Sports

അജിത് അഗാർക്കർ സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ

മുംബൈ: മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗാർക്കറെ ദേശീയ പുരുഷ ടീമിന്‍റെ സെലക്‌ഷൻ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഒളി ക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് ചേതൻ ശർമ രാജിവച്ച ഒഴിവിലാണ് നിയമനം.

നാൽപ്പത്തഞ്ചുകാരനായ അഗാർക്കർ ഇന്ത്യയ്ക്കായി 26 ടെസ്റ്റും 191 ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സെലക്‌ഷൻ കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന അംഗമാണിപ്പോൾ. ശിവസുന്ദർ ദാസ്, സലിൽ അങ്കോള, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരാണ് സെലക്‌ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

വെസ്റ്റിൻഡീസിനെതിരേ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് അഗാർക്കറുടെ അധ്യക്ഷതയിലുള്ള സമിതിയുടെ ആദ്യ ദൗത്യം. ടെസ്റ്റ്, ഏകദിന ടീമുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അശോക് മൽഹോത്ര, സുലക്ഷണ നായിക്, ജതിൻ പരഞ്ജ്‌പെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് അഗാർക്കറെ ഇന്‍റർവ്യൂ ചെയ്ത ശേഷം ഏകകണ്ഠമായി അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചത്.

2017-19 കാലഘട്ടത്തിൽ മുംബൈ ടീമിന്‍റെ സെലക്‌ഷൻ കമ്മിറ്റി ചെയർമാനായിരുന്നു അഗാർക്കർ. രണ്ടു വർഷം ഡൽഹി ക്യാപ്പിറ്റൽസിന്‍റെ പരിശീലകസംഘത്തിലും അംഗമായിരുന്നു.

അതേസമയം, അഗാർക്കർ ചെയർമാനാകുന്നതോടെ സെലക്‌ഷൻ കമ്മിറ്റിയിൽ പശ്ചിമ മേഖലയിൽ നിന്ന് രണ്ടു പേരായി, അങ്കോളയാണ് മറ്റൊരാൾ. മേഖലാടിസ്ഥാനത്തിൽ സെലക്റ്റർമാരെ നിയമിക്കണമെന്നു ചട്ടമില്ലെങ്കിലും, പശ്ചിമ, പൂർവ, ദക്ഷിണ, ഉത്തര, മധ്യ മേഖലകളിൽനിന്ന് ഓരോരുത്തരെ നിയോഗിക്കുന്നതാണ് കീഴ്‌വഴക്കം. ഇപ്പോൾ ഉത്തരമേഖലയ്ക്കാണ് പ്രതിനിധിയില്ലാത്തത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം