ഡോ. ആർ. ഗോപിനാഥ് തിരുവനന്തപുരത്തെ തന്‍റെ വീട്ടിലെ പഠനശാലയിൽ ലേഖകനൊപ്പം  
Special Story

ചൂരൽമല സംരക്ഷിക്കാൻ 38 വർഷേ മുൻപേ പറഞ്ഞ ഡോ. ഗോപിനാഥ്...

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നെഞ്ചുപിളർക്കുന്ന വാർത്തകൾക്കിടെ ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനൊപ്പം ഒരു പഴയ ലേഖനവും സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നു

ഡോ. സഞ്ജീവൻ അഴീക്കോട്

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നെഞ്ചുപിളർക്കുന്ന വാർത്തകൾക്കിടെ ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനൊപ്പം ഒരു പഴയ ലേഖനവും സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രശസ്ത ഭാഷാ-പൈതൃകസംസ്കാര കലാ- ചരിത്ര ഗവേഷകനും പണ്ഡിതനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പ്രൊഫസർ ആർ. ഗോപിനാഥന്‍റെ ലേഖനം.

വയനാട് ദുരന്തത്തിൽ തന്‍റെ ഉറ്റ സുഹൃത്തുക്കളടക്കം നഷ്ടപ്പെട്ട ഞെട്ടൽ വിട്ടുമാറാത്ത ആ പ്രകൃതി സ്നേഹി 38 വർഷം മുൻപ് മുന്നറിയിപ്പ് ലേഖനം എഴുതാനുണ്ടായ സാഹചര്യം തിരുവനന്തപുരത്തെ ശ്രീരാഘവം വീട്ടിലിരുന്ന് ലേഖകനുമായി പങ്കുവച്ചു.

വയനാട്ടിൽ മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ കാരാപ്പുഴ ജലസേചന പദ്ധതി പ്രവർത്തനം നടക്കും കാലം. കല്പറ്റയിൽ നിന്ന് 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ചരിത്ര പ്രസിദ്ധമായ എടയ്ക്കൽ ഗുഹയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററും അകലെയാണ് ജലസേചന പദ്ധതി പ്രദേശം. പദ്ധതിയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്ന ഘട്ടം കൂടിയാണത്. തിരുവനന്തപുരത്തു നിന്ന് കോളെജ് അധ്യാപക സ്ഥലംമാറ്റം കിട്ടി 1984 ൽകല്പറ്റ ഗവൺമെന്‍റ് എൻഎംഎസ്എം കോളെജിലെത്തി. വയനാടൻ വനമേഖലകളുടെ ഭൂമിശാസ്ത്രവും എടയ്ക്കൽ ഗുഹാചിത്രങ്ങളും ആദിവാസിപുരാവൃത്തവും കാട്ടറിവും പഠിക്കുന്നതിനിടയിലാണ് ചൂരൽമലയുടെ പ്രാധാന്യം മനസിലായത്.

വയനാടൻ ഭൂപ്രകൃതിയുടെ കേന്ദ്രസ്ഥാനമാണ് ചൂരൽമല. സൂക്ഷ്മ സംവേദനക്ഷമതയുള്ള പാരിസ്ഥിതിക ലോലപ്രദേശം. ഇവിടത്തെ ഭൂപ്രകൃതിയുടെ നിലനില്പിന്‍റെ മൂലാധാരമാണ് മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലകൾ. ഇവിടത്തെ നീർച്ചോലകളുടെ ഉല്പത്തിസ്ഥങ്ങളാണിത്. ഇതേക്കുറിച്ച് വിശദമായി പഠിച്ചു.

പച്ചപ്പിന്‍റെ സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ചൂരൽമലയുടെ മുകളിലാണ് സൂചിപ്പാറ. മലയിൽ കൂർത്തു മൂർത്ത് ഉയർന്നു നിൽക്കുന്ന പാറക്കെട്ട് - ദൂരേ നിന്നു നോക്കുമ്പോൾ സൂചി പോലെ തോന്നും. അക്കാരണത്താലാവാം ഇവിടുത്തുകാർ ഈ പാറ മലയ്ക്ക് സൂചിപ്പാറ എന്നു വിളിപ്പേരിട്ടത്. വിദേശ സഞ്ചാരികൾ സെന്‍റിനൽ റോക്ക് എന്നാണ് ഈ പാറയെ വിശേഷിപ്പിക്കുന്നത്.

അന്ന് ഈ പ്രദേശങ്ങൾ പക്ഷേ, വലിയ ടൂറിസ്റ്റ് കേന്ദ്രമായൊന്നും അറിയപ്പെട്ടിരുന്നില്ല. എങ്കിലും പല സഞ്ചാരികളും കേട്ടറിഞ്ഞെത്താറുണ്ടെന്നു മാത്രം.

1986ൽ ഡോ. ഗോപിനാഥ് എഴുതിയ ലേഖനം.

പശ്ചിമഘട്ട മലനിരകളിലെ പീഠഭൂമിയാണ് വയനാട്. പ്രകൃതി നിർമിച്ച പാറക്കെട്ടുകൾ; അതിർത്തിയിൽ ഒരു ഭാഗത്ത് കുടകുമലകൾ; മറുഭാഗത്ത് നീലഗിരി മലനിരകളും പിന്നെ തിരുനെല്ലി ഭാഗത്തെ ബ്രഹ്മഗിരിനിരകളും; വയനാടിനെ തഴുകിയൊഴുകുന്ന തെളിനീരുകളുടെ ഉദ്ഭവസ്ഥാനങ്ങൾ.... കാൽനടയായി പോയാണ് എല്ലായിടവും വിശദമായി നിരീക്ഷിച്ചത്.

അന്ന് കല്പറ്റ കോളജിനടുത്തായിരുന്നു താമസം. ഒഴിവു ദിനങ്ങൾ കാടറിവിന്നായി നീക്കിവച്ചു. സഹപ്രവർത്തകനായ കൊമേഴ്സ് പ്രൊഫസർ പൗലോസ്, ഹിസ്റ്ററിയിലെ ലക്ചററായിരുന്ന പരേതനായ കിളിമാനൂർ സത്യൻ, സുഹൃത്തായ ചൂണ്ടയിൽ മുഹമ്മദ് എന്നിവർക്കൊപ്പമായിരുന്നു ചൂരൽ മലയിലേക്ക് പോയത്. വഴി കാട്ടാൻ നിരവധി ശിഷ്യരും. ശിഷ്യരിൽ മിക്കവരും കോളെജിലെ പ്രിഡിഗ്രി വിദ്യാർഥികളായിരുന്നു. ഏകദേശം 22 - 24 കിലോമീറ്ററുകൾ അന്ന് നടന്നെന്നാണ് ഓർമ. ഗുരുവും ശിഷ്യരും കൂടിയുള്ള അപൂർവമായ ഒരു പ്രകൃതി തീർഥാടനം.

തെളിനീരൊഴുകും ദേശം. അരുവികളിലെ വെള്ളം കുടിച്ച് കാടറിവ് തേടിനടന്നു. എസ്റ്റേറ്റും ഓറഞ്ച് തോട്ടങ്ങളും ഒക്കെ തൊട്ടറിഞ്ഞ വനപഠനം. യാത്രയ്ക്കിടയിൽ ചൂരൽമല പാലത്തിനടുത്ത വെള്ളാരങ്കല്ലിലെ സ്കൂളും കണ്ടു.(ഇപ്പോൾദുരന്തത്തിന്നിരയായ വെള്ളാർമല ഗവ. സ്കൂൾ). കല്പറ്റയിൽ നിന്ന് പുത്തുമല - മേപ്പാടി വഴി ചൂരൽമല. വലത്തോട്ടു പോയാൽ ചൂണ്ടയിൽ നിന്ന് ഊട്ടി റോഡ്. ഇതു വഴി ബസ് സർവീസും കുറവായിരുന്നു. വിദ്യാർഥികൾക്ക് ഇതു കാരണം പലപ്പോഴും അന്ന് ക്ലാസ്സിലെത്താൻ പറ്റിയിരുന്നില്ല. അക്കാര്യം അന്വേഷിക്കുന്നതിനിടയിലാണ് ചൂരൽമലയെക്കുറിച്ചു വിദ്യാർഥികളിൽ നിന്ന് കൂടുതൽ അറിയാൻ കഴിഞ്ഞത്.

