കാർഷിക മേഖലയിൽ നിന്ന് പുതുതലമുറ അകന്നുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ, കളമശേരിയിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മയിൽ രണ്ടു സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജനപ്രിയ നടൻ ജയസൂര്യ നടത്തിയ പ്രസ്താവനയെ രാഷ്ട്രീയത്തിനതീതമായി കാണേണ്ടതാണ്.
കാർഷികേതര വരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമാണ്. സർക്കാർ- പൊതു- സ്വകാര്യ മേഖലകൾ പുതുതലമുറയെ കൂടുതൽ ആകർഷകമാക്കിക്കൊണ്ടിരിക്കുന്നു. കൃഷി ഒരു ജീവനോപാധി മാത്രമല്ല ജീവിതശൈലിയും മാർഗവുമാണ്. അതുകൊണ്ടാണ് വലിയ നഷ്ടം വന്നാൽ പോലും കർഷകർ മണ്ണിൽ തന്നെ അധ്വാനിക്കുന്നത്.
കർഷകരുടെ ജീവിതം ദുഃസഹമാക്കുന്ന ധാരാളം സംഭവങ്ങൾ ഈയിടെ ഉണ്ടാകുന്നുണ്ട്. ഓണം മുന്നിൽ കണ്ട് വാഴക്കൃഷി ഇറക്കിയ കർഷകന്റെ കുലച്ച വാഴകൾ ഹൈ ടെൻഷൻ ലൈനുകളിൽ മുട്ടാതിരിക്കാൻ നിർദയം വെട്ടിക്കളഞ്ഞത് അതിലൊന്നു മാത്രം. ഏതാനും ആഴ്ച കൂടി ക്ഷമിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഇലകൾ മാത്രം വെട്ടിയിരുന്നെങ്കിൽ ആ കർഷകന് നല്ലൊരു വരുമാനം ലഭിക്കുമായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന വേദനയാണ് കുലവാഴകൾ വെട്ടുമ്പോൾ കർഷകന് ഉണ്ടാവുകയെന്ന് മനസിലാക്കാൻ ആ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
പ്രകൃതിയുടെ വികൃതി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് കർഷകരാണ്. 2018ലെ പ്രളയകാലത്ത് പതിനായിരക്കണക്കിന് ഏക്കറിലെ നെൽകൃഷിയും തെങ്ങുകൃഷിയും മത്സ്യകൃഷിയുമൊക്കെയാണ് കേരളത്തിലെ കർഷകർക്ക് നഷ്ടമായത്. അവരിപ്പോൾ പുനർജീവനത്തിന്റെ തിരക്കിലാണ്. കുട്ടനാട്ടിലെ കായൽ നികത്തി ചിറകെട്ടി നെൽകൃഷി ചെയ്ത ജോസഫ് മുരിക്കൻ എന്ന കർഷകനെ മറക്കാൻ കഴിയില്ല. ഭൂപരിഷ്ക്കരണത്തിന്റെ പേരിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ കുട്ടനാട്ടിലെ കാർഷിക മേഖലയെ തകർക്കുയാണ് ചെയ്തത്.
തകർച്ച നേരിട്ട മറ്റൊരു കാർഷിക മേഖലയാണ് പാലക്കാട്. അനിശ്ചിതമായ കാലാവസ്ഥ വ്യതിയാനം മൂലം അവിടുത്തെ കർഷകരും ബുദ്ധിമുട്ടിലാണ്.
ഇങ്ങിനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, സപ്ലൈകോയ്ക്ക് നൽകിയ നെല്ലിനുള്ള വില കർഷകർക്ക് നൽകിയിട്ടില്ലെന്ന പരാതി പ്രശസ്ത നടൻ മന്ത്രിമാർക്കു മുന്നിൽ തന്നെ ഉയർത്തിയത്. സപ്ലൈകോ സംസ്ഥാന സർക്കാരിനെയും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെയും പഴി ചാരുന്നു.
സംസ്ഥാന സർക്കാരാണ് കർഷകരിൽ നിന്ന് ധാന്യങ്ങൾ ശേഖരിച്ച് പൊതുവിതരണത്തിന് നൽകേണ്ടത്. ധാന്യങ്ങളുടെ വിലയും സംഭരണ കൂലിയും മില്ലിങ് ചാർജും കൊടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇത് ഒരു വർഷം നാലു ഗഡുക്കളായാണ് കൊടുക്കുന്നത്. ഓരോ ഗഡു കൊടുക്കുമ്പോഴും 10 ശതമാനം കേന്ദ്ര സർക്കാർ പിടിച്ചു വയ്ക്കും. നാലാമത്തെ ഗഡു കൊടുക്കുന്ന സമയത്ത് പിടിച്ചുവച്ച 10 ശതമാനം ഉൾപ്പെടെയുള്ള വില സംസ്ഥാനങ്ങൾക്ക് നൽകും. ഈ കണക്കിൽ ഏതാണ്ട് 650 കോടി രൂപ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് സംസ്ഥാനം പറയുന്നത്. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കേന്ദ്ര ഫണ്ട് വരും മുമ്പേ കർഷകർക്ക് നെല്ല് വില നൽകുന്ന രീതിയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. ഇതിൽ പരാജയപ്പെടുമ്പോൾ പരസ്പരം കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്.
"ജയ് ജവാൻ, ജയ് കിസാൻ ' എന്ന മുദ്രാവാക്യം ഉയർത്തിയ നാടാണിത്. കാർഷിക മേഖലയുടെ കാതലായ പ്രശ്നങ്ങൾ ജയസൂര്യയെ പോലുള്ള നടന്മാർ സമൂഹത്തിനു മുൻപിൽ കൊണ്ടുവരുന്നതിൽ കുറ്റം പറയാനാകില്ല. ഇത് പറഞ്ഞതിന്റെ പേരിൽ ജയസൂര്യയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. ഒപ്പം, മറുവശത്തു നിർത്താതെ കൈയടിയും കിട്ടുന്നുണ്ട്.
പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാതെ, കർഷകരുടെ വേദനകൾ മനസിലാക്കി പരിഹാരമുണ്ടാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.