ഗോഹട്ടി: ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഓപ്പണര്‍ റിതുരാജ് ഗെയ്കവാദിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഉയർത്തിയ 222 റണ്‍സ് വിജയ ലക്ഷ്യം നിശ്ചിത 20 ഓവറിൽ മാക്സ്വെല്ലിൻ്റെ സെഞ്ചുറി കരുത്തിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റൺസ് നേടിയപ്പോൾ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്ത് പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കി. മാക്സ്വെല്ലിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസിസിനെ വിജയത്തിലെത്തിച്ചത്.
മാക്സ്വെല് എട്ട് വീതം സിക്സും ഫോറുമടക്കം 48 പന്തുകളിൽ 104 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരം കൈവിട്ടു പോവുന്ന സാഹചര്യത്തിൽ ഒരുമിച്ച മാക്സ്വെല് - ക്യാപ്റ്റന്‍ മാത്യു വെയ്ഡ് സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. വെയ്ഡ് 16 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താകാതെ നിന്നു.
രണ്ടു മത്സരത്തിൻ്റെ കൂറ്റൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് അടിതെറ്റും വിധമായിരുന്നു ഓസിസ് ബാറ്റിങ്. ലോകകപ്പിൽ ഇന്ത്യയെ വെള്ളംകുടിപ്പിച്ച ട്രാവിസ് ഹെഡ് (35) ഇന്ത്യയ്ക്ക് വീണ്ടും തലവേദനയാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ആദ്യ പവർപ്ലേയിൽ കൂറ്റൻ അടികളോടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. അര്‍ഷ്ദീപിൻ്റെ പന്തിൽ ആരോൺ ഹാര്‍ഡി വിക്കറ്റിൽ കുരുങ്ങിയപ്പോൾ ഇന്ത്യ തിരിച്ചു വന്നു. പുറകെ ഹെഡ്ഡിനെയും ജോഷ് ഇംഗ്ലസിനെയും പുറത്താക്കിയതോടെ ഇന്ത്യ ജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. എന്നാൽ സ്റ്റോയിനിസും ഗ്ലെൻ മാക്സ്വെല്ലും ചേർന്നതോടെ ഗ്രൗണ്ടിന് തീപിടിച്ചു.
പുറകെ സ്റ്റോയിനിസിനെയും ടിം ഡേവിനെയും പുറത്താക്കിയ ഇന്ത്യയ്ക്ക് കരിനിഴലായി മാക്സ്വെല് മറുവശത്ത് തകർത്ത് പെയ്തുകൊണ്ടിരുന്നു. 19ാം ഓവറിൽ മാത്യൂ വേഡ് അക്സറിനെ അടിച്ചുപരത്തിയതോടെ കങ്കാരുക്കൾക്ക് ലക്ഷ്യത്തോട് അടുത്തു. അവസാന ഓവറില്‍ 21 റൺസാണ് ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിൽ വേഡും മാക്സ്വെല്ലും ചേർന്ന് നാല് ഫോറും ഒരു സിക്സുമടക്കം ഒന്നാന്തരം വിജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി
ആദ്യ ബാറ്റിംഗിൽ റിതുരാജിന് പുറമെ നായകന് സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍
യശസ്വി ജയ്സ്വാള്‍ (6), ഇഷാന് കിഷന് (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ജയ്സ്വാള്‍ മടങ്ങുന്നത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്.
അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്സണെ ഓഫ്സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം. റണ്‍സൊന്നുമെടുക്കാതെയായിരുന്നു കിഷന്റെ മടക്കം. എന്നാല്‍, പിന്നീട് ക്രീസിലെത്തിയ നായകന് സൂര്യകുമാര്‍ അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ന്നു. റിതുരാജും വിട്ടുകൊടുത്തില്ല.
29 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 39 റണ്‍സെടുത്ത സൂര്യയെ ആരോണ്‍ ഹാര്‍ഡി, വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈകളിലെത്തിച്ചു. റിതുരാജിനൊപ്പം 57 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്ത ശേഷമാണ് സൂര്യയുടെ മടക്കം. പിന്നീടെത്തിയ തിലക് വര്‍മ റിതുരാജിന് മികച്ച പിന്തുണയാണ് നല്‍കിയത്. റണ്‍സ് വാരി ഇരുവരും കുതിച്ചു. തിരുവനന്തപുരത്ത് നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ റിതുരാജ് അടിച്ചു തകര്‍ത്തു. 52 പന്തില്‍നിന്നായിരുന്നു റിതുരാജിന്റെ സെഞ്ചുറി പിറന്നത്. തിലക് - റുതുരാജ് സഖ്യം 139 റണ്‍സ് കൂട്ടിചേര്‍ത്തു. 57 പന്തുകള്‍ മാത്രം നേരിട്ട റുതുരാജ് ഏഴ് സിക്സും 13 ഫോറുംഅടക്കമാണ് 123 റണ്‍സ് സ്വന്തമാക്കിയത്. നാല് ബൗണ്ടറികള്‍ അടുങ്ങുന്നതായിരുന്നു തിലക് വര്‍മയുടെ ഇന്നിംഗ്സ്. ഗ്ലെന്‍ മാക്സ് വെല്‍ എറിഞ്ഞ അവസാന ഓവറില്‍ റിതുരാജും തിലകും ചേര്ന്നടിച്ചുകൂട്ടിയത് 30 റണ്‍സാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ്ഡും ആരോണ്‍ ഹാര്‍ഡിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍, ഹാര്‍ഡിയെ അര്‍ഷ്ദീപ്, ഇഷാന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യക്ക് ബ്രേക്ക് ത്രൂവായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ 7 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ,ഒരു മാറ്റവുമായിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. മുകേഷ് കുമാറിന് പകരം ആവേഷ് ഖാന് ടീമിലെത്തി. ഓസ്ട്രേലിയ നാല് മാറ്റം വരുത്തി. സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട്, സീന്‍ അബോട്ട്, ആഡം സാംപ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഡ്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവരാണ് പകരമെത്തിയത്.