ഹരാരെ: കാത്തുകാത്തിരുന്നു കിട്ടിയ അവസരം ആദ്യ അന്താരാഷ്‌ട്ര മത്സരത്തിൽ മുതലാക്കാനാവാതെ പോയതിന്‍റെ നിരാശ മുഴുവൻ കഴുകിക്കളഞ്ഞ പ്രകടനവുമായി അഭിഷേക് ശർമ. സിംബാബ്‌വെക്കെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇരുപത്തിമൂന്നുകാരന്‍ വരവറിയിച്ചു.
തുടരെ മൂന്നു സിക്സറുകളുമായി സെഞ്ചുറി തികയ്ക്കുന്ന ആദ്യ അന്താരാഷ്‌ട്ര താരം എന്ന റെക്കോഡും സ്വന്തമാക്കി. ഇന്ത്യക്കാരന്‍റെ പേരിലുള്ള വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും ഇപ്പോൾ അഭിഷേകിന്‍റെ പേരിലായി- 46 പന്ത്. കെ.എൽ. രാഹുലും ഇത്രയും തന്നെ പന്തിൽ മൂന്നക്കം തികച്ചിട്ടുണ്ട്. രോഹിത് ശർമയാണ് (35 പന്ത്) ഒന്നാമത്, സൂര്യകുമാർ യാദവ് (45 പന്ത്) രണ്ടാമതും. ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ (രണ്ട്) ആദ്യ ടി20 അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന റെക്കോഡിൽ എവിൻ ലൂയിസ്, റിച്ചാർഡ് ലെവി എന്നിവർക്കൊപ്പമെത്താനും സാധിച്ചു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്‍റെ (4 പന്തിൽ 2) വിക്കറ്റ് നഷ്ടമായ ശേഷം ഋതുരാജ് ഗെയ്ക്ക്‌വാദുമൊത്തെ രക്ഷാപ്രവർത്തനം. അപകടം ഒഴിവായെന്ന് ഉറപ്പായ ശേഷം വെടിക്കെട്ട് ഷോട്ടുകളുടെ കൊടുങ്കാറ്റ്. 46 പന്തിൽ സെഞ്ചുറി തികയ്ക്കുമ്പോൾ ഏഴ് ഫോറും എട്ട് സിക്സറുകളും നേടിയിരുന്നു അഭിഷേക്.
33 പന്തിൽ അർധ സെഞ്ചുറി തികച്ച അഭിഷേക്, അടുത്ത അമ്പത് റൺസെടുക്കാൻ നേരിട്ടത് വെറും 12 പന്ത്! തൊട്ടടുത്ത പന്തിൽ പുറത്താകുകയും ചെയ്തു.
അരങ്ങേറ്റ മത്സരത്തിൽ നാല് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായ അഭിഷേക്, ഇക്കുറി നേരിട്ട രണ്ടാമത്തെ പന്തിൽ സിക്സറുമായാണ് അന്താരാഷ്‌ട്ര വേദിയിൽ അക്കൗണ്ട് തുറന്നത്. അമ്പത് തികച്ചതും നൂറ് തികച്ചതും സിക്സറുകളിലൂടെ തന്നെയായിരുന്നു.