രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം. 
Sports

അഞ്ചല്ല, ഇന്ത്യക്ക് ഒമ്പത് ബൗളർമാർ!

ബംഗളൂരു: 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സന്തുലനം നൽകിയത് പന്തെറിയാൻ കഴിയുന്ന ബാറ്റർമാരായിരുന്നു. ആ കാലഘട്ടത്തിൽ യുവരാജ് സിങ്ങും സുരേഷ് റെയ്നയും സ്ഥിരമായി തന്നെ പന്തെറിഞ്ഞിരുന്നെങ്കിൽ, സച്ചിൻ ടെൻഡുൽക്കറും വീരേന്ദർ സെവാഗും ശരാശരിക്കു മുകളിൽ നിലവാരമുള്ള ബൗളർമാർ തന്നെയായിരുന്നു. ഇപ്പോഴത്തെ ലോകകപ്പിൽ ഇന്ത്യൻ ടീമിന് എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ, അത് ഇത്തരം പാർട്ട് ടൈം ബൗളർമാരുടെ അഭാവമാണ്. അതെങ്ങനെ പരിഹരിക്കാമെന്നു തെളിയിച്ച മത്സരമാണ് ടീം ഇന്ത്യ നെതർലൻഡ്സിനെതിരേ പൂർത്തിയാക്കിയത്.

വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും പരുക്ക് ഭീഷണി പതിവുള്ള ശ്രേയസ് അയ്യരും ഒഴികെ എല്ലാം ഇന്ത്യൻ താരങ്ങളും നെതർലൻഡ്സിനെതിരേ പന്തെറിഞ്ഞു, ഒമ്പത് പേർ! അതിൽ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഓരോ വിക്കറ്റും കിട്ടി.

നോക്കൗട്ട് മത്സരങ്ങൾക്കിടെ ഏതെങ്കിലും പ്രധാന ബൗളർക്കു പരുക്കേൽക്കുകയോ, പരിധി വിട്ട് റൺ വഴങ്ങുകയോ ചെയ്താൽ എങ്ങനെ നേരിടാൻ പോകുന്നു എന്നതിന്‍റെ മാച്ച് പ്രാക്റ്റീസ് കൂടിയായാണ് ഇന്ത്യ ഈ മത്സരത്തെ സമീപിച്ചതെന്നു വേണം കരുതാൻ.

വിരാട് കോലി

വിരാട് കോലിയുടെ വിക്കറ്റ് ആഘോഷം.

ചെയ്ഞ്ച് ബൗളറായി ആദ്യമെത്തിയത് വിരാട് കോലിയാണ്. ഈ ടൂർണമെന്‍റിൽ ഇതിനു മുൻപും കോലി പന്തെറിഞ്ഞിരുന്നതിനാൽ അതിൽ പുതുമയുണ്ടായില്ല. എന്നാൽ, നെതർലൻഡ്സിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്കോട്ട് എഡ്വേർഡ്സിനെ പുറത്താക്കിക്കൊണ്ട് കോലി ഒരു ബോണസ് കൂടി നേടി. മൂന്നോവർ എറിഞ്ഞ കോലി 13 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. ഒരു ബൗണ്ടറി മാത്രം വിട്ടുകൊടുത്തു. ഏകദിന അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ അഞ്ചാമത്തെ മാത്രം വിക്കറ്റാണ് കോലി ഇവിടെ സ്വന്തമാക്കിയത്.

മിലിട്ടറി മീഡിയം വേഗത്തിൽ തുടങ്ങിയ കോലി ന്യൂസിലൻഡിന്‍റെ പഴയകാല ഓൾറൗണ്ടർ ക്രിസ് ഹാരിസിനെ ഓർമിപ്പിക്കുന്ന റോങ് ഫുട്ട് ആക്ഷനിൽ ലെഗ് കട്ടറുകൾ കൂടി എറിയാൻ തുടങ്ങിയതോടെ നെതർലൻഡ്സ് ബാറ്റർമാർ അൽപ്പം ബുദ്ധിമുട്ടി. ഇടയ്ക്ക് കൈവിട്ടു പോയ ഫുൾ ടോസുകൾ കൂടിയില്ലായിരുന്നെങ്കിൽ, സമ്പൂർണ ബൗളറായി തന്നെ കോലിയെ ഈ മത്സരത്തിൽ കണക്കാക്കാമായിരുന്നു.

ശുഭ്‌മൻ ഗിൽ

ശുഭ്‌മൻ ഗില്ലിന്‍റെ ബൗളിങ്.

