Special Story

‌ടൈറ്റൻ: ആഴങ്ങളിലൊടുങ്ങിയ ദുരന്തയാത്ര

പിൽക്കാലം, ടൈറ്റൻ ദുരന്തമെന്ന വിശേഷണം നൽകുമ്പോൾ സ്മരണയിലുണ്ടാകും ഷഹ്സാദും സുലൈമാനും, ഒരുമിച്ചു യാത്ര പോയ ആ അച്ഛനും മകനും....

അനൂപ് മോഹൻ

ഒരിക്കലും തകരില്ലെന്ന ആത്മവിശ്വാസം അറ്റ്ലാന്‍റിക്കിന്‍റെ ആഴങ്ങളിലേക്കു മഞ്ഞുമലയിലിടിച്ച് താഴ്ന്നു പോയതു നൂറ്റിപ്പതിനൊന്നു വർഷം മുമ്പാണ്, 1912 ഏപ്രിൽ 14ന്. അന്നേവരെ കടലു താണ്ടിയ നൗകകളൊന്നും പേറാത്ത വിശേഷണങ്ങളുമായി തുടങ്ങിയ ടൈറ്റാനിക് യാത്രയുടെ അതിദാരുണമായ അന്ത്യം. ആ കാലത്തിന്‍റെ സാങ്കേതികതയിലും ആഡംബരത്തിലും ആർഎംസ് ടൈറ്റാനിക്കിനെ വെല്ലാനൊരു പൂർവികനുണ്ടായിരുന്നില്ല. കപ്പൽച്ചേതങ്ങളുടെ ചരിത്രത്തിൽ ഈ കാലം വരെ ടൈറ്റാനിക്കിനോളം വലിയൊരു ദുരന്തവുമില്ല. പിന്നീട് ലോകം കണ്ട എക്കാലത്തെയും വലിയ കപ്പൽദുരന്തം സാഹിത്യകൃതികൾക്കും സിനിമയ്ക്കും പഠനത്തിനുമൊക്കെ വിഷയമായി. ദുരന്തപ്രദേശം സാഹസിക വിനോദ സഞ്ചാരത്തിന്‍റെ കേന്ദ്രമായി. സമാനസഞ്ചാരത്തിന്‍റെ പരിചയക്കരുത്തിൽ അറ്റ്ലാന്‍റിക്കിന്‍റെ ആഴങ്ങളിൽ, ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാനിറങ്ങിയ ടൈറ്റൻ എന്ന സമുദ്രപേടകത്തിന്‍റെ യാത്രയും അവസാനിക്കുന്നതു ദുരന്തത്തിലാണ്. ''അഞ്ച് പേരെയും നഷ്ടപ്പെട്ടുവെന്നു ഞങ്ങളിപ്പോൾ വിശ്വസിക്കുന്നു...'' എന്നു തുടങ്ങുന്ന വരിയിൽ അനിശ്ചിതത്വം നിറയുന്ന മരണസ്ഥിരീകരണം നൽകിയിട്ടുണ്ട്, യാത്ര സംഘടിപ്പിച്ച ഓഷൻഗേറ്റ് എക്സ്പഡിഷൻസ് കമ്പനി. പ്രാണവായു തീരുന്ന മണിക്കൂറുകളോട് പടവെട്ടിക്കൊണ്ടിരിക്കെ, ഉഗ്രമായൊരു സ്ഫോടനത്തിൽ ടൈറ്റനും അതിനുള്ളിലുണ്ടായിരുന്നവരും ചിതറിത്തെറിച്ചിരിക്കാമെന്ന ഊഹം മാത്രമാണ് ഇപ്പോഴുള്ളത്.

കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലെ സെന്‍റ് ജോൺസ് ഹാർബറിൽ നിന്നാണു ടൈറ്റന്‍റെ യാത്ര തുടങ്ങുന്നത്, മദർഷിപ്പായ എംവി പോളാർ പ്രിൻസിൽ. പിറ്റേ ദിവസം ഡൈവിങ് സൈറ്റിൽ എത്തി. അവിടെ നിന്നു ജൂൺ 18 ഞായറാഴ്ച ‌ടൈറ്റൻ എന്ന സമുദ്രപേടകം ടൈറ്റാനിക് അവശിഷ്ടങ്ങൾ കിടക്കുന്ന ആഴങ്ങളിലേക്കു യാത്ര ആരംഭിച്ചു. ഓഷൻഗേറ്റ് എക്സ്പഡിഷൻസ് സിഇഒ സ്റ്റോക്ക്‌ടൺ റഷ് നേരിട്ടാണ് പേടകം നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹമിഷ് ഹാർഡിങ്, പാക്കിസ്ഥാനിൽ ജനിച്ച ബ്രിട്ടിഷ് പൗരത്വമുള്ള ഷഹ്സാ‌ദാ ദാവൂദ്, അദ്ദേഹത്തിന്‍റെ മകൻ സുലൈമാൻ ദാവൂദ്, ഫ്രഞ്ച് പര്യവേക്ഷകനും ഓഷനോഗ്രഫറുമായ പോള്‍ ഹെൻറി നാര്‍ഗോലെറ്റ് എന്നിവരായിരുന്നു മറ്റു യാത്രക്കാർ.

