സിന്ദൂര താരമായി സീതാറാം യെച്ചൂരി 
Special Story

സിന്ദൂര താരമായി സീതാറാം യെച്ചൂരി

വി.എസ്. അച്യുതാനന്ദനെ സീതാറാം യെച്ചൂരി അഭിസംബോധന ചെയ്തത് കേരളത്തിന്‍റെ ഫിഡൽ കാസ്ട്രോ എന്നായിരുന്നു

അതീതം | എം.ബി. സന്തോഷ്

കേരളത്തിൽ വീണ്ടും വമ്പിച്ച ഭൂരിപക്ഷം നേടി എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണോ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണോ മുഖ്യമന്ത്രി എന്ന ചോദ്യം ഉയർന്ന കാലത്ത് അതിന്‍റെ തീരുമാന‌ത്തിനായി കൂടിയ സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ് വാർത്താസമ്മേളനം.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടന്നുവരുമ്പോൾ ഒപ്പം വിഎസ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസും ഇടത്തും വലത്തുമിരുന്ന ആ വാർത്താസമ്മേളനത്തിലാണ് യെച്ചൂരി വിഎസിനെ കേരളത്തിന്‍റെ ഫിഡൽ കാസ്ട്രോ എന്നു സംബോധന ചെയ്തത്. ക്യൂബയ്ക്ക് കാസ്ട്രോ എന്താണോ അതുപോലെ കേരളത്തെ നയിക്കുകയും ആവേശം ജനിപ്പിക്കുകയും ചെയ്യുന്നയാളാണ് വിഎസ് എന്നും അദ്ദേഹം അതു മുന്നോട്ടുകൊണ്ടുപോകുമെന്നും പറഞ്ഞപ്പോൾ ആകെ മുറുകിയ മുഖത്തുവിരിഞ്ഞ ചെറുചിരിയോടെ വിഎസ് അത് കേട്ടിരുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്.

മുഖ്യമന്ത്രിയായി പിണറായിയെ നിശ്ചയിച്ചതിന് കാരണം 90 കഴിഞ്ഞ വിഎസിന്‍റെ പ്രായവും ശാരീരിക പരിമിതികളുമാണെന്ന് യെച്ചൂരി പറഞ്ഞപ്പോൾ "തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മത്സരിക്കുന്നതിനും വിഎസിനെ നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ആരോഗ്യനില എങ്ങനെ പരിഗണിക്കാതിരുന്നു'വെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "ഇതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല' എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

ആ വാർത്താസമ്മേളനത്തിൽ വിഎസ് നിശബ്ദനായിരുന്നു. വിഎസും യെച്ചൂരിയും തമ്മിലുള്ള പരിചയത്തിന് നാല് പതിറ്റാണ്ടിലേറെ പ്രായമുണ്ട്. 29 വർഷത്തെ പ്രായവ്യത്യാസമുള്ള കൂട്ടുകെട്ട് രാഷ്‌ട്രീയ കൊടുങ്കാറ്റുകൾ സൃഷ്ടിച്ചു. യച്ചൂരി വിഎസ് പക്ഷത്തും, വിഎസ് യച്ചൂരി പക്ഷത്തും നിലകൊണ്ടുവെന്നാണ് അന്ന് സിപിഎമ്മിന്‍റെ ഔദ്യോഗിക പക്ഷം പരാതിപ്പെട്ടിരുന്നത്. 2006ൽ വിഎസ് മത്സരിക്കേണ്ടെന്ന് ആദ്യം തീരുമാനിക്കുകയും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ തീരുമാനം മാറ്റുക എന്ന ചരിത്രപരമായ തീരുമാനം എടുക്കുകയും ചെയ്തപ്പോൾ അതിന്‍റെ പിന്നിൽ സീതാറാം യെച്ചൂരിയുടെ ഇടപെടലുകളായിരുന്നു. ആദ്യത്തെ തീരുമാനം മാറ്റി ഇങ്ങനെയൊരു തീരുമാനത്തിന്‍റെ അനിവാര്യത കേന്ദ്ര കമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയേയും ബോധ്യപ്പെടുത്തിയത് യെച്ചൂരിയായിരുന്നു.

ജീൻസും മുറിക്കൈയൻ ഷർട്ടുമണിഞ്ഞ് വെളുക്കെച്ചിരിച്ച് പത്രസമ്മേളനത്തിനെത്തിയ യെച്ചൂരി അക്കാലത്തെ വലിഞ്ഞുമുറുകി നിന്ന നേതാക്കളിൽനിന്ന് വ്യത്യസ്തനായിരുന്നു. എകെജി സെന്‍ററിൽ തന്നെ വാർത്താസമ്മേളനത്തിന് മുമ്പും പിമ്പും പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ നിന്ന് സിഗരറ്റ് വാങ്ങി വലിച്ച് അവരോടൊപ്പം കുശലം പറയുന്നത് കണ്ടിട്ടുണ്ട്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിനിടയിലെ വാർത്താ സമ്മേളനത്തിലാണ് ഒടുവിൽ ഈ കാഴ്ച കണ്ടത്.

പുകവലി എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാനാവാത്ത ശീലമാണെന്ന് യെച്ചൂരി സമ്മതിച്ചിട്ടുണ്ട്. തന്‍റെ പുകവലി ശീലത്തെ ചെറുക്കാന്‍ വിഎസ് ശ്രമിച്ചതും യെച്ചൂരി ഒരിക്കൽ ഓർത്തതിങ്ങനെ: "സ്മോക്കിങ് ബാഡ്, സ്റ്റോപ് സ്റ്റോപ്'' ഇംഗ്ലിഷില്‍ വിഎസ് പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് 2012ല്‍ നടക്കുന്ന സമയം. കോഴിക്കോട് ടൗണ്‍ഹാളില്‍ പിബി അംഗം യെച്ചൂരി പങ്കെടുക്കുന്ന ഒരു സാംസ്‌ക്കാരിക പരിപാടി. വിഎസ്- പിണറായി പോരിനെക്കുറിച്ച് പ്രതികരണമെടുക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ യെച്ചൂരിയെ വേദിയിൽ പരതുമ്പോൾ പരിപാടിക്ക് വന്ന നാടന്‍ പാട്ട് കലാകാര്‍ക്ക് ഒപ്പം പുറത്ത് താളം പിടിച്ച് സിഗരറ്റ് വലിച്ചിരിക്കുന്ന ആളെയാണ് അവർക്ക് കാണാനായത്.

സിഗരറ്റ് വലി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അടുത്ത സുഹൃത്തായ സി.പി. ജോണിനോട് പറഞ്ഞതിങ്ങനെ: "സിഗരറ്റ് എന്നേയും കൊണ്ടേ പോകൂ, അല്ലാതെ ഞാൻ സിഗരറ്റ് വലി നിർ‌ത്തില്ല'. "സീത' എന്നായിരുന്നു യെച്ചൂരിയെ ജോൺ വിളിച്ചിരുന്നത്. സി.പി. ജോൺ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റാവുമെന്ന് കരുതിയിരുന്നപ്പോഴാണ് യെച്ചൂരി ആ സ്ഥാനത്തേക്ക് വന്നത്. അദ്ദേഹം പ്രസിഡന്‍റാവുന്നു എന്നറിഞ്ഞപ്പോൾ താൻ അത് സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീട്, സിഎംപിയിൽ പോയപ്പോഴും ആ സൗഹൃദം മുറിഞ്ഞില്ല. അതു തന്നെയാണ് യെച്ചൂരിയുടെ പ്രത്യേകതയും. സദാ ചിരിച്ചുകൊണ്ട് ലളിതമായും നർമ മധുരമായും സംസാരിക്കുന്ന യെച്ചൂരിക്ക് അതുകൊണ്ടു തന്നെ ആരാധകരേറെ. ജെഎന്‍യുവില്‍ മൂന്നുവട്ടം വിദ്യാർഥി യൂണിയൻ പ്രസിഡന്‍റായ ഒരേയൊരാള്‍ യെച്ചൂരിയാണ്.

മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്‍റെ നെടുന്തൂണായിരുന്നു. ആദ്യമായി സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 34 വയസ്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസിനെ നേരിട്ടുകണ്ട് തന്നെ കേന്ദ്ര കമ്മിറ്റിയിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പാകം തനിക്കായിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. സിപിഎം കേന്ദ്രീകൃത ജനാധിപത്യമുള്ള പാര്‍ട്ടിയാണെന്നും കമ്മിറ്റി തീരുമാനങ്ങള്‍ അംഗങ്ങള്‍ അനുസരിക്കണമെന്നുമായിരുന്നു ഇഎംഎസിന്‍റെ മറുപടി. അത് പൂർണമായും ഉൾക്കൊണ്ടു, യെച്ചൂരി. വൃദ്ധസദനമെന്ന് മാധ്യമങ്ങള്‍ പരിഹസിച്ച പൊളിറ്റ് ബ്യൂറോയില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള തലമുറയില്‍ നിന്നെത്തിയ യെച്ചൂരിയും കാരാട്ടും തലമുറ മാറ്റത്തിന് തുടക്കം കുറിച്ചു.

2005 മുതല്‍ 12 വര്‍ഷം ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്ന യെച്ചൂരി.ചരിത്രവും രാഷ്‌ട്രീയവും സാമ്പത്തികശാസ്ത്രവുമെല്ലാം ഉള്‍കൊള്ളിച്ച മണിക്കൂറുകള്‍ നീളുന്ന നർമം നിറഞ്ഞ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ മാറിമാറി അനായാസത്തോടെയുള്ള പ്രസംഗം. ഹർകിഷൻ സിങ്ങിനൊപ്പം ദേശീയ രാഷ്‌ട്രീയത്തിലെ അടവും തടയും പയറ്റിയ യെച്ചൂരി 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ പൊതുമിനിമം പരിപാടികള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എ.ബി. വാജ്പേയിയുടെ ഭരണകാലത്ത് സഖ്യകക്ഷികളെ അംഗീകരിക്കുന്ന രാഷ്‌ട്രീയ നയം സ്വീകരിക്കാൻ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചു. അന്നു തൊട്ട് ഇതുവരെയും സോണിയ ഗാന്ധി രാഷ്‌ട്രീയ അഭിപ്രായം തേടുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് യെച്ചൂരി. ഇന്ത്യ സഖ്യം രൂപീകരിച്ചപ്പോഴും അതിലെ ഏറ്റവും ദുര്‍ബലമായ രാഷ്‌ട്രീയ പാര്‍ട്ടികളിലൊന്നിന്‍റെ നേതാവായ യെച്ചൂരി അതില്‍ നിര്‍ണായക സാന്നിധ്യമായി മാറിയത് ആ രാഷ്‌ട്രീയക്കരുത്തിനുള്ള അംഗീകാരമായിരുന്നു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും വൈരികളായി തുടരുമ്പോഴും ദേശീയതലത്തില്‍ യെച്ചൂരി കോണ്‍ഗ്രസിന് പ്രിയപ്പെട്ടവനായി. ആ ബന്ധം രാഹുൽ ഗാന്ധിയുമായും യെച്ചൂരി തുടർന്നു.

ആഭ്യന്തര സംഘട്ടനങ്ങള്‍ക്കൊണ്ട് ദുരിതം നിറഞ്ഞ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അഭിപ്രായ ഐക്യം കൊണ്ടുവന്ന് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലും യെച്ചൂരി നിര്‍ണായക പങ്കു വഹിച്ചു. മാവോയിസ്റ്റുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥനായി നിയോഗിക്കപ്പെട്ടത് യെച്ചൂരിയെ ആയിരുന്നു. മാവോയിസ്റ്റ് നേതാക്കളായ പ്രചണ്ഡയുമായും ബാബുറാം ഭട്ടറായിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരി നടത്തിയ ചര്‍ച്ചകളാണ് മാവോയിസ്റ്റുകളെ ജനാധിപത്യ പാതയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകമായത്.

പാർലമെന്‍ററി പോരാട്ടത്തിനുള്ള അംഗസംഖ്യ ഇല്ലാത്തത് നിയമത്തിലൂടെ മറികടന്ന നേതാവായിരുന്നു യെച്ചൂരി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ യൂസഫ് അലി തരിഗാമിയെ കാണാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്താണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇരുമ്പുമറ തകര്‍ത്ത് കശ്മീരിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിന്‍റെ യഥാർഥ ചിത്രം ആദ്യം പുറംലോകം അറിഞ്ഞതും യെച്ചൂരിയുടെ വാക്കുകളിലൂടെ തന്നെ. ഇലക്റ്ററൽ ബോണ്ടുകൾ വേണ്ടെന്ന തീരുമാനമെടുത്ത സിപിഎം അതിനെതിരായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് അതിന്‍റെ ഉള്ളുകള്ളികൾ മുഴുവൻ വലിച്ചുവാരി പുറത്തിടുന്ന സുപ്രീം കോടതി വിധി വന്നത്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേർന്ന് ബംഗാളിൽ തിരിച്ചുവരാമെന്ന് അദ്ദേഹം കരുതിയിരുന്നു. അതു സാധിയ്ക്കാത്തതിലെ നിരാശ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം മറച്ചുവച്ചില്ല. കടുത്ത പോരാട്ടം നടത്തിയ പോരാളികളായ ബംഗാൾ യുവതയെ പ്രചോദിപ്പിക്കാൻ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് അന്ത്യം.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്കു ക്ഷണിച്ച് യെച്ചൂരി പറഞ്ഞു: "ഇവിടെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നു മോദിച്ചു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള നാടാണിത്. ആ വൈവിധ്യം നിലനിർത്തണം'.

വര്‍ഷങ്ങളോളം "ഹിന്ദുസ്ഥാന്‍ ടൈംസ് ' പത്രത്തില്‍ യെച്ചൂരി എഴുതിയിരുന്ന കോളത്തിന്‍റെ പേര് LEFT HAND DRIVE. ഇടതുവശം ചേർന്നുപോകാൻ കേരളത്തിലെ ഭരണകക്ഷിയെ എന്നും പ്രേരിപ്പിച്ച ആളാണ് യെച്ചൂരി.

കഴിഞ്ഞ വര്‍ഷം വിഎസിന് 100 വയസു തികയുമ്പോഴും യെച്ചൂരി ആശംസകളർപ്പിച്ചിരുന്നു. വിഎസിനെ കുറിച്ച് കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിലും യെച്ചൂരി പറഞ്ഞത് ഇങ്ങനെ: ""എനിക്ക് മാത്രമല്ല, പാര്‍ട്ടിക്കൊന്നാകെ വി.എസ് പ്രചോദനമാണ്. പാര്‍ട്ടി ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് മുഖ്യം. അദ്ദേഹം കടന്നുവന്ന വഴികള്‍ നോക്കുക. ജീവിതം അദ്ദേഹത്തിന് നിരന്തര പോരാട്ടമായിരുന്നു. തന്‍റെ നിലപാട് എവിടെയും എപ്പോഴും പറയുന്നതിനുള്ള വി.എസിന്‍റെ ചങ്കൂറ്റം എടുത്തുപറയണം. ഒരു ശത്രുവിനും അദ്ദേഹത്തെ കീഴ്പ്പെടുത്താനായിട്ടില്ല. അതേ സമയം തന്നെ പാര്‍ട്ടിയുടെ പൊതുനയങ്ങള്‍ അനുസരിക്കുന്നതിനും വി.എസ് മടി കാണിച്ചിട്ടില്ല. വിഎസിന്‍റെ അസാന്നിധ്യം മൂലം പാര്‍ട്ടിയില്‍ വിടവുണ്ടെന്നത് നേരാണ്. എല്ലാ വലിയ നേതാക്കളുടെ കാര്യത്തിലും ഇതുണ്ട്. പക്ഷേ, ആ വിടവ് നികത്താന്‍ പാര്‍ട്ടിക്കാവും. കാലക്രമേണ, പതുക്കെ, ആ വിടവും നികത്തപ്പെടും. അതേസമയം അവരുടെ സ്വാധീനം പാര്‍ട്ടിക്ക് മേല്‍ തുടര്‍ന്നുമുണ്ടാവും. എ.കെ.ജിയും ഇഎംഎസും നിലനില്‍ക്കുന്നതുപോലെ വിഎസും നിലനില്‍ക്കും''.

അതെ, ഇഎംഎസിനെയും എകെജിയേയും പോലെ സിന്ദൂര നക്ഷത്രമായി സീതാറാം യെച്ചൂരിയും ഉണ്ടാവട്ടെ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും