വാഷിങ്ടൺ: നാലു വർഷം മുൻപ് ജോ ബൈഡനുമായുള്ള പോരാട്ടത്തിൽ പരാജയപ്പെടുമ്പോൾ യുഎസും ലോകവും കരുതിയിരുന്നില്ല ഡോണൾഡ് ജെ. ട്രംപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന്. പരാജയം അംഗീകരിക്കാനോ പുതിയ പ്രസിഡന്‍റിന് അധികാരം കൈമാറാനോ തയാറാകാത്ത "മർക്കടമുഷ്ടി'ക്കാരനെന്നൊരു പ്രതിച്ഛായയായിരുന്നു ട്രംപിന്. ക്യാപിറ്റോൾ ഹില്ലിൽ ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ അമെരിക്കൻ ജനാധിപത്യത്തെ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കി. എന്നാൽ, നാലു വർഷം പിന്നിടുമ്പോൾ അതേ ട്രംപ് യുഎസിന്‍റെ മനസ് തിരിച്ചുപിടിച്ച് വീണ്ടും അധികാരത്തിലേറിയിരിക്കുന്നു.
127 വർഷത്തിനിടെ യുഎസിൽ ഒരു ടേമിന്‍റെ ഇടവേളയിൽ വീണ്ടും പ്രസിഡന്‍റാകുന്ന രണ്ടാമനെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നു ട്രംപ്. കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടശേഷം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവെന്ന സവിശേഷതയും രണ്ടു വധശ്രമങ്ങളെ അതിജീവിച്ച ട്രംപിന് സ്വന്തം. ഇപ്പോഴും നാലു കേസുകൾ നിലനിൽക്കുന്നുണ്ട് ട്രംപിനെതിരേ. അവയുടെ ഭാവിയെന്തെന്ന് കാണാനിരിക്കുന്നു.
"അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ തിരിച്ചുവരവാണിത്. രണ്ടു വർഷം മുൻപു വരെ ആരും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊന്ന്''- കമ്യൂണിക്കേഷൻ വിദഗ്ധൻ അനംഗ് മിത്തൽ പറയുന്നു. 2020ൽ അധികാരം നഷ്ടമായശേഷമുള്ള നാലു വർഷങ്ങളും ട്രംപിന് പ്രതിസന്ധികളുടേതായിരുന്നു. ക്യാപിറ്റോൾ ഹിൽ കലാപത്തിന്‍റെ പേരിൽ പഴി കേൾക്കുക മാത്രമല്ല, രഹസ്യരേഖകൾ പുതിയ പ്രസിഡന്‍റിനു കൈമാറാത്തതിന്‍റെ പേരിൽ ട്രംപിന്‍റെ റിസോർട്ടിൽ തെരച്ചിൽ നടന്നു. യുഎസ് ചരിത്രത്തിലെ അപൂർവ സംഭവമായിരുന്നു മുൻ പ്രസിഡന്‍റിന്‍റെ വസതിയിൽ പൊലീസ് പരിശോധന.
രണ്ടുവട്ടം ഇംപീച്ച് ചെയ്യപ്പെടുകയെന്ന നാണക്കേടും നേരിടേണ്ടി വന്നിട്ടുണ്ട് ട്രംപ്. 2019ലായിരുന്നു ആദ്യത്തേത്. അന്നു സെനറ്റ് കുറ്റവിമുക്തനാക്കിയതിനാൽ ഭാവിയിൽ നേരിടേണ്ടിവരുന്ന തെരഞ്ഞെടുപ്പു വിലക്കിൽ നിന്ന് ട്രംപ് രക്ഷപെട്ടു. ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് അംഗീകരിച്ചിരുന്നെങ്കിൽ 1958 ലെ മുൻ പ്രസിഡന്‍റുമാരെ സംബന്ധിക്കുന്ന നിയമപ്രകാരം മുൻ പ്രസിഡന്‍റിനുളള പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ എന്നിവയെല്ലാം ട്രംപിന് നഷ്ടപ്പെടുമായിരുന്നു.
ക്യാപിറ്റോൾ ഹില്ലിലെ കലാപത്തിന്‍റെ പേരിൽ 2021ലായിരുന്നു രണ്ടാമത്തെ ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയത്. എന്നാൽ, ഇവിടെയൊന്നും കീഴടങ്ങാൻ തയാറായിരുന്നില്ല ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തിൽ താനുണ്ടാകുമെന്നു 2022ൽ അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ, കോളമിസ്റ്റായ ജീൻ കാരളിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്നു മാൻഹട്ടൻ ഫെഡറൽ കോടതി വിധിച്ചു. നഷ്ടപരിഹാരം നൽകേണ്ടി വന്നു ട്രംപിന്. കാരളിനെതിരേ നൽകിയ മാനനഷ്ടക്കേസ് തള്ളപ്പെടുകയും ചെയ്തു. വ്യാപാര രേഖകളിൽ കൃത്രിമത്വം നടത്തിയതിലും ട്രംപ് കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു.
ഈ പ്രശ്നങ്ങളെല്ലാം നേരിടുമ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിലേക്ക് ഉയരുകയായിരുന്നു അദ്ദേഹം. തുടക്കത്തിലെ സർവെകളിൽ പിന്നിലായിരുന്നു ട്രംപ്. എന്നാൽ, ഡെമൊക്രറ്റുകളുടെ ആദ്യ സ്ഥാനാർഥിയും പ്രസിഡന്‍റുമായ ജോ ബൈഡന്‍റെ ആരോഗ്യപ്രശ്നങ്ങളും പ്രതിച്ഛായാ നഷ്ടവും റിപ്പബ്ലിക്കൻ നേതാവിനെ തുണച്ചു. ബൈഡൻ സ്വയം പിന്മാറുന്നതിനും കമല ഹാരിസ് നേതൃത്വത്തിലേക്ക് ഉയരുന്നതിനുമിടയാക്കിയ സാഹചര്യങ്ങൾ ഡെമൊക്രറ്റ് തട്ടകങ്ങളിലുണ്ടാക്കിയ അനിശ്ചിതത്വവും ട്രംപിന് ഗുണമായി മാറുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 13നു പെൻസിൽവാനിയയിലെ ബട്‌ലറിൽ തെരഞ്ഞെടുപ്പു റാലിക്കിടെ ട്രംപിനു നേരേയുണ്ടായ വധശ്രമം "ടേണിങ് പോയിന്‍റ്' ആയെന്നും വിലയിരുത്തപ്പെടുന്നു. ചെവിതുളച്ചു കടന്നുപോയ വെടിയുണ്ട ട്രംപിന്‍റെ ശരീരത്തിൽ പടർത്തിയ രക്തത്തിനൊപ്പം രാജ്യത്ത് സഹതാപതരംഗവും പടർന്നു. സെപ്റ്റംബർ 15ന് ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപത്തുനിന്ന് ഒരാളെ തോക്കുമായി പിടികൂടിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.
സുരക്ഷ പ്രധാന പ്രശ്നമായി തെരഞ്ഞെടുപ്പിൽ ചർച്ചയായി. യുക്രെയ്‌ൻ, പശ്ചിമേഷ്യ യുദ്ധത്തിലടക്കം ബൈഡൻ ഭരണകൂടത്തിനുണ്ടായ വീഴ്ചകൾ യുഎസ് ജനതയുടെ രോഷത്തിനു വഴിവയ്ക്കുക കൂടി ചെയ്തപ്പോൾ 2020ൽ അമെരിക്ക വെറുത്ത നേതാവ് 2024ൽ പ്രിയങ്കരനായി മാറി.