കേരള ബാങ്ക് ജപ്തി ചെയ്ത സതീഷിന്‍റെ വീട് 
Special Story

വയനാട്, കൊക്കയാർ ദുരന്തങ്ങൾ പഠിപ്പിക്കുന്നത് | പരമ്പര ഭാഗം - 4

ഉരുൾപൊട്ടലുകളും പുനരധിവാസവും സംബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി റീന വർഗീസ് കണ്ണിമല തയാറാക്കിയ പരമ്പര - കൊക്കയാറിന്‍റെ കണ്ണീർ - ഭാഗം 4

റീന വർഗീസ് കണ്ണിമല

എത്ര വലിയ ദുരന്തമുണ്ടായാലും മനുഷ്യന്‍റെ ദുര അവസാനിക്കുന്നില്ല എന്നാണ് വയനാടും കൊക്കയാറും പഠിപ്പിക്കുന്നത്. ദുരന്തശേഷം ഇന്നോളം അവഗണിക്കപ്പെട്ട കൊക്കയാർ നിവാസികൾ അനുഭവിക്കുന്ന ദുരന്തം ഒരു വശത്ത്, നൂറുകണക്കിനു ജീവനുകൾ അതിശോചനീയമായ വിധം മണ്ണിനടിയിൽ ആയിട്ടും ആർത്തി മൂത്ത മനുഷ്യർ വയനാട്ടിൽ മറ്റൊരു വശത്ത്. ജീവനും ജീവിതവും ശേഷിക്കുന്ന മുണ്ടക്കൈ, ചൂരൽ മല നിവാസികൾ വാടക വീടു തേടുമ്പോൾ പതിനായിരത്തിൽ കുറഞ്ഞു വാടക വീടില്ലെന്നാണ് അവർക്കു കിട്ടുന്ന മറുപടി. ഇപ്പോൾ വാടകയ്ക്ക് തലചായ്ക്കാൻ ഒരിടം തേടി അലയുകയാണ് ആ സാധുമനുഷ്യർ.

കൊക്കയാറുകാർ വർഷങ്ങളായി ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ കാലം കഴിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ 2018ലെ ധനസഹായം പോലും കൊടുത്തു തീർന്നിട്ടില്ല എന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാക്കുകളിൽ നിന്ന്, എത്രമേൽ അലസമായാണ് കൊക്കയാറുകാരെ സർക്കാർ അവഗണിക്കുന്നത് എന്നു വ്യക്തം. ഇതിനിടയിലാണ് അതിക്രൂരമായ ജപ്തി നടപടികളെ കൂട്ടിക്കൽ - കൊക്കയാർ പഞ്ചായത്തുകാർ നേരിടേണ്ടി വരുന്നത്.

കൊക്കയാറിന്‍റെ കണ്ണീർ

സർഫാസി നിയമത്തിന്‍റെ ഇരകൾ

2021 ലെ ഉരുളുപൊട്ടലിനു ശേഷം നിരവധി ജപ്തിനടപടികളാണ് ഇവിടെയുണ്ടായത്. സകല നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടുള്ള കണ്ണിൽ ചോരയില്ലാത്ത സർഫാസി നിയമത്തിനിരയായ സതീശൻ കൈപ്പൻപ്ലാക്കലാണ് ഏറ്റവും ഒടുവിലത്തെ സർഫാസി ഇര. കഴിഞ്ഞ മാർച്ച് വരെ ലോൺ തുക അടയ്ക്കാൻ സമയമുണ്ടായിരുന്നിട്ടും ഫെബ്രുവരിയിൽ തന്നെ സതീശന്‍റെ വീട് കേരള ബാങ്ക് ജപ്തി ചെയ്തു. നട്ടെല്ലിന് സാരമായ രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായ സതീശനെ 2018 മുതൽ 2021 വരെ തുടർച്ചയായ വർഷങ്ങളിൽ ഉണ്ടായ ഉരുളുപൊട്ടൽ വല്ലാതെ തളർത്തിക്കളഞ്ഞു. 2014-15ൽ ആയിരുന്നു തന്‍റെയും ഭിന്നശേഷിക്കാരിയായ മകളുടെയും ചികിത്സയ്ക്കും മറ്റുമായി സതീശൻ ലോണെടുത്തത്.

