Special Story

ജനസദസ് എന്തിന്?!

ജനസദസ് നടത്തുന്നത് എന്തിന്? ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ സംസ്ഥാന കൗൺസിൽ ഉയർന്ന ചോദ്യമാണിത്. മാധ്യമ റിപ്പോർട്ടുകൾ ശരിയെങ്കിൽ കേരളത്തിലെ സാമാന്യ ജനങ്ങളുടെ മനസിലുയരുന്ന ചോദ്യം തന്നെയാണ് സിപിഐയുടെ സംസ്ഥാന കൗൺസിലിലും ഉയർന്നതെന്നു വ്യക്തം. ജനങ്ങളുമായി കൂടുതൽ സംവദിക്കാൻ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി ബഹുജന സദസ് നടത്തുമെന്ന പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്. നവ കേരള സദസ് എന്ന പേരിലായിരിക്കും പരിപാടി അറിയപ്പെടുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു പ്രത്യേക ബസിലായിരിക്കും എത്തുക. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലങ്ങളിൽ ബഹുജന സദസുമാണ് സംഘടിപ്പിക്കുക എന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിമർശനങ്ങൾ. അവ അസ്ഥാനത്താണെന്ന് ആർക്കെങ്കിലും പറയാനാകുമോ? കാരണം, അനുഭവങ്ങൾ അവിടേയ്ക്കാണ് നമ്മെ എത്തിക്കുന്നത്.

ബഹുജന സമ്പർക്കം എന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമല്ല. അതിലേക്കു നയിക്കുന്ന പശ്ചാത്തലവും അവലംബിക്കുന്ന രീതിയുമാണ് പ്രശ്നം. ജനസമ്പർക്കമാണ് രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ആധാരശില. അതിന്‍റെ സാധ്യതകളെ എല്ലാ തരത്തിലും തലത്തിലും നാനാ ദിശകളിലേക്ക് പടർത്തുകയും അതുവഴി സാമാന്യ ജനങ്ങൾക്ക് പ്രശ്നപരിഹാരത്തിന് വഴി തുറക്കുകയും ചെയ്തയാളാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം നടത്തിയ ബഹുജന സമ്പർക്ക പരിപാടി ജനപങ്കാളിത്തം കൊണ്ട് വിമർശകരെ പോലും വിസ്മയിപ്പിച്ചതാണ്. 14 ജില്ലകളിലും നടത്തിയ ആ പരിപാടിയിൽ ദിവസങ്ങളോളം 12 മുതൽ 20 മണിക്കൂർ വരെ ഉമ്മൻ ചാണ്ടി ഒറ്റ നിൽപ്പ് നിന്ന് ജനങ്ങളെ കണ്ട് അവരുടെ ആവലാതികൾക്ക് പരിഹാരമുണ്ടാക്കി പോകുന്നതായിരുന്നു ആ രീതി.

അന്നതിനെ വില്ലെജ് ഓഫിസറുടെ പണി ചെയ്യുന്നുവെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് ഇപ്പോൾ ജനസമ്പർക്കത്തിന് പുറപ്പെടുന്നത് എന്നതാണ് വൈരുധ്യം!

ഓഫിസുകളിൽ ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും ചുവപ്പുനാടകളുടെയും കുരുക്കിൽപ്പെട്ടുഴലുന്ന ജനകീയ പ്രശ്നങ്ങൾക്കാണ് ഉമ്മൻ ചാണ്ടി ഞൊടി നേരം കൊണ്ട് തൽസമയം തീർപ്പുണ്ടാക്കിയത്; സിസ്റ്റത്തിന്‍റെ തകരാറിനുള്ള ചികിത്സയും. ജനസമ്പർക്ക പരിപാടിയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരത്തിന് വിഘാതമെന്നു തോന്നിയ നൂറോളം സർക്കാർ ഉത്തരവുകൾ അതിനു ശേഷം അദ്ദേഹം ഭേദഗതി ചെയ്യുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് പുതിയ യാത്ര വിലയിരുത്തപ്പെടുന്നത്. 40 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയെ കണ്ട് അദ്ഭുതപ്പെട്ടും അമ്പരപ്പെട്ടും നിൽക്കുന്ന ജനങ്ങളോടാണ് സമ്പർക്ക പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ എത്തുന്നു എന്നു പറയുന്നത്. പെട്ടെന്ന് ഉൾക്കൊള്ളാനാവാത്ത പൊള്ളത്തരം! സമയമാകുമ്പോൾ കബളിപ്പിച്ച് കീഴടക്കാൻ ശ്രമിക്കുന്നുവെന്ന മനോവേദന. ഇതുവഴി പറ്റിക്കപ്പെടേണ്ടി വരുന്നതിന്‍റെ ആത്മരോഷം.

