സാക്ഷി മാലിക്കിന്‍റെ പുസ്തകം വിറ്റ്നസ്, ബബിത ഫോഗട്ട് 
Sports

''പുസ്തകം വിൽക്കാനുള്ള തത്രപ്പാട്'', സാക്ഷി മാലിക്കിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് ബബിത ഫോഗട്ട്

ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിനു പ്രേരണ നൽകിയത് ബബിത ആയിരുന്നു എന്ന സാക്ഷിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവർ

ന്യൂഡൽഹി: പുസ്തകം വിൽക്കാനുള്ള തത്രപ്പാടിൽ അഭിമാനം വിൽക്കുകയാണ് സാക്ഷി മാലിക് ചെയ്യുന്നതെന്ന് മുൻ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിനു പ്രേരണ നൽകിയത് ബബിത ആയിരുന്നു എന്ന സാക്ഷിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവർ.

ബ്രിജ് ഭൂഷണെ പുറത്താക്കി ഗുസ്തി ഫെഡറേഷൻ അധ്യക്ഷയാകുക എന്ന സ്വകാര്യ അജൻഡ വച്ചാണ് ബബിത പ്രവർത്തിച്ചതെന്നായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ. അതേസമയം, ലൈംഗിക പീഡനം അടക്കം സമരത്തിനു പിന്നിലുള്ള കാരണങ്ങൾ വാസ്തവമായിരുന്നു എന്നും സാക്ഷി വ്യക്തമാക്കിയിരുന്നു.

'വിറ്റ്നസ്' എന്ന പേരിൽ സാക്ഷി മാലിക് തന്‍റെ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകം വിൽക്കാനാണ് അവർ വിവാദമുണ്ടാക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ ബബിത ആരോപിക്കുന്നത്.

''ചിലർക്ക് അസംബ്ലി സീറ്റ് കിട്ടി, ചിലർക്ക് സ്ഥാനം കിട്ടി, നിനക്ക് ഒന്നും കിട്ടിയില്ല. നിന്‍റെ വേദന എനിക്കു മനസിലാകും'', വിനേഷ് ഫോഗട്ടിനു ഹരിയാന നിയമസഭയിലും ബജ്റംഗ് പൂനിയക്ക് കർഷക കോൺഗ്രസ് നേതൃത്വത്തിലും ഇടം കിട്ടിയതിനെ പരാമർശിച്ച് ബബിത പരിഹസിച്ചു.

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയുമാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്നത്.

ചിലർക്ക് അസംബ്ലി സീറ്റ് കിട്ടി, ചിലർക്ക് സ്ഥാനം കിട്ടി, നിനക്ക് ഒന്നും കിട്ടിയില്ല. നിന്‍റെ വേദന എനിക്കു മനസിലാകും
ബബിത ഫോഗട്ട്

ചിലരുടെ സ്വാധീനം കാരണം വിനേഷിന്‍റെയും ബജ്റംഗിന്‍റെയും ഉള്ളിൽ അത്യാഗ്രഹം നിറഞ്ഞതായും സാക്ഷി മാലിക് ആരോപിച്ചിരുന്നു.

ഗീത ഫോഗട്ട്, ബബിത ഫോഗട്ട്, മഹാവീർ ഫോഗട്ട് എന്നിവർ ആമിർ ഖാനൊപ്പം
കോൺഗ്രസിന്‍റെ ഭാഷയാണ് സാക്ഷി മാലിക് സംസാരിക്കുന്നത്.
മഹാവീർ ഫോഗട്ട്

കോൺഗ്രസിന്‍റെ ഭാഷയാണ് സാക്ഷി മാലിക് സംസാരിക്കുന്നതെന്നാണ് ബബിതയുടെ അച്ഛനും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട് പ്രതികരിച്ചത്. ഡങ്കൽ എന്ന സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ചത് മഹാവീർ സിങ്ങിൽനിന്ന് പ്രചോദിതമായ കഥാപാത്രത്തെയാണ്. ബബിത ഫോഗട്ടിനെയും സഹോദരി ഗീത ഫോഗട്ടിനെയുമാണ് അതിൽ ആമിർ ഖാന്‍റെ മക്കളുടെ കഥാപാത്രങ്ങളായി ചിത്രീകരിച്ചിരുന്നത്. മഹാവീർ ഫോഗട്ടിന്‍റെ സഹോദരപുത്രിയാണ് വിനേഷ് ഫോഗട്ട്.

നിലവിൽ എംഎൽഎയായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കിന്‍റെ ആരോപണത്തോട് പേരെടുത്തു പറയാതെ പ്രതികരിച്ചു. ''കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്. എല്ലാ കഥകൾക്കും മൂന്നു വശമുണ്ട്- നിങ്ങളുടെ ഭാഗം, അവരുടെ ഭാഗം, പിന്നെ സത്യം'', വിനേഷ് പറഞ്ഞു.

ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ സമരപ്പന്തലിൽ
എല്ലാ കഥകൾക്കും മൂന്നു വശമുണ്ട്- നിങ്ങളുടെ ഭാഗം, അവരുടെ ഭാഗം, പിന്നെ സത്യം.
വിനേഷ് ഫോഗട്ട്

മറ്റ് അത്ലറ്റുകൾക്കു വേണ്ടിയും തന്‍റെ സഹോദരിക്കു വേണ്ടിയും നിലകൊള്ളുന്നത് അത്യാഗ്രഹമാണെങ്കിൽ അതു നല്ലതാണെന്നു താൻ വിശ്വസിക്കുന്നു എന്നും വിനേഷ് കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങളുടെ സമരത്തിനിടെ വിനേഷ് ഫോഗട്ടിനും ബജ്റംഗ് പൂനിയക്കും ഏഷ്യൻ ഗെയിംസ് ട്രയൽസിൽനിന്ന് ഒഴിവ് കിട്ടിയിരുന്നു. അഡ് ഹോക്ക് കമ്മിറ്റിയുടെ ഈ വാഗ്ദാനം ഇരുവരും സ്വീകരിച്ചത് സമരത്തെ ദുർബലമാക്കിയെന്നും സാക്ഷി മാലിക് ആരോപിച്ചിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട ഇളവ് അന്നു സാക്ഷി നിരാകരിച്ചിരുന്നതാണ്.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് ഞായറാഴ്ച ഹർത്താൽ

വെളുത്തുള്ളിക്ക് തീ വില; കിലോ ഗ്രാമിന് 440 രൂപ കടന്നു

പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു; വിമർശിച്ച് എം. സ്വരാജ്

സന്ദീപ് പാർട്ടി വിട്ടത് നന്നായി: എം.വി. ഗോവിന്ദൻ

കോൺഗ്രസിന് ഇനി നല്ല കാലം, സന്ദീപിന്‍റെ വരവോടെ കൂടുതൽ പേർ കോൺഗ്രസിലെത്തും: പി.കെ. കുഞ്ഞാലിക്കുട്ടി