എണ്ണ ഇതര വ്യാപാരത്തിൽ വൻ വളർച്ചയുമായി യുഎഇ AI
Special Story

എണ്ണപ്പണത്തിനും മീതേ പറക്കുന്ന ഫാൽക്കൺ

ഇന്തോ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ യുഎഇക്ക് നിർണായക പങ്ക്; ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 10 ശതമാനം വളർച്ച

റോയ് റാഫേൽ

''യുഎഇയിൽ നിന്ന് അവസാനത്തെ വീപ്പ എണ്ണയും കയറ്റുമതി ചെയ്തു കഴിയുമ്പോൾ നമ്മൾ ആഘോഷിക്കും.''

2015 ഫെബ്രുവരിയിൽ ഒരു സർക്കാർ ഉച്ചകോടിയിൽ അന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഉപ സർവസൈന്യാധിപനുമായിരുന്ന ഇന്നത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആത്മവിശ്വാസത്തോടെ പറഞ്ഞ വാചകമാണിത്.

ശരിയായ മേഖലകളിൽ നിക്ഷേപം നടത്തിയാൽ എണ്ണ ഇതര വരുമാനം വർധിപ്പിക്കാമെന്നും, എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനം നിലച്ചാലും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊള്ളുമെന്നുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അന്നു പറഞ്ഞതിന്‍റെ പൊരുൾ.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ഈ ഉച്ചകോടി കഴിഞ്ഞ് വെറും 10 വർഷത്തിനുള്ളിൽ, ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ എണ്ണയിതര വിദേശ വ്യാപാരത്തിൽ യുഎഇ റെക്കോർഡ് നേട്ടം കൈവരിച്ചു കഴിഞ്ഞു. ഇതു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിക്കുമ്പോൾ, അത് രാജ്യത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിനും നിശ്ചയദാർഢ്യത്തിനുമുള്ള സാക്ഷ്യമായി മാറുന്നു.

ഇന്ത്യയുമായുള്ള വ്യാപാരത്തിൽ വർധന

എണ്ണ ഇതര വ്യാപാരത്തിൽ വൻ വളർച്ചയുമായി യുഎഇ

ഈ വർഷം ആദ്യ ആറ് മാസം കൊണ്ട് 1.4 ലക്ഷം കോടി ദിർഹമാണ് എണ്ണയിതര വ്യാപാരത്തിൽ നിന്ന് യുഎഇ നേടിയത്. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 10 ശതമാനത്തിന്‍റെ വളർച്ചയുണ്ടായി. യുഎഇ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് ഇറാഖുമായാണ്. 41% വളർച്ചയാണ് ഇറാഖുമായുള്ള വ്യപാരത്തിൽ ഉണ്ടായത്.

ആഗോള വ്യാപാര വളർച്ചാതോത് 1.5 ശതമാനമാണെങ്കിലും യുഎഎയുടേത് 11.2 ശതമാനമാണ്. സ്വർണം, വെള്ളി, ഇരുമ്പ് ആഭരണങ്ങൾ, സിഗരറ്റ്, പെട്രോളിയം ഇതര എണ്ണ, ചെമ്പ് കേബിളുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് യുഎഇ പ്രധാനമായും കയറ്റി അയക്കുന്നത്. ഇവയുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 36.8 ശതമാനം വളർച്ചയുണ്ടായി. പുനർകയറ്റുമതിയിലൂടെ 34,510 കോടി ദിർഹം വരുമാനമുണ്ടാക്കാനും സാധിച്ചു.

സൗദി അറേബ്യ, ഇറാഖ്, ഇന്ത്യ, യുഎസ്എ, കുവൈറ്റ്, ഖത്തർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങളാണ് യുഎഇയിൽ നിന്ന് പ്രധാനമായി പുനർകയറ്റുമതി ചെയ്യുന്നത്.

