''സ്വാതന്ത്ര്യത്തിന്‍റെ വിശ്വാസ്യവും യുക്തിസഹവും ധാർമികവുമായ സ്വഭാവമാണ് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ സത്ത.'' എന്നാണ് കാൾ മാർക്സ് പറഞ്ഞിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുട്ടിനു മുട്ടിന് ഉദ്ധരിക്കുന്ന ഈ പ്രവാചകൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്, ''സത്യത്തെക്കുറിച്ച് ചിന്തിക്കുകയും പറയുകയും ചെയ്യാനുള്ള അവകാശം മനുഷ്യാവകാശത്തിൽ പ്രാഥമികമാണ്, മാധ്യമ സ്വാതന്ത്ര്യം മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ പ്രായോഗികമുഖവും.''
പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്‍റെ രീതികൾ നോക്കുമ്പോൾ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം പ്രകടമാണ്; മാർക്സിനെ ഉദ്ധരിക്കുന്നതൊക്കെ വെറും വാചകമടിക്കപ്പുറം പ്രായോഗികതലത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതേയില്ലെന്നും തോന്നും. മാർക്സിസ്റ്റ് പാർട്ടിയുടെ ഭാവിയായ യുവ നേതാക്കൾക്കെതിരേ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളുടെ പരമ്പരയെ പ്രതിരോധിക്കാൻ അവരൊരു വലിയ 'ഗൂഢാലോചനാ' സിദ്ധാന്തം തന്നെ ആവിഷ്കരിക്കുകയും ചെയ്തു; ചിരിക്കാതെന്തു ചെയ്യും! ഈ പുതിയ സിദ്ധാന്തത്തെ സാധൂകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഠിനാധ്വാനം ചെയ്തെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
എസ്‌എഫ്ഐയിൽ സജീവമായിരുന്ന കെ. വിദ്യ എന്ന പൂർവ വിദ്യാർഥിനിയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഒരു വനിതാ മാധ്യമ പ്രവർത്തക മഹാരാജാസ് കോളെജിലെത്തുന്നത്; പതിവ് ജോലിയുടെ ഭാഗം മാത്രം. ഇതിനിടെയാണ് മറ്റൊരു തട്ടിപ്പ് കൂടി ഇവിടെ നടന്നിട്ടുണ്ടെന്ന് കോളെജ് പ്രിൻസിപ്പലുമായി ചർച്ച നടത്തുകയായിരുന്ന പ്രതിപക്ഷ വിദ്യാർഥി സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നത്. എഴുതാത്ത പരീക്ഷയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. ആർഷോയുടെ മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലത്തിൽ മാർക്കോ ഗ്രേഡോ ഇല്ലാതിരുന്നിട്ടും വെബ്‌സൈറ്റിൽ ജയിച്ചതായി കാണിച്ചിരുന്നു.
എൻഐസി സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതികപ്പിഴവാണിതെന്ന് സ്വയംഭരണാവകാശമുള്ള കോളെജിന്‍റെ പ്രിൻസിപ്പൽ പിന്നീട് വിശദീകരിച്ചു. അദ്ദേഹം പല സമയത്ത് പല തരത്തിൽ പ്രസ്താവനകൾ നടത്തിയത് സമ്മർദം കാരണമോ അല്ലാതെയോ ആകാം, അതുകാരണം കാര്യങ്ങളിൽ എന്തെങ്കിലും വ്യത്യാസം വരാം, വരാതിരിക്കാം.
തിരുവനന്തപുരം കാട്ടാക്കടയിലെ കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യുയുസിമാർക്കാണ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്) തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഈ രണ്ട് ആരോപണങ്ങൾ കൂടി വന്നതോടെ എസ്എഫ്ഐയും അതിന്‍റെ മാതൃസംഘടനയായ സിപിഎമ്മും പ്രതിരോധത്തിലായി. മാധ്യമങ്ങൾ കാര്യങ്ങൾ പുറത്തുകൊണ്ടുവന്നു. ഇലത്തൂർ ട്രെയ്‌ൻ തീവയ്പ്പ് കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയതിനു മാധ്യമ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തതും മറക്കാറായിട്ടില്ല.
