കീർത്തനം ചൊല്ലുന്ന കൃഷ്ണമ്മാൾ 
Special Story

കണ്ണു നിറച്ച് തിരുവരുൾ പ്രകാശ് വല്ലലാർ സത്യ ധർമശാലൈ

ഇപ്പോൾ അഞ്ചാം വർഷത്തിന്‍റെ തുടക്കത്തിലാണ് ഗൂഡല്ലൂരിലെ തിരുവരുൾ പ്രകാശ് വല്ലലാൽ സത്യ ധർമശാലൈ

റീന വർഗീസ് കണ്ണിമല

കുമളിയിൽ നിന്ന് കമ്പത്തിനടുത്തുള്ള ഗൂഡല്ലൂരേയ്ക്കു പോകുമ്പോൾ ഒരു ചിന്ത മാത്രം. പ്രിയപ്പെട്ട അയ്യാ രാമലിംഗത്തെ കാണണം. കൊഞ്ചം പേശിയിരിക്കണം. തിരിച്ചു പോരണം. അത്രയേ കരുതിയിരുന്നുള്ളൂ.

നേരിൽ കണ്ടപ്പോഴാണ് അയ്യാ ആ ധർമശാലയെ കുറിച്ചു പറഞ്ഞത്-തിരുവരുൾ പ്രകാശ് വല്ലലാർ സത്യ ധർമശാലൈയെ കുറിച്ച്. തമിഴകത്തിന്‍റെ പ്രിയപ്പെട്ട നൻപൻ... അൻപുടയ ജീവിതം മാത്രം മതി മോക്ഷത്തിനെന്ന് തമിഴകത്തെ പഠിപ്പിച്ച കരുണാരൂപൻ വല്ലലാരുടെ പിൻഗാമികളാണ് ഈ ധർമശാല നടത്തുന്നത്.

ഊണു വിളമ്പി പാണ്ടിക്കണ്ണൻ

അദ്ദേഹം സ്ഥാപിച്ച ശുദ്ധ സന്മാർഗ സഭ ഇന്നു തമിഴകത്തെമ്പാടും ഇത്തരം ധർമശാലകൾ നടത്തി വരുന്നു. പ്രത്യേകിച്ച് എൻജിഒകളുടെ ഫണ്ടിങൊന്നുമില്ലാതെ സ്വന്തം അധ്വാനത്തിൽ നിന്നും ഒരു പങ്ക് മാറ്റി വച്ചാണ് ഇവർ ഈ കാരുണ്യ സേവനം നടത്തിപ്പോരുന്നത്.

നാലു വർഷങ്ങൾ പൂർത്തിയായി ഇപ്പോൾ അഞ്ചാം വർഷത്തിന്‍റെ തുടക്കത്തിലാണ് ഗൂഡല്ലൂരിലെ തിരുവരുൾ പ്രകാശ് വല്ലലാൽ സത്യ ധർമശാലൈ.നൂറോളം അഗതികൾക്ക് ഇവർ ഭക്ഷണം നൽകി വരുന്നു.ഇതിൽ കിടപ്പു രോഗികളും ഉൾപ്പെടുന്നു. ദരിദ്ര കുടുംബങ്ങളിലെ കിടപ്പു രോഗികൾക്ക് പാഴ്സലിലാക്കി കൊണ്ടു കൊടുക്കാനും അവർ തയാറാണ്.ഇങ്ങനെ മുപ്പതോളം പേർക്കാണ് വീടുകളിൽ എത്തി ഭക്ഷണം നൽകുന്നത്.

ഒരു ദിവസം നൂറു പേർക്ക് അന്നദാനത്തിന് സാധാരണ ഗതിയിൽ 2000 രൂപയും സ്പെഷ്യൽ അന്നദാനത്തിന് 3000 രൂപയും ചെലവുണ്ട്. പൂർണമായും സസ്യാഹാരം മാത്രമാണ് ഇവിടെ.സ്പെഷ്യൽ അന്നദാനത്തിൽ റവ കേസരിയും വടയുമാണ് സ്പെഷ്യൽ താരങ്ങൾ.

ഇളങ്കോവനും ഗോപാലും പാണ്ടിക്കണ്ണനും ശരവണനും മഹീന്ദ്രനുമാണ് .ഇളങ്കോവൻ പ്രസിഡന്റും ഗോപാൽ സെക്രട്ടറിയുമാണ്.പാണ്ടിക്കണ്ണനാണ് ട്രഷറർ. ശരവണനും മഹീന്ദ്രനും ധർമശാലയുടെ നടത്തിപ്പിന്‍റെ നിർവാഹകാരികളായി പ്രവർത്തിച്ചു വരുന്നു.

കിടപ്പു രോഗികൾക്കായി തയാറാക്കിയ ഭക്ഷണം

പാണ്ടിക്കണ്ണൻ മിക്കവാറും ധർമശാലയിൽ ഉണ്ടാവും.ധർമശാലയിലെ വല്ലലാറുടെ ചിത്രവും അതിനു കീഴെ കെടാത്ത ദീപജ്വാലയും മനസിനെ ഏറെ ആകർഷിക്കും.ഈ ദീപജ്വാല അണയാതെ കാക്കാൻ കൃ്ഷ്ണമ്മാൾ എന്ന വന്ദ്യ വയോധിക ഇവിടെ സ്ഥിര താമസമാണ്. സുബ്ബമ്മയും കൃഷ്ണമ്മാളുമാണ് പാചകം. കിടപ്പുരോഗികൾക്ക് അന്നമെത്തിക്കുന്നത് ശെൽവൻ.വളരെ കൃത്യതയുള്ള പ്രവർത്തനം.

“അരുൾ പെരും ജ്യോതി അരുൾ പെരും ജ്യോതി

തനി പെരും കരുണൈ അരുൾ പെരും ജ്യോതി”

എന്ന കീർത്തനം ചൊല്ലിയ ശേഷമാണ് ഭക്ഷണവിതരണം. കൃ്ഷ്ണമ്മാൾ ആണ് നിത്യവും ഈ കീർത്തനം ആലപിക്കുന്നത്.

ശെൽവം ,കണ്ണൻ,കൃഷ്ണമ്മാൾ,സുബ്ബമ്മാൾ

അലിവ് മനുഷ്യനോടു മാത്രമല്ല, സകല ജീവജാലങ്ങളോടും വേണമെന്നാണ് ഇവരുടെ തത്വശാസ്ത്രം. അതു കൊണ്ടു തന്നെ പ്രതിദിനം 150 രൂപയുടെ മിക്സ്ചർ ആണ് ഇളങ്കോവൻ കാക്കകൾക്ക് നൽകി വരുന്നത്. വാടി നിൽക്കുന്ന കൃഷികൾക്ക് ജലം നൽകുന്നതും പുണ്യമെന്ന് അവർ തിരിച്ചറിയുന്നു.വല്ലലാർ എന്ന സിദ്ധയോഗി അവർക്കു നൽകിയ പുണ്യമാണത്.മലയാളിക്ക് കേട്ടു പരിചയമില്ലാത്ത വല്ലലാർ ആരെന്നു നോക്കാം ഇനി.

വല്ലലാർ: സൂക്ഷ്മശരീരത്തിലേക്കു മറഞ്ഞ മഹാസിദ്ധർ

വല്ലലാർ സിദ്ധർ

പതിനെട്ടു സിദ്ധന്മാരുടെ പാദസ്പർശത്താൽ പരിപാവനമായ ഭൂമി. അതാണ് തമിഴകം. മലയാളികൾക്ക് ഇവരിൽ ധന്വന്തരിയെ ഒഴികെ ആരെയും അത്ര പരിചയം പോരാ.ഈ സിദ്ധ പരമ്പരയിൽ പെട്ട കാരുണ്യത്തിന്‍റെ വക്താവാണ് വല്ലലാർ രാമലിംഗ സിദ്ധർ.ശുദ്ധ സന്മാർഗ സഭയുടെ പ്രാരംഭകനാണ് അദ്ദേഹം. ഇന്നത്തെ മലയാളികൾക്ക് പരിചിതനല്ലെങ്കിലും അദ്ദേഹത്തിനു പിന്നാലെ വന്ന മലയാളത്തിന്‍റെ ശ്രീ നാരായണ ഗുരുവിന് അദ്ദേഹത്തെ കുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്നു.വല്ലലാറിന്‍റെ ആശയങ്ങൾ ശ്രീനാരായണ ഗുരുവിനെയും സ്വാധീനിച്ചിരുന്നു.അദ്ദേഹത്തിന്‍റെ ദർശനങ്ങളിലും വല്ലലാർ സ്വാധീനം പ്രകടമാണ്.

1873 ഒക്റ്റോബർ അഞ്ചിന് ചിദംബരം ക്ഷേത്രത്തിനടുത്തുള്ള മരുതൂരിൽ രാമയ്യ പിള്ളയുടെയും ചിന്നമ്മയാറിന്‍റെയും ഇളയ കുഞ്ഞായി ജനനം.

ഇളം പ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട രാമലിംഗം മൂത്ത സഹോദരൻ സഭാപതി പിള്ളയുടെ തണലിൽ വളർന്നു വന്നു. ധനിക കുടുംബങ്ങളിൽ നടത്തുന്ന ആത്മീയ സഭകളിൽ പ്രഭാഷണം നടത്തി കിട്ടുന്ന വരുമാനം കൊണ്ടാണ് തമിഴ് പുരാണ പണ്ഡിതനായ സഭാപതി തന്‍റെ കുടുംബം പോറ്റിയിരുന്നത്.സദാ നേരവും വഴിയമ്പലങ്ങളിലും ക്ഷേത്രങ്ങളിലുമായി കഴിഞ്ഞു കൂടിയ കുഞ്ഞു രാമലിംഗം ഉറങ്ങാനും ഉണ്ണാനും മാത്രമേ വീട്ടിലെത്തിയിരുന്നുള്ളു.വിദ്യാഭ്യാസമൊന്നും ചെയ്യാതെ ചെന്നൈയിലെ കന്തക്കോട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി സ്വന്തമായി പാട്ടുകൾ മനസിൽ രചിച്ചു പാടുന്നത് ആ ഒൻപതു കാരന്‍റെ പതിവായിരുന്നു.

അങ്ങനെ കേവലം ഒൻപതാം വയസിൽ അദ്ദേഹം രചിച്ച കൃതിയാണ് ദൈവ മണിമാല.അതു കേട്ടവരെല്ലാം ഈ അത്ഭുത ബാലനെയും അവന്‍റെ ജ്ഞാനത്തെയും കുറിച്ച് അത്ഭുത സ്തബ്ധരായി. എന്നാൽ കാര്യങ്ങളൊക്കെ മനസിലായെങ്കിലും വിദ്യാഭ്യാസം ചെയ്യാതെ നാടോടിയായി നടക്കുന്ന തന്‍റെ കുഞ്ഞു സഹോദരന്‍റെ ഭാവിയോർത്ത് സഭാപതി പിള്ള ആധി പൂണ്ടു.അദ്ദേഹം തന്‍റെ കുഞ്ഞനുജനെ തന്‍റെ ഗുരുവായ കാഞ്ചീപുരം സഭാപതി മുതലിയാരുടെ അടുത്തേയ്ക്ക് നിർബന്ധിച്ച് അയച്ചു.എന്നാൽ രാമലിംഗം അവിടെയും പതിവായി പോയില്ല.ശിഷ്യനെ നേർവഴി നടത്താൻ ഉറപ്പിച്ച മുതലിയാർ രാമലിംഗത്തെ തേടി അവൻ പതിവായി പോകാറുള്ള കന്ത കോട്ടത്തു ചെന്നു. മുരുകനു മുന്നിൽ നിന്ന് സ്വയം മറന്ന് പാടുന്ന രാമലിംഗത്തെയാണ് മുതലിയാർ കണ്ടത്. ആ ഗാനാലാപനത്തിൽ മുതലിയാരുടെ കണ്ണു നിറഞ്ഞു. ഞാൻ നിനക്കു ഗുരുവായിരിക്കുവാൻ അർഹനല്ല കുഞ്ഞേ എന്നായി അദ്ദേഹം.ഗുരുവിന് അദ്ദേഹത്തെ മനസിലായെങ്കിലും സഹോദരങ്ങൾക്ക് അദ്ദേഹത്തെ മനസിലായില്ല.വീടു വിട്ടു പുറത്തു പോകുന്നത് ജ്യേഷ്ഠൻ വിലക്കിയതോടെ തന്‍റെ ഭവനത്തിന്‍റെ മച്ചിലെ മുറിയിൽ ഒരു നിലക്കണ്ണാടിയ്ക്കു മുമ്പിൽ ആഴത്തിൽ ധ്യാനനിരതനായി രാമലിംഗം കഴിച്ചു കൂട്ടി.ഇതിനിടെ ഒരു ധനിക ഭവനത്തിൽ നടക്കുന്ന പെരിയ പുരാണ പ്രഭാഷണത്തിന് ജ്യേഷ്ഠൻ സഭാപതിയ്ക്ക് രോഗാവസ്ഥ മൂലം പോകാനായില്ല. അതു മുടങ്ങാതിരിക്കാൻ രാമലിംഗത്തെ പറഞ്ഞയയ്ക്കാൻ സഭാപതിയെ ഭാര്യ നിർബന്ധിച്ചു.അങ്ങനെ സഭാപതിയുടെ ഭാര്യയുടെ നിർബന്ധം മൂലം രാമലിംഗം ആദ്യ പ്രഭാഷണത്തിന് ഇറങ്ങി.

സഭാപതിയുടെ ഭാര്യയായ പർവ്വതിയ്ക്കു രാമലിംഗത്തിന്‍റെ കഴിവിൽ പരിപൂർണ വിശ്വാസമായിരുന്നു കുറഞ്ഞ പക്ഷം പെരിയ പുരാണം പാരായണം ചെയ്യുവാനെങ്കിലും അവനു കഴിഞ്ഞേക്കും എന്നു അവർ കരുതി. എന്നാൽ സോമുചെട്ടിയാരുടെ ഭവനത്തിൽ ചെന്ന രാമലിംഗം സർവ്വരേയും വിസ്മയിപ്പിച്ചു കൊണ്ട് ജ്ഞാന ബാലനായ തിരുജ്ഞാന സംബന്ധരെ കുറിച്ച് മഹത്തായ ഒരു പ്രഭാഷണം നടത്തി. ഒരുപാടു പേർ ബാലനെങ്കിലും അദ്ദേഹത്തെ ഗുരുവായി വണങ്ങി തുടങ്ങി. സഭാപതിക്കും വിശ്വാസമായി. രാമലിംഗം തമിഴിൽ ധാരാളം തിരുപാടലുകൾ എഴുതി കൊണ്ടേയിരുന്നു. പണ്ഡിതന്മാർ പലരും അദ്ദേഹത്തിന് ശിഷ്യരായി ഭവിച്ചു. ശിഷ്യരോടൊപ്പം അദ്ദേഹം ചെന്നൈയിലെ തിരുവോട്രിയൂർ ക്ഷേത്രം സന്ദർശിക്കുക പതിവായിരുന്നു. പട്ടിണത് സ്വാമിയാരുടെ സമാധി സ്ഥാനവും തിരുത്തണി ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ജ്ഞാന പണ്ഡിതൻ എന്ന നിലയിലും പെരും പുലവർ എന്ന നിലയിലും കീർത്തി നേടിക്കൊണ്ടിരുന്ന രാമലിംഗത്തിനു അങ്ങനെ വയസ്സ് ഇരുപത്തിയേഴു ആയി. അദ്ദേഹത്തിന്‍റെ അമ്മയ്ക്ക് മകൻ വിവാഹിതനായിക്കണമെന്നു നിർബന്ധം. മറ്റുള്ളവരെല്ലാവരും കടുത്ത നിർബന്ധം ചെലുത്തി ധനമ്മാൾ എന്ന മുറപ്പെണ്ണുമായി വിവാഹം നടത്തിച്ചു. എന്നാൽ അന്നേ ദിവസം തന്നെ രാമലിംഗത്തിന്‍റെ ദിവ്യത്വം തിരിച്ചറിഞ്ഞു വരണമാല്യം ചാർത്തിയവൾ ഭക്തയായി തീർന്നു.

