#സുധീര്‍ നാഥ്
പക്ഷിയെ പോലെ പറക്കണം, മീനുകളെ പോലെ നീന്തി അടിത്തളത്തില് പോകണം.
പക്ഷിയായിരുന്നെങ്കില്‍... മീനായിരുന്നെങ്കില്‍...
കുട്ടിയായിരുന്നപ്പോള്‍ ലേഖകന്‍ മോഹിച്ചതാണ്. വായനക്കാരില്‍ പലരും അതുതന്നെ മോഹിച്ചിരിക്കും. സര്‍ക്കസ് കൂടാരത്തില്‍ സിംഹത്തിന്റെയും പുലിയുടേയും കൂട്ടില്‍ മനുഷ്യന് നടത്തുന്ന സാഹസം കണ്ടിട്ടുണ്ട്. സര്‍ക്കസില്‍ സാഹസികമായി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നത് കണ്ടിട്ടുണ്ട്. സര്‍ക്കസില്‍ ട്രപ്പീസ് കണ്ടിട്ടുണ്ട്. കാലം മാറിയപ്പോള്‍ നാട്ടില്‍ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ വന്നു. അവിടെ എത്രയോ സാഹസിക സഞ്ചാരങ്ങള്‍. സാഹസം മനുഷ്യന് പ്രിയമാണ്. ചിലര്‍ക്ക് പ്രിയമാണെങ്കിലും പേടിയാണ്.
ഇപ്പോൾ ഇതെക്കുറിച്ച് സംസാരിക്കാന്‍ കാരണം ടൈറ്റന് എന്ന സമുദ്രഗവേഷക പേടകം തകര്‍ന്ന് 5 സാഹസിക യാത്രക്കാര്‍ ദാരുണമായി മരണപ്പെട്ടതിനാലാണ്. ടൈറ്റനില്‍ അവര്‍ സമുദ്രത്തിനടിയിലേക്കു പോയത് 1912ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനാണ്.
വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള യാത്രാ കപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. ബെല്‍ഫാസ്റ്റിലെ ഹാര്‍ലാൻഡ് ആൻഡ് വുള്‍ഫ് കപ്പല്‍ നിർമാണ ശാലയിലാണ് അത് നിര്‍മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട കപ്പല്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണ് തുറമുഖത്തു നിന്നും ന്യൂയോര്‍ക്കിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഒരു മഞ്ഞുമലയില്‍ ഇടിച്ച് 2 മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രില്‍ 15ന് മുങ്ങി. ആകെ 2,223 യാത്രക്കാരില്‍ 1,517 പേരും മരിച്ചു. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100ാം വാര്‍ഷികം 2012 ഏപ്രിലില്‍ ആചരിച്ചിരുന്നു. ടൈറ്റാനിക് തകര്‍ന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃക പ്രദേശമായി സംരക്ഷിക്കാന്‍ യുനെസ്കോ തീരുമാനിച്ചു.
1985ല്‍ 12,500 അടി താഴെ സമുദ്രാന്തര്‍ഭാഗത്ത് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ ദൂരെയാണിത്. അത്രയും ആഴത്തിലെത്തി ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണുക എന്നത് സാഹസികമാണ്. അത് കാണിക്കാന്‍ യുഎസ് കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പഡീഷന്‍സ് 2021 മുതല്‍ ഒരു പാക്കെജ് ഉണ്ടാക്കി. അവർ നിര്‍മിച്ച 5 പേരെ വഹിക്കാന്‍ ശേഷിയുള്ള സമുദ്രഗവേഷക പേടകമായിരുന്നു ഒരു മിനി വാനിന്റെ വലിപ്പമുള്ള ടൈറ്റന്. 10,432 കിലോ ഭാരമുള്ള ടൈറ്റന് 4,000 മീറ്റര്‍ സമുദ്രത്തില്‍ ഇറങ്ങാന്‍ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടത്.
