#ജോസഫ് എം. പുതുശേരി
ഇക്കഴിഞ്ഞത് ഈസ്റ്റർ - ഇഫ്താർ വിരുന്നുകളുടെ കാലം. വിരുന്ന് നയതന്ത്രം എന്നാണ് ഇത് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാലതിലെ നയതന്ത്രം കുഴിച്ചുമൂടപ്പെട്ട് തന്ത്രവും കുതന്ത്രവുമായി ഇത് രൂപപ്പെടുന്നോ? ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ വിലയിരുത്തുമ്പോൾ അങ്ങനെയേ ചിന്തിക്കാനാവൂ.
ആദ്യമുയർന്ന വിവാദം മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നുമായി ബന്ധപ്പെട്ടാണ്. ലോകായുക്തയും ഉപലോകായുക്തയും അതിൽ പങ്കെടുത്തതാണ് വിവാദത്തിന് അടിസ്ഥാനം. തീർത്തും സാധാരണമല്ലാത്ത ഒരു കാര്യമെന്നതുകൊണ്ടുതന്നെ ആ സാന്നിധ്യം ഏവരെയും അതിശയിപ്പിക്കുന്നു. പോരാഞ്ഞ് മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നവർക്കും എതിരായുള്ള ദുരിതാശ്വാസ നിധി വക മാറ്റി അനുവദിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കുമ്പോൾ. ചുരുക്കത്തിൽ കേസിലെ പ്രതിയുടെ സൽക്കാരത്തിൽ വിധി പറയേണ്ട ന്യായാധിപർ പങ്കെടുത്തുവെന്നർഥം. ബാക്കിയെല്ലാം അവിടെ നിൽക്കട്ടെ, മിതമായ ഔചിത്യത്തിന്റെ അളവുകോൽ സ്വീകരിച്ചാൽ പോലും ഇത് ആർക്കെങ്കിലും ന്യായീകരിക്കാനാവുമോ?
മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിലേക്ക് പതിവിനു വിപരീതമായി മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും അതുവഴി ദൃശ്യങ്ങൾ പകർത്തുന്നത് നിരോധിക്കപ്പെടുകയും ചെയ്തു. ഇത്തരമൊരു അസാധാരണ നടപടി മുൻകൂട്ടി നിശ്ചയിച്ച സൽക്കാര വേദിയിലേക്കാണ് ഇവർ എത്തിയത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സുതാര്യത മറയ്ക്കുന്നു. എന്നിട്ടോ ഈ വിരുന്നിൽ പങ്കെടുത്ത ലോകായുക്തയും ഉപലോകായുക്തയും ഏറെ നേരം മാറിയിരുന്ന് മുഖ്യമന്ത്രിയുമായി രഹസ്യ സംഭാഷണം നടത്തുന്നു. അനുചിതമായ നടപടിയെന്നല്ലാതെ മറ്റെന്താണ് ഇതിനെക്കുറിച്ച് പറയുക.
ഇതെല്ലാം കഴിഞ്ഞ് പിആർഡി പത്രക്കുറിപ്പും ചടങ്ങിന്റെ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ ദൃശ്യങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നു. ചടങ്ങിൽ പങ്കെടുത്ത 40ഓളം പ്രമുഖരുടെ പേരുകൾ പുറത്തുവിട്ടിട്ട് അതിൽ ഈ രണ്ടാളുകളുടേയും പേരുകളില്ല. ഇവരുടെ ദൃശ്യങ്ങളുമില്ല. പ്രോട്ടോകോൾ പ്രകാരം മുന്തിയ സ്ഥാനത്തുള്ള ഇവരുടെ പേരുകളും ദൃശ്യങ്ങളും ഒഴിവാക്കപ്പെട്ടത് എങ്ങനെ? പന്തികേട് അവർക്ക് മണത്തു എന്നതല്ലേ ഇത് വ്യക്തമാക്കുന്നത്.
വിവാദം കനത്ത് പിടിക്കപ്പെട്ടപ്പോഴും, മുഖ്യമന്ത്രിയുടെ വിരുന്നിലാണ് പങ്കെടുത്തത്, ഒരു കുഴപ്പവുമില്ല എന്ന് പത്രക്കുറിപ്പിറക്കുന്ന ലോകായുക്ത, അങ്ങനെയെങ്കിൽ പിആർഡി തങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച്, അതുവഴി അപമാനിച്ചതിനെ കുറിച്ച് ഒരു വാക്കെങ്കിലും ഉരിയാടേണ്ടേ?
അതു കെട്ടടങ്ങുന്നതിനു മുമ്പാണ് റിട്ടയർ ചെയ്യാൻ പോകുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രി വക യാത്രയയപ്പ്. ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവം. അതുകൊണ്ടുതന്നെ തെറ്റായി, അധാർമികമായി സൃഷ്ടിക്കപ്പെടുന്ന അപകടകരമായ കീഴ്വഴക്കം. അതും കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ അതീവ രഹസ്യമായി. ജുഡീഷ്യറിയുടെ ഔന്നത്യവും അകലവും പരിപാലിക്കപ്പെടേണ്ടിടത്തു അതിനു നേർ വിപരീതമായ നടപടി. വിരുന്ന് സംഘടിപ്പിച്ച മുഖ്യമന്ത്രിയും അതിൽ പങ്കെടുത്ത ചീഫ് ജസ്റ്റിസും എന്ത് ഭാവിച്ചാണ് സംശയങ്ങളും ആശങ്കകളും ഉയർത്തുന്ന ഇത്തരമൊരു നടപടിയിൽ യാതൊരു സങ്കോചവുമില്ലാതെ പങ്കാളികളാവുന്നത്?
ഇനി യാത്രയയപ്പാണന്നു വെച്ചാൽ തന്നെ വിരമിക്കുന്ന വ്യക്തിയുടെ ആസ്ഥാനത്തോ സ്ഥലത്തോ വച്ചല്ലേ അത് നൽകുക. അതിനുപകരം തലസ്ഥാനത്ത് പോയി യാത്രയയപ്പ് വാങ്ങിച്ചു കൊണ്ടുവന്ന ചീഫ് ജസ്റ്റിസ് എന്ന വിചിത്ര അടയാളപ്പെടുത്തലിനു കൂടിയാണ് ഈ സംഭവം കാരണമാവുക.
ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നിലനിൽക്കണമെന്ന് വാതോരാതെ പറയുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താലോ? അതോ ഈ സ്വതന്ത്ര സ്വഭാവം ഡൽഹിയിൽ മാത്രം നിലനിൽക്കണമെന്നേയുള്ളോ? അവിടെ ഉയരുന്ന ആശങ്കകൾ അക്കമിട്ട് നിരത്തുന്നവർ ഇവിടെ ഇത്തരം 'നയതന്ത്ര'ത്തിന്റെ കാർമികരാവുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണിത്.
"നീതി നടത്തിയാൽ മാത്രം പോരാ, നീതി നടത്തിയെന്ന് സംശയാതീതമായി ബോധ്യപ്പെടുത്തുകയും വേണം'- സുപ്രീം കോടതിയും ഹൈക്കോടതികളും നിരവധി വിധി ന്യായങ്ങളിൽ ഉദ്ധരിക്കുന്ന സുപ്രസിദ്ധമായ ആപ്ത വാക്യമാണിത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലണ്ടിൽ ജീവിച്ച വിഖ്യാതനായ ന്യായാധിപൻ ചീഫ് ജസ്റ്റിസ് ലോർഡ് ഹീവാർട്ടിന്റെതാണ് ഈ ആപ്തവാക്യം. നീതി നിർവഹണമെന്ന പവിത്രമായ ഒരു ദൗത്യം നിർവഹിക്കുമ്പോൾ ഏതെങ്കിലുമൊരു ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടായിയെന്ന് തോന്നത്തക്കവിധം യാതൊന്നും തന്നെ ന്യായാധിപന്മാർ പ്രവർത്തിക്കരുതെന്ന പ്രഖ്യാപനമാണ് ഹീവാർട്ട് നടത്തിയത്.
വേണമെങ്കിൽ അത് ഇംഗ്ലണ്ടിലെ കാര്യമാണെന്ന് പറഞ്ഞ് ഒഴിവ് കിഴിവിന് ശ്രമിക്കുന്നവർ ഇന്ത്യയുടെ സുപ്രീം കോടതിയുടെ 1997 മെയ് 7നു കൂടിയ ഫുൾ കോർട്ട് മീറ്റിങ് അംഗീകരിച്ചു പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലർ അനുസരിക്കാൻ ബാധ്യസ്ഥരല്ലേ?
നിഷ്പക്ഷരായും നീതിയുക്തരായും പ്രവർത്തിക്കുന്നവരാണ് ഉയർന്ന ജുഡീഷ്യൽ സംവിധാനത്തിൽ പെട്ടവർ എന്ന ജനവിശ്വാസം ഊട്ടിയുറപ്പിക്കുന്ന തരത്തിലാവണം ഓരോരുത്തരുടെയും നടപടികളും പെരുമാറ്റവുമെന്നും ഔദ്യോഗികമായോ അനൗദ്യോഗികമായോ ഉള്ള നടപടികൾ ഈ വിശ്വാസ്യത ചോർന്നു പോകാനിടയാക്കരുതെന്നും തുടങ്ങി 16 കാര്യങ്ങളാണ് RESTATEMENT OF VALUES OF JUDICIAL LIFE എന്ന ഈ സർക്കുലറിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
അതിൽ പത്താമതായി പറയുന്നത് ഒരു ജഡ്ജി സ്വന്തം കുടുംബത്തിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ അല്ലാതെ മറ്റാരിൽ നിന്നോ പാരിതോഷികങ്ങളോ ആഥിത്യ സൽക്കാരമോ സ്വീകരിക്കരുതെന്നാണ്.
ഇത് അറിയാത്ത ആളുക ളാണോ ചീഫ് ജസ്റ്റിസും ലോകായുക്തയും ഉപലോകായുക്തയുമൊക്കെ. സുപ്രീം കോടതി വിധിയെക്കുറിച്ച് പറയുന്നത് ലോ ഓഫ് ദ ലാൻഡ് (law of the land) എന്നാണ്. അത്തരത്തിൽ രാജ്യത്തിന്റെ നിയമമെന്ന് വിവക്ഷിക്കപ്പെടുന്ന വിധി ന്യായങ്ങൾ പുറപ്പെടുവിക്കുന്നത് സുപ്രീംകോടതിയിലെ ജഡ്ജിമാരിൽ കുറച്ചുപേർ അംഗങ്ങളായ ബെഞ്ചുകളാണ്. എന്നാൽ ജഡ്ജിമാർ പാലിക്കേണ്ട ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത് മുഴുവൻ ജഡ്ജിമാരും ചേർന്ന ഫുൾ കോർട്ടാണ്. അപ്പോൾ അതിന്റെ ലംഘനം എത്രമാത്രം ഗുരുതരമാണ്? പ്രത്യേകിച്ചും ജഡ്ജിമാർ തന്നെ അത് ലംഘിക്കുമ്പോൾ. ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യതയും നിലവാരവും യശസും ഉയർത്തിപ്പിടിക്കാൻ നൽകിയിരിക്കുന്ന ഈ നിർദേശങ്ങൾ ലംഘിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ആഴം എത്രമാത്രം വലുതാണെന്ന് അവർ ആലോചിക്കേണ്ടേ?
പ്രശ്നം വിവാദമായപ്പോൾ സംസ്ഥാന നിയമമന്ത്രി ഉയർത്തിയ പ്രതിരോധം വിചിത്രവും അതിനേക്കാളേറെ പരിഹാസ്യവുമായിരിക്കുന്നു. പ്രധാനമന്ത്രി എല്ലാ വർഷവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മുഖ്യമന്ത്രിമാർ എന്നിവരുടെ യോഗം വിളിക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ ന്യായവാദം. അത് ഔദ്യോഗികമായി, സുതാര്യമായി നടക്കുന്ന ജുഡീഷ്യൽ കോൺഫറൻസാണ്. അതുപോലെയാണോ ആരോരും അറിയാതെ രഹസ്യമായി ഇഷ്ടക്കാരെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ഈ വിരുന്ന് സൽക്കാരം. സുപ്രീംകോടതി നിർദേശം നിയമമന്ത്രിക്ക് അറിയില്ലെന്നാണോ!
ഈ വിവാദം ചീഫ് ജസ്റ്റിസിനെ ചൂഴ്ന്നു നിൽക്കുമ്പോൾ കോവിഡ് കാലത്ത് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കൻ കമ്പനിക്ക് കൈമാറി എന്ന് ആരോപിക്കുന്ന, മുഖ്യമന്ത്രി എതിർകക്ഷിയായ ഹർജി അദ്ദേഹത്തിന്റെ ബെഞ്ചാണ് പരിഗണിച്ചതെന്നും അടുത്ത പോസ്റ്റിങ് നീണ്ടുനീണ്ടു പോകുന്നുവെന്നുമുള്ള വസ്തുത പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സുപ്രീം കോടതി നിർദേശത്തിന്റെ ലംഘനം മാത്രമല്ല എതിർകക്ഷിയുടെ സൽക്കാരത്തിലെ പങ്കാളിത്തമാണ് ഇവിടെയും കളങ്കത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത്.
സർക്കാർ എതിർകക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് പഠിക്കാനായി കമ്മീഷനെ നിയോഗിക്കണമെന്ന് തിരുവനന്തപുരം സ്വദേശി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യിലിരിപ്പ് കൊണ്ട് വിശ്വാസ്യത ചോർന്നു പോകുന്ന അവസ്ഥ. അത് ഒഴിവാക്കാനാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ചീഫ് ജസ്റ്റിസ് റിട്ടയർ ചെയ്യപ്പെടുന്നതു കൊണ്ട് ഈ പരാതിയിൽ എന്ത് നടപടി എന്നതിൽ അവ്യക്തതയുണ്ട്. എന്നാൽ വിവാദത്തിൽപ്പെട്ട സാഹചര്യത്തിൽ റിട്ടയർമെന്റിന് ശേഷമുള്ള ഒരു പദവിയും സ്വീകരിക്കില്ലെന്ന് എസ്. മണികുമാർ സ്വയം തീരുമാനിച്ചു പ്രായശ്ചിത്ത പ്രഖ്യാപനം നടത്തുകയാണ് ഉചിതം. അല്ലെങ്കിൽ അത്തരം പദവികൾ ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ പാരിതോഷികമൊ ആയി വ്യാഖ്യാനിക്കപ്പെടുമെന്നത് തീർച്ച. അതും അവിശ്വാസത്തിന്റെ വ്യാപ്തി വർധിപ്പിക്കും. ഇപ്പോൾ ഹൈക്കോടതിയിലെ ഒരു അഭിഭാഷകനെതിരെ നടക്കുന്ന അന്വേഷണത്തിന് ആസ്പദമായ ആക്ഷേപം പോലെയുള്ള സംഭവങ്ങൾക്ക് തറ ഒരുക്കപ്പെടും. അതും നാം ഒരു പോറൽ പോലും ഏൽക്കരുതെന്ന് ആഗ്രഹിക്കുന്ന ശക്തി സങ്കല്പത്തെയാണ് ബാധിക്കുക.