ഒഴുവിലൊടുക്കത്തിന്‍റെ പുനരാഖ്യാനം ജീവ കാരുണ്യ ഒഴുക്കം തുടങ്ങി പല പദ്യ കൃതികളും അദ്ദേഹം രചിച്ചു. എല്ലാ പൊരുളുകളും അദ്ദേഹത്തിന്‍റെ പാടലുകളിൽ ഉണ്ടായിരുന്നു. ജാതി ചിന്തകൾക്ക് അതീതമായി ജീവിക്കുവാനുള്ള ആഹ്വാനം. എല്ലാ ജീവികളോടും കാരുണ്യം കാട്ടുവാനുള്ള പ്രേരണ ഇതൊക്കെയാണ് പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്. വെള് ഒളി- ഉയിർ ഒളി- ഉൾ ഒളി എന്നിങ്ങനെ മൂന്നും ശരിയായി ഗ്രഹിക്കുമ്പോഴാണ് മോക്ഷമാർഗം അടയുന്നത്. അരുൾ പെരും ജ്യോതി അരുൾ പെരും ജ്യോതി തനി പെരും കരുണൈ അരുൾ പെരും ജ്യോതി എന്നതായിരുന്നു മുഖ്യ ഉപദേശം. അനുയായികൾ അത് മഹാമന്ത്രം പോലെ ഏറ്റെടുത്തു. സുമ്മാ ഇരു എന്ന തത്വം അദ്ദേഹത്തിന്‍റെ കൃതികളിൽ പ്രകാശിതമാകുന്നു.

1867ൽ അദ്ദേഹം കടലൂരിലെ വടലൂരിൽ ശുദ്ധ സന്മാർഗ്ഗ സഭ ആരംഭിച്ചു. ജാതിയ്ക്കും മതത്തിനും അതീതമായി സമത്വ ചിന്ത ഊട്ടി ഉറപ്പിക്കുന്ന ഒരു സമാജമായിരുന്നു അത്. ആരും പട്ടിണി ആകരുത് എന്ന കരുണ കലർന്ന ചിന്ത എല്ലാവർക്കും ഉണ്ടാകണം എന്നു അദ്ദേഹം അനുയായികളോട് പറഞ്ഞു. അതിന് അവിടെ ഒരു വലിയ ഭോജനശാല ആരംഭിച്ചു. അദ്ദേഹം അടുപ്പിൽ ജ്വലിപ്പിച്ച അഗ്നി ഇപ്പോഴും അണയാതെ അവിടെ സൂക്ഷിക്കുന്നു. ഒരിയ്ക്കലും ആ അടുക്കളയിലെ അഗ്നി കെട്ടുപോകാറില്ല. വിശന്നു വരുന്ന എല്ലാവർക്കും ഭേദ ചിന്തയില്ലാതെ അവിടെ എപ്പോഴും അന്നദാനമുണ്ടാകും. കുറുങ്കുഴി എന്ന സ്ഥലത്ത് ഒരു ഭവനത്തിൽ രാമലിംഗ സ്വാമികൾ വസിക്കുമ്പോൾ പകൽ അനുയായികളോട് സംസാരിക്കുകയും രാത്രിയിൽ ദീപ പ്രഭയിൽ ഇരുന്ന് എഴുതുകയും ചെയ്യുമായിരുന്നു.

അവിടത്തെ ഗൃഹനാഥ വിളക്ക് തെളിക്കാനുള്ള എണ്ണ ഒരു മൺകുടത്തിൽ നിറച്ചു സ്വാമികൾ താമസിക്കുന്ന മുറിയിൽ വയ്ക്കും. ഒരിയ്ക്കൽ മുറി ശുദ്ധി ചെയ്യുന്നതിനിടയിൽ ആ മൺകുടം പൊട്ടിപ്പോയതിനെ തുടർന്ന് പുതിയ ഒരെണ്ണം വാങ്ങി അവിടെ വച്ചു. അതിൽ ദ്വാരമുണ്ടോ എന്നറിയാൻ വെള്ളം നിറച്ചു വച്ച ആ വീട്ടമ്മ അതിലെ വെള്ളം കളഞ്ഞു എണ്ണ നിറയ്ക്കുവാൻ മറന്നുപോയിരുന്നു. സ്വാമികൾ പതിവുപോലെ വന്ന് ദീപം തെളിച്ചു എഴുതാനിരുന്നു. മൺകുടത്തിൽ ഉണ്ടായിരുന്ന വെള്ളം ഒഴിച്ച് തന്നെ ദീപം തെളിച്ചു. അടുത്ത ദിവസം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പ്രഭാതത്തിൽ വെള്ളത്തിൽ എരിയുന്ന ദീപം കണ്ട് വിസ്മയപ്പെട്ടുവത്രെ. കുറുങ്കുഴിയിലെ ആ സ്ഥാനം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.

