500 വിക്കറ്റ് തികച്ച ആർ. അശ്വിനെ അഭിനന്ദിക്കുന്ന ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും. 
Sports

അശ്വിൻ 500 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

ലോക ക്രിക്കറ്റിൽ തന്നെ എട്ടു പേർ മാത്രമാണ് അശ്വിനു മുൻപ് അഞ്ഞൂറ് വിക്കറ്റ് തികച്ചിട്ടുള്ളത്. 800 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ് ഒന്നാമത്.

രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി ആർ. അശ്വിൻ. തന്‍റെ 98ാം ടെസ്റ്റിലാണ് അശ്വിൻ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളി ആയിരുന്നു അഞ്ഞൂറാമത്തെ ഇര.

അനിൽ കുംബ്ലെയാണ് 500 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ. 132 ടെസ്റ്റിൽ 619 വിക്കറ്റാണ് കുംബ്ലെയുടെ സമ്പാദ്യം. കുംബ്ലെ 500 വിക്കറ്റ് തികച്ചത് തന്‍റെ 105ാം ടെസ്റ്റിലാണ്. ആഗോളതലത്തിലും ഏറ്റവും കുറവ് മത്സരങ്ങളിൽ 500 തികച്ചത് അശ്വിനാണ്. 87 മത്സരങ്ങളിൽ അഞ്ഞൂറെത്തിയ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഏറ്റവും കുറവ് പന്തുകൾ എറിഞ്ഞ് 500 വിക്കറ്റ് നേടിയവരുടെ കൂട്ടത്തിലും അശ്വിന് രണ്ടാം സ്ഥാനമുണ്ട്. 25,714 പന്തെറിഞ്ഞപ്പോഴാണ് അശ്വിന്‍റെ നേട്ടം. 25,528 പന്തിൽ ഈ നേട്ടം കൈവരിച്ച ഗ്ലെൻ മക്ഗ്രാത്ത് ഒന്നാമത്.

ലോക ക്രിക്കറ്റിൽ തന്നെ എട്ടു പേർ മാത്രമാണ് അശ്വിനു മുൻപ് അഞ്ഞൂറ് വിക്കറ്റ് തികച്ചിട്ടുള്ളത്. 800 വിക്കറ്റുമായി മുത്തയ്യ മുരളീധരൻ തന്നെ ഒന്നാമത്. ഷെയ്ൻ വോൺ (708), ജയിംസ് ആൻഡേഴ്സൺ (696), അനിൽ കുംബ്ലെ (619), സ്റ്റ്യുവർട്ട് ബ്രോഡ് (604), ഗ്ലെൻ മക്ഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519), നേഥൻ ലിയോൺ (517) എന്നിവരാണിവർ.

2011 നവംബറിലാണ് അശ്വിൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ആകെ 34 അഞ്ച് വിക്കറ്റ് നേട്ടങ്ങളും എട്ട് പത്തു വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും