‍ക്കിടക പെയ്ത്ത് ഓര്‍മിപ്പിച്ച് സാമാന്യം ശക്തമായ നിലയില്‍ രാജ്യമാകാമാനം ഈ വര്‍ഷം മഴ പെയ്തു. 2018ലെ കേരളത്തിലെ പ്രളയം പോലെ രാജ്യ തലസ്ഥാനത്തെ ചില പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടക്കേ ഇന്ത്യയില്‍ എപ്പോള്‍ മഴ പെയ്താലും ഡല്‍ഹിയില്‍ യമുന കരകവിഞ്ഞൊഴുകുക പതിവാണ്. കോമണ്‍വെല്‍ത്ത് മത്സരം നടക്കുന്ന കാലത്ത് യമുന കരകവിഞ്ഞൊഴുകിയത് ശക്തമായിട്ടായിരുന്നു. അതിനേക്കാള്‍ ശക്തിയിലാണ് ഇത്തവണ യമുന ഒഴുകിയത്.
ജനവാസ കേന്ദ്രങ്ങളിലൂടെ യമുന ഒഴുകിയപ്പോള്‍ രാജ്യ തലസ്ഥാനം സ്തംഭിച്ചു പോയി. അതിനു കാരണം മനുഷ്യര്‍ തന്നെയാണ്. യമുന എന്ന വലിയ നദിയുടെ തീരങ്ങള്‍ മനുഷ്യര്‍ കൈയേറുകയായിരുന്നു. അങ്ങനെ കൈയേറി ഒട്ടേറെ കെട്ടിടങ്ങള്‍ നിർമിച്ചു. ഇപ്പോള്‍ വെള്ളം കയറിയിരിക്കുന്ന രാജ്ഘട്ടും അക്ഷർധാം ക്ഷേത്രവുമെല്ലാം യമുനാ തീരം കൈയേറി നിർമിച്ചിട്ടുള്ളതാണ്. എന്തിനേറെ പറയണം, കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച കോമണ്‍ വെല്‍ത്ത് വില്ലെജ് സ്ഥിതി ചെയ്യുന്നതും യമുനാ തീരങ്ങളിലാണ്. യമുനയുടെ തീരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെല്ലാം ഇപ്പോള്‍ ഡല്‍ഹിയുടെ റോഡുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇവര്‍ കര്‍ഷകരാണ്. തൊഴിലാളികളാണ്. പക്ഷെ അവര്‍ യമുനാ തീരത്തെ അനധികൃത താമസക്കാരാണ്.
യമുന നദിയുടെ തീരത്താണ് പ്രശസ്തമായ ചെങ്കോട്ട മുഗള്‍ രാജാക്കന്മാര് നിര്‍മ്മിച്ചത്. ചെങ്കോട്ടയുടെ അതിര്‍ത്തിയില്‍ യമുനാ നദിയിലെ തിരകള്‍ വന്ന് അടിക്കുമായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാലിന്ന് ചെങ്കോട്ട അതിര്‍ത്തിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം നികത്തപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒട്ടേറെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു. ചെങ്കോട്ടയോടു ചേര്‍ന്നാണ് റിങ് റോഡ് പോകുന്നത്. യഥാര്‍ഥത്തില്‍ ഒരുകാലത്ത് യമുനാ നദി ഒഴുകിയിരുന്ന ഭാഗമാണ് ഇന്നത്തെ ഡല്‍ഹിയിലെ റിങ് റോഡ്. ഈ പ്രദേശം മഴവെള്ളത്തില്‍ പുഴയായി മാറിയിരിക്കുന്നു. യമുനാനദി കരകവിഞ്ഞ് ഇതിലൂടെ ഒഴുകി. പണ്ട് യമുനാനദി ഒഴുകിയ പോലെ മാത്രമേ ഇപ്പോള്‍ ഒഴികിയിട്ടുള്ളൂ എന്നും പറയാം.