എല്ലാ ജീവനും ഒരേ ഒളിയിൽ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ്. അതിനാൽ ഒന്നിലും ഭേദം കാണേണ്ടതില്ല. പരം പൊരുളിനെ ഒളിരൂപത്തിൽ ധ്യാനിച്ചു കൊള്ളുക. ജീവ കാരുണ്യം നിറച്ചു കൊണ്ടേ മോക്ഷ വഴിയിൽ നടക്കുവാനാകു എന്ന് അദ്ദേഹം അരുളിച്ചെയ്തു. 1873 ൽ അദ്ദേഹം സത്യ ജ്ഞാന സഭ വടലൂരിൽ സ്ഥാപിച്ചു. ഈ സ്ഥലം സിദ്ധിവിളാകം എന്നാണ് അറിയപ്പെടുന്നത്. ജലത്തിന്‍റെ ദൗർലഭ്യം ഉണ്ടായപ്പോൾ അവിടെ അടുത്ത് സ്വാമികൾ ഒരു അരുവി ഉണ്ടാക്കിയതായും പറയുന്നു അതിപ്പോഴും അവിടെ കാണാം. ആത്മീയ ജ്ഞാനംഎല്ലാവർക്കുംഅവകാശപ്പെട്ടിട്ടുള്ളതാണ് അതുകൊണ്ട് എല്ലാ തത്വവും ശുദ്ധമായ തമിഴിൽ അദ്ദേഹം പാടി.

മോക്ഷ മാർഗം ജാതി മത ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കുമായി തുറന്നിട്ടു. അദ്ദേഹത്തിന്‍റെ പാടലുകളുടെ സമാഹാരം തിരു അരുട്പ എന്നാണ് അറിയപ്പെടുന്നത്. 1874 ജനുവരി മാസം 30 നു അദ്ദേഹം സിദ്ധിവിളാകത്തെ ഒരു അറയിൽ പ്രവേശിച്ചു അതിന്‍റെ വാതിലുകൾ അടയ്ക്കുന്നതിന് മുൻപായി അനുയായികളോട് പറഞ്ഞു വാതിൽ തുറക്കരുത് അത് തുറന്നാൽ എന്നെ കാണുവാൻ സാധിക്കില്ല.

ആ വാതിലുകൾ അടയപ്പെട്ടു. ഇനിയിത് തുറക്കുമോ? എപ്പോൾ തുറക്കും എല്ലാവർക്കും ആശങ്കയായി. ആശങ്ക വർധിച്ചതോടെ ഗവണ്മെന്റ് ഇടപെട്ടു മെയ് മാസം ആ അറയുടെ വാതിൽ തുറന്നു. അവിടെ രാമലിംഗ സ്വാമികൾ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒളി രൂപമായി തീർന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കിയായി. ഒടുവിൽ 1906ൽ മദ്രാസ് ഡിസ്ട്രിക്ട് ഗസറ്ററിൽ അദ്ദേഹം ഭൂമിയിൽ ഇല്ലന്ന് തീർപ്പു കല്പിച്ചു രേഖപ്പെടുത്തി. വള്ളലാർ രാമലിംഗം സ്വാമികളുടെ ദർശനങ്ങൾ സാമൂഹിക പരിവർത്തനോന്മുഖമായിരുന്നു.

ശ്രീ നാരായണ ഗുരുവിനാൽ വിരചിതമായ അനുകമ്പാ ദശകത്തിലെ

"മരിയാതുടലോട് പോയൊരാ പരമേശന്‍റെ പരാർത്ഥ്യഭക്തനോ" എന്ന വരികൾ ജ്യോതിയായ രാമലിംഗസ്വാമികളെ കുറിച്ചാണ്.

സാമൂഹ്യസേവനം

സമുദായസേവനമാണ് മോക്ഷത്തിനുള്ള മാർഗം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മതം. മതം ഇരുട്ടിൽ തപ്പുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് ഭൂതദയയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളൂ എന്നദ്ദേഹം ഉദ്ഘോഷിച്ചു. വടലൂരിൽ സത്യജ്ഞാനസഭ തുടങ്ങിയ അദ്ദേഹം ഭൗതികകാര്യങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തു. ജാതി മത വർഗ്ഗ ഭേദമന്യേ മനുഷ്യകുലത്തെ ഒന്നായി കണ്ട സാമൂഹ്യ പരിഷ്കർത്താവായിരുന്നു രാമലിംഗർ.ഭാരത സർക്കാർ 2007ൽ അദ്ദേഹത്തിന്‍റെ സ്മരണക്കായി 5 രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും