കൈമലർത്തൽ എന്ന ദുരന്തം 
Special Story

കൈമലർത്തൽ എന്ന ദുരന്തം

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളുടെ ചട്ടമനുസരിച്ച് ഒരു വിപത്തിനെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറയുന്നത്

വീണ്ടുവിചാരം | ജോസഫ് എം. പുതുശ്ശേരി

കഴിഞ്ഞ ജൂലൈ 30 ഇപ്പോഴും നമ്മുടെ മനസിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. നടക്കുന്ന ഓർമകളായി അതു നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ഒന്നാകെ ഒലിച്ചുപോയ അതിഭീകരമായ ഉരുൾപൊട്ടൽ. അർധരാത്രി ആർത്തലച്ചുവന്ന വെള്ളപ്പാച്ചിൽ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം കവർന്നുകൊണ്ടുപോയി. സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് 251 പേർക്ക്. 47 പേരെ കാണാതായി. മനുഷ്യ ശരീരത്തിന്‍റെ ചിന്നിച്ചിതറിയ അവശിഷ്ടങ്ങൾ പല ദിവസങ്ങളിലെ തെരച്ചിലിൽ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തതിന്‍റെ മരവിപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ല. അക്ഷരാർഥത്തിൽ ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഉറ്റവരും ഉടയവരും വീടും വാഹനങ്ങളും നാൽക്കാലികളും എന്നുവേണ്ട എല്ലാം. ചരിത്രത്തിൽ എപ്പോഴെങ്കിലും ഇങ്ങനെ ഒരു ഭീകര ചിത്രം കണ്ടതായി ആർക്കും സാക്ഷ്യപ്പെടുത്താനാവുന്നില്ല. അത്രയ്ക്ക് വലുതായിരുന്നു ദുരന്തം സൃഷ്ടിച്ച ഭീകരത.

പതിനൊന്നാം ദിനം ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദർശിച്ചു. ഹൃദയം പിളർക്കുന്ന കാഴ്ചകൾ നേരിൽ കണ്ടാണ് മടങ്ങിയത്. "നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും' എന്നു അദ്ദേഹം അന്നു പറഞ്ഞ വാക്കുകളുടെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. പിറകെ ദുരന്തം പഠിച്ച റിപ്പോർട്ട് നൽകാനായി കേന്ദ്ര സംഘം. അവർക്കും എല്ലാം ബോധ്യപ്പെട്ടു. ഒട്ടും വൈകാതെ ദുരന്തത്തിന്‍റെ ആഴവും വ്യാപ്തിയും വരച്ചു കാട്ടി റിപ്പോർട്ടും സമർപ്പിച്ചു. മാസം നാലാകുന്നു. ഒന്നും സംഭവിച്ചില്ല. ഒരു സഹായവും ലഭിച്ചില്ല. എല്ലാം നഷ്ടപ്പെട്ടിടത്തു ഒന്നിൽ നിന്നു തുടങ്ങണം. അങ്ങേയറ്റം ക്ലേശകരവും ഭാരിച്ചതുമാണ് പുനർനിർമാണ പ്രക്രിയ. കോടികൾ വേണം. എല്ലാമറിഞ്ഞിട്ടും കേന്ദ്രം അനങ്ങുന്നതേയില്ല.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മുറവിളി ഉയർന്നെങ്കിലും അതിനു വ്യവസ്ഥയില്ലെന്ന വാദമുന്നയിച്ച് തള്ളുകയാണുണ്ടായത്. അതിതീവ്ര പ്രകൃതിദുരന്തമായെങ്കിലും പരിഗണിച്ച് സഹായം എത്തിക്കേണ്ടേ? ദുരന്തഭൂമിയിലെ കെടുതിയുടെ കാഠിന്യം പ്രധാനമന്ത്രിയും കേന്ദ്ര സംഘവും നേരിൽ കണ്ട സാഹചര്യത്തിൽ പ്രത്യേകിച്ചും. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, നിഷേധാത്മക മറുപടി നൽകി മുറിവിൽ മുളകു പുരട്ടുക കൂടി ചെയ്തിരിക്കുന്നു കേന്ദ്ര സർക്കാർ.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളുടെ ചട്ടമനുസരിച്ച് ഒരു വിപത്തിനെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനയച്ച കത്തിൽ പറയുന്നത്. പ്രളയം, ഉരുൾപൊട്ടൽ അടക്കം 12 ദുരന്തങ്ങളുടെ കാര്യത്തിൽ ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ഇവയുടെ കാര്യത്തിൽ ദുരിതാശ്വാസം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്ന് സംസ്ഥാന സർക്കാർ നൽകണമെന്നുമാണ് മന്ത്രിയുടെ ന്യായവാദം. ഈ ഉപദേശം നൽകാനാണോ നാലു മാസം എടുത്തത്! ഇതിനാണോ പ്രധാനമന്ത്രിയും കേന്ദ്ര സംഘവും ദുരന്തഭൂമി സന്ദർശിച്ചത്!