വധശ്രമ കേസിൽ പ്രതി കൂടിയായ ആർഷോയ്ക്കെതിരേ ആരോപണമുയർന്നപ്പോൾ പ്രതികരണം വൈകിയില്ല. തന്നെയും സംഘടനയെയും കരിവാരിത്തേയ്ക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആർഷോ ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് പൊലീസ് ഉന്നതർക്ക് നേരിട്ടു നൽകിയ പരാതിയിൽ നടപടി തീരെ വൈകിയില്ല. കോളെജ് പ്രിൻസിപ്പലിനും മുൻ കോഓർഡിനേറ്റർക്കും രണ്ട് കെഎസ്‌യു നേതാക്കൾക്കും ഒരു മാധ്യമ പ്രവർത്തകയ്ക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന, പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ച് വ്യാജ രേഖ ചമയ്ക്കൽ, മാനനഷ്ടം എന്നീ കുറ്റങ്ങൾ ഉന്നയിച്ച് കേസ് രജിസ്റ്റർ ചെയ്തു.
ആർഷോ എന്തെങ്കിലും തരത്തിലുള്ള തിരിമറി കാട്ടിയതായി മാധ്യമ പ്രവർത്തകയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല എന്നതും, കെഎസ്‌യു ഉന്നയിച്ച രാഷ്‌ട്രീയ ആരോപണമാണ് അതെന്ന് വ്യക്തമായി പറഞ്ഞിരുന്നു എന്നതും സിപിഎം പരിഗണിച്ചതേയില്ല. 'ജനകീയ സർക്കാരി'നെതിരായ ഗൂഢാലോചനയിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻഐസിക്കും പങ്കുണ്ടെന്ന് ആരോപിക്കാതിരുന്നതു മാത്രമാണ് അദ്ഭുതം!
ആർഷോയുടെ ഗൂഢാലോചനാ സിദ്ധാന്തത്തിന്‍റെ പാർട്ടി നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണ തന്നെ ലഭിച്ചു. പാർട്ടിയെയും സർക്കാരിനെയും താറടിച്ചുകാണിക്കാനുള്ള ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് ചാനൽ റിപ്പോർട്ടർ പ്രതിയായതെന്നും, സർക്കാർ ത്വരിതമായി പ്രവർത്തിക്കുമെന്നുമായിരുന്നു മറ്റൊരു നേതാവിന്‍റെ ഭാഷ്യം. ഇനി റിപ്പോർട്ടറെ ചോദ്യം ചെയ്യാമെന്നും, നിരപരാധിയാണെങ്കിലും വെറുതേവിടുമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടറെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി മൊഴിയെടുക്കുക എന്നത് ആലോചനയിൽപ്പോലുമില്ല എന്നത് കാര്യങ്ങൾ പോകുന്ന വഴി ഏതെന്നു വ്യക്തമാക്കുന്നുണ്ട്.
നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും ബന്ധിപ്പിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയെ അനുകൂലിച്ച് ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ച പാർട്ടിക്ക്, ആർഷോയുടെ കാര്യത്തിൽ മാധ്യമ സ്വാതന്ത്ര്യം വ്യത്യസ്തമായിരിക്കുന്നത് ജനങ്ങൾക്കു പെട്ടെന്നു മനസിലാക്കാൻ കഴിയും.
അടിയന്തരാവസ്ഥക്കാലത്തിനും ഇപ്പോഴത്തെ മാധ്യമ നിയന്ത്രണത്തിനും തമ്മിൽ ആരെങ്കിലും താരതമ്യം കണ്ടെത്തിയാൽ അതു യാദൃച്ഛികമല്ല. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ജനങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കുന്നതിനു തുല്യമാണ്. ജനങ്ങളുടെ പാർട്ടിയിൽ നിന്നു ലഭിക്കുന്ന വ്യക്തവും അപകടകരവുമായൊരു സന്ദേശമാണത്.
പാർട്ടിക്കും അതിന്‍റെ നേതാക്കൾക്കും അടിസ്ഥാന ഗ്രന്ഥങ്ങളിലേക്കും സ്റ്റഡി ക്ലാസുകളിലേക്കും മടങ്ങിപ്പോയാൽ ആ പ്രവാചകന്‍റെ വാക്കുകൾ ഓർത്തെടുക്കാം, ''പ്രതിരോധിക്കപ്പെടാൻ ഇഷ്ടപ്പെടേണ്ടുന്ന സൗന്ദര്യമാണ് മാധ്യമ സ്വാതന്ത്ര്യവും. അതിന്‍റെ അതിജീവനം അനിവാര്യമാണ്, അതില്ലാതെ സമാധാനപരമായൊരു ജീവിതം സാധ്യമാകില്ല, ജീവിതം ജീവസ്സുറ്റതുമാകില്ല''. പക്ഷേ, ഇക്കാലത്ത് ജീവിതത്തിന്‍റെ പൂർണത അധികാരത്തിലിരിക്കുന്ന അഞ്ച് വർഷ കാലയളവിലേക്ക് പരിമിതപ്പെട്ടു പോകുന്നു!