കറാച്ചി: പാകിസ്താൻ ക‍്യാപ്റ്റനും അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബാബർ അസമിനെ ഏകദിന ക്രിക്കറ്റ് നായക സ്ഥാനത്ത് നിന്നും മാറ്റിയേക്കും. സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് തീരുമാനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരം വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെയായിരിക്കും നായക സ്ഥാനത്തേക്ക് പരിഗണിക്കുക. ടെസ്റ്റിൽ ഷാൻ മസൂദാണ് പാക് ടീം നായകൻ. എന്നാൽ ഷാൻ മസൂദിനെയും മാറ്റിയേക്കുമെന്നാണ് സൂചന.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരം ദയനീയമായി പരാജയപെട്ടതോടെയാണ് ബാബറിനെതിരെ വിമർശനങ്ങൾ ഉയർന്നത്. നവംബറിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര വരാനിരിക്കെയാണ് ഈ നിർണായക തീരുമാനത്തിലേക്ക് പാക് ടീം പോകുന്നത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റുമത്സരത്തിൽ നാല് ഇന്നിങ്സിൽ നിന്ന് ബാബർ അസം നേടിയത് ആകെ 64 റൺസാണ്, 31 റൺസായിരുന്നു താരത്തിന്‍റെ ഉയർന്ന സ്കോർ. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് റിസ്വാനാണ്. രണ്ട് ടെസ്റ്റിൽ നിന്നായി താരം 294 റൺസ് നേടി.