മുംബൈ: സഞ്ജു സാംസന്റെ പ്രകടനത്തെ പലപ്പോഴും പുകഴ്ത്തിയിട്ടുള്ള അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറായി വന്നത് നേട്ടമായി എന്നു വേണം കരുതാന്‍. കാരണം, പലപ്പോഴും ടീമിലെ ഫസ്റ്റ് ചോയ്സായി ഒരിക്കലും സഞ്ജു എത്താറില്ല. എന്നാല്‍, വിന്‍ഡീസ് പര്യടനത്തില്‍ ഏകദിനത്തിലും പിന്നാലെ ടി-20ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് അഗാര്‍ക്കര്‍ പ്രത്യേക പരിഗണനവച്ചുതന്നെയാണ്. എന്നാല്‍, ഇനി പന്ത് സഞ്ജുവിന്റെ കോര്‍ട്ടിലാണ്. മികച്ച പ്രകടം നടത്തി ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു ശ്രമിക്കേണ്ടതുണ്ട്. ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ കണ്ടുവയ്്ക്കുന്ന താരമാണ് സഞ്ജു എന്ന് ഇതില്‍നിന്നും ഉറപ്പിക്കാം. പ്രധാനപ്പെട്ട ആറ് യുവതാരങ്ങളെ മറികടന്നാണ് സഞ്ജു ടീമിലെത്തിയിരിക്കുന്നത്.
രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, പൃഥ്വി ഷാ, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി എന്നിവര്‍ തഴയപ്പെട്ടപ്പോഴാണ് സഞ്ജു സാംസണിന് ടി20യില്‍ വീണ്ടും അവസരം ലഭിച്ചത്. ഇവരില്‍ സുന്ദറും മാവിയും ഒഴികെയുള്ളവര്‍ ബാറ്റര്‍മാരാണ്. ത്രിപാഠിക്കും ഹൂഡയ്ക്കും ഫോമില്ലായ്മ തിരിച്ചടിയായി. പരുക്കില്‍ നിന്നുള്ള മടങ്ങിവരവാണ് സുന്ദറിന് തിരിച്ചടിയായത്. മാവിക്കും അടുത്ത കാലത്ത് മികവിലേക്ക് ഉയരാനായിരുന്നില്ല. പൃഥ്വി ഷായുടെ സ്ഥിരതയില്ലായ്മ എന്നും ചര്‍ച്ചയായിട്ടുള്ള വിഷയമാണെങ്കില്‍ ഐപിഎല്ലില്‍ ഫിനിഷറായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ടീമിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇഷാന് കിഷനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജുവിന് ഇടം നല്കാന് സെലക്ഷന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ലഭിച്ച അവസരം നന്നായി വിനയോഗിച്ചാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാകുമെന്ന സന്ദേശമാണ് അഗാര്‍ക്കര്‍ നല്‍കുന്നത്. വിന്‍ഡീസ് പര്യടനം സഞ്ജുവിനെ സംബന്ധിച്ച് ലാസ്റ്റ് ബസാണ്. അവിടെ പരാജയപ്പെട്ടാന്‍ അത് തിരിച്ചടിയാകും. വിന്‍ഡീസ് പര്യടനശേഷം നാട്ടിലെത്തുന്ന ടീം അയര്‍ലന്‍ഡിലേക്ക് പോകുന്നുണ്ട്. പിന്നാലെ ഏഷ്യ കപ്പിലും ഓസീസിനെതിരായ ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്. അതിനു ശേഷമാകും ഏകദിന ലോകകപ്പ്.