അഹമ്മദാബാദ്: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന് ദാസുന്‍ ഷനക നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം. ആദ്യ മത്സരത്തില്‍ സംഭവിച്ച പരിക്കിനെത്തുടര്‍ന്ന് സീസണില്‍ നിന്ന് പുറത്തായ ന്യൂസിലന്‍ഡ് താരം കെയിന്‍ വില്ല്യംസണ് പകരമാണ് ഷനകയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു വില്ല്യംസണ് പരിക്കേറ്റത്. ശ്രീലങ്കയുടെ സമീപകാല വിജയങ്ങളില്‍ നിര്‍ണായക സ്ഥാനം അലങ്കരിച്ച താരമാണ് ഷനക.
ശ്രീലങ്കന്‍ ടി20 ടീമിന്റെ നായകനായ ദാസുന്‍ ഷനക ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ്. ബാറ്റിംഗ് ഓള് റൗണ്ടറായ അദ്ദേഹം 181 ടി20 മത്സരങ്ങളില്‍ നിന്ന് 141.94 സ്ട്രൈക്ക് റേറ്റില്‍ 3702 റണ്‍സും 8.8 എക്കോണമിയില്‍ 59 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ജനുവരിയില്‍ ഇന്ത്യക്കെതിരെ നടന്ന ടി20 പരമ്പരയില്‍ 187.87 സ്ട്രൈക്ക് റേറ്റില്‍ 124 റണ്‍സ് അദ്ദേഹം സ്കോര്‍ ചെയ്തിരുന്നു. ഇതാദ്യമായാണ് താരത്തിന് ഐപിഎല്‍ കരാര്‍ ലഭിക്കുന്നത്.