മുംബൈ: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമായി. ജൂണ്‍ ഒന്നിലെ ഐസിസി റാങ്കിങ് പ്രകാരം ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20യുടെ പദവിയുണ്ടായിരിക്കും.ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശിക്കുക. വനിതാ ടീമുകളുടെ മത്സരശേഷമായിരിക്കും പുരുഷ ടീമുകളുടെ മത്സരം. വനിതാ ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരം സെപ്റ്റംബര്‍ 22നാണ്. യോഗ്യത നേടിയാല്‍ സെമി 25നും സ്വര്‍ണ, വെങ്കല മെഡല്‍ മത്സരങ്ങള്‍ 26നും നടക്കും. പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിനും സെമി ഫൈനല്‍ ഒക്ടോബര്‍ ആറിനും സ്വര്‍ണ-വെങ്കല മെഡല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ എഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വനിതാ ടീമിന്റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെയും പുരുഷ ടീമിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, അവേഷ് ഖാന്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന് സിംഗ് എന്നിവരാണ് പുരുഷ ടീമിലെ പ്രധാന താരങ്ങള്‍.
വനിതാ ടീമില്‍ ഹര്ന്പ്രീതിന് പുറമെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മലയാളി താരം മിന്നു മണി, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി സര്‍വാണി, ടിറ്റാസ് സാധു, രാജേശ്വരി ഗെയ്ക്വാദ് എന്നിവരുമുണ്ട്.