വളർച്ചക്ക് കുതിപ്പേകിയ 'സെപ' കരാർ

2022 ഫെബ്രുവരിയിൽ അന്നത്തെ ഇന്ത്യൻ വാണിജ്യ - വ്യവസായ വകുപ്പ് മന്ത്രി പിയൂഷും ഗോയലും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്ക് അൽ മാരിയും ന്യൂഡൽഹിയിൽ വ്യാപാര കരാർ ഒപ്പുവയ്ക്കുന്നു.

യുഎഇയുടെ എണ്ണയിതര സമ്പദ് വ്യവസ്ഥക്ക് ഊർജമേകിയത് വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ അഥവാ സെപ ആണ് - CEPA. ഇന്ത്യയുമായാണ് ആദ്യ കരാർ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കും ഇത് ഗുണകരമായി. ഇതിന്‍റെ ഭാഗമായി യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സ്വർണത്തിന്‍റെ ഇറക്കുമതിച്ചുങ്കം അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎഇയിലും ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങി. ഈ വർഷം 83.64 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് ഇന്ത്യയും യുഎഎയും തമ്മിൽ നടത്തിത്. 2022ൽ ഇത് 72.9 ബില്യൺ ഡോളറായിരുന്നു. ഇതിനകം ഏഴു രാജ്യങ്ങളുമായി യുഎഇ സെപ ഒപ്പുവച്ചിട്ടുണ്ട്.

പി.കെ. സജിത് കുമാർ

യുഎയുടെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് ചാലക ശക്തിയായി വർത്തിക്കാൻ 'സെപ'ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, 2030 ആകുമ്പോഴേക്കും യുഎഇയുമായി സെപ കരാറിൽ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം 26 ആകുമെന്നും യുഎഇ യിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനും ഐബിഎംസി ഗ്രൂപ്പ് സിഇഒയും മാനെജിങ് ഡയറക്റ്ററുമായ പി.കെ. സജിത്കുമാർ പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സമൃദ്ധിയും, മികച്ച തുറമുഖങ്ങളുടെയും നിലവാരമുള്ള സംഭരണശാലകളുടെയും സാന്നിധ്യവും പുനർകയറ്റുമതിക്ക് അനുകൂല ഘടകങ്ങളാണെന്ന് സജിത്കുമാർ ചൂണ്ടിക്കാട്ടുന്നു. ഒരു അന്തർദേശീയ വ്യാപാര ഹബ്ബായി രാജ്യത്തെ മാറ്റിയെടുക്കാൻ ഭരണാധികാരികൾക്ക് സാധിച്ചു എന്നത് നിർണായകമായെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ഇടനാഴികളും ജിസിസി റെയിലും

ജിസിസി റെയിൽ പദ്ധതിയുടെ നിർദിഷ്ട പാത

ഗൾഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജിസിസി റെയിലിന്‍റെ നിർമാണത്തെ പ്രതീക്ഷയോടെയാണ് മേഖലയിലെ രാജ്യങ്ങൾ നോക്കിക്കാണുന്നത്. യുഎഇയിലാകട്ടെ, ഇത്തിഹാദ് റെയിലിന്‍റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ഇത്തിഹാദിനെ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ചരക്ക് നീക്കം കൂടുതൽ വേഗത്തിലാകും. ഇതോടെ ഇന്ത്യയിൽ പ്രഖ്യാപിച്ച ഇന്തോ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ യുഎഇക്ക് നിർണായക പങ്ക് വഹിക്കാനാവും. ഇന്തോ - യുഎഇ - ആഫ്രിക്ക വാണിജ്യപാതയിലും യുഎഇക്ക് നിർണായക സ്ഥാനമുണ്ട്.

അനുകൂലമായ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി ഈ വർഷം അവസാനമാകുമ്പോഴേക്കും എണ്ണ ഇതര വിദേശ വ്യാപാരം 3 ലക്ഷം കോടി ദിർഹത്തിലേക്ക് വളർത്തുക എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് യുഎഇയുടെ പ്രതീക്ഷ.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