അടുത്ത പാർട്ട് ടൈമറെ കണ്ടപ്പോഴാണ് ആരാധകർ ശരിക്കും അമ്പരന്നത്. ഏകദിന ക്രിക്കറ്റിലോ ട്വന്‍റി20 മത്സരങ്ങളിലോ മുൻപ് പന്തെറിഞ്ഞിട്ടില്ലാത്ത ശുഭ്‌മാൻ ഗിൽ. ഓഫ് സ്പിന്നറായാണ് ഗിൽ രംഗപ്രവേശം ചെയ്തത്.

കൈമുട്ട് അൽപ്പം മടങ്ങുന്നുണ്ടോ എന്നു സംശയം തോന്നിക്കുന്ന വിധത്തിൽ രണ്ടോവർ തൃപ്തികരമായി പൂർത്തിയാക്കിയ ഗിൽ 11 റൺസ് മാത്രമാണ് വഴങ്ങിയത്. ഇതിൽ ഒരു ഫോറും ഉൾപ്പെടുന്നു.

സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിന്‍റെ ബൗളിങ്.

മൂന്നാമതൊരു പാർട്ട് ടൈമർ വന്നാൽ അതു ശ്രേയസ് അയ്യയാരിക്കുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ലെഗ് സ്പിന്നോ ഓഫ് സ്പിന്നോ എന്നുറപ്പില്ലാത്ത ആക്ഷനുമായി സൂര്യകുമാർ യാദവിന്‍റെ വരവ്.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സൂര്യ ബൗളിങ് അരങ്ങേറ്റം കുറിച്ച ആദ്യ ഓവറിൽ നാല് റൺസ് മാത്രമാണ് വന്നത്. എന്നാൽ, രണ്ടാം ഓവറിൽ രണ്ട് സിക്സ് ഉൾപ്പെടെ 13 റൺസ് വഴങ്ങി. ആകെ രണ്ടോവറിൽ 17 റൺസ്.

രോഹിത് ശർമ

മത്സരത്തിനു മുൻപ് നെറ്റ്സിൽ പന്തെറിയുന്ന രോഹിത് ശർമ.

നെതർലൻഡ്സിന് ഒരു വിക്കറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയുടെ അടുത്ത പാർട്ട് ടൈം ബൗളറുടെ വരവ്. പേര് രോഹിത് ശർമ, പഴയ കിടിലൻ ഓഫ് സ്പിന്നറാണ്. തോളിനു പരുക്കൊക്കെ പറ്റിയതോടെ ബൗളിങ് നിർത്തിവച്ചിരിക്കുകയായിരുന്നു.

കൂട്ടത്തിൽ ഏറ്റവും കൃത്യതയും പ്രൊഫഷണലിസവും തോന്നിച്ച ആക്ഷനും ബൗളിങ്ങും രോഹിത്തിന്‍റേതായായിരുന്നു. വീരേന്ദർ സെവാഗ് ഒക്കെ ചെയ്തിരുന്നതു പോലെ കൃത്യതയുള്ള വിക്കറ്റ് ടു വിക്കറ്റ് ഓഫ് സ്പിൻ. നാലാം പന്തിൽ സിക്സർ വഴങ്ങി, അഞ്ചാം പന്തിൽ വിക്കറ്റും വീഴ്ത്തി രോഹിത് കൈകൾ ഉയർത്തുമ്പോൾ ഇന്ത്യ മത്സരം ജയിച്ചു കഴിഞ്ഞിരുന്നു.

7.5 ഓവറിൽ 48 റൺസിന് രണ്ട് വിക്കറ്റ്

മത്സരം നെതർലൻഡ്സിനെതിരേ ആയിരുന്നതിനാലും, അവർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത ടാർജറ്റ് ഇന്ത്യ ഉയർത്തിയിരുന്നതിനാലും, ബാറ്റിങ്ങിലെ സൂപ്പർ താരങ്ങളുടെ ബൗളിങ് ആരാധകർക്ക് കൗതുകം മാത്രമായിരുന്നു. എന്നാൽ, ഇവരെല്ലാം ചേർന്ന് എറിഞ്ഞ 7.5 ഓവറിൽ ആകെ 48 റൺസ് മാത്രമാണ് വിട്ടുകൊടുത്തത് എന്നത് ശ്രദ്ധേയമാണ്. അനിവാര്യമായൊരു സാഹചര്യം വന്നാൽ ബൗളിങ്ങിൽ ഉപയോഗിക്കാനുള്ള പ്ലാൻ ബി ഇന്ത്യയുടെ പക്കലുണ്ടെന്ന് ഉറപ്പ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു