വിമാനങ്ങളെല്ലാം എങ്ങനെ വെള്ള നിറമായി? കറുത്ത വിമാനങ്ങൾ കണ്ടിട്ടുണ്ടോ? 
Special Story

വിമാനങ്ങളെല്ലാം എങ്ങനെ വെള്ള നിറമായി? കറുത്ത വിമാനങ്ങൾ കണ്ടിട്ടുണ്ടോ?

സുരക്ഷയും സാമ്പത്തിക ഭദ്രതയും അടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വെള്ള നിറത്തിൽ തുടരുന്നത്.

ഒരു വിധം വിമാനങ്ങൾക്കെല്ലാം എന്തു കൊണ്ടാണ് വെളുപ്പു നിറമെന്ന് ആലോചിച്ചിട്ടുണ്ടോ? സുരക്ഷയും സാമ്പത്തിക ഭദ്രതയും അടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വെള്ള നിറത്തിൽ തുടരുന്നത്. എന്നാൽ എല്ലാ വിമാനങ്ങളുടെയും നിറം വെളുപ്പാണെന്ന് പറയാൻ സാധിക്കില്ല. കാരണം ന്യൂസിലാൻഡിന് സ്വന്തമായി കറുത്ത നിറമുള്ള വിമാനങ്ങൾ ഉണ്ട്.

താപനില നിയന്ത്രിക്കാം, ഭാരവും കുറവ്

വിമാനത്തിനകത്തെ താപനില നിയന്ത്രിക്കാനും ഇന്ധന ക്ഷമത വർധിപ്പിക്കാനും വെളുത്ത നിറം സഹായിക്കുന്നുണ്ട്. സാധാരണയായി വെളുപ്പു നിറം സൂര്യരശ്മികളെ പ്രതിഫലിപ്പിക്കും. അതു കൊണ്ടു തന്നെ നല്ല ചൂടുകാലത്തു പോലും വിമാനത്തിനുള്ളിൽ താപനില ക്രമാതീതമായി ഉയരില്ല. ചൂട് വലിച്ചെടുക്കുന്നത് കുറയുന്നതു കൊണ്ടു തന്നെ എയർ കണ്ടീഷണിങ് സിസ്റ്റത്തിന് സാധാരണ തോതിൽ പ്രവർത്തിക്കാനും അതു വഴി ഇന്ധനം ലാഭിക്കാനും സാധിക്കും. അതു മാത്രമല്ല, മറ്റുള്ള നിറങ്ങളെ അപേക്ഷിച്ച് വെളുത്ത നിറത്തിന് ഭാരവും കുറവാണ്. ഇതും ഇന്ധനലാഭത്തിനിടയാക്കും.

സുരക്ഷിതം

വിമാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പോറലുകളോ തകരാറുകളോ വിള്ളലുകളോ ഉണ്ടായാൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്നതും വെള്ള നിറമായതിനാലാണ്. പെട്ടെന്ന് തന്നെ പ്രശ്നം കണ്ടെത്തി അറ്റകുറ്റപ്പണികൾ നിർവഹിക്കാൻ സാധിക്കും. ഇക്കാരണത്താൽ വിമാനം സുരക്ഷിതമായിരിക്കുമെന്നും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. എല്ലാത്തിനും പുറമേ മറ്റു നിറങ്ങളെ അപേക്ഷിച്ച് വെളുത്ത നിറത്തിൽ മങ്ങലുണ്ടാകാൻ ഏറെ കാലമെടുക്കും. ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുന്നതിനാൽ മറ്റു നിറങ്ങൾ പെട്ടെന്ന് മങ്ങും. അതു കൊണ്ടു തന്നെ വെളുപ്പാണെങ്കിൽ ഇടയ്ക്കിടെ പെയിന്‍റ് ചെയ്യേണ്ട ആവശ്യവും ഇല്ല.

പക്ഷികളെ നോവിക്കാതെ

നീലാകാശത്തൂടെ പറക്കുന്ന വെളുത്ത വിമാനങ്ങൾ പെട്ടെന്ന് പക്ഷികളുടെ കണ്ണുകളിൽ പെടുമെന്നതാണ് മറ്റൊരു കാരണം. അവയ്ക്ക് ദിശമാറി സഞ്ചരിക്കാനും അപകടം ഒഴിവാക്കാനും ഇതു സഹായകമാകും. പക്ഷികൾക്കും വിമാനത്തിനും ഒരു പോലെ ഈ ഘടകം ഉപകാരപ്രദമാണ്.

കറുത്ത വിമാനങ്ങളുമുണ്ട്

വെളുത്ത വിമാനങ്ങൾക്കിടയിലേക്ക് ആദ്യമായൊരു കറുത്ത വിമാനത്തെ അയച്ചത് ന്യൂസിലാൻഡ് ആണ്. 2007ലാണ് എയർ ന്യൂസിലാൻഡ് കറുത്ത നിറമുള്ള ബോയിങ് 777 ലോഞ്ച് ചെയ്തത്. ന്യൂസിലാൻഡിന്‍റെ സ്വന്തം നിറമാണ് കറുപ്പ്. ഫ്രാൻസിൽ നടന്ന റഗ്ബി വേൾഡ് കപ്പിൽ വിജയിച്ചതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു വിമാനത്തിന്‍റെ നിറം മാറ്റം. ജഴ്സി മുതൽ വിമാനം വരെ എല്ലാം കറുപ്പ് എന്ന ആശയത്തിന്‍റെ ഭാഗമായിരുന്നു ഇത്.

നിലവിൽ ഏതു തരം വിമാനങ്ങളായാലും അതിൽ ഒന്നെങ്കിലും കറുത്ത നിറമാണെന്ന് ഉറപ്പാക്കാൻ ന്യൂസിലാൻഡ് ശ്രമിക്കാറുണ്ട്. ദേശീയതയ്ക്കാണ് ഊന്നൽ നൽകിയതെങ്കിലും കറുത്ത വിമാനങ്ങൾ വലിയ ശ്രദ്ധ പിടിച്ചു പറ്റി. ന്യൂസിലാൻഡ് വിമാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും സാധിച്ചു. 2022 ഓഗസ്റ്റിലാണ് ന്യൂസിലാൻഡ് പൂർണമായും കറുത്ത നിറമുള്ള എ321 നിയോ ഇസഡ്കെ-ഒവൈബി പുറത്തിറക്കിയത്. ബോയിങ് 777 -300ഇആർ ആണ് വാണിജ്യ തലത്തിൽ ഏറ്റവും വലിയ കറുത്ത നിറമുള്ള വിമാനം.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം