കൊച്ചി: പത്തുവര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് അറുതി തേടി കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അങ്കത്തട്ടിലിറങ്ങുന്നു. തിരുവോണ നാളില്‍ ജയത്തോടെ സീസണ്‍ തുടങ്ങാമെന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ. പതിനൊന്നാം സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.
പുതിയ സീസണ്‍, പുതിയ പരിശീലകന്‍, പുതിയ ടീം, പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. എതിരാളികള്‍ ഐഎസ്എലില്‍ ഒരു സീസണ്‍ മാത്രം പ്രായമുള്ള പഞ്ചാബ് എഫ്സി. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്റ്റേഡിയത്തിലേക്ക് പകുതി സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം. ഗ്യാലറിയില്‍ ആരാധകക്കൂട്ടത്തിന്‍റെ കുറവ് ബ്ലാസ്റ്റേഴ്സിന്‍റെ കളിയൊഴുക്കിനെ ബാധിക്കുമോയെന്ന് കണ്ടറിയാം.
കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ വീണ ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ പരിശീലകന്‍റെ കീഴിലാണ് കിരീടം തേടിയിറങ്ങുന്നത്. കളിക്കളത്തിലെ അച്ചടക്ക ലംഘനത്തിന് പിഴ നടപടിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ടീം ഇപ്പോഴും കരകയറിട്ടില്ലെന്നതിന് തെളിവായി മികച്ച താരങ്ങളുടെ ഒഴിവാക്കല്‍.
ദിമിത്രിയോസ് ഡയമന്‍റകോസ്, മാര്‍കോ ലെസ്കോവിച്ച്, ജീക്സണ്‍ സിങ് തുടങ്ങിയ പ്രധാന താരങ്ങള്‍ ടീം വിട്ടുപോയത് ക്ഷീണമാണ്. എഫ്സി ഗോവയില്‍ നിന്നെത്തിയ മൊറോക്കന്‍ മുന്നേറ്റക്കാരന്‍ നോഹ സദൂയ് ആണ് ക്യാമ്പിലെ പുതിയ കരുത്ത്. ഡ്യൂറന്‍റ് കപ്പില്‍ താരം തിളങ്ങിയിരുന്നു. സ്പാനിഷുകാരന്‍ ജീസസ് ജിമെനെസിലും ടീം പ്രതീക്ഷ വയ്ക്കുന്നു. ഉറുഗ്വേക്കാരന്‍ അഡ്രിയാന്‍ ലൂണയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും ടീം നായകന്‍.
പ്രതിരോധ താരം മിലോസ് ഡ്രിന്‍സിച്ചാണ് വൈസ് ക്യാപ്റ്റന്‍. 53 മത്സരങ്ങളിലായി 13 ഗോള്‍ നേടിയിട്ടുണ്ട് ലൂണ. ഈ 32കാരനാണ് ബ്ലാസ്റ്റേഴ്സിന്‍റെ കളി നിയന്ത്രിക്കുന്നതും. തായ്‌ലന്‍ഡിലും കൊല്‍ക്കത്തയിലുമായിരുന്നു ടീം മുന്നൊരുക്കം നടത്തിയത്.
ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിന് വലിയ ആരാധക പിന്തുണയുള്ളത് ഗ്രൗണ്ടില്‍ നിര്‍ണായകമാകുമെന്ന് ബ്ലാസ്റ്റേഴ്സിന്‍റെ സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറെ പറയുന്നു. ടീമിന്‍റെ മുന്നൊരുക്കത്തില്‍ പൂര്‍ണ സംതൃപ്താനാണ്.
പരുക്കുകള്‍ ടീമിനെ അലട്ടുന്നില്ല. എല്ലാകളിക്കാരും ഇന്നത്തെ മത്സരത്തിന് ലഭ്യം. പ്രീസീസണില്‍ ചില താരങ്ങള്‍ പരിക്കിന്‍റെ പിടിയില്‍ പെട്ടിരുന്നു. അവരെല്ലാം ഫിറ്റ്നെസ് വീണ്ടെടുത്തുകഴിഞ്ഞു-കോച്ച് പറഞ്ഞു.
28 അംഗ ടീമാണ് ബ്ലാസ്റ്റേഴ്സിന്. പരുക്കില്‍നിന്ന് മുക്തനായ സച്ചിന്‍ സുരേഷ് ആയിരിക്കും ടീമിന്‍റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. നോറ ഫെര്‍ണാണ്ടസ്, സോം കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു ഗോള്‍കീപ്പര്‍മാര്‍.
പ്രതിരോധം: ഐബന്‍ബ ഡോഹ്ലിങ്, അലെക്സാന്‍ഡ്രെ കൊയെഫ്, റുയ്വാ ഹോര്‍മിപാം, മിലോസ് ഡ്രിന്‍സിച്ച്, ഹുയ്ദ്രോം നവോച്ച സിങ്, പ്രബീര്‍ ദാസ്, പ്രീതം കോട്ടല്‍, സന്ദീപ് സിങ്. മധ്യനിര: അഡ്രിയാന്‍ ലൂണ, ബ്രൈസ് മിറാന്‍ഡ, ഡാനിഷ് ഫാറൂഖ്, ഫ്രെഡ്ഡി ലല്ലംമാവ്മ, മുഹമ്മദ് അയ്മെന്‍, മുഹമ്മദ് അസ്ഹര്‍, റെന്തലെയ് ലാല്‍തന്‍മാവിയ, സൗരവ് മണ്ഡല്‍, സുഖം യൊയ്ഹെന്‍ബ മെയ്തി, വിബിന്‍ മോഹനന്‍. മുന്നേറ്റം: ഇഷാന്‍ പണ്ഡിത, ക്വാമി പെപ്ര, നോഹ സദൂയ്, കെ.പി രാഹുല്‍, എം.എസ്. ശ്രീകുട്ടന്‍.
കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായി ഐഎസ്എലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി, ലീഗിലെ ഉത്തരേന്ത്യയില്‍ നിന്നുള്ള ഏക ടീം കൂടിയാണ്. കന്നിസീസണില്‍ കാര്യമായ പ്രകടനം നടത്താനായില്ല. എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തവണ ടീമിനെ ഒരുക്കിയതെന്ന് പരിശീലകന്‍ പനാഗിയോട്ടിസ് ഡിംപെരിസ് പറയുന്നു.
ഡ്യൂറന്‍റ് കപ്പില്‍ പഞ്ചാബ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചിരുന്നു. യുവത്വവും അനുഭവപരിചയവും ടീമിനെ സമതുലിതമാക്കുന്നു. 26 അംഗ ടീമില്‍ ലൂക്കാ മജ്സെന്‍, മുഷാഗ ബകെംഗ, എസ്ക്വല്‍ വിദാല്‍, ഇവാന്‍ നോവോസെലെച്ച്, അസ്മിര്‍ സുല്‍ജിക്, ഫിലിപ്പ് മിഴ്ലാക്ക് എന്നിവരാണ് വിദേശികള്‍.
വിനിത് റായ്, നിന്തോയിംഗന്‍ബ മീതേയ്, മുഹീത് ഷബീര്‍, മലയാളി താരം നിഹാല്‍ സുധീഷ്, ലിക്മാബാം രാകേഷ് സിങ് എന്നീ ഇന്ത്യൻ താരങ്ങള്‍ പുതുതായി ടീമിലെത്തി. കേരള താരം മുഹമ്മദ് സുഹൈല്‍ എഫ്, ഷമി സിംഗമയും എന്നിവവര്‍ക്ക് അക്കാദമിയില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റവും നല്‍കി.