വികസനം കൊണ്ടുവന്നവരെ ജനങ്ങൾക്കറിയാം 
Special Story

വികസനം കൊണ്ടുവന്നവരെ ജനങ്ങൾക്കറിയാം

പദ്ധതി യാഥാർഥ്യമാകുമ്പോൾ അതിന്‍റെ ഗുണഫലം കടലിന്‍റെ മക്കൾക്കും ലഭ്യമാകണം.

ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും അഭിമാനകരമായി വിഴിഞ്ഞം അന്തർദേശീയ തുറമുഖം വളർച്ചയുടെ പാതയിലൂടെ മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്ര ഷിപ്പിങ്- തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിന്‍റെയും സംസ്ഥാന മന്ത്രിമാരുടെയും രാഷ്‌ട്രീയ നേതാക്കന്മാരുടെയും മറ്റ് പൗരപ്രമുഖരുടെയും സാന്നിധ്യത്തിലാണ് സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ കണ്ടെയ്നർ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

ഇതൊരു വലിയ വളർച്ചയുടെ തുടക്കമാണ്. ഇതിന്‍റെ നേട്ടം എല്ലാവർക്കുമള്ളതാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും സ്വാഭാവികമായും വലിയ സന്തോഷമുണ്ടാകും. അതോടൊപ്പം തുല്യമായ സന്തോഷം പങ്കിടുന്നവരാണ് കുടുംബക്കാരും സുഹൃത്തുക്കളും. അതുപോലെ തന്നെയാണ് വിഴിഞ്ഞം പദ്ധതിയും. ഇത് ആരുടെ കുഞ്ഞാണ് എന്ന് തർക്കിക്കുന്നതിന് പകരം ജനങ്ങളുടെ കുഞ്ഞായി അംഗീകരിക്കാൻ കഴിയണം.

പദ്ധതിയുടെ തുടക്കത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ചരിത്രമാണ് നാം കാണുന്നത്. 1940ൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടർന്ന് സർവെ നടത്താൻ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമയാണ്. തിരുവിതാംകൂറിന്‍റെ പല വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചർച്ചകൾ തുടങ്ങിയത്.

1991ൽ കെ. കരുണാകരൻ സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള ചർച്ച ആരംഭിച്ചു. ആ മന്ത്രിസഭയിലെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിർമാണത്തെക്കുറിച്ച് പഠിക്കാൻ കുമാർ ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയത്. പക്ഷേ പദ്ധതി മുന്നോട്ടു പോയില്ല.

1996ൽ ഇ.കെ. നായനാർ സർക്കാർ ബിഒടി വ്യവസ്ഥയിൽ ഒരു കരാറിന് രൂപം നൽകി. 2001ൽ എ.കെ. ആന്‍റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവൻ വീണ്ടും തുറമുഖ നിർമാണത്തിന് ആഗോള ടെൻഡർ വിളിച്ചു.

2011ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് അദാനി ഗ്രൂപ്പുമായി ചർച്ച ആരംഭിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി സഹകരിക്കാൻ ആരും വരാതിരുന്ന സന്ദർഭത്തിലാണ് ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം അന്നു പാർലമെന്‍റിൽ പിഎസി ചെയർമാനായിരുന്ന പ്രൊഫ. കെ.വി. തോമസ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ അദാനി ഗ്രൂപ്പിന്‍റെ ചെയർമാൻ ഗൗതം അദാനിയെ വിളിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.

തുടക്കത്തിലേ ധാരാളം എതിർപ്പുകൾ പദ്ധതിക്ക് ഉണ്ടായിരുന്നു. പ്രധാന എതിർപ്പ് കോൺഗ്രസ് പാർട്ടിയിൽ നിന്നു തന്നെയായിരുന്നു. കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അദാനിയുമായി ഒരു ബിസിനസ് ബന്ധവും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമാണെന്ന് കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താനും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു. അന്ന് പദ്ധതിയെ ഏറ്റവും കൂടുതൽ എതിർത്തത് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നൽകിയിരിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്‍റെ ആരോപണം.

