മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ ഇതാഹാസം നൊവാക്ക് ജോക്കോവിച്ചിന്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. സ്കോർ : 6-3, 7-6, 7-6.
10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ പുരുഷ താരമാണ് നൊവാക് ജോക്കോവിച്ച്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021 എന്നീ വർഷങ്ങളിലാണ് ജോക്കോവിച്ച് കിരീടം നേടിയത്. ഗ്രാൻഡ് സ്‍ലാം നേട്ടത്തിൽ 22–ാം വിജയവുമായി റാഫേല്‍ നദാലിൻ്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി. വിജയത്തോടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ജോക്കോവിച്ച് തിരിച്ചെത്തി.
ആദ്യം മുതൽ തന്നെ ആധിപത്യത്തോടെ കളിച്ച ജോക്കോവിച്ച് ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും ഒടുവിൽ 7-6ന് ജോക്കോവിച്ച് വിജയിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറിലാണ് ജോക്കോവിച്ച് നേടിയത്. മൂന്നാം സെറ്റിലും കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും ജോക്കോവിച്ചിനെ മറികടക്കാൻ കഴിയാതെ വന്നതോടെ ഗ്രീക്ക് യുവതാരം തോൽവി സമ്മതിക്കുകയായിരുന്നു. ജോക്കോവിച്ച് 7-6ന് ജയിച്ചു.
അമേരിക്കയുടെ ടോമി പോളിനെ സെമിയില്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിലെ തന്റെ പത്താം ഫൈനലിൽ പ്രവേശിച്ചത് . ആദ്യ സെറ്റില്‍ വെല്ലുവിളി ഉയര്‍ത്തിയ എതിരാളിയെ പിന്നീടുള്ള രണ്ട് സെറ്റുകളിലും ഒന്ന് പൊരുതാന്‍ പോലും ജോക്കോവിച്ച് സമ്മതിച്ചില്ല.