ടൈറ്റന്‍റെ അവസാന യാത്രയിലെ സഞ്ചാരികൾ.

യാത്ര ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ മദർഷിപ്പുമായുള്ള ബന്ധം പേടകത്തിനു നഷ്ടമായി. അപ്പോൾ ടൈറ്റാനിക് കിടക്കുന്നിടത്തേക്ക് പേടകത്തിന്‍റെ ദൂരം രണ്ടര മണിക്കൂർ മാത്രമാണ്. പക്ഷേ, മനുഷ്യനും സർവ സാങ്കേതിക സന്നാഹങ്ങളും കണക്കുക്കൂട്ടിയുറപ്പിച്ച ആ ദൂരം 'ജീവനോടെ' താണ്ടാൻ പേടകത്തിനായില്ല. ടൈറ്റാനിക്കിന് 400 മീറ്റർ അകലെനിന്നു കണ്ടെടുക്കാനായാത് ടൈറ്റന്‍റേതെന്നു കരുതുന്ന അഞ്ച് കഷണം അവശിഷ്ടങ്ങൾ മാത്രം.

അനിശ്ചിതത്വത്തിന്‍റെ ആഴങ്ങളിലേക്കുള്ള യാത്ര തുടങ്ങിയതു മാത്രമാണ് പുറംലോകമറിഞ്ഞത്. രക്ഷാദൗത്യമെന്ന പ്രതീക്ഷയുടെ മുൻവാക്കും പേറിയുള്ള പരിശ്രമങ്ങൾ മണിക്കൂറുകൾക്കകം തന്നെ തുടങ്ങി. സമാനതകളില്ലാത്ത ദൗത്യത്തിൽ അമെരിക്കൻ തീര സംരക്ഷണ സേനയും കാനഡയും ബ്രിട്ടനും അസംഖ്യം വിമാനങ്ങളും കപ്പലുകളും റോബോട്ടുകളുമൊക്കെ പങ്കാളിയായി. അപ്പോഴൊക്കെ 96 മണിക്കൂറെന്ന ഡെഡ് ലൈനുണ്ടായിരുന്നു. അക്ഷരാർഥത്തിൽ ഡെഡ് ലൈൻ തന്നെയായിരുന്നു, മരണത്തിന്‍റെ സമയപരിധി...!

96 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്. അതായത്, വ്യാഴാഴ്ച പകലൊടുങ്ങുമ്പോൾ പ്രാണവായുവും ഇല്ലാതാകും. എത്രനേരം ഓക്സിജനുണ്ടാകുമെന്നതു സഞ്ചാരികൾ എത്രത്തോളം ശാന്തരാണ്, പേടകത്തിന്‍റെ പ്രവർത്തനക്ഷമത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തലുണ്ടായി. അതുകൊണ്ടു തന്നെ സമയം നിർണായക ഘടകമായി ആ ദൗത്യത്തിൽ. ഇടയ്ക്ക് ആഴക്കടലിൽ നിന്നുള്ള അജ്ഞാതശബ്ദങ്ങൾ പ്രതീക്ഷ പകർന്നു. നിശ്ചിത ഇടവേളകളിൽ ആവർത്തിച്ച ശബ്ദങ്ങൾ പേടകത്തിനരികിലേക്കുള്ള ദൂരം കുറയ്ക്കുന്നുവെന്ന തോന്നലുളവാക്കി. എന്നാൽ, രക്ഷാദൗത്യത്തിലുടനീളം ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ തന്നെ ശേഷിച്ചു. തിരികെയെത്തുമെന്ന പ്രതീക്ഷയുടെ പ്ലാറ്റ്‌ഫോമിൽ പടുത്തുയർത്തിയതിനാൽത്തന്നെ, പുറത്തുനിന്നല്ലാതെ തുറക്കാൻ കഴിയാത്തവിധമായിരുന്നു പേടകത്തിന്‍റെ രൂപകൽപ്പന. ഒരു മിനിവാനിന്‍റെ വലുപ്പം മാത്രമുണ്ടായിരുന്ന പേടകമാണ് ടൈറ്റൻ. കടലിന്‍റെ ആഴങ്ങളിലും വിസ്തൃതയിലും അതു തെരഞ്ഞു കണ്ടെത്തുന്നത് അതീവദുഷ്കരം തന്നെയാണ്.

