ദുബായ്: ഇതാ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന് ഐസിസി ബൗളര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച ഒന്നാമതെത്തിയ ഇംഗ്ലണ്ടിന്റെ നാല്പതുകാരന് ജെയിംസ് ആന്‍ഡേഴ്സണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന് ഒന്നാമതെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിന് ലോക റാങ്കിങ്ങില്‍ ഒന്നമതെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ പ്രകടനമാണ് അശ്വിനെ നേട്ടത്തിനര്‍ഹനാക്കിയത്. രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറി.
നാലാമതുള്ള ജസ്പ്രിത് ബുമ്രയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേക്ക് വീണു. പാക്കിസ്ഥാന് പേസര്‍ ഷഹീന് അഫ്രീദിയാണ് അഞ്ചാമത്. ഒലി റോബിന്‍സണ്‍ (ഇംഗ്ലണ്ട്), കഗിസോ റബാദ (ദക്ഷിണാഫ്രിക്ക) എന്നിവര്‍ ആറും ഏഴും സ്ഥാനങ്ങളിലുണ്ട്. എട്ടാം സ്ഥാനത്താണ് ജഡേജ. കെയ്ല്‍ ജെയ്മിസണ്‍ (ന്യൂസിലന്‍ഡ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ) എന്നിവരും ആദ്യ പത്തിലുണ്ട്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അശ്വിന് രണ്ടാമുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ എട്ടാമതെത്തി.
അതേസമയം, ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ റൂട്ട് നേട്ടമുണ്ടാക്കി. ന്യൂസിലന്‍ഡിനെതിരെ നേടിയ സെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റൂട്ട് മൂന്നാമതെത്തി.
ഓസീസ് താരം മര്‍നസ് ലബുഷെയ്ന് ഒന്നാമത് തുടരുന്നു. സ്റ്റീവന്‍ സമിത്താണ് രണ്ടാമത്. പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിനും ഓസീസിന്റെ ട്രാവിസ് ഹെഡിനും ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി.
ഇരുവരും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണും ടോം ബ്ലണ്ടലുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ നേടിയ സെഞ്ചുറികളാണ് ഇരുവര്‍ക്കും തുണയായത്. റിഷഭ് പന്ത് (8), രോഹിത് ശര്‍മ (9) എന്നിവര്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ശ്രീലങ്കയുടെ ദിമുത് കരുണാരത്നെയാണ് പത്താം സ്ഥാനത്ത്. വിരാട് കോലി 17-ാം സ്ഥാനത്ത്. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 16-ാം റാങ്കിലെത്തി.