2016ൽ അധികാരത്തിൽ കടന്നുവന്ന മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ ആരോപണങ്ങളെ അടക്കിവച്ചു കൊണ്ട് പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അതിനായി ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള എതിർപ്പുകൾ . ഇതെല്ലാം മറികടന്നാണ് പദ്ധതി യാഥാർഥ്യമാകുന്ന വിധത്തിൽ ചൈനയിൽ നിന്ന് ക്രെയ്‌നുകൾ കൊണ്ടുവന്ന് വിഴിഞ്ഞത്ത് സ്ഥാപിക്കുകയും തുടർന്ന് മദർഷിപ്പിൽ വന്ന കണ്ടെയ്നറുകൾ തുറമുഖത്തേക്ക് ഇറക്കി വയ്ക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തത്.

ആ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പങ്കെടുപ്പിച്ചില്ല എന്ന ആരോപണമുണ്ട്. പങ്കെടുക്കുന്നതിനേക്കാൾ കൂടുതൽ പ്രസിദ്ധി സതീശന് ലഭിച്ചത് പങ്കെടുപ്പിക്കാതിരുന്നപ്പോഴാണ്.

പദ്ധതി പൂർണമായും യാഥാർഥ്യമാകാൻ ഇനിയുമേറെ കടമ്പകളുണ്ട്. അടിസ്ഥാന വികസനം എങ്ങും എത്തിയിട്ടില്ല. ഔട്ടർ റിങ് റോഡും അതിനോടനുബന്ധിച്ചുള്ള ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതിയും മുന്നോട്ടു പോകേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തു നിന്ന് ചരക്കുകൾ നീക്കുന്നതിനുള്ള വിഴിഞ്ഞം- ബാലരാമപുരം റെയ്‌ൽ പാത യാഥാർഥ്യമാക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ സമയബന്ധിതമായി തീരുമാനമെടുത്തു മുന്നോട്ടുപോകണം. അതിനായി എല്ലാവരുടെയും സഹകരണം സർക്കാർ തേടുകയും രാഷ്‌ട്രീയത്തിനതീതമായി എല്ലാവരും സഹകരിക്കുകയും വേണം.

പദ്ധതി യാഥാർഥ്യമാകുമ്പോൾ അതിന്‍റെ ഗുണഫലം കടലിന്‍റെ മക്കൾക്കും ലഭ്യമാകണം. മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗമായ കടലിലെ മത്സ്യ- ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഒന്നുമുണ്ടാവരുത്. വിഴിഞ്ഞം വളരുന്നതോടൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജീവിതവും വളരണം. ഇത്തരം കാര്യങ്ങളിലാണ് ഭരണ- പ്രതിപക്ഷങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത്. ഓരോ പദ്ധതി യാഥാർഥ്യമാകുമ്പോഴും അതിന്‍റെ പിതൃത്വാവകാശം പലരും അവകാശപ്പെടും. എന്നാൽ ജനങ്ങൾക്കെല്ലാമറിയാം. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം കെ. കരുണാകരന്‍റെയും കൊച്ചി മെട്രൊ റെയ്‌ൽ ഉമ്മൻ ചാണ്ടിയുടെയും ഗെയ്ൽ പദ്ധതി, ദേശീയപാതാ നിർമ്മാണം, വിഴിഞ്ഞം പദ്ധതി തുടങ്ങിയവ പിണറായി വിജയന്‍റെയും തലയിലെ തൊപ്പികളിൽ പുതിയ തൂവലുകൾ ചാർത്തുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. വികസന നായകരെ കറുത്ത തുണിയിട്ട് മൂടാൻ കഴിയില്ല; കാരണം ജനഹൃദയങ്ങളിലാണ് അവരുടെ താമസം എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...