ദുരിതാശ്വാസത്തിന് വേണ്ടതായ തുക എസ്ഡിആർഎഫിൽ ഉണ്ടെന്നും മന്ത്രി കത്തിൽ വ്യക്തമാക്കുന്നു. 2024-25 വർഷത്തേക്ക് കേരളത്തിന്‍റെ എസ്. ഡി.ആർ. എഫിലേക്ക് 388 കോടി രൂപ വകയിരുത്തിയിട്ടുള്ളതിൽ 291.2 കോടി കേന്ദ്ര വിഹിതവും 96.8 കോടി സംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് 394. 99 കോടി രൂപ കേരളത്തിന്‍റെ എസ്ഡിആർഎഫിൽ ഉണ്ടായിരുന്നതായി അക്കൗണ്ട് ജനറലിന്‍റെ റിപ്പോർട്ട് ഉദ്ധരിച്ച് മന്ത്രി കത്തിൽ അവകാശപ്പെടുന്നു.

ഇത് മുണ്ടക്കൈ - ചൂരൽമല ദുരിതാശ്വാസത്തിന് എന്തെങ്കിലുമാവുമോ? ഇല്ലെന്ന് അറിയാത്തവരാണോ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും. എന്നുമാത്രമല്ല ഇത് ആരുടെയെങ്കിലും ഔദാര്യവുമല്ല. ധനകാര്യ കമ്മിഷന്‍റെ ശുപാർശപ്രകാരമാണ് എസ്ഡിആർഎഫും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും അനുവദിക്കുന്നത്. 2026 വരെ ഈ ഇനത്തിൽ എത്ര തുകയാണ് നൽകേണ്ടതെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ളതുമാണ്. അതിന് ഒരു കേന്ദ്ര മന്ത്രിയുടെയും ഉപദേശ, നിർദേശത്തിന്‍റെ ആവശ്യവുമില്ല. എന്നിട്ടും അത് ചൂണ്ടിക്കാട്ടി കത്തെഴുതുന്ന കേന്ദ്ര മന്ത്രി സ്വന്തം പദവിയുടെ മഹത്വം മറക്കുകയും സങ്കുചിത രാഷ്‌ട്രീയ താത്പര്യവും പകയും വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്.

എസ്ഡിആർഎഫിന്‍റെ കാര്യവും കണക്കും അക്കൗണ്ട് ജനറലിന്‍റെ റിപ്പോർട്ടും ഒക്കെ പരതാൻ മിനക്കെടുന്ന കേന്ദ്രമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ (എൻഡിആർഎഫ്) സൗകര്യപൂർവം വിസ്മരിക്കുന്നു. അതിതീവ്ര പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മന്ത്രി തല സമിതിയുടെ വിലയിരുത്തൽ പ്രകാരം അനുവദിക്കുന്നതാണ് എൻഡിആർഎഫ്. കേന്ദ്രസംഘം നേരിട്ടു കണ്ട് റിപ്പോർട്ട് നൽകിയിട്ടും ഇതിൽ നിന്നു ചില്ലിക്കാശ് പോലും സംസ്ഥാനത്തിന് അനുവദിച്ചില്ല.

അഞ്ചു സംസ്ഥാനങ്ങൾക്ക് ഈ ഫണ്ട് ഈ വർഷം നൽകിയിട്ടുമുണ്ട്. പ്രളയം ബാധിച്ച ഹിമാചൽ പ്രദേശിൽ 66.924 കോടിയും സിക്കിമിന് 221.122 കോടിയും തമിഴ്നാടിന് 276.10 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വരൾച്ച ബാധിച്ച കർണാടകയ്ക്ക് 3454.22 കോടിയും എൻഡിആർഎഫിൽ നിന്ന് അനുവദിച്ചു. ഇതുകൂടാതെ ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എൻഡിഎംഎഫ്) അരുണാചൽ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിക്കുകയുണ്ടായി.

ഇതിനെക്കാൾ ഒക്കെ ഭീകരമായ ദുരന്തമല്ലേ മുണ്ടക്കൈ - ചൂരൽമല ഭാഗത്തുണ്ടായത്. അതിന്‍റെ തീവ്രത അളക്കാൻ കഴിയാതെ പോകുന്നതെന്താണ്? ദുരന്തഭൂമി കേരളത്തിലായതുകൊണ്ടാണോ? അതിതീവ്ര പ്രകൃതിദുരന്തം ഉണ്ടായാൽ കേന്ദ്രത്തിന് അധികമായി എൻഡിആർഎഫ് ഫണ്ട് അനുവദിക്കാമെന്നും അതിന് കേന്ദ്രമന്ത്രിതല സമിതി സ്ഥലം സന്ദർശിച്ച് ശുപാർശ ചെയ്താൽ മതിയെന്നും കത്തിൽ വ്യക്തമാക്കുന്ന കേന്ദ്ര മന്ത്രി, പ്രധാനമന്ത്രിയും കേന്ദ്ര സംഘവും വയനാട്ടിലെത്തി ദുരന്തത്തിന്‍റെ ഭീകരരൂപം നേരിൽ കണ്ടിട്ടും സഹായം അനുവദിക്കാത്തതിന് ഒരു വിശദീകരണവും നൽകുന്നില്ല.

ഇവിടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിലെ പക്ഷപാതിത്വമാണ് പ്രകടമാകുന്നത്. രാജ്യത്തെ വിടെയുള്ളവരാണെങ്കിലും സമാനതകളി ല്ലാത്ത കഷ്ടനഷ്ടങ്ങൾക്കും ദുരന്തങ്ങൾക്കും വിധേയരാവേണ്ടിവന്നാൽ അവരെ സഹായിക്കാനും ആത്മവിശ്വാസം പകരാനും പുതുജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുള്ളതാണ്. അതിനാണ് സർക്കാരുകൾ. അവിടെ മുഖം നോക്കുകയും രാഷ്‌ട്രീയം പരതുകയുമല്ലാ വേണ്ടത്. അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യേണ്ടത്.

പ്രധാനമന്ത്രിയുടെ വാക്കുകൾ പാഴായെന്ന പ്രചരണം ഉപേക്ഷിക്കണമെന്നും വയനാടിന് കേന്ദ്രത്തിന്‍റെ സഹായവും കരുതലും ഉണ്ടാകുമെന്നും ഒക്റ്റോബർ 14ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, അതു വെറുംവാക്കായിരുന്നെന്ന ആശങ്കയ്ക്കാണ് ഇപ്പോൾ കനം വയ്ക്കുന്നത്. ദുരന്തബാധിതർക്കുള്ള സഹായം വൈകുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ മര്യാദകേടാണ്, മനുഷ്യത്വരഹിതമാണ്. അതിലുപരി ഭരണഘടനാ ലംഘനമാണ്.

അതുകൊണ്ടാണ് ഇക്കാര്യങ്ങളിൽ കോടതി കയറിയേണ്ടി വരുന്ന ദുഃസ്ഥിതി ഉണ്ടാകുന്നത്. അപ്പോഴെങ്കിലും വ്യക്തമായ തീർപ്പ് പറയേണ്ടിടത്തു അവ്യക്തതയുടെ ആറാട്ട് നടത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഈ മാസം തന്നെ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശിക്കേണ്ടി വന്നത്.

വിവിധ ഇടങ്ങളിലെ വാടക വീടുകളിൽ കഴിയേണ്ടി വന്നിരിക്കുന്ന ദുരന്തബാധിതരുടെ നിസഹായവസ്ഥയെ പരിഹസിക്കാൻ മുതിരരുത്. പ്രതിദിന സഹായവിതരണം മുടങ്ങിയതടക്കമുള്ള പ്രശ്നങ്ങൾ അവരിൽ വല്ലാത്ത പിരിമുറുക്കമാണ് സൃഷ്ടിക്കുക.

ഇതിനൊക്കെ പുറമെയാണ് കടഭാരം അവരെ വേട്ടയാടുന്നത്. ഇക്കാര്യത്തിലും കേന്ദ്രം സ്വീകരിക്കുന്ന സമീപനം ഒട്ടും ആശാസ്യമല്ല. ദുരിതബാധിതരുടെ കടം കേരള ബാങ്ക് എഴുതിത്തള്ളിയപ്പോഴും ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ കേന്ദ്രം നിർദേശിച്ചിട്ടില്ല. 12 ബാങ്കുകളിലെ 3,220 വായ്പകളിലായി 35.32 കോടി രൂപയാണ് ദുരിതബാധിതർക്ക് കടമുള്ളത്. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ അധികാരം ഉപയോഗിച്ച് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കഴിയും. എന്നിട്ടും ഇത് എഴുതിതള്ളണമെന്ന് പറയാൻ ഇനിയും അമാന്തിക്കുന്നതെന്തിന്? കേന്ദ്ര ഭരണക്കാരുടെ ഇഷ്ടതോഴൻമാരായ, രാജ്യം വിട്ടു കടന്നു കളഞ്ഞ "ബിസിനസ് മാഗ്നെറ്റ്സ്' തട്ടിക്കൊണ്ടുപോയ തുകയുടെ പതിനായിരത്തിലൊരംശം പോലും ഇതു വരില്ലല്ലോ.

ഇതുപോലൊരു ദുരന്തമുഖത്ത് കൈമലർത്തി ഒഴിഞ്ഞുമാറാൻ ഉത്തരവാദിത്വപ്പെട്ട ഒരു ഭരണാധികാരിക്കുമാവില്ല. അത് അവർ നിർബന്ധമായും നിർവഹിക്കേണ്ട ചുമതലയാണ്. ആ തിരിച്ചറിവും അതിനനുസൃതമായ നടപടികളുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിന് തയാറാവുന്നില്ലെങ്കിൽ പ്രതിഷേധം കനക്കും. രോഷം അണപൊട്ടും. കാരണം ഇത് ആരുടെയും ഔദാര്യമല്ല. സാധാരണക്കാരന്‍റെ, പൗര ജനങ്ങളുടെ അവകാശമാണ്. അത് കവർന്നെടുക്കാനും അട്ടിമറിക്കാനും ആർക്കാണ് അധികാരം?

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ക്രിമിനൽ കേസ് തടസമല്ല

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം