അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ ജാംനഗറിന്‍റെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. രാജഭരണ കാലത്ത് നവനഗർ ജാംസാഹിബ് എന്നറിയപ്പെട്ടിരുന്ന പദവിയിലേക്കുള്ള ചുവടുവയ്പ്പാണിത്. ഗുജറാത്തിലെ പഴയ നാട്ടുരാജ്യമാണ് ജാംനഗർ എന്നറിയപ്പെടുന്ന നവനഗർ.
ഇപ്പോഴത്തെ നവനഗർ മഹാരാജാവിന്‍റെ സ്ഥാനമുള്ള ജാംസാഹിബ് ശത്രുശല്യസിങ്ജി ദിഗ്വിജയ്സിങ്ജി ജഡേജയാണ് തന്‍റെ പിൻഗാമിയായ അജയ് ജഡേജയെ പ്രഖ്യാപിച്ചിരിക്കുന്നത്. അജയ് ഇതിനു സമ്മതം അറിയിച്ചിട്ടുണ്ടെന്നും 'രാജാവ്' വാർത്താക്കുറിപ്പിൽ അറിയിച്ചു.
അജയ് ജഡേജയുടെ അച്ഛന്‍റെ പിതൃസഹോദര പുത്രനാണ് ശത്രുശല്യസിങ്ജി. രാജകുടുംബ പശ്ചാത്തലത്തിനൊപ്പം ശക്തമായ രാഷ്‌ട്രീയ സ്വാധീനവും ജഡേജയുടെ സ്ഥാനാരോഹണത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ അച്ഛൻ ദൗലത്ത്സിങ്ജി തുടരെ മൂന്നു വട്ടം ജാംനഗർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലെത്തിയിരുന്നു.
നവനഗർ രാജകുടുംബത്തിൽ ജനിച്ച അജയ് ജഡേജയ്ക്ക് ക്രിക്കറ്റിലും വിശാലമായ പാരമ്പര്യമാണുള്ളത്. അദ്ദേഹത്തിന്‍റെ ബന്ധുക്കളായ കെ. രഞ്ജിത് സിങ്ജിയുടെയും കെ.എസ്. ദുലീപ്സിങ്ജിയുടെയും പേരിലുള്ളതാണ് ഇന്ത്യയിലെ പ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റുകളായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും.
രണ്ടാം ലോകയുദ്ധകാലത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ജാംസാഹിബ് ദിഹിവിജയ്സിങ്ജി രഞ്ജിത്സിങ്ജിക്ക് പോളണ്ടിലെ വാഴ്സോയിൽ സ്മാരകം പണിതിട്ടുണ്ട്. ഗുഡ് മഹാരാജാ എന്നാണ് അന്നത്തെ യൂറോപ്യൻ നേതാക്കൾ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അടുത്തിടെ നടത്തിയ പോളണ്ട് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്മാരകത്തിലും പോയിരുന്നു.
1992 മുതൽ 2000 വരെ നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അജയ് ജഡേജ 15 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്കായി കളിച്ചത്. മികച്ച ഫീൽഡറും മികച്ച ഫിനിഷറുമായിരുന്ന ജഡേജ 196 ഏകദിന മത്സരങ്ങളും കളിച്ചു. ബോളിവുഡ് നടനായും കമന്‍റേറ്ററായും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായും പ്രവർത്തിച്ചിട്ടുണ്ട്.
മുഹമ്മദ് അസറുദ്ദീൻ അടക്കമുള്ളവർ ഉൾപ്പെട്ട ക്രിക്കറ്റ് ഒത്തുകളി - കോഴി വിവാദത്തിൽപ്പെട്ട് വിലക്ക് നേരിട്ട ജഡേജ, അത് പിൻവലിക്കപ്പെട്ട ശേഷം തിരിച്ചുവന്ന് ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു.