#പ്രൊഫ. കെ.വി. തോമസ്
എന്നെ സ്വാധീനിച്ച പല വ്യക്തികളിൽ ഒരാളാണ് വക്കം പുരുഷോത്തമൻ. അതുകൊണ്ടു തന്നെ കഴിഞ്ഞമാസം ഞാൻ തിരുവന്തപുരത്ത് പോയപ്പോഴും അദ്ദേഹത്തെ വസതിയിൽ പോയി കണ്ടിരുന്നു. നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നതൊഴിച്ച് പൂർണ ആരോഗ്യവാനായാണ് അദ്ദേഹം കാണപ്പെട്ടത്.
1984ൽ അദ്ദേഹം ആലപ്പുഴ എംപിയും ഞാൻ എറണാകുളം എംപിയുമായി ഞങ്ങൾ ഒരുമിച്ചാണ് ലോക്സഭയിലെത്തുന്നത്. അന്ന് കേരളത്തിൽ നിന്നും വിമാനത്തിൽ ഒന്നിച്ച് യാത്ര ചെയ്യുന്ന എംപിമാർ വക്കം പുരുഷോത്തമൻ, എ. ചാൾസ്, എസ്. കൃഷ്ണകുമാർ, പി.എ.ആന്റണി, സാവിത്രി ലക്ഷ്മണൻ എന്നിവരായിരുന്നു.
സീനിയർ നേതാവ്, നിലയിലും എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ ഉറ്റ സുഹൃത്ത് എന്നീ നിലയിൽ വക്കത്തിന് വലിയ പരിഗണനയാണ് ഡൽഹിയിൽ ലഭിച്ചിരുന്നത്. അദ്ദേഹം പാർലമെന്റ് പാനൽ ചെയർമാന്മാരിൽ ഒരാളായിരുന്നു. പബ്ലിക് അണ്ടർടേക്കിങ് കമ്മറ്റി ചെയർമാൻ, സബോർഡിനേറ്റ് ലെജിസ്ട്രേഷൻ ചെയർമാൻ തുടങ്ങി വിവിധ പാർലമെന്റ് കമ്മറ്റികളെ അദ്ദേഹം നയിച്ചു. കേരള നിയമസഭാ സ്പീക്കറുമായി.
പാർലമെന്റിലാണെങ്കിലും നിയമ സഭയിലാണെങ്കിലും കൃത്യതയോടെ സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. സാധാരണ സഭയിൽ അധ്യക്ഷത വഹിക്കുന്ന സ്പീക്കറും പാനൽ ചെയർമാന്മാരും അംഗങ്ങളോട്, പ്രത്യേകിച്ച് സീനിയേഴ്സിനോട് പ്രത്യേക സ്നേഹം പുലർത്തിയിരുന്നു. അതുകൊണ്ട് അവർ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ വലിയ നിയന്ത്രണം അധ്യക്ഷസ്ഥാനത്തു നിന്ന് ഉണ്ടാവാറില്ല. പക്ഷേ വക്കം അങ്ങനെയായിരുന്നില്ല. പ്രസംഗം അവസാനിപ്പിക്കണമെന്ന് സിഗ്നൽ അദ്ദേഹം നൽകുന്നത് "യെസ്, യേസ്, കൺക്ലൂഡ് ' എന്ന് പറഞ്ഞു കൊണ്ടാണ്. പിന്നെയും പ്രസംഗം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ അടുത്തയാളെ വിളിക്കും, അല്ലെങ്കിൽ മെംബറുടെ മൈക്ക് ഓഫ് ചെയ്യും.
അദ്ദേഹം പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലധികാരികളെ വിറപ്പിച്ചിരുന്നു. വക്കം താമസിച്ചിരുന്ന ബംഗ്ലാവിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു. അക്കാലത്ത് വിവാഹം കഴിച്ച് ഡൽഹിയിൽ വന്ന കോട്ടയം എംപി സുരേഷ് കുറുപ്പിനും ഭാര്യയ്ക്കും ഞങ്ങൾ വക്കത്തിന്റെ വീട്ടിൽ നല്ലൊരു സ്വീകരണം നൽകി. പുറത്തേക്കിറങ്ങിയ കുറുപ്പിന്റെ ഭാര്യ പറഞ്ഞത് "ഇതുപോലൊരു വീട് നമുക്ക് വേണമെന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ അടുക്കളയുടെ സൗകര്യമെങ്കിലും വേണം!'.