നിമിത്തമായി ഹോംവർക്ക്

ഞാൻ അന്ന് പ്രി.ഡിഗ്രി ക്ലാസ്സിലെ കുട്ടികൾക്ക് ഹോം വർക്ക് കൊടുക്കുമായിരുന്നു. പക്ഷേ, കുട്ടികളിൽപലരും അത് ചെയ്തു വരാറില്ല എന്ന് മാത്രമല്ല പല ദിവസങ്ങളിലും അവർ അവധിയായിരിക്കും. ഒരു ദിവസം ഹോം വർക്ക് ചെയ്യാത്ത 5 പേരെ ക്ലാസിലിരുത്തിയില്ല. ക്ലാസ് കഴിഞ്ഞ് ഇറങ്ങവെ അവർ പുറത്ത് വരാന്തയിലിരുന്ന് ഹോം വർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു കാര്യങ്ങൾ തിരക്കി.

ചൂരൽമല പാലം കടന്നുള്ള യാത്രയ്ക്ക് വേണ്ടി പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങണം. പലപ്പോഴും ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും രാവിലെ ബസ് പോയിട്ടുണ്ടാകും. ദുരിതയാത്ര...! കിലോമീറ്ററുകൾ നടന്നാണ് കോളെജിൽ എത്തേണ്ടത്. അതുകൊണ്ടാണ് പലപ്പോഴും കോളെജിൽ വരാൻ പറ്റാത്തത്.

പിന്നെ കോളെജ് ക്ലാസ് കഴിഞ്ഞുവളരെ വൈകിയാണ് വീട്ടിലെത്തുക. രാത്രിയിൽ ഹോം വർക്ക് ചെയ്യാൻ സമയവും കിട്ടാറില്ല. പലരുടെ വീട്ടിലും അന്ന് വൈദ്യുതിയുണ്ടായിരുന്നില്ല പാവപ്പെട്ട വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേട്ടതോടെ ചൂരൽമലവാസികളുടെ ജനജീവിതവും ഭൂപ്രകൃതിയും നേരിട്ടു കണ്ടു പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചൂരൽമല കാവ്യമായി, പിന്നെ ലേഖനവും പഠനവും

വയനാടിന്‍റെ ആവാസവ്യവസ്ഥയിൽ അതിപ്രധാനമാണ് ചൂരൽമലയെന്ന് നിരീക്ഷണപഠനത്തിൽ കണ്ടെത്തി. ആയിടയ്ക്ക് 1983 - 84 കാലഘട്ടത്തിൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായതും ഡോ. ഗോപിനാഥിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി. വയനാട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ പഠനവിധേയമാക്കി. ഇതിനിടയിലാണ് ചൂരൽമലയുടെ പ്രാധാന്യം പൊതു സമൂഹത്തെ അറിയിക്കണമെന്നു തോന്നിയത്. അക്കാലത്ത് വയനാട്ടിലെ പ്രകൃതി ചൂഷണത്തിനെതിരേ മാധ്യമപ്രവർത്തകൻ ഒ.കെ. ജോണിയുടെയും ബാദുഷയുടെയും ഒക്കെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നു വരുന്ന ഘട്ടം കൂടിയായിരുന്നു. വയനാട് പ്രകൃതി സംരക്ഷണ കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായി ഡോ. ഗോപിനാഥ്.

ചൂരൽമലയുടെ പ്രത്യേകതയും മനുഷ്യ ഇടപെടലുണ്ടായാൽ സർവനാശത്തിനു വഴിവയ്ക്കുമെന്ന് അദ്ദേഹത്തിനു മനസിലായി. ഇക്കാര്യം പൊതു സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ മാതൃഭൂമി ദിനപത്രത്തിലേക്ക് ഒരു ചെറു ലേഖനം അയച്ചു കൊടുത്തു.

''ചൂരൽമലയെ സംരക്ഷിക്കണം'' എന്ന തലക്കെട്ടിൽ 1986 ഏപ്രിൽ ആറിന് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ശാസ്ത്രീയ പഠന വിശകലനം വിശദമായൊന്നും പ്രതിപാദിച്ചിരുന്നില്ല. സാധാരണ വായനക്കാരെയും ഭരണകൂടത്തെയും ബോധവത്കരിക്കാൻ ഉദ്ദേശിച്ചുള്ള ലേഖനം.