സാഹസികരായ യാത്രക്കാരെ കടലിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണിച്ച് 7- 10 മണിക്കൂര്‍ കൊണ്ട് മടങ്ങി വരും. ഏതാണ്ട് 2 - 2.5 കോടി രൂപയാണ് ഒരു യാത്രക്കാരന് ഈ യാത്രയ്ക്ക് ചെലവിടേണ്ടത്. 16നാണ് സംഘം കപ്പല്‍ മാര്‍ഗം യാത്ര തിരിച്ചത്. ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന സമുദ്രപ്രദേശത്തിനു സമീപം യാത്രക്കാര്‍ മാതൃകപ്പലായ പോളാര്‍ പ്രിന്‍സില്‍ നിന്നാണു ടൈറ്റനില്‍ കയറിയത്. എന്നാല്‍ ഇന്ത്യന്‍ സമയം 18ന് വൈകിട്ട് 3.30ന് യാത്രക്കാരെ കൊണ്ടുവന്ന പോളാര്‍ പ്രിന്‍സ് എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു, അടിയിലേയ്ക്കുള്ള യാത്ര പുറപ്പെട്ട് ഒരു മണിക്കൂര്‍ 45 മിനിറ്റുകള്‍ക്ക് ശേഷം. രണ്ടര മണിക്കൂര്‍ കൊണ്ടാണ് പേടകം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ സമീപം എത്തേണ്ടിയിരുന്നത്. മികച്ച അന്തര്‍വാഹിനികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നതിന്റെ ഇരട്ടി ദൂരത്തിലാലേക്കാണു ടൈറ്റന് യാത്ര ചെയ്തത്.
യാത്രികരെ കാണാതായെന്ന വാര്‍ത്ത ഞായറാഴ്ച പുറത്തുവന്നതോടെ ലോകം മൂകമായി. പ്രാർഥനയായി. ക്യാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും 5 ദിവസം തെരച്ചിലില്‍ പങ്കെടുത്തു. പക്ഷേ പിന്നീട് അറിഞ്ഞത് ടൈറ്റന് തകര്‍ന്ന് 5 യാത്രികരും മരിച്ചെന്ന്. വന്‍ തുക ചെലവാക്കി യാത്ര ചെയ്ത ലോകത്തെ ധനവാന്മാരായ 5 പേരുടെ ജീവൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഹോമിക്കപ്പെട്ടു.
സാഹസ സഞ്ചാരം ലോകത്താകെ പ്രചാരമുള്ളതാണ്. അത് അപകടം നിറഞ്ഞതാണ്, മതിയായ പരിശീലനം വേണ്ടതുണ്ട്, യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ആരോഗ്യപരമായും ശക്തരായിരിക്കണം. പര്‍വതാരോഹണം, ബംഗീ ജമ്പിങ്, മൗണ്ടന്‍ ബൈക്കിങ്, സൈക്ലിങ്, കനോയിങ്, സ്കൂബ ഡൈവിങ്, റാഫ്റ്റിങ്, കയാക്കിങ്, സിപ്പ്-ലൈനിങ്, പാരാഗ്ലൈഡിങ്, ഹൈക്കിങ്, പര്യവേക്ഷണം, സാന്‍ഡ്ബോര്‍ഡിങ്, കേവിങ്, റോക്ക് ക്ലൈംബിങ് എന്നിവയെല്ലാം സാഹസിക യാത്രയില്‍ ഉള്‍പ്പെടാം. സാഹസിക യാത്രയുടെ അവ്യക്തമായ ചില രൂപങ്ങളില്‍ ദുരന്ത ടൂറിസവും ഗെട്ടോ ടൂറിസവും ഉള്‍പ്പെടുന്നു. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റങ്ങള്‍, ഫ്ലാഷ് പായ്ക്കിങ്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, ഫോട്ടൊഗ്രാഫി എന്നിവയുമായി ബന്ധപ്പെട്ടുള്ള സാങ്കേതികവിദ്യകളുടെ ചെലവുകള്‍ കുറഞ്ഞുവന്നതോടെ സാഹസിക യാത്രകളോടുള്ള താത്പര്യം വർധിപ്പിച്ചു. സുരക്ഷിത സാഹസക യാത്രകള്‍ നടത്തുന്നതിന് ലോകമെങ്ങും ഒട്ടേറെ ട്രാവല്‍ ഏജന്‍സികളുമുണ്ട്.
സാഹസിക യാത്രകളെ വിമര്‍ശിക്കുന്നവരുണ്ട്. അവരറിയേണ്ടത്, റൈറ്റ് സഹോദരന്മാര് സാഹസിക പരീക്ഷണങ്ങള്‍ നടത്തിയതു കൊണ്ടാണ് വിമാനമുണ്ടായത്. നീൽ ആംസ്ട്രോങ് സാഹസികമായി ചന്ദ്രനില്‍ പോയപ്പോഴാണ് നമ്മള് പല ശൂന്യാകാശ രഹസ്യങ്ങളും മനസിലാക്കിയത്. 1953ല്‍ ടെന്‍സിങ്ങും ഹില്ലാരിയും സാഹസികമായി ഹിമാലയ മലനിരകളിലെ എവറസ്റ്റില്‍ പോയതിന് ശേഷമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ഇടമിതാണെന്ന് ലോകം അംഗീകരിച്ചത്. സാഹസിക യാത്രകള്‍ പല പരീക്ഷണങ്ങള്‍ക്കും വഴികാട്ടിയായിട്ടുണ്ട്. പല കണ്ടെത്തലുകള്‍ക്കും സാഹസിക യാത്രകളില്‍ നിന്നുള്ള വിവരങ്ങള്‍ കാരണമായിട്ടുണ്ട്.
സാഹസിക യാത്ര പല രീതിയിലുണ്ട്. ഇന്ത്യ മുഴുവന്‍ കാറില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സഞ്ചരിച്ച് ആനന്ദം കണ്ടെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ ഈ ലേഖകനുണ്ട്. പലപ്പോഴും അവര്‍ കാറില്‍ കിടന്നാണ് ഉറങ്ങുന്നുന്നത്. മോട്ടോര്‍ ബൈക്കിലും സൈക്കിളിലും നടന്നും ഇന്ത്യയെ ചുറ്റിക്കണ്ട ഒട്ടേറെപ്പേരെ നമുക്കറിയാം. ചരിത്രം പരിശോധിച്ചാല്‍ ആദി ശങ്കരാചാര്യര്‍ ആയിരിക്കും ഏറ്റവും ആദ്യത്തെ സാഹസിക യാത്രികന്. കാരണം, ഒരു ഒരുക്കങ്ങളുമില്ലാതെ നമ്മുടെ കേരളത്തിലെ കാലടിയില്‍ നിന്ന് അദ്ദേഹം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും യാത്ര ചെയ്തിരുന്നു. ഒരു സജ്ജീകരണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതൊരു അതിസാഹസിക യാത്രയായിത്തന്നെ കണക്കാക്കാം.
സാഹസിക യാത്രകളെ പല രീതിയില്‍ വേര്‍തിരിക്കാം. എക്സ്ട്രീം ടൂറിസവും, ജംഗിള്‍ ടൂറിസവും, ഓവര്‍ലാന്‍ഡ് യാത്രയും ഒക്കെ സാഹസിക യാത്രികര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളാണ്. എക്സ്ട്രീം ടൂറിസം എന്നത് ഏറ്റവും അപകടകരമായ സ്ഥലത്തേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നു. അപകടകരമായ യാത്ര എന്നു പറയുമ്പോള്‍ ഹിമാലയ യാത്രയും ഉള്‍പ്പെടും. ഹിമാലയന്‍ കൊടുമുടിയിലേയ്ക്ക് സ്വദേശികളും വിദേശികളും എത്തുന്നു. ഭക്തിയുടെ ഭാഗമായി കൈലാസ യാത്ര നടത്തുന്നവരുമുണ്ട്. അതും സാഹസിക യാത്ര തന്നെ. ലേയിലും, ലഡാക്കിലും എത്രയോ വിനോദ സഞ്ചാരികള്‍ പോകുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരാണ് ആ യാത്ര ചെയ്യുന്നത്. ഹിമാലയ യാത്രയില്‍ ഓക്സിജന്റെ കുറവും തണുപ്പും പ്രധാനമായ പ്രതിരോധമാണ്. മലയിടുക്കുകളിലൂടെയുള്ള യാത്രയും അത്ര സുഖകരമല്ല.
മറ്റൊന്ന് ജംഗിള്‍ ടൂറിസമാണ്. അത് ഇന്ത്യന്‍ വനങ്ങളില്‍ സര്‍വസാധാരണമാണ്. വനം വകുപ്പ് ഔദ്യോഗികമായി തന്നെ സൗകര്യങ്ങള്‍ ഒരുക്കും. കേരളത്തിലേക്കാള്‍ അപകടം നിറഞ്ഞതാണ് വടക്കേ ഇന്ത്യയിലേയും ബംഗാളിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വനാന്തര യാത്രകള്‍. സിംഹങ്ങളും പുലികളും കണ്ടാമൃഗങ്ങളും ഏറെയുള്ളതാണ് ഇതിനെ അപകടകരമാക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്ക്, ഗുജറാത്തിലെ ഗിര്‍ വനമേഖല, മധ്യപ്രദേശിലെ കന്ഹ, ബന്ധവ്ഖഡ്, പെഞ്ച് വനമേഖലകള്‍, രാജസ്ഥാനിലെ റന്തംപുര് വനമേഖല, തമിഴ്നാട്- കർണാടക ബന്ദിപ്പുർ, കേരളത്തിലെ പെരിയാര്‍ വനമേഖല, ബംഗാളിലെ സുന്ദര്‍ബാന്‍സ് വനമേഖല എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജംഗിള്‍ സവാരി കേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളിലെ വന യാത്ര വനം വകുപ്പിന്റെ അനുമതിയോടെ വേണം. വനം വകുപ്പ് സജ്ജീകരിക്കുന്ന വാഹനങ്ങളിലെ യാത്ര സുരക്ഷിതമാണെന്നാണ് വിശ്വാസം. ചില അവസരങ്ങളില്‍ ആ വിശ്വാസത്തിനും കോട്ടം സംഭവിച്ചിട്ടുണ്ട്. ചിലര്‍ അനുമതിയില്ലാതെയും വനത്തിലൂടെ യാത്ര ചെയ്യുന്നു.
വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രാഫിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുണ്ട്. ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടൊഗ്രാഫി വൈദഗ്ധ്യം മാത്രം പോരാ. അടിസ്ഥാന ഉപകരണങ്ങള്‍ ഉപയോഗിച്ച് വന്യജീവി ഫോട്ടൊകള്‍ എടുക്കാമെങ്കിലും, ചില വന്യജീവികളുടെ വിജയകരമായ ഫോട്ടൊഗ്രാഫിക്ക് പ്രാണികള്‍ക്കുള്ള മാക്രോ ലെന്‍സുകള്‍, പക്ഷികള്‍ക്കുള്ള ലോങ് ഫോക്കല്‍ ലെങ്ത് ലെന്‍സുകള്‍, സമുദ്രജീവികള്‍ക്കുള്ള അണ്ടര്‍വാട്ടര്‍ ക്യാമറകള്‍ എന്നിങ്ങനെയുള്ള വിദഗ്ധ ഉപകരണങ്ങള്‍ ആവശ്യമാണ്.
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തിലേക്ക് കര പ്രദേശത്തിലൂടെയുള്ള ഓവര്‍ലാന്‍ഡ് യാത്രകളെ പല രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഹിമാലയ സാനുക്കള്‍ വഴി നേപ്പാളിലേക്കുള്ള യാത്ര പ്രശസ്തമാണ്. ശൂന്യാകാശത്തേക്കു മനുഷ്യര്‍ പോകുന്ന കാഴ്ച വര്‍ത്തമാനകാലത്ത് നാം കാണുന്നു. ശൂന്യാകാശ സാഹസിക യാത്രയ്ക്ക് ഇപ്പോള്‍ റഷ്യയില്‍ ഒരുക്കം തുടങ്ങിയിരിക്കുന്നു.
സാഹസിക യാത്രയെക്കുറിച്ച് പറയുമ്പോള്‍ മലയാളിയായ ഇന്ത്യന്‍ നേവി റിട്ട. കമാന്‍ഡറായ അഭിലാഷ് ടോമിയെക്കുറിച്ച് സൂചിപ്പിക്കാതെ പറ്റില്ല. കടല്‍യാത്രയായ ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ടത്തില് അഭിലാഷ് വിജയിച്ചതാണ്. അദ്ദേഹം ലോകം ചുറ്റുന്നത് ഒറ്റയ്ക്ക് ഒരു പായ്ക്കപ്പലിലാണ്. ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരമായാണ് ഗോള്‍ഡന്‍ ഗ്ലോബ് വിലയിരുത്തപ്പെടുന്നത്. പായ്വഞ്ചിയില് കാറ്റിന്റെ ഗതിക്കനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് ലോകം ചുറ്റിയുള്ള കടല്‍ യാത്ര. ആധുനിക യന്ത്ര സംവിധാനങ്ങളൊന്നും ഉപയോഗിക്കാന്‍ പാടില്ല. ദിശയറിയാന്‍ വടക്കുനോക്കി യന്ത്രവും ഭൂപടവും മാത്രം. 1968ല്‍ മത്സരം ആരംഭിച്ച കാലത്ത് നാവികര്‍ ഉപയോഗിച്ചിരുന്ന അതേ രീതി പിന്തുടരണമെന്നാണ് നിയമം. അക്കുറി ഒരാള്‍ക്കു മാത്രമാണ് ഫിനിഷ് ചെയ്യാനായത്. കടലിടുക്കുകള്‍ സാഹസികമായി നീന്തുന്ന മലയാളിയായ എസ്. പി. മുരളീധരനേയും ഓര്‍ക്കണം. അങ്ങിനെ സാഹസിക യാത്രകള്‍ ചെയ്യുന്ന എത്രയോ പേര്. ഓരോ ദിവസവും നമ്മള് നടത്തുന്ന എല്ലാ യാത്രകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാഹസിക യാത്ര തന്നെ...