ഗാന്ധിജിയുടെ ആദർശങ്ങളിൽ ജീവിക്കുന്ന നരേന്ദ്ര മോദി 
Special Story

ഗാന്ധിജിയുടെ ആദർശങ്ങളിൽ ജീവിക്കുന്ന നരേന്ദ്ര മോദി

മഹാത്മാ ഗാന്ധിയുടെ ചെറുമകൾ സുമിത്ര ഗാന്ധി കുല്‍ക്കര്‍ണി എഴുതുന്നു

2024 ഏപ്രിലിലാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ 2024 ജൂണില്‍ എനിക്ക് ആശ്വാസവുമുണ്ട്. നരേന്ദ്ര മോദി മൂന്നാം തവണയും ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരിക്കുന്നു. ഞാന്‍ ബാപ്പുജി എന്നു വിളിക്കുന്ന മഹാത്മാ ഗാന്ധി എന്‍റെ മുത്തച്ഛനായിരുന്നു. 19ാം വയസു വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ് ജീവിച്ചത്. എനിക്ക് 95 വയസ് തികയുന്ന ഈ വര്‍ഷം, പ്രധാനമന്ത്രി മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യേണ്ടതും എന്‍റെ ചിന്തകള്‍ കുറിക്കേണ്ടതും അനിവാര്യമാണെന്ന് എനിക്കു തോന്നുന്നു. പക്വതയാര്‍ജിച്ച വ്യക്തിയെന്ന നിലയില്‍ ഈ രണ്ടു മനുഷ്യരെയും അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ച, ഗാന്ധിജിയുടെ കുടുംബാംഗത്തിന്‍റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ വരുംതലമുറകള്‍ ആഗ്രഹിച്ചേക്കാം.

എന്‍റെ ദീര്‍ഘമായ ജീവിതകാലയളവില്‍ നിരവധി നേതാക്കളെയും എനിക്ക് അടുത്തറിയാം. എന്നിരുന്നാലും, നരേന്ദ്ര ഭായിയുമായുള്ള എന്‍റെ ബന്ധം സവിശേഷമാണ്. 1975ലെ അടിയന്തരാവസ്ഥയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് ഇത് ആരംഭിച്ചത്. കൃത്യമായ സമയം ഓര്‍ക്കുന്നില്ലെങ്കിലും, നരേന്ദ്ര ഭായ് അന്ന് ആര്‍എസ്എസിന്‍റെ ഊര്‍ജസ്വലനായ യുവപ്രചാരകനായിരുന്നു.

1970 കളില്‍ വിഭാഗീയത ദേശീയ ഘടനയെ കാര്‍ന്നുതിന്നുകയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമെന്ന നിലയില്‍, പാകിസ്ഥാനില്‍നിന്നുള്ള കനത്ത നുഴഞ്ഞുകയറ്റത്താല്‍ അതിര്‍ത്തിജില്ലകളില്‍ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ച് എനിക്കു വളരെയധികം ആശങ്കയുണ്ടായിരുന്നു. അസമിലേക്കുള്ള കടന്നുകയറ്റം ഇതിലും വലുതായിരുന്നു. എന്‍റെ പാര്‍ട്ടിയിലെ, കോണ്‍ഗ്രസിലെ, ആരും ഈ വിഷയം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ചെറുപ്പകാലത്തുപോലും നരേന്ദ്ര ഭായി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ദേശീയ വിഷയങ്ങളില്‍ അദ്ദേഹം സമഗ്രമായ അവബോധമുള്ള വ്യക്തിയായിരുന്നു. അക്കാലത്തെ രാഷ്‌ട്രീയം അദ്ദേഹത്തിന്‍റെ ശ്രദ്ധ തിരിച്ചില്ല.