അതിനു മുമ്പേതന്നെ വയനാടൻ പ്രകൃതി സൗന്ദര്യം പശ്ചാത്തലമാക്കി ചൂരൽമല എന്ന ഒരു കവിതയും രചിച്ചിരുന്നു.1985ൽ കേരള കൗമുദിയുടെ വാരാന്തപതിപ്പിലായിരുന്നു ചൂരൽമലയുടെ പ്രകൃതിസൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന ആ കവിത പ്രസിദ്ധപ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകളിൽ പലപ്പോഴും ഈ കവിത ചൊല്ലുമായിരുന്നു.

ചുരുക്കത്തിൽ ചൂരൽമല ഭൂപ്രകൃതിയുടെ സംരക്ഷണ പ്രാധാന്യം കവിതയിലൂടെയും പഠനങ്ങളിലൂടെയും ആധുനിക കാലത്ത് ആദ്യമായി പൊതുസമൂഹത്തിന്‍റെ ശ്രദ്ധക്ഷണിച്ചത് ഡോ. ഗോപിനാഥാണെന്നു പറയാം. അതുകൊണ്ടു തന്നെയാണ് 1986 ഏപ്രിൽ ആറിലെ ആ പത്രലേഖനം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായത്.

സൗന്ദര്യതീർഥഭൂമി

പ്രകൃതിയുടെ മനോഹാരിത, മണ്ണിനോട് വിട പറഞ്ഞു നിൽക്കുന്ന ദുഃഖ ചിത്രങ്ങളുടെ പരമ്പര, മനസ്സിനെ നൊമ്പരപ്പെടുത്തുമ്പോഴും അവയിൽപ്പെടാതെ ചില പ്രദേശങ്ങൾ വയനാട്ടിൽ അവശേഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം 1986 ൽ ചൂരൽമലയെ ലേഖനത്തിൽ അവതരിപ്പിച്ചത്.

കാടിന്‍റെയും നാടിന്‍റെയും ശത്രുക്കളുടെ വായ്ക്കത്തി വീണു വനങ്ങൾ തകർത്തു യൂക്കാലി പ്ലാന്‍റേഷനുകൾ കൊണ്ട് കിന്നരിവച്ച മലമടക്കുകൾക്കിടയിൽ സൗന്ദര്യത്തിന്‍റെ തീർഥഭൂമികൾ നാശഭീഷണിയേറ്റു കിടക്കുന്ന പശ്ചാത്തലത്തിലാണ് ചൂരൽമല സംരക്ഷണത്തിനു വേണ്ടി 38 വർഷം മുമ്പ് ഡോ. ഗോപിനാഥ് ആഹ്വാനം ചെയ്തത്.

കല്പറ്റയിൽ നിന്ന് 24 കി. മീ. തെക്കുകിഴക്കായി കിടക്കുന്ന മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ പ്രദേശങ്ങൾ അധികമൊന്നും നാഗരിക വൈകൃതമേൽക്കാതെ പശ്ചിമഘട്ടത്തിന്‍റെ വയനാടൻ തുരുത്തുക്കളായി അവശേഷിക്കുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് അദ്ദേഹം ആ ലേഖനം ആരംഭിച്ചത്.

മലകൾക്കിടയിൽ അരഞ്ഞാണമായി കുണുങ്ങി ഒഴുകുന്ന നീർച്ചോലകൾ. വേനലിലും കണ്ണീരായി തെളിയുന്ന ഈ തെളിനീര് വയനാടിന്‍റെ നിലനില്പിന് ഉതകുന്ന ഏറ്റവും കാതലായ വാഗ്ദാന സത്യമാണ്. ജലവാഹിനികളുടെയെല്ലാം ഉല്പത്തിസ്ഥാനമാണ് അട്ടമലയെന്ന അറ്റമല, ചൂരൽമല, മുണ്ടക്കൈ വെള്ളാർ മലത്തടം. നെല്ലിമുണ്ട, കണ്ണാടി, ചുളുക്ക, കാഷ്മീർ, നീലിക്കാപ്പ്, ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ചൂരൽമലയിൽ കാട്ടിലൂടെ ഏകദേശം എട്ടു കിലോമീറ്റർ നടന്നാൽ നിലമ്പൂരിലെത്താനുള്ള വഴിയുണ്ടായിരുന്നു. നല്ലിമുണ്ടപ്പുഴക്കരയിൽ നിന്ന് നടത്തുന്ന യാത്ര സെന്‍റിനൽ റോക്ക് എന്ന സൂചിപ്പാറ ജലപാതയിലാണ് എത്തുന്നത് - അത് പിൽക്കാലത്ത് സഞ്ചാരികളുടെ പറുദീസയായി.

