# സുധീർ നാഥ്
ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്ന് കരുതി എപ്പോഴും ചിരിച്ചു കൊണ്ടിരുന്നാൽ ജനം തെറ്റിദ്ധരിക്കും. ചിരിയുടെ ഭംഗി പല്ലിലാണ്. ചിലർ ചിരിച്ചാൽ എല്ലാ പല്ലുകളും കാണും. മറ്റു ചിലരുടെ ചിരിയിൽ പല്ലിന്റെ കുറച്ച് ഭാഗങ്ങൾ മാത്രം കാണും. വേറെ ചിലർ ചിരിച്ചാൽ പല്ലു തന്നെ കാണില്ല.
ചിരിയും പല്ലും തമ്മിൽ ബന്ധമുണ്ട് എന്ന് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്. പല്ലു കാണിക്കാതെ ചിരിക്കുന്നതിലും ഭംഗിയുണ്ട്. കുഞ്ഞുങ്ങളുടെ ചിരിയും പ്രായമായവരുടെ ചിരയും ഇവിടെ ഓർക്കേണ്ടതാണ്. അത് മറച്ചു വയ്ക്കുന്നുമില്ല. പല്ലിന്റെ നിറത്തിലും സൗന്ദര്യം ഉണ്ട്. പാൽപുഞ്ചിരി എന്നും, നല്ല വെളുത്ത പല്ലുകൾ എന്നും മറ്റും കേട്ടിട്ടില്ലേ... പല്ലിന്റെ നിറം വെളുത്തതായിരിക്കുന്നതാണ് നല്ലതെന്നാണ് പറയാറ്.
പല്ലിന്റെ സംരക്ഷണം മുന്നിൽ കണ്ടാണ് മനുഷ്യർ ഉറക്കത്തിൽ നിന്ന് ഉണർന്നാലുടൻ പല്ല് വൃത്തിയാക്കുന്നത്. മുൻകാലങ്ങളിൽ ഔഷധ ഗുണമുള്ള ചെടികളുടെ കൊമ്പുകൾ കൊണ്ടും കൽക്കരി കൊണ്ടും ഉമിക്കരി കൊണ്ടും പല്ലുകൾ വൃത്തിയാക്കി. പിന്നീട് ഔഷധങ്ങൾ ചേർത്ത പൊടി കൊണ്ട് പല്ലുകൾ വൃത്തിയാക്കി. രാസ പദാർത്ഥങ്ങൾ ചേർത്ത് പല്ലിലെ കറകൾ മാറ്റുന്ന പേസ്റ്റുകൾ പോലും ഇപ്പോൾ പരസ്യ വിപണിയിലുണ്ട്. മനുഷ്യന്റെ പല്ലിന് ശക്തി പകരുന്ന , മികച്ച ആരോഗ്യം നൽകുന്ന രീതികൾ പിന്തുടരുന്നതിൽ മനുഷ്യൻ പിന്നോട്ട് പോയോ... കൃത്രിമ പല്ലുകളുടെ നിർമാണ രംഗത്ത് വലിയ ഉണർവുണ്ടായിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ ഗൗരവമായി എടുക്കേണ്ടതുണ്ട്.
മുൻപത്തെ പോലെയല്ല ഇപ്പോൾ. എന്തും ആഘോഷമാണ്. എല്ലാ കാര്യങ്ങൾക്കും ഒരു ദിനമുണ്ട്. ലോക വനിതാ ദിനം, പുരുഷ ദിനം, ഹൃദയ ദിനം, ചിരി ദിനം തുടങ്ങിയവ പോലെ പല്ലിനും പല്ല് ഡോക്ടർമാർക്കും ഒരു ദിനമുണ്ട്. അത് എല്ലാ വർഷവും മാർച്ച് 6 ന് ആണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നു ലോക ദന്ത ദന്തിസ്റ്റ് ദിനമാണ്..!
മനുഷ്യന്റെ പല്ല് ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ്. ആരോഗ്യമുള്ള പല്ലുണ്ടാകാൻ നല്ല സംരക്ഷണം ചെറു പ്രായം മുതലേ പല്ലിന് നൽകണം. ദന്തസംരക്ഷണത്തിന് ജനങ്ങൾ വലിയ പ്രാധാന്യം പലരും നൽകുന്നില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം ഇന്ന് നമ്മുടെ നാട്ടിൽ വലിയ രീതിയിൽ ഡന്റൽ ക്ലിനിക്കുകൾ കൂടിയിരിക്കുന്നു. കേരളത്തിൽ 21 ഡന്റൽ കോളെജുകൾ ഉണ്ടെന്നാണ് കണക്ക്. ഓരോ വർഷവും അവിടുന്ന് പഠിച്ചിറങ്ങുന്ന ഡന്റൽ ഡോക്ടർമാർ 500 എങ്കിലും ഉണ്ടാകും എന്നാണ് കണക്കാക്കേണ്ടത്. അങ്ങിനെയെങ്കിൽ എല്ലാ വർഷവും കേരളത്തിൽ പഠിച്ചിറങ്ങുന്ന ഡന്റൽ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ ഇടം ഉണ്ടാകണ്ടേ? അത് ഇപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. ഇതേ അവസ്ഥ തന്നെയാണ് മറ്റ് പല മേഖലകളിലും.
ദന്ത ആരോഗ്യ രംഗത്ത് ഒരു കാലത്ത് ഡോക്ടർമാരുടെ എണ്ണം കുറവായിരുന്നു എന്നതൊരു യാഥാർഥ്യമാണ്. നല്ല ഡിമാൻഡായിരുന്നു അന്ന് ഡന്റൽ ഡോക്ടർമാർക്ക്. അതുകൊണ്ടാണ് കൂടുതൽ ഡന്റൽ കോളെജുകൾ നമ്മുടെ നാട്ടിൽ ഉണ്ടായത്. ഡന്റൽ ഡോക്ടർമാരുടെ കുറവ് വളരെ വേഗം നികത്തപ്പെട്ടു. ഇപ്പോൾ പഠിച്ചിറങ്ങുന്ന ഡന്റൽ ഡോക്ടർമാരുടെ അവസ്ഥ പരിതാപകരമാണ്. അതുകൊണ്ട് നാടുനീളെ ഡന്റൽ ക്ലിനിക്കുകൾ ഉണ്ടായി. ഇപ്പോൾ പല്ലു തേയ്ക്കാൻ വരെ ഡന്റൽ ക്ലിനിക്കുകളിൽ ആഴ്ച്ചയിൽ ഒരിക്കൽ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.
ദന്ത ചമയം എന്ന മേഖല അടുത്ത കാലത്ത് മലയാള സിനിമയിൽ ശ്രദ്ധ നേടുന്നുണ്ട്. അഭിനേതാക്കളുടെ രൂപം മാറ്റുന്ന ഒന്നായി ചമയം മാറി കഴിഞ്ഞിരിക്കുന്നു. അത് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ദിലീപും അടക്കമുള്ളവർ ഇത്തരത്തിൽ ദന്ത ചമയം നടത്തി ശ്രദ്ധേയരായത് നമ്മൾ കണ്ടതാണ്.
കൃത്രിമ പല്ലുകൾ വച്ച് രൂപമാറ്റം വരുത്തി കുറ്റകൃത്യം ചെയ്യുന്നതും, രക്ഷപെടാൻ വേണ്ടി പല്ലിനു രൂപമാറ്റം വരുത്തിയതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ നല്ലതും ചീത്തയും ഉണ്ട്. പഠിച്ചിറങ്ങുന്ന ദന്തൽ ഡോക്ടർമാർ തന്നെ രണ്ട് വിഭാഗത്തിനായും അവരുടെ കഴിവുകൾ വിനിയോഗിക്കുന്നുണ്ട്. ധാർമികത പലപ്പോഴും അടിയറവു പറയുന്നു.