അന്ന് ഇടതുപക്ഷ എംപിമാർ തങ്ങൾക്ക് കിട്ടുന്ന താമസസൗകര്യം മറ്റു സഖാക്കളുമായി ഷെയർ ചെയ്യുമായിരുന്നു. സുരേഷ് കുറുപ്പിന്റെ ക്വാർട്ടേഴ്സിൽ മറ്റു സഖാക്കളെയും താമസിപ്പിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യ ഇങ്ങനെയൊരു നിർദേശം പറഞ്ഞത്.
1971 മുതൽ 1977 വരെ അച്യുത മേനോൻ സർക്കാരിൽ കൃഷി, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്തത് വക്കമാണ്. ആ സന്ദർഭത്തിലാണ് കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ കായൽ രാജാവായിരുന്ന ജോസഫ് മുരിക്കന്റെ കൃഷിസ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് കർഷകത്തൊഴിലാളികൾക്കു നൽകിയത്. കായലിൽ ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നെൽകൃഷി നടത്തിയിരുന്ന മുരിക്കന്റെ സ്വാധീനം വളരെ വലുതായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ കൈയിൽ നിന്നും തൊഴിലാളികളിലേക്ക് ഭൂമി കൈമാറ്റം അത്ര എളുപ്പമായിരുന്നില്ല. എന്നാൽ സർക്കാർ എടുത്ത ആ തീരുമാനം നടപ്പാക്കിയത് വക്കമാണ്. പിന്നീട് ആലപ്പുഴ എംപിയായതിനു ശേഷം ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ ആ തീരുമാനം തെറ്റിപ്പോയോ എന്ന ഒരു ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കാരണം, മുരിക്കന്റെ കൈയിൽ നിന്നും കർഷക സംഘടനകൾക്ക് കിട്ടിയ പാടങ്ങൾ പിന്നീട് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലേക്ക് മാറുകയാണ് ഉണ്ടായത്. ഇന്നും ഫലപ്രദമായ ഒരു കൃഷി സമ്പ്രദായം കുട്ടനാട്ടിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
2001 മുതൽ 2004 വരെ ഭരിച്ച ആന്റണി മന്ത്രിസഭയെ നിലനിർത്താൻ മുൻകൈയെടുത്തത് സ്പീക്കർ വക്കം പുരുഷോത്തൻ, ആര്യടൻ മുഹമ്മദ്, ഉമ്മൻചാണ്ടി എന്നിവരാണ്. ലീഡർ കെ. കരുണാകരന് തന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയ ആന്റണിയോട് ഇഷ്ടക്കേടുണ്ടായിരുന്നു. അതിനാൽ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ആന്റണി മന്ത്രിസഭയെ വീഴ്ത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ആന്റണി മന്ത്രിസഭയുടെ ധനവിനിയോഗ ബിൽ സഭയിൽ കൊണ്ടുവന്നപ്പോൾ കരുണാകരനോട് അടുപ്പമുള്ള അഞ്ച് എംഎൽഎമാർ അതിനെതിരേ വോട്ട് ചെയ്യാൻ തീരുമാനിക്കുകയും അത് മനസിലാക്കിയ വക്കം ആ നീക്കത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
അതുപോലെ വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള എന്നിവർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളും, കരുണാകരൻ കോടോത്ത് ഗോവിന്ദൻ നായരെ സ്ഥാനാർഥിയാക്കുകയും ചെയ്തപ്പോൾ വക്കമാണ് ഔദ്യോഗിക സ്ഥാനാർഥികളുടെ വിജയത്തിനുള്ള നീക്കം നടത്തിയത്. കോടോത്തിന് വോട്ട് ചെയ്താൽ സഭാംഗത്വം നഷ്ടപ്പെടും എന്നു പറഞ്ഞ് കരുണാകരനൊപ്പം നിന്നിരുന്ന എംഎൽഎമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് വക്കമാണ്. ആന്റണിക്ക് ശേഷം രൂപീകരിച്ച ഉമ്മൻചാണ്ടി സർക്കാരിൽ ധനകാര്യം, എക്സൈസ് വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. ഒരു സന്ദർഭത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചാർജും വഹിച്ചു.