നിർമാണത്തിനെതിരേ പ്രതികരിച്ച യാത്ര

അന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള നിർമാണ പ്രവർത്തനം കണ്ട് അദ്ദേഹം പ്രതികരിക്കാനും മടിച്ചില്ല. അവിടെ നദിക്കരികെ കൂട്ടിയിട്ട കരിങ്കല്ലുകളും കമ്പിയും ജില്ലിയും ശിഷ്യരുടെ സഹായത്താൽ അവിടെ നിന്ന് എടുത്തു മാറ്റി. സംരക്ഷിത മേഖലയിൽ യാതൊരു നിർമാണവും പാടില്ലെന്നു പറഞ്ഞാണ് ഗവൺമെൻ്റ് കോളെജ് അധ്യാപകനായ ഡോ. ഗോപിനാഥ് അതൊക്കെ എടുത്തു മാറ്റിയത്. കാരാപ്പുഴ അണക്കെട്ടുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരിങ്കല്ലുകളായിരുന്നു അവ. സംഭവം ഒച്ചപ്പാടായി, നിർമാണ കരാറുകാരന്‍റെ പരാതി ലോക്കൽ പൊലീസിലെത്തി. അന്നത്തെ ജില്ലാ കലക്ടർ രവീന്ദ്രൻ തമ്പി ഇടപെട്ട് കേസ് ഒഴിവാക്കി. പരിസ്ഥിതി സ്നേഹിയായ ഗവേഷകന്‍റെ ഉദ്ദേശ്യശുദ്ധി കലക്ടർ തിരിച്ചറിഞ്ഞു.

എടയ്ക്കൽ ഗുഹയെ പൈതൃക / പുരാവസ്തു സംരക്ഷണ സ്മാരകമാക്കാൻ മുന്നിട്ടിറങ്ങിയ വയനാട് കലക്ടറായ രവീന്ദ്രൻ തമ്പിക്ക് ഗോപിനാഥൻ സാറിനെ നേരത്തെ അറിയാമായിരുന്നു. മാത്രമല്ല, അന്നത്തെ കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ അടുത്ത സുഹൃത്തായിരുന്നു ഡോ. ഗോപിനാഥ്. അതുവഴി വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കേസ് എടുക്കേണ്ടെന്ന് അദ്ദേഹവും നിർദേശിച്ചിരുന്നതിനാൽ താൻ രക്ഷപ്പെട്ടെന്നു ഡോ. ഗോപിനാഥ് പറഞ്ഞു.

വിദ്യാർഥികളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ഈ പ്രദേശത്ത് കൂടുതൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

പ്രൻസിപ്പൽ പി.കെ. മുഹമ്മദിനെയും കൂട്ടി ജില്ലാ കലക്ടർ രവീന്ദ്രൻ തമ്പിയെ കണ്ടു. കോളെജ് ഉപദേശക സമിതി ചെയർമാൻ കൂടിയായിരുന്ന എം.പി. വീരേന്ദ്രകുമാറിനെയും ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചു.

അങ്ങനെ കോഴിക്കോട്ടു നിന്നു വരുന്ന ബസുകൾ കല്പറ്റ ഗവ. കോളജു വരെ ഒടുവിൽനീട്ടി കിട്ടിയത് കുട്ടികൾക്ക് ഏറെ ഉപകാരമായി. കൂടുതൽ പ്രൈവറ്റ് ബസുകളും ഇവിടേക്ക് നീട്ടാൻ സമ്മർദം ചെലുത്തിയതും വിജയം കണ്ടു. കോഴിക്കോട് - കല്പറ്റ ബത്തേരി റോഡിൽ നിന്ന് ഉള്ളിലേക്കു മാറിയാണ് കോളെജ്.

