കൊച്ചി: കേരളത്തിന്റെയും ഇന്ത്യയുടെയും പ്രിയ താരം സഹല്‍ അബ്ദുള്‍ സമദ് ആറ് വര്‍ഷമായുള്ള കേരള ബ്ലാസ്റ്റേഴ്സ് ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് വന്‍ തുക സഹലിനായി ഓഫര്‍ ചെയ്തതായാണ് വിവരം. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബ്ലാസ്റ്റേഴ്സ് സഹലിനെ വില്ക്കാന് ആലോചിക്കുകയാണ്.
ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുക സഹലിനു വേണ്ടി കൊല്‍ക്കത്ത വമ്പന്മാര് മുടക്കാന്‍ റെഡിയാണത്രെ. 2.5 കോടി രൂപയോളം ട്രാന്‍സ്ഫര്‍ ഫീയാണ് ബഗാൻ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒപ്പം, മറ്റൊരു താരത്തേ ബ്ലാസ്റ്റേഴ്സിനു കൈമാറാനും ബഗാൻ ഒരുക്കമാണ്.
ഐഎസ്എല്ലിലെ ഏത് ക്ലബ്ബും കൊതിക്കുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് സഹല്‍ അബ്ദുള്‍ സമദ്. മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാം തന്നെ താരത്തെ സ്വന്തമാക്കാന്‍ താല്പര്യമുണ്ട്. ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവയെല്ലാം താരത്തിനായി നേരത്തെ തന്നെ രംഗത്തുള്ള ക്ലബ്ബുകളാണ്.കൂട്ടത്തില്‍ ഏറ്റവും വലിയ ഓഫര്‍ വയ്ക്കുന്ന ടീമിന് മാത്രമേ സഹലിനെ വിട്ടുനില്‍ക്കുകയുള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
2.2 കോടി രൂപ ട്രാന്‍സ്ഫര്‍ തുകയുള്ള സഹലിന് കുറഞ്ഞത് മൂന്നു കോടി എങ്കിലും ലഭിച്ചാലേ വിട്ടുകൊടുക്കുകയുള്ളൂ എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്. മൂന്ന് കോടിക്ക് മുകളില്‍ തുക ലഭിച്ചാല്‍ അത് ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റെക്കോഡ് തുകയാവും.മറ്റു ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബഗാന് ഇക്കാര്യത്തില്‍ വളരെയയേറെ മുന്നേറിയതായാണ് വിവരം. സഹലിനായി വിദേശ ക്ലബ്ബുകളും ശ്രമം നടത്തിയെന്നാണു പുറത്തുവരുന്ന വിവരം. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം പ്രമുഖര്‍ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ നടക്കാന്‍ സാധ്യത കുറവാണ്. സഹല്‍ ബഗാനിലേക്കു പോകുകയാണെങ്കില്‍ പകരം ലിസ്റ്റണ്‍ കൊളാസോയെ ബ്ലാസ്റ്റേഴ്സിനു ലഭിച്ചേക്കും.
ബഗാന് പ്രതിരോധ താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തേ മോഹന്‍ ബഗാന്റെ പ്രബീര്‍ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. 26 വയസ്സുകാരനായ സഹല്‍ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 90 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും തിളങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖമായ സഹലിനെ ടീമിലെത്തിക്കാന്‍ ഐഎസ്എല്‍ വമ്പന്മാര് മുന്‍കൈയെടുത്തത്. 2.2 കോടി രൂപയാണ് താരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ.
2025 മേയ് വരെ സഹലുമായി കേരള ബ്ലാസ്റ്റേഴ്സിന് കരാറുണ്ട്.2017ലാണ് സഹല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. 2025 വരെ ക്ലബ്ബിന് താരവുമായി കരാറുണ്ട്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില്‍ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് സഹല്‍. 97 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സഹല്‍ ആകെ 10 ഗോളുകള്‍ അടിക്കുകയും 9 ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.നിലവില്‍ ഐഎസ്എല്ലിലെ റെക്കോഡ് ട്രാന്‍സ്ഫര്‍ തുക 3 കോടി രൂപയാണ്. മോഹന്‍ ബഗാന് തന്നെയാണ് നേരത്തെ അനിരുദ്ധ് ഥാപ്പയെ ചെന്നൈയിനിൽനിന്ന് ഈ തുകയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പിലും ഇന്ത്യ കിരീടം നേടുമ്പോള്‍ മധ്യനിരയില്‍ സഹലുമുണ്ടായിരുന്നു. ഐഎസ്എല്ലിലെ ഒന്നാം നമ്പര്‍ ക്ലബ്ബില്‍ ചേക്കേറുന്നത് താരത്തിനും കൂടുതല്‍ ഗുണം ചെയ്യും. ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടങ്ങള്‍ ഉള്ള ക്ലബ്ബാണ് മോഹന്‍ ബഗാന്. ഇന്ത്യന്‍ ടീമിനായുള്ള സഹലിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന്റെ വിലയേറുന്നതിനു കാരണമാകും.