മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കാൻ ബിസിസിഐ തീരുമാനം. ട്വന്‍റി20 ലോകകപ്പിനു മുൻപു തന്നെ ഇതു സംബന്ധിച്ച പരസ്യം നൽകും. നിലവിലുള്ള പരിശീലകൻ രാഹുൽ ദ്രാവിഡിനു തുടരാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷ അയച്ച് മറ്റ് അപേക്ഷകരുടെ അതേ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപു തന്നെ രാഹുൽ ദ്രാവിഡിന്‍റെ യഥാർഥ കരാർ അവസാനിച്ചിരുന്നതാണ്. അപേക്ഷ ക്ഷണിക്കാൻ വൈകിയതിനാൽ ദ്രാവിഡിന്‍റെ കാലാവധി ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയാണ് ബിസിസിഐ ചെയ്തത്. ട്വന്‍റി20 ലോകകപ്പിനു മുൻപ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, കോച്ചും കളിക്കാരും തമ്മിൽ അടുപ്പമുണ്ടാക്കാനുള്ള സമയം തികയാത്തതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കു ബിസിസിഐയെ നയിച്ചത്.
ഇക്കുറി അങ്ങനെയൊരു അബദ്ധം ആവർത്തിക്കാതിരിക്കാനാണ് മുൻകൂറായി തന്നെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മികച്ചതാണെങ്കിൽ മാത്രമേ രാഹുൽ ദ്രാവിഡിന് പ്രത്യേക പരിഗണന ലഭിക്കൂ. അതും അദ്ദേഹത്തിനു തുടരാൻ താത്പര്യമുണ്ടെങ്കിൽ മാത്രം.
2027ൽ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ പരിശീലകന്‍റെ കാലാവധി. ലോകകപ്പ് നേടുക എന്നതു തന്നെയായിരിക്കും പ്രധാന ദൗത്യവും. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് തുടങ്ങി സ്പെഷ്യലിസ്റ്റ് പരിശീലകരെ മുഖ്യ പരിശീലകന്‍റെ താത്പര്യം കൂടി കണക്കിലെടുത്തായിരിക്കും നിയമിക്കുക.
വിവിധ ഫോർമാറ്റുകൾ വ്യത്യസ്ത പരിശീലകർ എന്ന ആശയം ഇതിനിടെ ഉയർന്നു വന്നിരുന്നെങ്കിലും ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതു പൂർണമായി നിരാകരിച്ചു. മൂന്നു വർഷത്തേക്ക് മൂന്നു ഫോർമാറ്റുകളിലേക്കും കൂടി ഒറ്റ പരിശീലകൻ തന്നെയായിരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. സെലക്ഷൻ കമ്മിറ്റിയിൽ സലിൽ അങ്കോളയുടെ കാലാവധി കഴിയുന്ന ഒഴിവിൽ ഒരു സെലക്റ്ററെ നിയമിക്കുന്നതിനും അപേക്ഷ ക്ഷണിക്കും. ഉത്തര മേഖലയിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുക.