ലണ്ടന്‍: ടെന്നീസ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടം ഇന്ന്. ലോക ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച താരവും വരും കാല താരവും തമ്മില്‍ വീണ്ടും മുഖാമുഖം. ഗ്രാന്ഡ്സ്്ലാമുകളിലെ ഏറ്റവും തിളക്കമാര്‍ന്ന വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം കലാശപ്പോരാട്ടം ഇന്ന്. ഓള് ഇംഗ്ലണ്ട് ക്ലബ്ബിന്റെ വിഖ്യാതമായ സെന്റര്‍ കോര്‍ട്ടില്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് രണ്ടാം നമ്പര്‍ താരവും ടെന്നീസ് ഇതിഹാസവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. വെള്ളിയാഴ്ച സെമിഫൈനലില്‍ ഇറ്റലിയുടെ യാന്നിക് സിന്നറെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് (6-3, 6-4, 7-6) ജോക്കോ ഒമ്പതാം വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്. ജോക്കോയുടെ 35-ാംഗ്രാന്‍സ്ലാം ഫൈനലാണിത്. ഇത്രയും ഫൈനലിലെത്തുന്ന ആദ്യ താരമാണ് ജോക്കോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചാണ് അല്‍ക്കരാസ് ഫൈനലിലെത്തിയത് (6-3, 6-3, 6-3). അല്‍ക്കരാസിന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണിത്.
കളി വൈകിപ്പിച്ചതിനും ഇടയ്ക്കുതടസ്സപ്പെടുത്തിയതിനും അമ്പയര്‍ ജോക്കോയ്ക്ക് താക്കീത് നല്‍കിയതോടെ സെമിഫൈനല്‍ നാടകീയമായി. കളിക്കിടെ വലിയശബ്ദമുണ്ടാക്കിയതിന് ജോക്കോയുടെ ഒരു പോയന്റ് വെട്ടിക്കുറച്ചു. ഇതിനിടെ കളി ബോധപൂര്‍വം വൈകിപ്പിച്ചതിനാണ് താക്കീത് നല്‍കിയത്. ഇത്തരം സംഭവങ്ങള്‍ സമ്മര്‍ദമുണ്ടാക്കിയെന്ന് മത്സരശേഷം ജോക്കോ പറഞ്ഞു.
അവസാന നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ ഇരുവരുമായാണ് നേടിയത്. അതില്‍ മൂന്നും നേടിയത് ജോക്കോ തന്നെ. 2022 യുഎസ് ഓപ്പണിലാണ് അല്‍ക്കരാസ് സ്വന്തമാക്കിയത്.
ജോക്കോവിച്ച് തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുപോലെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരമെന്ന റോജര്‍ ഫെഡററുടെ റെക്കോഡിന് (8) ഒപ്പമെത്താനും ഇവിടെ കിരീടം ചൂടിയാല്‍ ജോക്കോയ്ക്ക് സ്വന്തമാക്കാനാകും. അതുപോലെ വീണ്ടും ലോക ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചെത്താനും 36കാരനായ ജോക്കോയ്ക്ക് സാധിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്്ലാം കിരീടങ്ങള്‍ (23) നേടിയ താരമാണ് ജോക്കോവിച്ച്. 35-ാം ഗ്രാന്‍ഡ്സ്്ലാം ഫൈനല്കൂടിയാണിത്. ഇതും റെക്കോഡ് തന്നെ.
ഇരുവരും തമ്മില്‍ രണ്ടു തവണ മാത്രമാണ് മുഖാമുഖം വന്നത്. 2023 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ വിജയം ജോക്കോവിച്ചിനായിരുന്നു. സ്കോര്‍ 6-3, 5-7, 6-1, 6-1. 2022 എടിപി മാസ്റ്റേഴ്സ് 1000 സെമിയില്‍ ആയിരുന്നു മറ്റൊരു ഏറ്റുമുട്ടല്‍. അതില്‍ അല്‍ക്കരാസ് 6-7, 7-5, 7-6 എന്ന സ്കോറിന് വിജയിച്ചു.
മിന്നുന്ന ഫോമിലാണ് ഈ ചാംപ്യന്‍ഷിപ്പില്‍ ഇരുവരും കളിച്ചത്. ഫൈനലിലേക്കുള്ള യാത്രയില്‍ ഇരുവരും കൈവിട്ടത് രണ്ടേ രണ്ട് സെറ്റുകള്‍ മാത്രമാണ്. സെമിയില്‍ എതിരാളികളെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും മുട്ടുകുത്തിച്ചത്.