പ്രളയബാധിത പ്രദേശമായ കൂട്ടിക്കൽ കൊക്കയാർ മേഖലകളിൽ ജപ്തി നടപടികളോ കുടിയൊഴിപ്പിക്കൽ നടപടികളോ ഉണ്ടാകില്ലെന്നു നിയമസഭയിൽ പറഞ്ഞത് കോട്ടയം എംഎൽഎ കൂടിയായ സഹകരണവകുപ്പു മന്ത്രി വാസവനാണ്. ഏറ്റവും കൂടുതൽ മാനുഷിക പരിഗണന നൽകേണ്ടിയിരുന്ന ഈ കുടുംബത്തെ മന്ത്രി അനുവദിച്ച 2024 മാർച്ച് 31 എന്ന കാലാവധി പോലും ആകും മുമ്പേ വീട്ടിൽ നിന്നുമിറക്കി വിട്ട് ആകെയുണ്ടായിരുന്ന വീട് ജപ്തി ചെയ്ത കേരള ബാങ്ക് പക്ഷേ, സതീശനു മുമ്പേ ലോണെടുത്ത് കുടിശിക വരുത്തിയ പലർക്കും ഇളവു നൽകി.

KB/KTM/RO/RECOVERY 29/2023-2024 DTD 20/04/2023 പ്രകാരം ബാങ്ക് നടപ്പാക്കിയിട്ടുള്ള റിക്കവറി മാനെജ് മെന്‍റ് പോളിസി അനുസരിച്ച് കോംപ്രമൈസ് സെറ്റിൽമെന്‍റ് പ്രകാരവും നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരവും അർഹമായ ഇളവുകളോടെ വായ്പ തിരിച്ചടവിനുള്ള കാലാവധി 2024 മാർച്ച് 31 ആയിരിക്കെയാണ് 2024 ഫെബ്രുവരി 28 നു തന്നെ ആ കുടുംബത്തെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചത്.

കൗമാര പ്രായത്തിലെത്തിയ ഭിന്നശേഷിക്കാരിയായ മകളും പ്രായമായ അമ്മയുമുള്ള സതീശന്‍റെ വേദന കാണാൻ ആരുമുണ്ടായില്ല. സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കേരള ബാങ്ക് തയാറായില്ല.

പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ട മോഹനൻ

പ്ലാപ്പള്ളിയിൽ ഉരുളുപൊട്ടലിൽ തന്‍റെ ഭാര്യയുൾപ്പടെ സകലതും ദുരന്തം കവർന്ന മോഹനനോട് തനിക്കു വേറെ പെണ്ണു കെട്ടിക്കൂടേ എന്നു ചോദിച്ച് അധിക്ഷേപിച്ചതും അദ്ദേഹത്തിന്‍റെ ഭൂമി ജപ്തി നടപടിയിലായതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

വയനാടു ദുരന്തത്തിൽ മരിച്ചു പോയവരുടെ ജപ്തി നടപടികളിൽ ഇളവു ചെയ്യാൻ കേരള ബാങ്ക് കാണിച്ച 'മഹാ മനസ്കത' എന്തു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളുള്ള, പ്രായമായ അമ്മയുള്ള കൈപ്പൻപ്ലാക്കൽ സതീശനോടുണ്ടാകാഞ്ഞത്?

എന്തുകൊണ്ടാണ് മാനന്തവാടി തിരുനെല്ലി പഞ്ചായത്തിൽ രോഗിയായ അപ്പപ്പാറ ചെറുമാത്തുകുന്ന് തിമ്മപ്പന്‍റെ വെറും 11,293 രൂപയ്ക്കുള്ള കെ.എസ്.ഇ.ബി. കുടിശികയ്ക്ക് റവന്യൂ വകുപ്പ് ജപ്തി നടപടിയുമായി മുന്നോട്ടു പോയത്?ബന്ധപ്പെട്ടവർക്ക് ബധിരകർണങ്ങളാണ് ഇതൊക്കെ ചോദിക്കുമ്പോൾ.

നഷ്ടമാകുമോ നാലു നദികൾ?

