മുംബൈ: ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് അതിനിര്‍ണായകം. ആദ്യ രണ്ട് കളിയും ജയിച്ചശേഷം തുടര്‍ച്ചയായി മൂന്ന് കളികള്‍ തോറ്റു നില്ക്കുന്ന പാക്കിസ്ഥാന് ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നതു മുതല്‍ ഇനിയുള്ള ഓരോ മത്സരങ്ങളും പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടങ്ങളാണ്. പോയിന്റ് നിലയില്‍ പാക്കിസ്ഥാന് ആറാമതാണ്. മറിച്ച് ദക്ഷിണാഫ്രിക്കയാകട്ടെ, അഞ്ച് കളികളില്‍ നാലും ജയിച്ച് എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.
നാലു മത്സരങ്ങളാണ് പാകിസ്ഥാന് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ബാക്കിയുള്ളത്. ഈ മത്സരങ്ങളിലെല്ലാം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും പാക്കിസ്ഥാന്റെ സെമി സാധ്യത. ഇന്ന് ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് പാക്കിസ്ഥാന് എതിരാളികളാകേണ്ടത്.
സെമിയിലെത്താനുള്ള പാകിസ്ഥാന്റെ മുന്നിലുള്ള എളുപ്പവഴി അടുത്ത നാലു കളികളും ജയിക്കുക എന്നത് തന്നയാണ്. നാലു കളികളും ജയിച്ചാല്‍ പാക്കിസ്ഥാന് 12 പോയന്റാകും. എന്നാല്‍ അതിന് ടോപ് ത്രീയിയിലുള്ള ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്‍ഡിനെയും പാക്കിസ്ഥാന് തോല്‍പ്പിക്കണം. ഇരുടീമും മികച്ച ഫോമിലുമാണ്. അതുപോലെ മികച്ച ഫോമിലേക്കുയര്‍ന്ന ഓസ്ട്രേലിയ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ പാക്കിസ്ഥാന് സെമിയിലെത്തുക കൂടുതല്‍ ബുദ്ധിമുട്ടാവും.
അടുത്ത നാലില്‍ മൂന്ന് കളികളില്‍ ജയിച്ചാല്‍ പാക്കിസ്ഥാന് പരമാവധി നേടാനാവുക 10 പോയന്റാണ്. ഈ സാഹചര്യത്തില്‍ നാലാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ മത്സരഫലങ്ങളായിരിക്കും പാക്കിസ്ഥാന് നിര്‍ണായകമാകുക. ഓസ്ട്രേലിയ ബാക്കിയുള്ള നാലു കളികളില്‍ രണ്ടെണ്ണമെങ്കിലും തോല്‍ക്കണം. ആ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാവും സെമി സ്ഥാനം നിര്‍ണയിക്കുക.
ബാക്കിയുള്ള നാലു കളികളില്‍ രണ്ട് കളികള്‍ മാത്രമേ പാക് പടയ്ക്ക് ജയിക്കാനാകുന്നുള്ളൂ എങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയിച്ചാല്‍ ഏറെക്കുറെ സെമി ഉറപ്പിക്കാം. നാല് മത്സരങ്ങള്‍ മാത്രമാണ് ഇനി ഓരോ ടീമിനും ബാക്കിയുള്ളത്. ഹെന്റിക് ക്ലാസനും ക്വിന്റണ്‍ ഡി കോക്കും മികച്ച ഫോമിലാണ്. കളിയെ ഇരുവരും സമീപിക്കുന്നത് സ്ഫോടനാത്മക ശൈലിയിലാണ്. മികച്ച ബൗളിങ് നിരയും പ്രോട്ടിയാസിന്റെ കരുത്താണ്.
പാക്കിസ്ഥാന്റെ ബാറ്റിങ്ങും ബൗളിങ്ങും അവസരത്തിനൊത്തുയരുന്നില്ല. ഓപ്പണര്‍മാര്‍ ഫോമിലാണെങ്കിലും മധ്യനിര താളംകണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഷഹീന് അഫ്രീദി അടക്കമുള്ള പ്രമുഖര്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് നന്നായി വഴങ്ങുന്നത് ആശങ്കപ്പെടുത്തുന്നു. നായകന് എന്ന നിലയില്‍ ബാബര്‍ അസം തികഞ്ഞ പരാജയമെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത് അദ്ദേഹത്തില്‍ സമ്മര്‍ദമേറ്റിയിട്ടുണ്ട്. ഇരുടീമും തമ്മില്‍ ഇതുവരെ 82 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 51 മത്സരങ്ങളിലും വിജയിച്ചു. പാക്കിസ്ഥാന് 30ലും. ഒരെണ്ണം ഫലമില്ലാതെ പോയി.