#ഹാങ്ചൗവില്‍ നിന്ന് ടോം ജോസഫ്
ഏഷ്യയുടെ മഹാ കായികോത്സവത്തിന്, ഏഷ്യന്‍ ഗെയിംസിന്, ഇന്ന് ചൈനയിൽ മിഴിതുറക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് ബിഗ് ലോട്ടസ് സ്റ്റേഡിയം എന്നറിയപ്പെടുന്ന ഹാങ്ചൗ സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിൽ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 80,000 കാണികള്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തിരി തെളിക്കും.
ചൈനയുടെ പാരമ്പര്യവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന വര്‍ണാഭമായ കലാപരിപാടികള്‍ ഉദ്ഘാടന മഹാമഹത്തില്‍ മുഖ്യ ആകര്‍ഷണമാകും. ഇന്നലെ അവസാന വട്ട റിഹേഴ്സലുകള്‍ സ്റ്റേഡിയത്തില്‍ നടന്നു. ഹാങ്ചൗ നഗരത്തിന്റെ മനോഹാരിതയായ ക്വിയാന്ടാങ് നദിയില്‍ സ്ഥാപിച്ച വലിയ ഡിജിറ്റല്‍ മനുഷ്യനിലേക്ക് പതിനായിരങ്ങള്‍ ഡിജിറ്റല്‍ ടോര്‍ച്ച് തെളിക്കുന്ന ചടങ്ങാണ് മുഖ്യ ആകര്‍ഷണം. 3ഡി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികത ഉപയോഗിച്ചാണ് ഡിജിറ്റന്‍ മനുഷ്യനെ പ്രകാശിപ്പിക്കുന്നത്.
കംബോഡിയന്‍ രാജാവ് നോരോദം സിഹാമോനി, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഹോങ്കോങ് ചൈന നേതാവ് ജോണ്‍ ലീ കായിചു, കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡുക് സൂ തുടങ്ങി വിവിധ ലോക നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകന് ഹര്‍മന്‍പ്രീത് സിങ്ങും ലോക ചാംപ്യന്‍ ബോക്സര്‍ ലവ്ലിന ബോര്ഗോഹെയ്ന് എന്നിവര്‍ ഇന്ത്യയുടെ പതാകയേന്തും. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ ഏഷ്യന്‍ ഗെയിംസിന് എത്തിയിരിക്കുന്നത്; 655 അത്ലറ്റുകള്. ഉദ്ഘാടനച്ചടങ്ങുകള്‍ സോണി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.