T20 World Cup

പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് ആവേശ വിജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 ഓൾഔട്ട്. പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റിന് 113.

ടിപ്പിക്കൽ ഇന്ത്യ - പാക് ത്രില്ലർ

ന്യൂയോർക്ക്: ന്യൂയോർക്കിലെ വിചിത്രമായ വിക്കറ്റിൽ വലിയ സ്കോറുകൾ പിറന്നില്ല. പക്ഷേ, ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്‍റെ ആവേശം ഒട്ടും ചോർത്തിക്കളയാൻ വിക്കറ്റിനോ പലവട്ടം വിളിക്കാതെ വിരുന്നുവന്ന മഴയ്‌ക്കോ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത് 119 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ എങ്കിലും, എതിരാളികളെ ആറു റൺസ് അകലെ പിടിച്ചു കെട്ടിയ ഇന്ത്യൻ ബൗളർമാർ വിജയം പിടിച്ചെടുത്തു.

മത്സരത്തിൽ ഏറിയ പങ്കും മേധാവിത്വം പുലർത്തിയിട്ടും പാക്കിസ്ഥാനെ ഇടംവലം വിടാതെ പിടിച്ചുനിർത്തിയ ഇന്ത്യൻ പ്രീമിയർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദ മാച്ച്. നാലോവർ ക്വോട്ട തികച്ച ബുംറ വെറും പതിനാല് റൺസാണ് വഴങ്ങിയത്, നേടിയത് നിർണായക സമയങ്ങളിൽ മൂന്ന് വിലപ്പെട്ട വിക്കറ്റുകളും.

120 റൺസ് വിജയം തേടിയിറങ്ങിയ പാക്കിസ്ഥാന് ക്യാപ്റ്റൻ ബാബർ അസമിന്‍റെ (13) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തിൽ സൂര്യകുമാർ യാദവിന്‍റെ മനോഹരമായ സ്ലിപ്പ് ക്യാച്ച്. അവിടെ നിന്ന് ഉസ്മാൻ ഖാനെ കൂട്ടുപിടിച്ച് അടിത്തറ പടുക്കാൻ മുഹമ്മദ് റിസ്വാന്‍റെ ശ്രമം. റിസ്വാന്‍റെ ക്യാച്ച് ശിവം ദുബെ ഫൈൻ ലെഗ്ഗിൽ നഷ്ടപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നു തോന്നിയ സമയം.

57/1 എന്ന സുരക്ഷിതമായ നിലയിൽ പാക്കിസ്ഥാൻ. എന്നാൽ, അക്ഷർ പട്ടേൽ 13 റൺസെടുത്ത ഉസ്മാൻ ഖാനെ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇന്ത്യ തിരിച്ചുവരവ് തുടങഅങുകയായിരുന്നു. സിക്സറുമായി തുടങ്ങിയ ഫഖർ സമനെ (13) ഹാർദിക് പാണ്ഡ്യ ബുദ്ധിപരമായ ബൗളിങ്ങിലൂടെ ഋഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചപ്പോൾ കളി അവസാന ഓവറുകളിലേക്ക് നീളുമെന്നുറപ്പായി.

ഇമാദ് വസിമിൽ മികച്ച പങ്കാളിയെ തേടിയ റിസ്വാൻ പാക്കിസ്ഥാന് പ്രതീക്ഷയായി അപ്പോഴും ക്രീസിലുണ്ടായിരുന്നു. എന്നാൽ, തന്‍റെ രണ്ടാം വരവിൽ ബുംറ ഒരു ലോ ബോളിലൂടെ റിസ്വാനെ ക്ലീൻ ബൗൾ ചെയ്തതോടെ കളി എങ്ങോട്ടും തിരിയുന്ന അവസ്ഥ. എന്നാൽ, ഇഫ്തിക്കർ അങമ്മദും ഷാദാബ് ഖാനും ക്രീസിൽ നിൽക്കുമ്പോൾ ലക്ഷ്യം അധികം അകലെയല്ലായിരുന്നു പാക്കിസ്ഥാന്.

പതിനേഴാം ഓവറിൽ ഷാദാബിനെ കൂടി ഋഷഭിന്‍റെ ഗ്ലൗസിലെത്തിച്ചു ഹാർദിക്. രണ്ടോവറിൽ 21 എന്ന ഇക്വേഷനിലേക്കാണ് ബുംറ വീണ്ടും പന്തെറിയാനെത്തുന്നത്. പത്തൊമ്പതാം ഓവറിൽ പിറന്നത് ഒരു ലെഗ് ബൈ ഉൾപ്പെടെ വെറും മൂന്നു റൺ, അവസാന പന്തിൽ ഇഫ്തിക്കറിന്‍റെ സുപ്രധാന വിക്കറ്റും വീണു. ഈ സമയം മാത്രമാണ് ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി തോന്നിച്ചത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ഇമാദ് വസീമിനെ ഋഷഭ് പന്തിന്‍റെ മറ്റൊരു ഗംഭീര ക്യാച്ചിലൂടെ അർഷ്‌ദീപ് പുറത്താക്കുന്നു. പിന്നെ ഷഹീൻ അഫ്രീദിയെയും നസീം ഷായെയും പിടിച്ചുനിർത്താൻ സർദാർജിക്ക് തന്‍റെ കഴിവിന്‍റെ പകുതി പോലും പുറത്തേടുക്കേണ്ടി വന്നില്ല. ഒരു ഫോർ ഉൾപ്പെടെ 12 റൺസ് ആ ഓവറിൽ വന്നെങ്കിലും വിജയം അപ്പോഴേക്കും പാക്കിസ്ഥാന്‍റെ ബാറ്റിൽ നിന്ന് ഒരുപാട് അകലെയായിക്കഴിഞ്ഞിരുന്നു.

ബുംറയെ കൂടാതെ 24 റൺസിന് രണ്ട് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായത്. അർഷ്‌ദീപിന്‍റെ ഒരു വിക്കറ്റിന് 31 റൺസിന്‍റെ വില നൽകേണ്ടി വന്നു. അക്ഷർ പട്ടേൽ രണ്ടോവർ മാത്രം എറിഞ്ഞപ്പോൾ 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയും രണ്ടോവറിൽ ഒതുങ്ങി, വിട്ടുകൊടുത്തത് 10 റൺസ്, വിക്കറ്റില്ല. മുഹമ്മദ് സിറാജിനും വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, നാലോവറിൽ 19 റൺസ് മാത്രമാണ് വഴങ്ങിയത്.

ടൈറ്റ് ഫിനിഷ്

പാക്കിസ്ഥാൻ ജയിക്കാൻ 6 പന്തിൽ 18

അവസാന ഓവർ:

  1. അർഷ്‌ദീപ് സിങ്ങിന്‍റെ ആദ്യ പന്തിൽ ഇമാദ് വസീം (15) പുറത്ത്, ഋഷഭ് പന്തിന്‍റെ തകർപ്പൻ ക്യാച്ച്. ഇനി 5 പന്തിൽ 18

  2. നസീം ഷാ സിംഗിൾ എടുക്കുന്നു, ഇനി 4 പന്തിൽ 17

  3. യോർക്കർ, ലെഗ് ബൈ, ഒരു റൺ, ഇനി 3 പന്തിൽ 16

  4. ഫോർ റൺസ്, നസീം ഷായുടെ സ്കൂപ്പ്, ഇനി 2 പന്തിൽ 12

  5. വീണ്ടും ഫോർ, ഇനി ഒരു പന്തിൽ 8

  6. സിംഗിൾ, ഇന്ത്യക്ക് ആറ് റൺസ് വിജയം.

സ്കോർ ബോർഡ്

ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു

പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ അർഷ്‌ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 119 റൺസിന് ഓൾഔട്ട്. പാക്കിസ്ഥാനു ജയിക്കാൻ വേണ്ടത് 120 റൺസ്.

ഒമ്പത് വിക്കറ്റ്

നേരിട്ട ആദ്യ പന്തിൽ തന്നെ ജസ്പ്രീത് ബുംറ പുറത്ത്. ഇമാദ് വസിമിനു ക്യാച്ച്. ഹാരിസ് റൗഫിന് തുടരെ രണ്ടു പന്തിൽ രണ്ടു വിക്കറ്റ്.

മുഹമ്മദ് സിറാജ് അടുത്ത പന്തിൽ സിംഗിളെടുത്ത് ഹാട്രിക് ഒഴിവാക്കി.

മുഹമ്മദ് ആമിർ

ഹാർദിക് ഔട്ട്

12 പന്തിൽ 7 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ ഹാരിസ് റൗഫ് ബൗണ്ടറി ലൈനിൽ ഇഫ്തിക്കർ അഹമ്മദിന്‍റെ കൈകളിലെത്തിച്ചു.

ജഡേജ ഡക്ക്

നേരിട്ട ആദ്യ പന്തിൽ രവീന്ദ്ര ജഡേജ പുറത്ത്. മുഹമ്മദ് ആമിറിന്‍റെ തന്നെ പന്തിൽ ഇമാദ് വസിമിന്‍റെ ക്യാച്ച്.

അടുത്ത പന്ത് പ്രതിരോധിച്ച് അർഷ്‌ദീപ് സിങ് ഹാട്രിക് ഒഴിവാക്കി.

ഋഷഭ് പന്ത്

ആറാം വിക്കറ്റ്

ഇതുവരെ ആകെ പിടിച്ചുനിന്ന ഋഷഭ് പന്തിന്‍റെ വിക്കറ്റും ഇന്ത്യക്കു നഷ്ടമായി. 31 പന്തിൽ ആറ് ബൗണ്ടറി ഉൾപ്പെടെ 42 റൺസാണെടുത്തത്. മുഹമ്മദ് ആമിറിന്‍റെ പന്തിൽ ബാബർ അസമിന്‍റെ ക്യാച്ച്. ഇന്ത്യ 96/6

ദുബെ പുറത്ത്

പ്രതീക്ഷിച്ചതു പോലെ തന്നെ നിലവാരമുള്ള പേസ് ബൗളിങ്ങിനു മുന്നിൽ പരുങ്ങിയ ശിവം ദുബെയുടെ ദുരിതം ഒമ്പത് പന്ത് മാത്രം നീണ്ടു. തട്ടിമുട്ടി നേടിയത് മൂന്ന് റൺ. നസീം ഷാ സ്വന്തം ബൗളിങ്ങിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. മത്സരത്തിൽ നസീം ഷായുടെ മൂന്നാമത്തെ വിക്കറ്റ്.

സൂര്യകുമാർ ഔട്ട്

ഏഴ് പന്തിൽ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവ് ഔട്ട്. ഹാരിസ് റൗഫിന്‍റെ പന്തിൽ മുഹമ്മദ് ആമിറിനു ക്യാച്ച്.

പത്തോവർ പൂർണം, ഇന്ത്യ 81/3

ഇന്നിങ്സിന്‍റെ നേർ പകുതി പൂർത്തിയാകുമ്പോൾ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ്. ഋഷഭ് പന്തും (27 പന്തിൽ 40) സൂര്യകുമാർ യാദവും (5 പന്തിൽ 7) ക്രീസിൽ.

ഹാട്രിക് ഫോർ

ഹാരിസ് റൗഫ് എറിഞ്ഞ പത്താമത്തെ ഓവറിൽ ഋഷഭ് പന്ത് തുടരെ മൂന്നു ബൗണ്ടറികൾ നേടി.

ഋഷഭ് പന്തിന് നാലാമത്തെ ലൈഫ്

ക്രീസിൽ വന്നതു മുതൽ നിരന്തരം ഭാഗ്യത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന ഋഷഭ് പന്ത് നൽകിയ നാല് ക്യാച്ച് അവസരങ്ങൾ പാക്കിസ്ഥാൻ ഫീൽഡർമാർ ഇതുവരെ നഷ്ടപ്പെടുത്തി.

നസീം ഷാ

അക്ഷർ ഔട്ട്

എട്ടാം ഓവറിൽ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 18 പന്തിൽ 20 റൺസെടുത്ത അക്ഷർ പട്ടേലിനെ നസീം ഷാ ക്ലീൻ ബൗൾ ചെയ്തു. സ്കോർ 58/3

ഇന്ത്യ 50 കടന്നു

ആറോവർ പവർ പ്ലേ പൂർത്തിയാകുമ്പോൾ ഇന്ത്യ 50/2, ഋഷഭ് പന്തും അക്ഷർ പട്ടേലും ക്രീസിൽ.

നാലാം നമ്പറിൽ അക്ഷർ

വിരാട് കോലി പുറത്തായ ശേഷം ബാറ്റിങ്ങിനിറങ്ങിയത് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തന്നെ. എന്നാൽ, രോഹിത് ശർമയ്ക്കു പകരം പ്രൊമോഷൻ നേടി ബാറ്റ് ചെയ്യാനെത്തിയത് അക്ഷർ പട്ടേലാണ്.

രോഹിത്തും വീണു

മൂന്നാം ഓവറിൽ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടം. 12 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 13 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, ഷഹീൻ അഫ്രീദിയുടെ പന്തിൽ സ്ക്വയർ ലെഗ്ഗിൽ ഹാരിസ് റൗഫിനു ക്യാച്ച് നൽകി മടങ്ങി.

വിരാട് കോലിയെയും രോഹിത് ശർമയെയും ഇന്ത്യക്ക് പവർ പ്ലേയിൽ നഷ്ടമായി.

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

രണ്ടാം ഓവറിൽ ഇന്ത്യക്ക് ഓപ്പണർ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. നസീം ഷായുടെ പന്തിൽ ഉസ്മാൻ ഖാൻ കവർ പോയിന്‍റിൽ ക്യാച്ചെടുക്കുകയായിരുന്നു. മൂന്ന് പന്തിൽ ഒരു ഫോർ ഉൾപ്പെടെ നാലു റൺസാണ് കോലി നേടിയത്.

കളി പുനരാരംഭിച്ചു

വീണ്ടും മഴ

ഇന്ത്യ ഒരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസ് എന്ന നിലയിലെത്തിയപ്പോൾ വീണ്ടും മഴ. കളി നിർത്തിവച്ചു.

മൂന്നാം പന്തിൽ സിക്സർ

ഷഹീൻ അഫ്രീദിയെ മൂന്നാം പന്തിൽ സിക്സർ പറത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.

രോഹിതും വിരാടും ക്രീസിൽ

വീണ്ടും മഴ

ടോസ് ചെയ്ത ശേഷം വീണ്ടും മഴയെത്തിയതോടെ മത്സരം വീണ്ടും വൈകുമെന്ന് ആശങ്ക.

ടീം പാക്കിസ്ഥാൻ

ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ ഖാൻ, ഫഖർ സമൻ, ഷാദാബ് ഖാൻ, ഇഫ്തിക്കർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

ടീം ഇന്ത്യ

രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.

പാക് ടീമിൽ ഒരു മാറ്റം

വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനു പകരം സ്പിൻ ബൗളിങ് ഓൾറൗണ്ടർ ഇമാദ് വസീമിനെ പാക്കിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തി. നാലു പേസ് ബൗളർമാരും രണ്ടു സ്പിന്നർമാരും ഉൾപ്പെടുന്ന ടീം.

സഞ്ജു ഇല്ല

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. അയർലൻഡിനെ തോൽപ്പിച്ച ടീമിനെ അതേപടി നിലനിർത്തി.

പാക്കിസ്ഥാന് ടോസ്

ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഫീൽഡിങ് തെരഞ്ഞെടുത്തു.

സൂര്യകുമാർ യാദവ് സ്റ്റേഡിയത്തിൽ.

ടോസ് വൈകി

ന്യൂയോർക്ക്: നേരത്തെ പെയ്ത മഴ കാരണം ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം തുടങ്ങാൻ വൈകുന്നു. ഗ്രൗണ്ടിൽ നീന്ന് കവറുകൾ നീക്കിയിട്ടുണ്ട്. അമ്പയർമാർ പിച്ച് പരിശോധിച്ചു.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