Sports

വിരമിച്ചാലും വിടില്ല; യുഎസിൽ ക്രിക്കറ്റ് കളിക്കാനുള്ള റായുഡുവിന്‍റെ ശ്രമം ബിസിസിഐ മുടക്കി

വിരമിച്ച് ഒരു വർഷം കഴിയാതെ വിദേശത്തു പോയി കളിക്കാനാവില്ലെന്ന് പുതിയ നിബന്ധന

മുംബൈ: ഏജ് ഗ്രൂപ്പ് കാലഘട്ടം മുതൽ ലോകകപ്പ് ടീം തെരഞ്ഞെടുപ്പ് വരെ നിരന്തരം ക്രിക്കറ്റ് ഭരണാധികാരികളുടെ അനീതിക്കു പാത്രമായ ബാറ്റർ അമ്പാടി റായുഡുവിനെ വിരമിച്ചിട്ടും വെറുതേ വിടാതെ ബിസിസിഐ.

യുഎസിലെ മേജർ ക്രിക്കറ്റ് ലീഗ് കളിക്കാൻ ടെക്സസ് സൂപ്പർ കിങ്സുമായി കരാർ ഒപ്പുവച്ചിരുന്ന റായുഡു, ബിസിസിഐയുടെ എതിർപ്പ് കാരണം അതിൽ നിന്നു പിൻമാറാൻ നിർബന്ധിതനായി.

ബിസിസിഐയുടെ നിലവിലുള്ള ചട്ടമനുസരിച്ച്, അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റിൽ നിന്നു മാത്രമല്ല, ഐപിഎല്ലിൽനിന്നു കൂടി വിരമിച്ചാൽ മാത്രമേ ഇന്ത്യൻ പുരുഷ താരങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നടത്തുന്ന ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളൂ. (വനിതാ താരങ്ങൾ ഈ നിരോധനം ബാധകമല്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിലെ ലീഗുകളിൽ ഇന്ത്യൻ വനിതാ താരങ്ങൾ കളിക്കുന്നുണ്ട്).

ഈ നിബന്ധന നിലനിൽക്കുന്നതിനാലാണ് യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ഇർഫാൻ പഠാനും മറ്റും വിദേശ സാധ്യതകൾ തേടി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നതും. എന്നാൽ, റായുഡുവിന്‍റെ കാര്യത്തിൽ നിലപാട് ഒന്നുകൂടി കടുപ്പിക്കുകയാണ് ബിസിസിഐ. വിരമിച്ച് ഒരു വർഷം കഴിയാതെ വിദേശ ലീഗുകളിൽ കളിക്കാൻ പാടില്ലെന്ന നിബന്ധന ഏർപ്പെടുത്താൻ പോകുകയാണ്.

മുംബൈയിൽ വെള്ളിയാഴ്ച ചേർന്ന അപക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർദേശം അവതരിപ്പിക്കപ്പെട്ടത്. സെപ്റ്റംബറിൽ ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പാസായാൽ മാത്രമേ ഇതു പ്രാബല്യത്തിൽ വരൂ എന്നിരിക്കിലും, റായുഡുവിനു മേൽ ഇപ്പോൾത്തന്നെ നിബന്ധന അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്.

ബിസിസിഐയുടെ കരാർ ലഭിക്കാത്ത ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾ കൂട്ടത്തോടെ വിരമിച്ച് വിദേശ ലീഗുകളിൽ കളിക്കാൻ പോകുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നിബന്ധന കൊണ്ടുവരുന്നതെന്നാണ് ബിസിസിസഐയുടെ ഔദ്യോഗിക വിശദീകരണം. അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ‌ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ് ഇരുപത്തെട്ടാം വയസിൽ വിരമിച്ച് യുഎസിലേക്ക് കുടിയേറിയിരുന്നു.

ഇതിനിടെ, ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുന്ന പല പ്രമുഖ വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രഥമ യുഎസ് മേജർ ക്രിക്കറ്റ് ലീഗ് കളിക്കാൻ പോകുന്ന ടെക്സസ് സൂപ്പർകിങ്സ് രൂപീകരിച്ചിട്ടുള്ളത്. ചെന്നൈ ടീം ഉടമകളായ എൻ. ശ്രീനിവാസന്‍റെ ഇന്ത്യാ സിമന്‍റ്സ് തന്നെയാണ് ടെക്സസ് ടീമിന്‍റെയും ഉടമകൾ. ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ് തന്നെ അവിടെയും പരിശീലകനാകും.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു