പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗിന്നസ് റെക്കോഡ്. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്. ഇതോടെ കുവൈറ്റ് താരം ബാദർ അൽ– മുതവയുടെ റെക്കോർഡ് പഴങ്കഥയായി. 196 രാജ്യാന്തര മത്സരങ്ങളാണ് ബാദർ അൽ– മുതവയുടെ അക്കൗണ്ടിൽ ഉള്ളത്.
റൊണാൾഡോ നേരത്തെതന്നെ ബാദർ അൽ– മുതവയെ മറികടന്നിരുന്നുവെങ്കിലും ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം ഔദ്യോഗികമായി റൊണാൾഡോയുടെ പേരിലായത്. നിലവിൽ 123 ഗോളുകളുമായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോയുടെ പേരിൽത്തന്നെയാണ്.
അതേസമയം, യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിൽ പോർച്ചുഗൽ ഐസ്‍ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. മത്സരത്തിൽ 89ാം മിനിറ്റിൽ ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
"എന്നെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ നേട്ടമാണ്, വിജയഗോള്‍ നേടാനയതും സന്തോഷം നല്കുന്നു. ടീമെന്ന നിലയില്‍ ഞങ്ങള്‍ അത്ര നന്നായി കളിച്ചില്ല, ചില സമയങ്ങളില്‍ ഫുട്ബോള്‍ അങ്ങനെയാണ്, എങ്കിലും വിജയം ഞങ്ങള്‍ നേടി, അതിന് അര്‍ഹരായിരുന്നു' - റൊണാള്‍ഡോ പറഞ്ഞു
പതിനെട്ടാം വയസിലാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി ബൂട്ടണിഞ്ഞത്. പിന്നീടുള്ള ഇരുപതുവര്‍ഷവും ഫുട്ബോള്‍ ചരിത്രത്തിനൊപ്പമായിരുന്ന റൊണാള്‍ഡോയുടെ സഞ്ചാരം. കൂടുതല്‍ ഗോള്‍ നേടിയ താരം, കൂടുതല്‍ മത്സരം കളിച്ചതാരം, പത്ത് ഹാട്രിക് നേടുന്ന ആദ്യ താരം. ഇങ്ങനെ കരയിയറില്‍ കൈയടിക്കിയ നേട്ടങ്ങള്‍ നിരവധിയാണ്.