അക്കാലത്തുപോലും, ഗ്രാമീണ ഭാരതത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളായ വ്യക്തിശുചിത്വം, ശുദ്ധമായ കുടിവെള്ളം, പ്രാഥമിക ആരോഗ്യ പരിരക്ഷ മുതലായവ അദ്ദേഹം പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നു. പ്രധാനമന്ത്രിയായ ഉടന്‍ അദ്ദേഹം മാതൃകാപരമായ ധൈര്യം പ്രകടിപ്പിക്കുകയും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ദേശീയ ശുചിത്വത്തിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു. ശുചിത്വവും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസും സുരക്ഷയും മെച്ചപ്പെടുത്തുന്ന ശുചിത്വ ഭാരത യജ്ഞത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സുസ്ഥിരമായ സാമൂഹ്യമാറ്റത്തിന്‍റെ അടിസ്ഥാനമായി, ജനകീയ പ്രസ്ഥാനമായ "ജന്‍ ആന്ദോളനില്‍' എന്‍റെ മുത്തച്ഛന്‍ വിശ്വസിച്ചിരുന്നു. "സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, വികസിത് ഭാരത് (ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, വികസിത ഭാരതം) എന്നിവയിലെന്നപോലെ "സബ് കാ' എന്ന വാക്കിലും നരേന്ദ്ര ഭായിയുടെ അചഞ്ചലമായ ശ്രദ്ധ സമാനമാണ്. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം പറച്ചില്‍ മാത്രമല്ല. അവയാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. കൊവിഡ് -19 മഹാമാരിക്കാലത്ത് അദ്ദേഹത്തിന്‍റെ "മാനവികത ആദ്യം' എന്ന സമീപനത്തോടെയുള്ള നേതൃത്വം നമ്മുടെ അതിര്‍ത്തിയില്‍ അവസാനിച്ചില്ല; മറിച്ച്, ലോകത്തെയാകെ ആശ്ലേഷിച്ചു. അനുച്ഛേദം 370ന്‍റെ കൊളുത്തിപ്പിടിത്തത്തില്‍നിന്നു നമ്മെ മോചിപ്പിക്കാന്‍ അദ്ദേഹം വീണ്ടും ഒഴുക്കിനെതിരെ നീന്തി. സ്വാതന്ത്ര്യം നേടിയ ശേഷം പൂര്‍ത്തിയാക്കേണ്ട കാര്യപരിപാടികള്‍ അദ്ദേഹം ആസൂത്രിതമായി പൂര്‍ത്തിയാക്കുകയാണ്. സിഎഎ ഒരുദാഹരണമാണ്.

സനാതന ധര്‍മത്തിന്‍റെ മഹത്തായ ഈ ഭൂമിയില്‍, ഷിര്‍ദിയിലെ സായിനാഥ്, രമണ മഹര്‍ഷി തുടങ്ങിയ അനേകം ഗുരുക്കന്മാരുടെ ആത്മീയ ശക്തിയിലൂടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടി. ഗാന്ധിജി ഇതിനു നേതൃത്വം നല്‍കാനുള്ള സങ്കേതമായി. പതിറ്റാണ്ടുകള്‍ക്കുശേഷം, അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള സങ്കേതമായി നരേന്ദ്ര ഭായ് മാറിയത് യാദൃച്ഛികമല്ല. അതൊരു രണ്ടാം സ്വാതന്ത്ര്യ സമരംതന്നെയാണ്.

"ലോകത്ത് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റമായി മാറൂ' എന്ന് എന്‍റെ മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനില്‍നിന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്രഭായിയുടെ യാത്ര അടുത്തുനിന്നു കണ്ട എനിക്ക്, നമ്മുടെ പ്രിയപ്പെട്ട ഭാരതത്തില്‍ നാമെല്ലാവരും ആഗ്രഹിച്ച മാറ്റത്തിന്‍റെ പ്രതീകമാണു നരേന്ദ്ര മോദിയെന്നു നിസംശയം പറയാം.

ഞാന്‍ പുണ്യാത്മാക്കളുടെ ചരിത്രം കുറിക്കുന്നില്ലെങ്കിലും ഞാന്‍ നിഷ്പക്ഷത പുലര്‍ത്തേണ്ടതുണ്ട്. ബാപ്പുജിയും നരേന്ദ്ര ഭായിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ സാമ്യം, അവരുടെ പൊതുജീവിതം സനാതന ധര്‍മത്തിന്‍റെ ആത്മീയ ഉള്‍ക്കരുത്തില്‍ വേരൂന്നിയതാണ് എന്നതാണ്. പൂച്ചെണ്ടുകളും കല്ലേറുകളും അവരെ ബാധിക്കില്ല. അത്തരത്തിലുള്ള ഒരാള്‍ക്ക് സത്യം ജയിക്കുമെന്ന് അറിയാം. അതിനാല്‍ അത് സംഭവിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നതിന് എതിര്‍പ്പില്ല. രാഷ്‌ട്രീയ എതിരാളികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്കെതിരെ നരേന്ദ്ര ഭായിയുടെ സവിശേഷമായ മൗനം ഇത് വിശദീകരിക്കുന്നുണ്ട്. ഇത് രാജ ഋഷിയുടെ ലക്ഷണമാണ്.

നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നത്, ധര്‍മം പുനഃസ്ഥാപിക്കുന്നതിന് മുമ്പ്, എപ്പോഴും മഥനം ഉണ്ടാകാറുണ്ട് എന്നാണ്. നിഷേധാത്മകതയാണ് മഥനത്തിന്‍റെ ആദ്യ ഫലം. ഈ നിഷേധാത്മക ശക്തികള്‍ സത്യത്തെ എതിര്‍ക്കുന്നു. ഈ നിഷേധാത്മകതയുടെ വ്യാപ്തിക്ക് നാം ദിവസവും സാക്ഷ്യം വഹിക്കുന്നു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ താല്‍പ്പര്യങ്ങള്‍ പോലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. അത്തരം സാഹചര്യങ്ങളില്‍, അധികാരത്തില്‍ തീരെ താല്‍പ്പര്യമില്ലാത്ത, അഴിമതിയില്ലാത്ത വ്യക്തിയെയാണ് ആവശ്യം; ദരിദ്രരുടെയും രാജ്യത്തിന്‍റെയും താല്‍പ്പര്യങ്ങള്‍ മറ്റെല്ലാറ്റിനുമുപരിയായി കാണുന്ന ഒരാളെ. അതിനാല്‍, നരേന്ദ്ര ഭായിയുടെ പ്രയത്‌നത്തിന്‍റെ ഫലം നാം ആസ്വദിക്കുമ്പോഴും, അദ്ദേഹത്തിന് ആനുപാതികമായ തെരഞ്ഞെടുപ്പു ജനവിധി നല്‍കാതിരുന്നിട്ടും, അതൊന്നും ബാധിക്കാത്തവിധം അദ്ദേഹം നിശബ്ദമായി തന്‍റെ കടമയില്‍ തുടരുന്നു എന്ന് അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ബാപ്പുജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം നരേന്ദ്രഭായിയെ മികച്ച രീതിയില്‍ പിന്തുണയ്ക്കുമായിരുന്നുവെന്നു മടിയേതുമില്ലാതെ എനിക്കു പറയാനാകും. തന്‍റെ പേര് തട്ടിയെടുത്തവരെയും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി നമ്മെ ഭിന്നിപ്പിക്കാന്‍ അത് ദുരുപയോഗം ചെയ്യുന്നത് ജീവിതദൗത്യമാക്കിയവരെയുംകുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നതും ബാപ്പുജി ആയിരിക്കും.

ആധുനിക ഭാരതത്തിന്‍റെ വികസന കാര്യപരിപാടിയുമായി സമന്വയിപ്പിച്ച്, ഗാന്ധിജിയുടെ ആദര്‍ശങ്ങളെ നരേന്ദ്ര ഭായ് പുനരുജ്ജീവിപ്പിച്ചുവെന്നത് എന്‍റെ മുത്തച്ഛന്‍റെയും നരേന്ദ്ര ഭായിയുടെയും വിമര്‍ശകരെ ആശ്ചര്യപ്പെടുത്തും. രാഷ്‌ട്രനയത്തിലെ നിര്‍ദേശകതത്വങ്ങള്‍ രാഷ്‌ട്രത്തിന്‍റെ നയമായി മാറിയിരിക്കുന്നു. അതിലൂടെ ഗാന്ധിജിയുടെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്‍റെ മനസിലേക്ക് ശക്തമായും ഇടതടവില്ലാതെയും ഒഴുകുമെന്ന് അദ്ദേഹം ഉറപ്പാക്കി.

എന്‍റെ മുത്തച്ഛനെപ്പോലെ നരേന്ദ്രഭായിക്കും പൊതുപരിശോധനയുടെ പരീക്ഷണം നേരിടേണ്ടിവരും. പക്ഷേ, ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞതുപോലെ, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുകയും ഫലം സത്യത്തിന് വിടുകയും ചെയ്യുക എന്നതാണു പ്രധാനം. അത് ഒടുവില്‍ വിജയിക്കും. ചരിത്രം അവസാനം ബാപ്പുജിയെയും നരേന്ദ്ര ഭായിയെയും അനുകമ്പയോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്