ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ച മുൻ തീരുമാനം പിൻവലിച്ചു. ഈ വർഷം ഒക്റ്റോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് കളിക്കുകയാണ് ലക്ഷ്യം. ഏകദിന ക്രിക്കറ്റിൽ നിലവിലുള്ള ചാംപ്യൻമാരാണ് ഇംഗ്ലണ്ട്.
ലോകകപ്പിനു മുന്നോടിയായി, ന്യൂസിലാൻഡിനെതിരേ നാലു മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പര കളിക്കാനുള്ള ഇംഗ്ലണ്ട് ടീമിൽ സ്റ്റോക്സിനെ ഉൾപ്പെടുത്തിക്കഴിഞ്ഞു. ലോകകപ്പ് കളിക്കാനുള്ള ടീമിൽ ഉൾപ്പെടാൻ സാധ്യതയുള്ള താരങ്ങളാണ് ടീമിൽ ഏറെയും.
മൂന്നു ഫോർമാറ്റിലും കളിക്കുക ദുഷ്കരമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്‌സ് കഴിഞ്ഞ വർഷം ഏകദിന മത്സരങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടർന്ന് ടെസ്റ്റ് മത്സരങ്ങൾ കൂടാതെ അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങളിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ആഷസ് പരമ്പരയിൽ ടീമിനെ നയിച്ച് സ്റ്റോക്സ് പരുക്ക് കാരണം പരിമിതമായി മാത്രമാണ് പന്തെറിഞ്ഞിരുന്നത്.
മത്സരങ്ങൾ ജയിപ്പിക്കാനുള്ള സ്റ്റോക്സിന്‍റെ ശേഷിയും നേതൃപാടവവും ഇംഗ്ലണ്ട് ടീമിന്‍റെ നിലവാരം കൂടുതൽ ഉയർത്തുമെന്ന് ദേശീയ സെലക്റ്റർ ലൂക്ക് റൈറ്റ് അഭിപ്രായപ്പെട്ടു. സ്റ്റോക്സിനെ വീണ്ടും ഏകദിന ജെഴ്സിയിൽ കാണുന്നത് ഇംഗ്ലിഷ് ആരാധകരെല്ലാം ആസ്വദിക്കുമെന്നും റൈറ്റ്.
2019ലെ ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരേ ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പിയായിരുന്നു സ്റ്റോക്സ്.