പെർത്ത്: ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ തകർന്നു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 27 ഓവറിൽ 67 റൺസിന് 7 വിക്കറ്റ് നഷ്ടമായി. ഇന്ത‍്യക്ക് വേണ്ടി 10 ഓവർ എറിഞ്ഞ് 17 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത ബുംറയാണ് ക്യാപ്റ്റന്‍റെ കളി കാഴ്ചവച്ചത്.
ബുംറയ്ക്ക് പുറമെ 9 ഓവറിൽ നിന്ന് 17 റൺസ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് സിറാജ് 2 വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ട്രാവിസ് ഹെഡ് (11), നഥാൻ മക്സ്വീനി (10) അലക്സ് കാരി (19). ഓപ്പണിങ് ബാറ്റർമാരായ ഉസ്മാൻ ഖവാജയെയും നഥാൻ മക്സ്വീനിയെയും ബുംറ ആദ‍്യമേ പുറത്താക്കി. ഉസ്മാൻ ഖവാജ (8) നഥാൻ മക്സ്വീനി (10) പിന്നീട് വന്ന സ്റ്റീവ് സ്മിത്തിനെ പൂജ‍്യത്തിന് ബുംറയും ട്രാവിസ് ഹെഡിനെ 11 റൺസിന് ഹർഷിത് റാണയും പുറത്താക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
52 പന്തുകൾ നേരിട്ട് രണ്ട് റൺസുമായി മാർനസ് ലബുഷെയ്നെ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും സിറാജ് പുറത്താക്കുകയായിരുന്നു. മിച്ചൽ മാർഷിനും (6) നായകൻ പാറ്റ് കമ്മിൻസിനും (3) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 28 പന്തുകൾ നേരിട്ട് 19 റൺസുമായി അലക്സ് കാരിയും, 6 റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ.