ലഖ്നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെ തകർത്ത് പോയിന്റ് പട്ടികയില്‍ പാക്കിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന് അഞ്ചാമത്. ലഖ്നൗവിൽ നടന്ന പോരാട്ടത്തിൽ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 179ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാന് 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മതുള്ള ഷാഹിദി (34 പന്തില്‍ 56), റഹ്മത്ത് ഷാ (54 പന്തില്‍ 52) എന്നിവരാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.
നെതർലൻഡ്സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് 55 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റ്ഹമാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന് (20) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ നാലാം വിക്കറ്റില്‍ റഹ്മത്ത് - ഷാഹിദി സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റഹ്മത്ത് 23-ാം ഓവറില്‍ പുറത്തായി. എന്നാല്‍ അസ്മതുള്ള ഒമര്‍സായിയെ (31) കൂട്ടുപിടിച്ച് ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ 179 റണ്‍സില്‍ എല്ലാവരും പുറത്തായി. മുഹമ്മദ് നബി അഫ്ഗാന് നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ നേടി. മുജീബ് യുആര്‍ റഹ്മാന് ഒരു വിക്കറ്റെടുത്തു. നാല് താരങ്ങളാണ് ഡച്ച് നിരയില്‍ റണ്ണൗട്ടായത്. നെതര്‍ലന്‍ഡ്സിനു ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്ലി ബരെസി പുറത്തായി. ഒരു റണ്‍ മാത്രമാണ് താരം നേടിയത്.
എന്നാല്‍ പിന്നീട് സഹ ഓപ്പണര്‍ മാക്സ് ഒഡൗഡിനൊപ്പം കോളിന് അക്കര്മാന് ചേര്‍ന്നതോടെ നെതര്‍ലന്‍ഡ്സ് അതിവേഗം സ്കോര്‍ ചെയ്തു. സ്കോര്‍ 73ല്‍ നില്‍ക്കെ ഒഡൗഡ് (42) റണ്ണൗട്ടായതു അഫ്ഗാനു ബ്രേക്ക് ത്രൂ ആയി. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി നിലംപൊത്തി. അക്കര്മാന് 29 റണ്‍സും എടുത്തു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇരുവരും പുറത്തായതിനു പിന്നാലെയാണ് ഓറഞ്ച് സംഘത്തിന്റെ സ്കോറിങ് വേഗം കുറഞ്ഞത്.
പിന്നാലെ അഞ്ച് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഡച്ച് പടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ബലി നല്‍കേണ്ടി വന്നത്. പിന്നീട് ക്ഷമയോടെ ബാറ്റ് വീശി അര്‍ധ സെഞ്ച്വറി നേടിയ സിബ്രന്റ് എംഗല് ബ്രെക്റ്റ് ഒരറ്റത്ത് പൊരുതിയാണ് സ്കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. ബ്രെക്റ്റ് 86 പന്തുകള്‍ നേരിട്ട് 58 റണ്‍സുമായി ടീമിന്റെ ടോപ് സ്കോററായി. നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കിവീസിന്റെ മികച്ച റണ്‍റേറ്റാണ് അഫ്ഗാനെ ആദ്യ നാലില്‍ നിന്ന് അകറ്റിയത്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ വലിയ മാര്‍ജനില്‍ പാകിസ്ഥാന് ജയിച്ചാല്‍ ഇരുവരേയും മറികടന്ന് ആദ്യ നാലിലെത്താം.