നാലു ദിവസം പിന്നിടുമ്പോഴും, പേടകത്തിലെ പ്രാണവായുവിന്‍റെ സമയപരിധിക്കു ശേഷവും അറ്റ്ലാന്‍റിക്കിൽ തെരച്ചിൽ തുടർന്നു. ഒടുവിൽ അമെരിക്കൻ തീര സംരക്ഷസേന ടൈറ്റന്‍റെ അവശിഷ്ടങ്ങൾ മാത്രം കണ്ടെത്തി. പേടകത്തിന്‍റെ ലാൻഡിങ് ഫ്രെയ്മിന്‍റെയും റിയർ കവറിന്‍റെയും ഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. അമെരിക്കൻ തീര സംരക്ഷണ സേനയിലെ റിയർ അഡ്മിറൽ ജോൺ മോഗർ പേടകത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചു. ടൈറ്റൻ പേടകദുരന്തത്തിനു വിനാശകരമായ സ്ഫോടനമെന്നു പരിഭാഷപ്പെടുത്താവുന്ന Catastrophic Implosion എന്നൊരു വിശേഷണവും വിദഗ്ധർ നൽകി (Explosion പുറമേയ്ക്കുള്ള പൊട്ടിത്തെറിയാണെങ്കിൽ, Implosion ഉള്ളിലേക്കുള്ള പൊട്ടിത്തെറിയാണ്). പേടകത്തിനുള്ളിലെ മർദം പുറത്തുനിന്നുള്ള കടലിന്‍റെ മർദത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതാകാവും ഇത്തരമൊരു പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്‍റെ സ്വഭാവം വിലയിരുത്തുമ്പോൾ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായേക്കില്ല. പേടകം ഉള്ളഇലേക്ക് ഞെങ്ങിഞെരുങ്ങിയാണ് തകർന്നിരിക്കുന്നതെന്നാണ് കരുതുന്നത്.

എപ്പോഴാണ് പേടകം പൊട്ടിത്തെറിച്ചതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. പക്ഷേ മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ട് മണിക്കൂറുകൾക്കം പേടകം പൊട്ടിത്തെറിച്ചിരി ക്കാമെന്നൊരു വാദമുയരുന്നുണ്ട്. അമെരിക്കൻ സേനയുടെ അണ്ടർവാട്ടർ മൈക്രോഫോണുകളിൽ അത്തരമൊരു ശബ്ദം പതിഞ്ഞിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. ശത്രുക്കളുടെ അന്തർവാഹിനികൾ കണ്ടെത്താനായിട്ടാണ് സേന ഇത്തരം അണ്ടർവാട്ടർ മൈക്രോഫോണുകൾ ഉപയോഗിക്കുന്നത്. ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു സമീപത്തു നിന്നാണ് ശബ്ദം കേട്ടതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനശബ്ദം കേട്ടിരുന്നുവെന്നും പറയുന്നു.

സുലൈമാൻ ദാവൂദും അച്ഛൻ ഷെഹ്‌സാദാ ദാവൂദും.

ആഴക്കടൽ സഞ്ചാരത്തെ ഏറെ പേടിച്ചിട്ടും, അച്ഛനു കൂട്ടു പോയൊരു പത്തൊമ്പതുകാരനുണ്ടായിരുന്നു ആ പേടകത്തിൽ, സുലൈമാൻ ദാവൂദ്. സാഹസിക സഞ്ചാരങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷഹ്സാദാ ദാവൂദിന്‍റെ മകൻ. അറ്റ്ലാന്‍റിക്കിൽ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങളിലേക്കുള്ള യാത്രയ്ക്കു മുമ്പ് സുലൈമാൻ ആ ഭയം ബന്ധുക്കളോട് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഫാദേഴ്സ് ഡേയ്ക്ക് അച്ഛനൊപ്പം ആഴക്കടലിലേക്കു പോകുക എന്നതിനപ്പുറമൊരു സമ്മാനം നൽകാനില്ലെന്ന് ആ ചെറുപ്പക്കാരൻ ഉറച്ചു വിശ്വസിച്ചു. ഒ‌ടുവിൽ, സാഹസിക വിനോദയാത്രയുടെ അപ്രതീക്ഷിതമായൊരു തിരിവിൽ അച്ഛനും മകനും ഒരുമിച്ചുതന്നെ ജീവിതത്തിൽ നിന്നു മടങ്ങിപ്പോകുന്നു. പിൽക്കാലം, ടൈറ്റൻ ദുരന്തമെന്ന വിശേഷണം നൽകുമ്പോൾ സ്മരണയിലുണ്ടാകും ഷഹ്സാദും സുലൈമാനും, ഒരുമിച്ചു യാത്ര പോയ ആ അച്ഛനും മകനും....

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