മുണ്ടക്കൈ - വെള്ളാർമല മേഖലകളിൽ നിന്നായി രണ്ട് പുഴകളാണ് ഉത്ഭവിക്കുന്നത്. വെള്ളാർമലയിൽ നിന്ന് ഇരുവഴിഞ്ഞി പുഴയും മുണ്ടക്കൈയിൽ നിന്ന് ചാലിയാറും. സമാനമായി കൂട്ടിക്കൽ - കൊക്കയാർ മേഖലകളിൽ നിന്ന് രണ്ടു നദികൾ ഉത്ഭവിക്കുന്നു- മീനച്ചിലാറും മണിമലയാറും.

സെസ് നടത്തിയ പഠനപ്രകാരം മീനച്ചിൽ റിവർ ബേസിൻ ആണ് കൊടുങ്ങ ടോപ്പ്. ഒരു ഇടിവെട്ടു പോലും താങ്ങാനാവാത്ത അതിലോല പാരിസ്ഥിതിക ലോലമേഖലയാണിത്.കൊടുങ്ങ ടോപ്പ് മീനച്ചിൽ, മണിമലയാറുകളുടെ പ്രഭവസ്ഥാനമാണ്. കൊടുങ്ങയുടെ പടിഞ്ഞാറ് വാഗമൺ അടിവാരം ഭാഗവും കിഴക്കുവശം പ്ലാപ്പള്ളി ഏന്തയാർ ഭാഗവുമാണ്. ഇതിൽ കൊടുങ്ങയിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്ക് ഉത്ഭവിക്കുന്ന ഉറവകൾ മേലേത്തടം, കോലാഹലമേട്, വാകച്ചുവട് വഴി അടിവാരത്ത് കുടമുരുട്ടി തോട്ടിലെത്തി മീനച്ചിലാറായി മാറുന്നു.

കൊടുങ്ങയുടെ കിഴക്കൻ മേഖലയിൽ ഉത്ഭവിക്കുന്ന ഉറവകൾ പ്ലാപ്പള്ളിമലയുടെ കിഴക്കൻ ഭാഗത്തു കൂടി ഏന്തയാർ, ഇളംകാട്, മുക്കുളം ഭാഗത്തു കൂടിഒഴുകി പുല്ലകയാറായി മാറുന്നു. മണിമലയാറിന്‍റെ മുഖ്യകൈവഴിയായ പുല്ലകയാർ മുണ്ടക്കയത്തു വച്ച് മണിമലയാറ്റിൽ ചേരുന്നു. റാന്നിയിലും മറ്റും വെള്ളപ്പൊക്കമുണ്ടാകുന്നതിന്‍റെ ഒരു വലിയ കാരണം കൊടുങ്ങ ഭാഗത്തെ പുല്ലകയാറിലെ മലവെള്ളപ്പാച്ചിലും ഉരുളുപൊട്ടലുമാണ്. മീനച്ചിലാറ്റിലെ വെള്ളപ്പൊക്കത്തിനു കാരണവും കൊടുങ്ങയിലെ താളപ്പിഴകൾ തന്നെ. എന്നാലിതൊന്നും ചിന്തിക്കാനോ ചർച്ച ചെയ്യാനോ ബന്ധപ്പെട്ടവർ തയാറല്ല.മീനച്ചിൽ നദീസംരക്ഷണത്തിനായി പ്രവർത്തിച്ച മുതിർന്ന പരിസ്ഥിതി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച നാട്ടിൽ ഇതൊക്കെയെങ്ങനെ സാധ്യമാകാൻ?

2019 ഓഗസ്റ്റ് എട്ടിന് പുത്തുമലയിൽ സമാനമായ മലയിടിച്ചിൽ ഉണ്ടായപ്പോൾ 17 ജീവൻ പൊലിഞ്ഞു. 57 വീടുകൾ മണ്ണിനടിയിലായി. ആ ദുരന്തത്തിന് അഞ്ചു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചൂരൽമലയും മുണ്ടക്കൈയും ഒലിച്ചു പോയത്. പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചു പേർ എവിടെയെന്നത് ഇന്നും വയനാടിന് തീരാനൊമ്പരമാണ്.