മറ്റൊന്നാണ് പ്രമുഖരുമായുള്ള കൂടിക്കാഴ്ച. പിണറായി സർക്കാരിന്‍റെ കാലത്തെ പുതിയ രീതിയാണിത്. കെ - റെയ്‌ലിന്‍റെ കാര്യത്തിലും ജില്ലാ ആസ്ഥാനങ്ങളിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുണ്ടായി. ഇത് ഏതു ജനാധിപത്യക്രമമാണ്? കരമടയ്ക്കുന്നവർക്കുള്ള വോട്ടവകാശം പോലെ പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കോ? ജനാധിപത്യത്തിൽ പൗരജനങ്ങൾക്കുള്ള തുല്യാവകാശം അട്ടിമറിക്കപ്പെടുകയാണോ?

സർക്കാർ സംവിധാനം ഒട്ടേറെ കാര്യങ്ങളിൽ സ്വയമേവ ചലിച്ചുകൊണ്ടിരിക്കും, പാളത്തിലായാൽ പിന്നെ തനിയെ ഓടിക്കൊള്ളുമെന്നു പറയുന്നതു പോലെ. അതിന് ഭരണനേതൃത്വത്തിന്‍റെ ഇടപെടലോ നിർദേശമോ പോലും ആവശ്യമായി വരാറില്ല.

എന്നാൽ ഇവിടെ അക്കാര്യങ്ങൾ പോലും അപകടത്തിലായി, സർക്കാർ സംവിധാനം മരവിപ്പിലായി എന്നതാണ് വസ്തുത. അതിന്‍റെ ഒട്ടേറെ ഉദാഹരണങ്ങളാണ് ദൈനംദിന ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. സ്വാഭാവിക നടപടികൾക്കു പോലും കോടതിയെ സമീപിക്കേണ്ട സ്ഥിതി. കോടതി ഇടപെട്ടാലും പൂർത്തീകരിക്കപ്പെടാതെ കിടക്കുന്ന അവസ്ഥാവിശേഷം! ഇതിനൊക്കെ ആരാണ് ഉത്തരം നൽകുക. സർക്കാരിന്‍റെ മുകൾത്തട്ടിൽ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളിൽ ജന സദസുകളിൽ നിന്ന് എന്ത് പ്രചോദനമാണുണ്ടാവേണ്ടത്!

കെഎസ്ആർടിസി ജീവനക്കാർക്ക് മാസങ്ങൾ കാത്തിരുന്നിട്ടും ശമ്പളം കിട്ടാത്ത അവസ്ഥ. അവർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഹൈക്കോടതി ഉഗ്രശാസനം നൽകിയിട്ടും പ്രശ്ന പരിഹാരമാകുന്നില്ല.

നെൽ സംഭരണം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും കർഷകന് വില നൽകുന്നില്ല. കടഭാരവും പേറി കഴിയേണ്ടി വരുന്ന കർഷകർ സർക്കാരിനു മുന്നിലെ തുറിച്ചു നോക്കപ്പെടുന്ന ചോദ്യചിഹ്നമാണ്. എന്നിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ സർക്കാർ നിസംഗമായി നിൽക്കുമ്പോൾ ആത്മഹത്യയിൽ അഭയം തേടേണ്ട ദുർഗതിയിലാകുന്ന കർഷകനോട് ജനസദസിൽ എന്തു ന്യായവാദമാണ് പറയാൻ കഴിയുക? വില ലഭിക്കാൻ അവരും ഹൈക്കോടതിയിൽ അഭയം തേടി. ഒരു മാസത്തിനുള്ളിൽ മുഴുവൻ തുകയും കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ്.

സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകുന്നതിനുള്ള പണം കിട്ടാതായിട്ടു നാളുകളേറെയായി. അതു മുടങ്ങാതിരിക്കാൻ പ്രധാനാധ്യാപകർ കടം വാങ്ങി കാര്യങ്ങൾ നിർവഹിക്കുന്നു. കടക്കാരെക്കൊണ്ട് പൊറുതിമുട്ടിയപ്പോൾ ഇനി അത് നിർത്തുകയല്ലാതെ മാർഗമില്ലെന്ന് അവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു തുടങ്ങി. ഇതുവരെയുള്ള ചെലവിനത്തിൽ കിട്ടാനുള്ള തുക ലഭിക്കാൻ അവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. സർക്കാർ സംവിധാനം ദയനീയമായി പരാജയപ്പെടുന്ന ഇവിടെ പ്രശ്നപരിഹാരത്തിന് ജനസദസിൽ നിന്ന് എന്ത് ഒറ്റമൂലിയാണ് പ്രതീക്ഷിക്കേണ്ടത്?