മുമ്പും ഇതേ പോലെ പരാതികൾ ഉണ്ടായിട്ടുണ്ട്. പിണറായി വിജയൻ പ്രതിയായിരുന്ന എസ്എൻസി ലാവലിൻ കേസിൽ വിചാരണ കൂടാതെ അദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സിബിഐ കോടതി ജഡ്ജി രഘുവിനും അതിന്മേലുള്ള സിബിഐ അപ്പീൽ തള്ളിയ ഹൈക്കോടതി ജഡ്ജി പി. ഉബൈദിനും എതിരായി കൊച്ചിയിലെ ഒരു വാരികയുടെ പത്രാധിപർ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നൽകുകയും അതു തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ ഇവരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് അപമാനം ഉണ്ടാക്കുന്ന നടപടിയാണെങ്കിൽ അതിന് നിയമപരമായി കൈക്കൊള്ളേണ്ട പരിഹാര നടപടികൾ സ്വീകരിക്കേണ്ടേ? വ്യക്തിപരമായി മാത്രമല്ല സംവിധാനത്തിന്റെ വിശ്വാസ്യതക്കും അത് അനിവാര്യമല്ലേ? എന്നാൽ നാളിതുവരെയും അത്തരമൊരു നടപടി ഉണ്ടായിട്ടേയില്ല. അപ്പോൾ എന്താണ് വായിച്ചെടുക്കേണ്ടത്? വിശ്വാസ്യത ചോരുന്ന ഒരു നടപടിയും ഉണ്ടാകരുത് എന്ന് സുപ്രീംകോടതി നിർദേശിക്കുന്നതിന്റെ പ്രസക്തി കൂടുതൽ വ്യക്തമാവുകയാണിവിടെ.
ജസ്റ്റിസ് പി. ഉബൈദ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ സ്ഥാനം വഹിക്കുകയുമാണ്. വിരമിക്കലിനു ശേഷമുള്ള നിയമനം. സംശയം വർധിപ്പിക്കുന്ന സ്ഥാനാരോഹണങ്ങൾ!
ഈ പശ്ചാത്തലത്തിലാണ് അറ്റോണി ജനറൽ ആയിരുന്ന എം.സി. സെത്തൽവാദ് ചെയർമാനായ ലോ കമ്മീഷൻ 1958 സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ട് പ്രവാചക ശബ്ദം പോലെ പ്രസക്തമാകുന്നത്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, യുപിഎസ്സി ചെയർമാൻ എന്നിവർക്കെന്ന പോലെ ജഡ്ജിമാർക്കും വിരമിച്ച ശേഷമുള്ള പദവികൾ വിലക്കണമെന്നാണ് ഇന്ത്യയിലെ ആദ്യ ലോക കമ്മീഷൻ തന്നെ അന്ന് ശുപാർശ ചെയ്തത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. 65 വർഷങ്ങൾക്കു മുമ്പേ നൽകിയ ഈ റിപ്പോർട്ടിന്റെ അന്തസത്ത എത്രമാത്രം പ്രസക്തമാണെന്ന് സമകാലിക സംഭവവികാസങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു. വിപത്തുകൾ മുൻകൂട്ടി കാണാൻ കഴിഞ്ഞ ദാർശനികരുടെ വിലയിരുത്തൽ.
അത് നടപ്പാകാതെ പോയതാണ് നമ്മുടെ ദുര്യോഗം. പദവിയിലിരിക്കുമ്പോൾ തന്നെ വിരമിച്ച ശേഷമുള്ള സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാട്. അതിനായുള്ള വിധേയപ്പെടൽ. അതിന്റെ തോതനുസരിച്ച് വിധേയർക്ക് ഭരണാധികാരികൾ വില നിശ്ചയിക്കുമ്പോൾ ഗവർണറായും രാജ്യസഭാംഗമായും പത്രാസുള്ള മറ്റു പദവികളിലും അത്തരക്കാർ സ്ഥാനമുറപ്പിക്കുന്നു.
അതിലൂടെ ശോഷിക്കുന്നത് നിയമ നീതിന്യായ സംവിധാനമാണ്. പൗരന്റെ അവസാനത്തെ അത്താണിയാണ്. ജനം ആരാധനാ മൂർത്തിയേക്കാൾ ബഹുമാനത്തോടെ കാണുന്ന ശക്തി സങ്കല്പമാണ്. ആ അവസാന കോട്ടയും തകർന്നാൽ...