മുംബൈ: അര്ജുന് ടെന്‍ഡുല്‍ക്കറുടെ കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. ഐപിഎല്ലില്‍ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറി. പിതാവ് ഐപിഎല്‍ കരിയറിലുടനീളം കളിച്ച അതേ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ ഇന്നിംഗ്സിലെ ആദ്യ ഓവര്‍ എറിയാന്‍ മുംബൈ ഇന്ത്യന്‍സ് നായകന് സൂര്യകുമാര്‍ യാദവ് അര്ജുന് ടെന്‍ഡുല്‍ക്കറെ ക്ഷണിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് മുമ്പ് മുംബൈയുടെ സ്ഥിരം നായകന് രോഹിത് ശര്‍മ്മയാണ് അര്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റ ക്യാപ് കൈമാറിയത്.
2013ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍വച്ച് സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു രോഹിത് ശര്‍മ ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയപ്പോള്‍ പ്രൗഢമായ ഇന്ത്യന്‍ ക്യാപ്പ് കൈമാറിയത്. ഇപ്പോള്‍ സച്ചിന്റെ മകന് രോഹിത് ശര്‍മയും ക്യാപ്പ് കൈമാറിയിരിക്കുന്നു, അതേ സ്റ്റേഡിയത്തില്‍വച്ച്. തന്റെ ആദ്യ ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്ജുന് ടെന്‍ഡുല്‍ക്കര്‍ സൂര്യയുടെ വിശ്വാസം കാത്തു. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞപ്പോള്‍ 17 റണ്‍സാണ് ഇരുപത്തിമൂന്ന് വയസുകാരനായ അര്ജുന് വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം ഇതോടെ സച്ചിനും അര്‍ജുനും സ്വന്തമാക്കി.
ഇരുവരും ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് ഒരേ ടീമിനായാണ് എന്നതും ശ്രദ്ധേയമാണ്. അര്ജുന് ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന് ടീം ഐക്കണിന്റെ കുപ്പായത്തില്‍ മുംബൈയുടെ ഡഗൗട്ടിലുണ്ടായിരുന്നു. കെകെആറിനെതിരെ ആദ്യമായി ഐപിഎല്‍ അവസരം ലഭിച്ച അര്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തില്‍ ആദ്യ ഓവര്‍ എറിയാനുമായി. ഐപിഎല്ലിന്റെ ആദ്യ സീസണായ 2008ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരമായിരുന്ന സച്ചിന് ടെന്‍ഡുല്‍ക്കര്‍ 2013 വരെ ഫ്രാഞ്ചൈസിക്കായി കളിച്ചു. ഇതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ടീം ഐക്കണായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന് നിലവില്‍ ടീമിന്റെ ഉപദേഷ്ടാവ് കൂടിയാണ്. ഐപിഎല്ലിലെ 78 മത്സരങ്ങളില്‍ 33.83 ശരാശരിയിലും 119.82 സ്ട്രൈക്ക് റേറ്റിലും 2,334 റണ്‍സ് നേടിയ സച്ചിന് 2010 സീസണിലെ മികച്ച ബാറ്റര്‍ക്കും ക്യാപ്റ്റനും സീസണിലെ മികച്ച താരത്തിനുമുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ സച്ചിന് ഒരു സെഞ്ചുറിയും 13 അര്‍ധസെഞ്ചുറികളുമുണ്ട്. ക്യാപ്റ്റനായി രണ്ട് സീസണുകളില്‍ അഞ്ഞൂറിലധികം റണ്‍സ് നേടി. സച്ചിനോടുള്ള ആദരമായി 10-ാം നമ്പര്‍ ജേഴ്സി മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചിരുന്നു.
മുമ്പ് ഈ സീസണില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ ക്ലാസിക്കോയില്‍ ഇംപാക്ട് പ്ലെയേഴ്സിന്റെ പട്ടികയില്‍ അര്ജുന് ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ അരങ്ങേറ്റം നീളുകയായിരുന്നു. ഇടംകൈയന്‍ പേസ് ബൗളിംഗ് ഓപ്ഷനിനൊപ്പം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനാകും എന്നതും അര്ജുന് ടെന്‍ഡുല്‍ക്കറുടെ പ്രത്യേകതയാണ്.
ഐപിഎല്‍ 2022 സീസണ് മുതല്‍ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡിനൊപ്പമുണ്ട് അര്ജുന് ടെന്‍ഡുല്‍ക്കര്‍.ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡ്വെയ്ന്‍ യാന്‍സനും മത്സരത്തില്‍ മുംബൈ അരങ്ങേറ്റത്തിന് അവസരം നല്കി.
ഡ്വെയ്ന്‍ യാന്സന് നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്സനിന്റെ ഇരട്ട സഹോദരനാണ് ഡ്വെയ്ന്‍ യാന്സന്. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ ഇരട്ടകളാണ് യാന്സന് സഹോദരങ്ങള്‍.