ന്യൂഡൽഹി: ലോകകപ്പിന്റെ തുടക്കത്തിൽ വമ്പൻ തിരിച്ചടികൾ നേരിട്ടതിന് പിന്നാലെ വൻ തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ ഇന്ന് നെതർലൻഡ്സിനെ നേരിടും. ഇന്ത്യയോട് തോറ്റു തുടങ്ങിയ ഓസ്ട്രേലിയക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയോടും തോറ്റ് തുടങ്ങിയ ഓസ്ട്രേലിയ പിന്നാലെ ശ്രീലങ്കയേയും പാക്കിസ്ഥാനെ തോൽപ്പിച്ചാണ് തിരിച്ചെത്തിയത്. ഇന്ന് താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ തോൽപ്പിച്ച് വിലപ്പെട്ട രണ്ട് പോയിന്റ് സ്വന്തമാക്കാനാകും പാറ്റ് കമ്മിൻസും സംഘവും ഇറങ്ങുന്നത്. മറുവശത്ത് പാക്കിസ്ഥാനോട് തോറ്റ് തുടങ്ങിയ ഡച്ച് പട പിന്നാലെ ന്യൂസിലൻഡിനോടും ശ്രീലങ്കയോടും തോറ്റു. എന്നാൽ ടൂർണമെന്റിൽ ഏറ്റവും കരുത്തരെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതിന്റെ വലിയൊരു കഥപറയാനുണ്ട് ഓറഞ്ച് പടയ്ക്ക്. ഇന്ന് അഞ്ച് തവണ ലോകചാംപ്യന്മാരെന്ന വമ്പുമായെത്തുന്ന ഓസീസിനെ അട്ടിമറിക്കാനുള്ള അപൂർവ അവസരം അവർക്ക് മുന്നിലുണ്ട്.
ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് ടീമിൽ തിരിച്ചെത്തുന്ന എന്നതാണ് ഓസ്ട്രേലിയൻ ടീമിൽ നിന്നുള്ള പുതിയ വാർത്ത. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ ഇടംകൈയ്ക്ക് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഹെഡ് ഇന്ന് വാർണർക്കൊപ്പം ക്രീസിലെത്തിയേക്കും. ടീമിലെ ഏക സ്പിന്നർ ആദം സാംപയുടെ നടുവേദനയാണ് ടീമിന്റെ ഫിറ്റ്നസ് ആശങ്ക.
ഓസ്ട്രേലിയൻ വളർത്തിയെടുത്ത സ്കോട്ട് എഡ്വേർഡ്സ് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ജൂലൈയിൽ നടന്ന യോഗ്യതാ ടൂർണമെന്റ് മുതൽ കൗണ്ടി കളിക്കാരായ കോളിൻ അക്കർമാൻ, പോൾ വാൻ മീകെരെൻ, റോലോഫ് വാൻ ഡെർ മെർവെ എന്നിവരെല്ലാം മികച്ച ഫോമിലുമാണ്. ശ്രീലങ്കയ്ക്കെതിരേ ലഖ്നൗവിൽ ഇറക്കിയ ഇലവനെ ഇന്ന് നിലനിർത്തിയേക്കും.
ബംഗളൂരുവിൽ പാക്കിസ്ഥാനെതിരേ 62 റൺസിന് നേടിയ ജയം ഓസ്ട്രേലിയയെ ഈ ടൂർണമെന്റിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംനൽകി.
വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, സ്കോട്ട്ലൻഡ്, ഒമാൻ, യുഎസ്എ എന്നിവരെ തകർത്ത് യോഗ്യതാ കടമ്പ കടന്നെത്തിയ നെതർലൻഡ്സ് ഈ ലോകകപ്പിലെ അട്ടിമറിക്കാർ എന്ന പേര് സ്വീകരിച്ചു. ടൂർണമെന്റിൽ തോൽവി അറിയാത്ത ദക്ഷിണാഫ്രിക്കയെ 38 റൺസിന് തകർത്ത് ഡച്ച് കടുത്ത ആരാധകരെ പോലും ഞെട്ടിച്ചു. ഇത് ലോകകപ്പ് ചരിത്രത്തിലെ രാജ്യത്തിന്റെ മൂന്നാമത്തെ വിജയം മാത്രമാണ്.
ലോകകപ്പിന്റെ ചരിത്രത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും ജയം ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു. 2003 ലോകകപ്പിൽ 75 റൺസിനും 2007 ലോകകപ്പിൽ 229 റൺസിനുമായിരുന്നു ഓസീസ് ജയം.