#പ്രത്യേക ലേഖകൻ
"വികസിത് ഭാരത് സങ്കൽപ് യാത്ര' എന്ന പേരിൽ സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ പ്രചാരണ- ബോധവത്കരണ പരിപാടി നവംബർ 15ന് "ബിർസ മുണ്ട ജയന്തി- ജൻജാതീയ ഗൗരവ് ' ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഐഇസി (വിവരം, വിദ്യാഭ്യാസം, ആശയവിനിമയം) വാനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഇവ നവംബർ 22 മുതൽ 2024 ജനുവരി 25 വരെ ആദ്യം രാജ്യത്തെ ഗോത്ര ജില്ലകളും പിന്നീട് ശേഷിക്കുന്ന ജില്ലകളും സന്ദർശിക്കും.
ഏകദേശം 2.6 ലക്ഷം ഗ്രാമപഞ്ചായത്തുകളും 3,700ലധികം നഗര തദ്ദേശസ്ഥാപനങ്ങളിലെ ഏകദേശം 14,000 പ്രദേശങ്ങളും ഈ ഗ്രാമീണ- നഗര പ്രചാരണ പദ്ധതിയിൽ ഉൾപ്പെടും. ദേശീയതലത്തിലെയും അതത് സംസ്ഥാനങ്ങളിലെയും പ്രാദേശിക മേഖലകളിലെയും പ്രധാന പദ്ധതികളും അവയുടെ നേട്ടങ്ങളും മറ്റു വിവരങ്ങളും ഓഡിയോ വിഷ്വലുകൾ, ബ്രോഷറുകൾ, ലഘുലേഖകൾ, ബുക്ക്ലെറ്റുകൾ, ഫ്ലാഗ്ഷിപ്പ് സ്റ്റാൻഡീകൾ എന്നിവയിലൂടെ പ്രചരിപ്പിക്കാൻ ഐഇസി വാനുകൾ ഉപയോഗിക്കും.
മുഴുവൻ പ്രചാരണ പരിപാടികളിലും ജനപങ്കാളിത്തം ഉറപ്പാക്കി സംസ്ഥാന ഗവൺമെന്റുകൾ, ജില്ലാ അധികാരികൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ ഒരു സമഗ്ര ഗവൺമെന്റ് സമീപനത്തിലായിരിക്കും നടത്തപ്പെടുന്നത്.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ലക്ഷ്യങ്ങൾ:
എത്തിച്ചേരാത്തവരിലേക്ക് എത്തിച്ചേരുക- വിവിധ പദ്ധതികളിൽ അർഹതയുള്ളതും എന്നാൽ പ്രയോജനം ലഭിക്കാത്തതുമായ ദുർബലരായ ആളുകളിലേക്ക് എത്തിച്ചേരുക.
കിസാൻ ക്രെഡിറ്റ് കാർഡ്, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് യോജന, മുദ്ര യോജന, ജൻധൻ യോജന, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുടെ പ്രചാരണവും അവബോധം സൃഷ്ടിക്കലും.
പൗരന്മാരിൽ നിന്ന് പഠിക്കൽ- ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വ്യക്തിഗത നേട്ടങ്ങൾ / അനുഭവം പങ്കിടൽ എന്നിവയിലൂടെ ആശയവിനിമയം; "മേരി കഹാനി മേരി സുബാനി'.
വികസിത ഭാരതം എന്ന പ്രതിജ്ഞയും അമൃതകാലത്തിന്റെ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിന്റെ വളർച്ചയിൽ സംയുക്ത പങ്കാളിത്തം ഉറപ്പിക്കുന്നു.
ഗ്രാമപഞ്ചായത്തുകളിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങളും ഉൾപ്പെടും:
i. പദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവം പങ്കിടും.
ii. ഓൺ-സ്പോട്ട് ക്വിസ് മത്സരം.
iii. പ്രധാനമന്ത്രിയുമായുള്ള വെർച്വൽ ചോദ്യോത്തര സെഷൻ.
iv. ആരോഗ്യ ക്യാംപുകൾ, ആധാർ എൻറോൾമെന്റ്, "മൈ ഭാരത് ' വോളണ്ടിയർ എൻറോൾമെന്റ് തുടങ്ങിയ സേവനങ്ങൾ തൽസമയം ലഭ്യമാക്കുക.
v. ഡ്രോൺ പ്രദർശനം, കർഷകരുമായി സോയിൽ ഹെൽത്ത് കാർഡ്, ജൈവകൃഷി എന്നിവയിൽ ചർച്ചകൾ തുടങ്ങിയ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ.
vi. അധ്യാപകർ, മത്സരങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്ന വിദ്യാർഥികൾ, വിവിധ മേഖലയിൽ വിജയം കൈവരിച്ച യുവാക്കൾ- വനിതകൾ, പ്രാദേശിക കരകൗശല വിദഗ്ധർ തുടങ്ങിയവർക്കുള്ള അനുമോദനവും അവാർഡുകളും നൽകൽ.
vii. ആയുഷ്മാൻ കാർഡ്, ജൽ ജീവൻ മിഷൻ, ജൻധൻ യോജന, പിഎം കിസാൻ സമ്മാൻ നിധി യോജന, ഒഡിഎഫ് പ്ലസ് പദവി തുടങ്ങിയ പദ്ധതികളുടെ 100 ശതമാനം പൂർത്തീകരണം നേടിയെടുത്ത ഗ്രാമപഞ്ചായത്തുകളുടെ നേട്ടങ്ങളുടെ ആഘോഷം.