1857ല്‍ ബ്രിട്ടീഷുകാര്‍ ചെങ്കോട്ടയ്ക്കു നേരെ ആക്രമണം നടത്തിയപ്പോള്‍ അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ ചെങ്കോട്ടയില്‍ നിന്ന് അതീവ രഹസ്യമായി നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് അടുത്തുള്ള ഹുമയൂണിന്റെ മൃതികുടീരത്തിലേക്ക് രക്ഷപ്പെട്ടത് യമുനാ നദിയിലൂടെയായിരുന്നു. അന്നത്തെ ചരിത്ര വിവരങ്ങളില്‍ യമുന ചെങ്കോട്ടയോടു ചേര്‍ന്നാണ് ഒഴുകിയത്. ഷാജഹാന് ചക്രവര്‍ത്തി 1639ല്‍ ഡല്‍ഹിയില്‍ ചെങ്കോട്ടയും ഡല്‍ഹി ജുമാ മസ്ജിദും അടങ്ങുന്ന തലസ്ഥാനം പണിയുന്നത് യമുനാ നദിക്കരയിലാണ്. യമുനയായിരുന്നു അന്നത്തെ പ്രധാന സഞ്ചാര മാര്‍ഗവും. ഡല്‍ഹിയുടെ പഴയകാല രേഖാചിത്രങ്ങളിലും യമുന ചെങ്കോട്ടയോട് ചേര്ന്നാണൊഴുകുന്നത്. 1911ല്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഭരണ സിരാകേന്ദ്രം ഡല്‍ഹിയില്‍ പണിയാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം തെരഞ്ഞെടുത്തത് യമുനാ നദിക്കരയായിരുന്നു. എന്നാല്‍ അന്നത്തെ ശില്പി എഡ്വില്‍ ല്യൂട്ടന്‍ അതിനെ എതിര്‍ത്തു. കണ്ടെത്തിയ സ്ഥലം യമുനയുടെ ഫ്ലഡ് പ്ലെയ്നാണെന്നായിരുന്നു ല്യൂട്ടന്‍ ചൂണ്ടിക്കാട്ടിയത്.
ഫ്ലഡ് പ്ലെയ്നെന്നാല് നദിക്ക് ഇരുവശത്തുമുള്ള ഭാഗം. ജലനിരപ്പ് കൂടുമ്പോള്‍ വീതിയിലൊഴുകാനും അല്ലാത്തപ്പോള്‍ ഒഴിഞ്ഞ ഭാഗമായി കിടക്കുകയും ചെയ്യുന്ന സ്ഥലം. ല്യൂട്ടന്റെ നിര്‍ദേശം ബ്രിട്ടീഷ് അധികാരികള്‍ അംഗീകരിക്കുകയും പകരം റൈസിനാ ഹില്‍സ് കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് ഇന്നത്തെ രാഷ്ട്രപതിഭവനും നോര്‍ത്ത് സൗത്ത് ബ്ലോക്കുകളും പാര്‍ലമെന്റുമെല്ലാം അടങ്ങുന്ന ഭരണസിരാ കേന്ദ്രമുണ്ടായത്. യമുനയ്ക്കിരുവശത്തും ഓരോ കിലോമീറ്ററാണ് ഫ്ലഡ് പ്ലെയിനായി വേണ്ടത്. എന്നാല്‍ അവിടെയെല്ലാം നിര്‍മാണം വന്നു. ചെറിയ നിര്‍മാണം പോലും വെള്ളത്തിന്റെ സാധാരണ ഒഴുക്ക് തടയുകയും പ്രളയമുണ്ടാക്കുകയും ചെയ്യും. അതോടെ വെള്ളം ഫ്ലഡ് പ്ലെയിനും വിട്ട് മറ്റു മേഖലകളിലേക്കും പരക്കും. ഡല്‍ഹിയിലും ഇതുണ്ടായെന്നാണ് കരുതുന്നത്.
ടിബറ്റിന് അഭയാർഥികളുടെ ഒരു വലിയ കോളനി തന്നെ ഡല്‍ഹിയിലുണ്ട്. മജ്നു-ക-ടില്ല 1950ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ഒരു കോളനിയാണ്. വടക്കന്‍ ഡല്‍ഹി ജില്ലയുടെ ഭാഗമായ കശ്മീരി ഗേറ്റിന് സമീപം യമുന നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010ലെ മഴക്കാലത്ത് കോളനിയില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. അതിന്റെ ഫലമായി നിരവധി താമസക്കാര്‍ അവരുടെ കെട്ടിടങ്ങളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ സ്വീകരിച്ചു. 2013 ജൂണ്‍ 20ന്, ഉത്തരേന്ത്യന്‍ വെള്ളപ്പൊക്ക സമയത്ത്, യമുനാ നദി അതിന്റെ തീരം തകര്‍ക്കുകയും താഴ്ന്ന പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ദിവസങ്ങളോളം അവര്‍ ഭാഗികമായി വെള്ളത്തിനടിയിലായി. അതിനേക്കാള്‍ ശക്തമായ വെള്ളപ്പൊക്കമാണ് ഇത്തവണ അവിടെ ഉണ്ടായത്. യമുനാ തീരങ്ങള്‍ കൈയേറിയുള്ള കെട്ടിടങ്ങള്‍ ഇന്ന് വലിയ അപകടാവസ്ഥയിലാണ്. അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കാം. ചുവരുകള്‍ കുതിര്‍ന്ന് ബലക്ഷയം വന്നിരിക്കും. ഫ്ലഡ് പ്ലെയ്നിലാണ് മജ്നു-ക-ടില്ല. അവിടെയാണ് റിങ് റോഡ്, രാജ്ഘട്ട്, കശ്മീരി ഗേറ്റ് അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍. ഇതൊക്കെ യമുനയിലെ വെള്ളത്തിന്റെ ഒഴുക്കറിഞ്ഞു.