ഇതൊക്കെ തന്നെയാണ് കൂട്ടിക്കൽ-കൊക്കയാർ മേഖലകളിലും ഉണ്ടാകുന്നത്, ഉണ്ടാകാൻ പോകുന്നത്. എന്നാലതെല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ് ബന്ധപ്പെട്ടവർ. പുനരുദ്ധാരണ പദ്ധതികൾ പോലും യാതൊരു സുരക്ഷിതത്വവുമില്ലാത്ത പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്.ഇത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? സുരക്ഷിതത്വം നൽകാൻ പറ്റുന്ന താളുങ്കൽ എസ്റ്റേറ്റ്, ബോയ്സ് എസ്റ്റേറ്റ് തുടങ്ങിയവയൊക്കെ ഈ പഞ്ചായത്തുകളിലാണ്. ആ എസ്റ്റേറ്റുകളിൽ നിന്ന് കുറച്ചു ഭൂമി മാറ്റിയാൽ ഈ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സുരക്ഷിതത്വമുള്ള പുത്തനൊരു ജനവാസ മേഖല രൂപീകരിക്കാം.

വേരുപാലം മേഘാലയ

മേഘാലയ പഠിപ്പിക്കുന്ന പാഠം

കേവലം പ്രകൃതി ദുരന്തമല്ല, മറിച്ച് മനുഷ്യ നിർമിത ദുരന്തമാണ് മലയിടിച്ചിലുകൾ. മലകളുടെ മുകളിലെ വൻ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതാണ് ഇതിനു കാരണം. മലകൾക്കു മുകളിലെ വൻ വൃക്ഷങ്ങളുടെ വേരുകൾ മലകളിലെ പാറകളുമായി കെട്ടു പിണഞ്ഞ് കിടക്കുന്നു. ആ ദൃഢബന്ധമാണ് മലയെ നിലനിർത്തുന്നത്. മരങ്ങൾ മുറിക്കപ്പെട്ടാലും വീണ്ടും കുറച്ചു വർഷങ്ങൾ കൂടി ഈ വേരുകൾ പാറകളുമായി പിണഞ്ഞ് നിലനിൽക്കും. എന്നാൽ കാലക്രമേണ ഈ വേരുകൾ ദുർബലമാകുകയും വൻമഴക്കാലത്ത് മലയ്ക്ക് നിലനിൽപ് അസാധ്യമാകുകയും ചെയ്യും. ഇതാണ് ചൂരൽമലയിലും മുണ്ടക്കൈയിലും കൂട്ടിക്കലും കൊക്കയാറും ഒക്കെ സംഭവിച്ചത്.

രണ്ടു നദികളുടെ പ്രഭവസ്ഥാനങ്ങളായ രണ്ടു മലകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്-വെള്ളാർമലയും മുണ്ടക്കൈയും-ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയാറിന്‍റെയും ഉത്ഭവകേന്ദ്രങ്ങൾ.ഇനിയില്ലെന്നാകുന്നത് മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും പ്രഭവകേന്ദ്രങ്ങളാകാം.

ഇതു തടയിടാൻ മേഘാലയയാണ് ഏറ്റവും നല്ലപാഠം.കുത്തനെയുള്ള മലകളും സദാ മഴയുമുള്ള മേഘാലയയിലെ വേരുപാലങ്ങൾ പ്രകൃതിയോട് എത്രമാത്രം ഇണങ്ങുന്ന വികസനമാണ് അവർ നടത്തുന്നതെന്നു വ്യക്തമാക്കുന്നു. വർഷങ്ങളെടുക്കും വേരുപാലങ്ങളുണ്ടാക്കാൻ. എങ്കിലും അത് പ്രകൃതിയോട് ഇണങ്ങിയതും ഉരുളുപൊട്ടലിനെ പ്രതിരോധിക്കുന്നതുമാണ്. വഞ്ചികൾ പോലും ഉപയോഗിക്കാൻ പറ്റാത്ത നദികൾ, തോരാമഴ- നദിയുടെ ഒഴുക്കു മൂലം ചുറ്റുമുള്ള പാറകളിൽ പിടിമുറുക്കുന്ന റബർ ഫിഗ്(ഫിക്കസ് ഇലാസ്റ്റിക്ക)എന്ന പടുകൂറ്റൻ ശീമയാലുകളെ നിരീക്ഷിച്ച് തദ്ദേശീയർ കണ്ടെത്തിയ ആ മാർഗം ഇന്ന് ഏറെ ശ്ലാഘിക്കപ്പെടുന്നു. ഇത് വയനാട്ടിലും കൊക്കയാറ്റിലുമൊക്കെ ദീർഘകാലാടിസ്ഥാനത്തിൽ പരീക്ഷിക്കാവുന്ന വികസനപദ്ധതി തന്നെയാണ്. ഇതൊന്നും കാണാനോ പഠിക്കാനോ സർക്കാരിനു നേരമില്ല.

സ്വിറ്റ്സർലണ്ടിൽ നിന്നൊരു പാഠം

സാമ്യങ്ങളേറെയുണ്ട് സ്വിറ്റ്സർലണ്ടിനും കേരളത്തിനും.പ്രകൃതി കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളാലാണത്. ലോകത്തിലെ ഏറ്റവും നല്ല ശുദ്ധജലം ലഭിക്കുന്നത് സ്വിറ്റ്സർലണ്ടിലും കേരളത്തിലെ വാഗമണിലും ആണ്. തടാകങ്ങളാലും ഹരിതാഭയാലും സമ്പന്നമായ കേരളം പോലെ തന്നെയാണ് സ്വിറ്റ്സർലണ്ടിന്‍റെയും പ്രകൃതി. കേരളത്തിലേതു പോലെ തന്നെ ഉരുളു പൊട്ടലുകളും മണ്ണിടിച്ചിലും മാത്രമല്ല, ഹിമപാളികൾ സൃഷ്ടിക്കുന്ന പ്രശ്നവും സ്വിസ് ജനത അഭിമുഖീകരിക്കുന്നുണ്ട്. ഇത്രയൊക്കെയാണെങ്കിലും അവർ പ്രകൃതിയെ ചേർത്തു പിടിക്കുന്നു.ഇവിടെയാണ് കേരളവും സ്വിറ്റ്സർലണ്ടും വ്യത്യസ്തമാകുന്നത്.മലയാളിയുടെ വഴിതെറ്റിയ വികസനപ്പേച്ചുകൾ നാടിനെ തന്നെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുമ്പോൾ 2016ൽ സ്വിറ്റ്സർലണ്ട്  ഹരിത സമ്പദ് വ്യവസ്ഥയ്ക്കു വോട്ടു ചെയ്ത ആദ്യരാജ്യമായി ലോകത്തിനു മുന്നിൽ തിളങ്ങി.

2050ഓടെ ഏകലോക സുസ്ഥിരത എന്ന നയവുമായി മുന്നോട്ടു കുതിക്കുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് സ്വിറ്റ്സർലണ്ട്.റിന്യൂവബിൾ എനർജിയിൽ 100 ശതമാനം നേട്ടം കൈവരിക്കുക,ലോകത്തിലെ അമ്പതു ശതമാനത്തോളമെങ്കിലും മണ്ണും സമുദ്രങ്ങളും  കാർബർ നെഗറ്റീവ് കൃഷിരീതിയിലൂടെ പുനർനിർമിക്കുക എന്നീ തത്വങ്ങളിലാണ് സ്വിറ്റ്സർലണ്ട് ഇപ്പോൾ ഊന്നൽ കൊടുത്തിരിക്കുന്നത്.പച്ചപ്പിലേക്കുള്ള ഈ മോഹയാത്ര അത്രയെളുപ്പമല്ലെന്നറിയാവുന്ന സ്വിറ്റ്സർലണ്ട് വളരെ ക്രിയാത്മകമായാണ് പ്രകൃതിസൗഹൃദ നയങ്ങൾ കൊണ്ടു വരുന്നതും പ്രാവർത്തികമാക്കുന്നതും.

വർഷാവർഷം പഠനത്തിനെന്ന പേരിൽ വിദേശ ടൂറുകൾ നടത്തുന്ന മന്ത്രിമാർക്ക് ഇതൊക്കെയൊന്നു പോയി പഠിച്ചാൽ എന്താണ് കുഴപ്പം? ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ വേസ്റ്റ് റീസൈക്ലിങ് നടത്തുന്നത് ഈ കൊച്ചു രാജ്യമാണ്.പൊതുഗതാഗതം ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാർബൺ മലിനീകരണം തടയുന്നതിനും അവർ ശ്രദ്ധിക്കുന്നു.

പ്രകൃതിയോടിണങ്ങിയ ഭവനനിർമാണത്തിലും സ്വിറ്റ്സർലണ്ട് മുന്നിലാണ്.പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയിലലിഞ്ഞ് നഗരവത്കരണം നടത്തിയ അന്‍റോണിയോ ഗൗഡി എന്നസ്പെയിൻ ആർക്കിടെക്റ്റിന്‍റെ വിപ്ലവകരമായ തത്വചിന്തയിലാകൃഷ്ടനായ സ്വിസ് ഡിസൈനർ പീറ്റർ വെറ്റ്സ്ച് ആണ് എർത്ത് ഹൗസുമായെത്തി ലോകത്തിനു വിസ്മയം തീർത്തിരിക്കുന്നത്.സ്വിറ്റ്സർലണ്ടിലെ മലമ്പ്രദേശങ്ങളിലാണ് ഭൂമിക്കടിയിലെ ഭവനനിർമാണവുമായി പീറ്ററെത്തിയത്.നാളിതു വരെ 90ഓളം എർത്ത് ഹോമുകൾ പീറ്റർ നിർമിച്ചു കഴിഞ്ഞു.പരിസ്ഥിതിയോടിണങ്ങിയ ഭവനമെന്ന ചിന്തയാണ് പീറ്ററിനെ കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നത്.ഭൂമിയെ മേൽക്കൂരയാക്കി ,അമ്മ വസുധയുടെ മടിയിലുറങ്ങാനൊരു വീട്...അതാണ് സ്വിറ്റ്സർലണ്ടിലെ എർത്ത് ഹോമുകൾ.പീറ്റർ വെറ്റ്സ്ചിന്‍റെ കമ്പനിയായ വെറ്റ്സ് ആർക്കിടെക്ചർ ആണ് എർത്ത് ഹോമുകളുടെ നിർമാതാക്കൾ.ചെളിയും പുല്ലും അലങ്കരിക്കുന്ന മേൽക്കൂരകൾ,അല്പമാത്രം സിമന്‍റ് ചേർത്ത കളിമണ്ണ് പൂശിയ തറകൾ,മൂന്നു മുതൽ ഏഴു വരെ മുറികൾ....!ഭൂമിക്കടിയിലെ ഈ വീടുകൾ അത്ര നിസാരക്കാരല്ലെന്നർഥം.വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്നതിനായി മുറികൾ വടക്കു ഭാഗത്തും അടുക്കള തെക്കു വശത്തും ക്രമീകരിക്കുന്ന എർത്ത് ഹോമുകളെ സ്വിറ്റ്സർലണ്ടുകാർ ഭൂമിക്കടിയിലെ പറുദീസയെന്നാണ് വിളിക്കുന്നത്.

പ്രകൃതിയുടെ ആർക്കിടെക്റ്റായഅന്തോണിയോ ഗൗഡിയാണ് തന്‍റെ പ്രചോദനമെന്നു പറയുന്ന പീറ്റർ വെറ്റ്സ്ച് നമുക്കൊരു പാഠമാണ്.നമ്മുടേതായ തനതു തച്ചുശാസ്ത്രത്തെ കാട്ടിലെറിഞ്ഞ് കോൺക്രീറ്റുകാടുകൾ മേയാൻ ആക്രാന്തം പൂണ്ടു നടക്കുന്ന നമ്മുടെ മുഖത്തിനൊരടിയാണ് സ്വിറ്റ്സർലണ്ടിന്‍റെ ഈ പ്രകൃതി സൗഹൃദ മാതൃകകൾ.അന്‍റോണിയോ ഗൗഡിയേക്കാൾ എത്രയോ മഹത്തുക്കളായ പെരുന്തച്ചന്മാർ അരങ്ങു വാണ നാടാണിത്?എന്നിട്ടും പരിസ്ഥിതിക്കു നാശം വരുത്താൻ മാത്രമായി നമ്മൾ കോൺക്രീറ്റു കാടുകൾ ഉയർത്തിയുയർത്തി പണിതു മിടുക്കു കാട്ടുന്നു.കൂട്ടത്തിൽ കുറേ പ്രകൃതിദുരന്തങ്ങളും വരുത്തി വയ്ക്കുന്നു.എന്നിട്ടു മലർന്നു കിടന്നു തുപ്പുന്നു.എങ്ങനെ നന്നാവും കേരളം ഈപോക്കു പോയാൽ?

അന്തോണിയോ ഗൗഡി

പ്രകൃതിയെ ദ്രോഹിക്കാത്ത നിർമാണത്തിന്‍റെ യൂറോപ്യൻ ശിൽപിയാണ് സ്പെയിൻ കാരനായ അന്തോണിയോ ഗൗഡി.19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അന്തോണിയോ ഗൗഡി തനിക്കു വഴങ്ങുന്ന എന്തും വൻ നിർമാണങ്ങളിൽ പോലും ഫലപ്രദമായി ഉപയോഗിച്ചിരുന്നു.പ്രത്യേകതരം പുല്ലുകൾ,പാറ, കയർ, പേപ്പർ എന്നു വേണ്ട തനിക്കു വഴങ്ങുമെന്നു തോന്നിയതെന്തും അദ്ദേഹം നിർമാണ സാമഗ്രിയാക്കി.സ്വന്തം നിർമിതികളിൽ പ്രകൃതിയെ പുനരാവിഷ്കരിക്കണമെന്ന ലളിതമായ ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നാവർത്തിച്ചു പറഞ്ഞ അന്തോണിയോ ഗൗഡി പക്ഷേ,അദ്ദേഹത്തിന്‍റെ കാലശേഷം യൂറോപ്പിലെമ്പാടും അറിയപ്പെടുന്ന വിപ്ലവകാരിയായ ആർക്കിടെക്റ്റായി അറിയപ്പെട്ടു.കുറച്ചു നിർമാണ സാമഗ്രികൾ കൊണ്ട് കാലവിളംബം വരുത്താതെ എത്രയും വേഗം നിർമാണം പൂർത്തിയാക്കുക- അതായിരുന്നു  അന്തോണിയോ  ഗൗഡിയുടെ ശൈലി, നമ്മുടെ നാട്ടിലെ കോൺട്രാക്റ്റർമാർക്ക് ഒ ട്ടും താൽപര്യമില്ലാത്ത ഫോർമുല.

കേരളത്തിനുമുണ്ടായിരുന്നു ഭൂഗർഭ ഗുഹകളും പ്രകൃതിസൗഹൃദ തച്ചു ശാസ്ത്രവും.അതെല്ലാം തിരിച്ചു കൊണ്ടു വരേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു.സിമന്‍റില്ലാതിരുന്ന കാലത്തു പണിത നമ്മുടെ കൊട്ടാരങ്ങളും മുല്ലപ്പെരിയാർ നിർമിതിയുമെല്ലാം അതിനുദാഹരണങ്ങളാണ്.തനതു ശൈലിയെ തള്ളിപ്പറഞ്ഞ് പാശ്ചാത്യ ശൈലികളെ വാരിപ്പുണർന്നവർക്ക് അതുകൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾക്കു പ്രതിവിധി കൂടി കണ്ടെത്താൻ കടമയില്ലേ?മലയോര മേഖലകൾക്കിണങ്ങുന്ന മുളപ്പാലങ്ങളും തടിവീടുകളും നിർമിക്കുന്നതിനു പ്രകൃതി സൗഹൃദ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നോട്ടു വരണം.എന്നു തന്നെയല്ല പഴക്കം ചെന്ന വൻ വൃക്ഷങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ഈട്ടി പോലുള്ള മരങ്ങൾ നട്ടു പിടിപ്പിച്ച് വെട്ടിയെടുക്കാൻ അനുമതി നൽകണം.മരംമുറി വിവാദങ്ങളല്ല ഉണ്ടാകേണ്ടത്,ആവശ്യത്തിന് കേരളത്തിന്‍റെ തനതു വൃക്ഷങ്ങൾ ഉപയോഗിക്കാൻ അവസരമുണ്ടാകുകയാണ് വേണ്ടത്.

(തുടരും)

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?