വക്കത്തിന്റെ കർക്കശ നിലപാട് മൂലം കേരള നിയമസഭ ഒരു മണിക്കു തന്നെ പിരിഞ്ഞ് അംഗങ്ങൾക്ക് ഉച്ചഭക്ഷണത്തിന് പോകാൻ കഴിയുമായിരുന്നു. 2004 ഫെബ്രുവരിയിൽ വക്കത്തിനെതിരേ ഒരു അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നു. എല്ലാ ബിസിനസുകളും ഒറ്റയിരിപ്പിന് തീർത്ത് വക്കം ചേംബറിലേക്ക് പോയ സാഹചര്യത്തിലാണ് പ്രതിപക്ഷാംഗങ്ങൾ വലിയ ബഹളത്തോടെ നടുത്തളത്തിൽ ഇറങ്ങിയത്. പ്രമേയം ചർച്ച ചെയ്യാൻ വക്കം തയാറായി. പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു ചർച്ച ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ സുന്ദരൻ നാടാരാണ് അധ്യക്ഷത വഹിച്ചത്. കോടിയേരി പ്രസംഗം തുടങ്ങിയപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വക്കം ഡെപ്യൂട്ടി സ്പീക്കറുടെ സീറ്റിൽ വന്നിരുന്നു. എല്ലാവരും കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈയടിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം വന്നിരുന്നപ്പോൾ പ്രമേയത്തിന്റെ മൂർച്ച കുറഞ്ഞു. വക്കത്തിന്റെ മുഖത്തുനോക്കി കർക്കശമായി പറയാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. "ആനയെ ആട്ടിൻ കൂട്ടിൽ പിടിച്ചിരുത്തിയാൽ ശരിയാകുമോ' എന്നാണ് കോടിയേരി ചോദിച്ചത്. പല വലിയ പദവിയിലും ഇരുന്നിരുന്ന വക്കം പുരുഷോത്തമനെ സ്പീക്കറാക്കിയതിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സ്പീക്കറാണെങ്കിലും താനൊരു കോൺഗ്രസുകാരൻ ആണെന്നായിരുന്നു വക്കം മറുപടി പറഞ്ഞത്. പ്രമേയം തോറ്റപ്പോൾ സഭ നിയന്ത്രിച്ചതും വക്കം തന്നെ.
1993 മുതൽ 1996 വരെ അദ്ദേഹം ആൻഡമാൻ നിക്കോബാർ ഐലൻഡുകളുടെ ലഫ്റ്റനന്റ് ഗവർണറായി. ഇന്നും ആൻഡമാൻ നിക്കോബാറുകാർ, അവിടെ വക്കം ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് എടുത്തുപറയാറുണ്ട്. 2011ൽ അദ്ദേഹം മിസോറാം ഗവർണറായി ചാർജെടുത്തപ്പോൾ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഞാൻ കുടുംബാംഗങ്ങളോടൊപ്പം അതിഥികളായി മിസോറാമിൽ താമസിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം നാഗാലാൻഡ് ഗവർണറായി. ഏറ്റെടുത്ത എല്ലാ ജോലികളും വളരെ വിജയകരമായി നടപ്പിലാക്കിയ ഒരാളാണ് വക്കം.
2019ൽ എനിക്ക് ലോക്സഭാ സീറ്റ് നിഷേധിച്ച സന്ദർഭത്തിൽ പാർട്ടിയോടൊപ്പം നിൽക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്നെ മാറ്റുകയും, സിപിഎമ്മിന്റെ കണ്ണൂർ ദേശീയ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കുകയും, പിന്നീട് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ചാർജെടുക്കുകയും ചെയ്ത ശേഷം ഞാൻ അദ്ദേഹത്തെ കണ്ടു. 2023 ജൂൺ ഒന്നിന് തിരുവനന്തപുരത്ത് നടന്ന "ഇന്ത്യ ടുഡേ'യുടെ കോൺക്ലേവിൽ പങ്കെടുത്ത ശേഷമാണ് വീട്ടിലെത്തിയത്.
അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, ""താൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറയില്ല. പക്ഷേ തനിക്ക് അതേ മാർഗമുണ്ടായിരുന്നുള്ളൂ. പാർലമെന്റ് സീറ്റ് നിഷേധിച്ചതും വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയതും തന്നെ അറിയിക്കാമായിരുന്നു. മാത്രമല്ല, തന്നെ കൂടെ നിർത്തേണ്ടത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ചുമതലയായിരുന്നു. എന്തായാലും എടുത്ത ഉത്തരവാദിത്വം താൻ നന്നായി പൂർത്തിയാക്കും എന്ന് എനിക്കറിയാം'' എന്നാണ്.
വക്കം പുരുഷോത്തമന്റെ പ്രവർത്തനശൈലിയും അതിന്റെ വേഗതയും കൃത്യതയും ഇന്നും എന്റെ മനസിലുണ്ട്.