പ്രകൃതിയുടെ സർവകലാശാല

ബിസി ആയിരം മുതൽ എഡി 700 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തിയ 'കേരളത്തനിമ' എന്ന തന്‍റെ സാംസ്കാരിക ചരിത്ര ഗവേഷണ പഠനത്തിൽ വയനാടും ചൂരൽമലയും അവിടുത്തെ ജീവിതവും സംസ്കാരവും ഭൂമിശാസ്ത്രവും ഒക്കെ ഡോ. ഗോപിനാഥ് വിശദമായി പഠനവിധേയമാക്കിയിട്ടുമുണ്ട്. ചൂരൽമലയിലടക്കം വയനാട്ടിലെ ലായങ്ങളിലും ആദിവാസി അധിവാസ മേഖലകളിലും നിരവധി തവണ രാത്രികാലങ്ങളിൽ പ്രകൃതിയെ അറിയാൻ താമസിച്ച പരിസ്ഥിതി സംരക്ഷകൻ ഇപ്പോൾ തികച്ചും അസ്വസ്ഥനാണ്.

1986 ലെ ലേഖനംഅദ്ദേഹം അവസാനിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു:

"നിലമ്പൂർ വനമേഖലയുടെ തികച്ചും സ്വാഭാവിക ത്തുടർച്ചയെന്നു മാത്രമല്ല ഭൂസ്ഥിതിപരമായി കിഴക്കൻ അടിമണ്ണിന്‍റെ കാവൽക്കാരൻ കൂടിയാണ് സെന്‍റനൽ റോക്ക് എന്ന സൂചിപ്പാറ ഉൾപ്പെടുന്ന ചൂരൽമല. ഈ പ്രദേശങ്ങൾ സംരക്ഷിത ജൈവമേഖലയിൽ ഉൾപ്പെടുത്തി പ്രകൃതിയുടെ ഒരു സർവകലാശാലമാതൃകയായി വളർത്തിക്കൊണ്ടു വരേണ്ടത് നമ്മോടു മാത്രമല്ല ഭാവി തലമുറകളോടും ചെയ്യുന്ന കാരുണ്യമെങ്കിലുമായിരിക്കും."

പക്ഷേ, വിഖ്യാതപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിലിനെ സിഐഎ ഏജന്‍റ് എന്നു വിളിച്ച പാർട്ടിയുടെ നേതാവ് ഭരണാധിപനായിരിക്കുമ്പോൾ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നു മാസം മുമ്പ് കല്പറ്റ കോളെജിലെ തന്‍റെ ശിഷ്യർ ഒരുക്കിയ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാനാണ് 75 വയസ് കഴിഞ്ഞ ഡോ. ഗോപിനാഥ് ഒടുവിൽ കല്പറ്റയിലെത്തിയത്.

മുണ്ടക്കൈയും ചൂരൽമലയും പരിസരങ്ങളിലും ചുറ്റിനടന്ന് അവിടെയുള്ള പഴയ സുഹൃത്തുക്കളുമായി സൗഹൃദ ബന്ധം പുതുക്കിയപ്പോൾ അത് അവരുമായുള്ള അവസാനത്തെ കൂടിച്ചേരലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്‍റെ പ്രിയപ്പെട്ട ശിഷ്യരും അവരുടെ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ദുഃഖം കടിച്ചമർത്തി പ്രകൃതിസ്നേഹിയായ ആ സംസ്കാര ചരിത്രപണ്ഡിത ഗവേഷകന് ഇപ്പോഴും ഒന്നേ പറയാനുള്ളൂ -

''പ്രിയപ്പെട്ടവരേ, ടൂറിസവികസനത്തിന്‍റേയും മറ്റും പേരും പറഞ്ഞു ദയവു ചെയ്ത് പശ്ചിമഘട്ടത്തിലടക്കമുള്ള മനുഷ്യരുടെ ഇടപെടൽ ഇനിയെങ്കിലും അവസാനിപ്പിക്കൂ. വയനാടിനെയും ചൂരൽമലകളെയും ദേശത്തേയുംസർവനാശത്തിൽ നിന്നു രക്ഷിക്കൂ...."

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...