കാരുണ്യ അടക്കമുള്ള ചികിത്സാസഹായ പദ്ധതികളാകെ അവതാളത്തിലായി. കുടിശിക കുന്നുകൂടുന്നതു കാരണം ലിസ്റ്റ് ചെയ്യപ്പെട്ട ആശുപത്രികൾ അതിൽ നിന്നുള്ള പിന്മാറ്റ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾക്കുള്ള സഹായം പോലും നിലച്ചു. സർക്കാർ സംവിധാനത്തിലെ ഈ വീഴ്ചയ്ക്ക് ജനസദസിൽ നിന്ന് എന്ത് അത്ഭുതമാണ് പ്രതീക്ഷിക്കേണ്ടത്!

സഹകരണ സംഘങ്ങളിൽ ബിനാമികളെ മുൻനിർത്തി പാർട്ടി നേതാക്കൾ കോടികൾ തട്ടിച്ചു കൊഴുക്കുമ്പോൾ നെഞ്ചുരുക്കുന്ന വേദനയുമായി ചികിത്സയ്ക്കു പോലുമുള്ള പണം ലഭിക്കാതെ നിർനിമേഷരായി നിൽക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ട നിക്ഷേപകരോട് ജനസദസുകളിൽ എന്തു മറുപടിയാണ് പറയുക? നിക്ഷേപകരുടെ ഒരു പൈസ പോലും നഷ്ടപ്പെടില്ല എന്ന മുഖ്യമന്ത്രിയുടെ വായ്ത്താരി ആവർത്തിക്കപ്പെടുമ്പോൾ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പൈസ പോലും ലഭിക്കാത്ത അനുഭവസ്ഥർ അത് എങ്ങനെയാണ് തൊണ്ട തൊടാതെ വിഴുങ്ങുക?

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ അതിലിടപെടേണ്ട സിവിൽ സപ്ലൈസ് അടക്കമുള്ള സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന ദുർഗതി. ഓണക്കാലത്തു പോലും ഒരു ഇടപെടലുണ്ടായില്ല. കിറ്റുകൾ പരിമിതപ്പെടുത്തിയതോ പോകട്ടെ, അത് ഉള്ളവർക്ക് ഓണത്തിന് മുമ്പ് ലഭ്യമാക്കാൻ പോലുമായില്ല എന്നത് വിരൽ ചൂണ്ടുന്ന പിടിപ്പുകേടും കെടുകാര്യസ്ഥതയും ഏതു മുറം കൊണ്ടാണ് മറയ്ക്കാൻ കഴിയുക!

ഇതിനെല്ലാം സാമ്പത്തിക ഞെരുക്കം കാരണമായി പറയുമ്പോൾ, മുഖ്യമന്ത്രിയും സംഘവും ലോക കേരള സഭയുടെ സൗദി മേഖലാ സമ്മേളനത്തിന് പുറപ്പെടാൻ തയാറെടുക്കുകയാണ്. കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടില്ലെങ്കിൽ കോടികൾ പൊടിച്ച് അതു നടക്കും. ലോക കേരള സഭയുടെ പേരിൽ ഇതുവരെ പൊടിച്ച കോടികൾ കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് സർക്കാരിന് വിശദീകരിക്കാനാവുമോ? കുറെ പുത്തൻ പണക്കാരുടെ ലീലാവിലാസങ്ങളല്ലാതെ രാജ്യത്തിന് പുറത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന എന്തെങ്കിലും ചർച്ചകളോ പദ്ധതികളോ ഉരുത്തിരിഞ്ഞു എന്ന് "തള്ളുകാർ' പോലും അവകാശപ്പെടുമോ?

ഇതിനെല്ലാം പുറമേയാണ് നിത്യേനയെന്നോണം പുറത്തുവരുന്ന അറപ്പുളവാക്കുന്ന അഴിമതിയാരോപണങ്ങൾ. അത് വമിപ്പിക്കുന്ന ദുർഗന്ധം ജനങ്ങളിലേക്ക് പകർന്നുകൊടുക്കാനാണോ മന്ത്രിപ്പടയുടെ ജനസമ്പർക്ക യാത്ര!

ഇതെല്ലാം അന്തരീക്ഷ ഊഷ്മാവിന്‍റെ ചൂടു കൂട്ടി ജനം വെന്തുരുകുന്ന പരുവത്തിൽ നിൽക്കുമ്പോൾ അവിടേക്ക് ഒരു കെഎസ്ആർടിസി ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വന്നിറങ്ങിയാൽ എല്ലാം പെയ്തടങ്ങിക്കൊള്ളും എന്നാണോ കണക്കുകൂട്ടിയിരിക്കുന്നത്!

പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയർന്നു. അതനുസരിച്ചുള്ള നീക്കങ്ങൾ പാർട്ടികളും മുന്നണികളുമെല്ലാം ആരംഭിച്ചും കഴിഞ്ഞു. കേരളത്തിലും നമുക്കിത് സുപരിചിതമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടികളും മുന്നണികളും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്രകൾ നടത്തുന്നത് സാധാരണമാണ്. ജനങ്ങളോട് അവരുടെ കാര്യങ്ങൾ പറയാനും വിജയലക്ഷ്യം എന്ന സൂത്രവാക്യത്തിലേക്ക് അവരെ ആനയിക്കാനുമുള്ള ഉപാധി.

എന്നാൽ ഒരു സർക്കാർ തന്നെ ആ ലക്ഷ്യം വച്ചുകൊണ്ട് യാത്ര നടത്തുന്നത് നാടാടെയാണ്. സർക്കാർ ചെലവിലും മേൽവിലാസത്തിലും അതിന്‍റെ പാരഫർണേലിയാകളെല്ലാം ഉപയോഗപ്പെടുത്തി നടത്തുന്ന രാഷ്‌ട്രീയ യാത്ര. ഇത് അസംബന്ധമാണ്. ഇതുവരെ ആരും ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ശുദ്ധ ഭോഷ്ക്.

മണ്ഡലങ്ങളിലെ ജന സദസുകളിലേക്ക് എത്തും മുമ്പ് തങ്ങൾ മുടക്കിയ, ഇല്ലാതാക്കിയ പദ്ധതികളും പരിപാടികളും വിഘ്നങ്ങളെല്ലാം നീക്കി നടപ്പാക്കാനുള്ള ആർജവമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രകടമാക്കേണ്ടത്. അതിന് ഊരു ചുറ്റേണ്ട ആവശ്യമില്ല. ഉദ്യോഗസ്ഥ സംഘത്തെ കൂടെക്കൂട്ടി സെക്രട്ടറിയേറ്റിൽ ഉറച്ചിരുന്ന് തീരുമാനങ്ങളെടുത്താൽ മാത്രം മതി. അതു ചെയ്യാതെ എല്ലാം അവതാളത്തിലാക്കിയിട്ട് ജനങ്ങളുമായി സംവദിക്കാൻ വരുമെന്നു പറയുന്നതു തന്നെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അവരുടെ ആത്മത്തെ പരിഹസിക്കുന്നതിനു തുല്യം.

അതുകൊണ്ടാണ് നാനാ ദിക്കുകളിൽ നിന്നും വിമർശനം കനക്കുന്നത്, സ്വന്തം പാളയത്തിൽ നിന്നുപോലും. വാഴ്ത്തുപാട്ടുകാരുടെ ശബ്ദമുഖരിമയിൽ ഇത് കേൾക്കാതെ പോയേക്കാം. പക്ഷേ വസ്തുത വസ്തുതയായി തന്നെ അവശേഷിക്കുമല്ലോ.

""പാഞ്ചാലിയെ വസ്ത്രക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച പാണ്ഡവരെ പോലെയാകാതെ വിദുരരെ പോലെയാകണമെന്ന'' കാച്ചിക്കുറുക്കിയെടുത്ത അമ്പ് സ്വന്തം പാളയത്തിൽ നിന്നു തന്നെ തൊടുക്കുമ്പോൾ അത് ആർക്കു നേരെയെന്നും അതിന്‍റെ പ്രഹരശേഷി എന്തെന്നും എല്ലാവർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. എന്നാൽ അത് മനസിലാവുന്നില്ല എന്ന് ഭാവിച്ചാൽ എന്തു ചെയ്യാനാവും? പക്ഷേ, അത് വാഴ്ത്തുപാട്ടുകാർക്കുള്ള മുന്നറിയിപ്പായി തന്നെ അവശേഷിക്കും.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

പശ്ചിമേഷ്യൻ യുദ്ധത്തിന് ഒരു വർഷം; കടുപ്പിച്ച് ഇസ്രയേൽ

മായങ്ക്, നിതീഷ് അരങ്ങേറി, സഞ്ജു തിളങ്ങി; ഇന്ത്യക്കു മുന്നിൽ ബംഗ്ലാദേശ് തരിപ്പണം

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം, 15-ാം ജില്ല പ്രഖ്യാപിക്കണം; പാർട്ടി നയപ്രഖ്യാപനവുമായി അൻവർ

വനിതാ ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ തിരിച്ചുവരവ്