കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇരുട്ടടി നല്കി ഈസ്റ്റ് ബംഗാള്‍. ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 77-ാം മിനിറ്റില്‍ ക്ലയ്റ്റോണ് സില്‍വ നേടിയ ഗോളിലാണ് ഈസ്റ്റ്ബംഗാള്‍ ജയിച്ചു കയറിയത്. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ഈസ്റ്റ്ബംഗാള്‍ നേരത്തെ തന്നെ പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ടവരാണ്.
റീബൗണ്ടില്‍ നിന്നായിരുന്നു ക്ലൈറ്റന്‍ സില്‍വയുടെ ഗോള്‍. പിന്നീട് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തോറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ലീഗില്‍ മൂന്നാംസ്ഥാനത്ത് തുടരും. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ മഞ്ഞപ്പടയ്ക്ക് നിര്‍ണായകമായി.
ആദ്യപകുതിയില്‍ ഇരുടീമുകളും ഉജ്ജ്വലപ്രകടനമാണ് കാഴ്ചവെച്ചത്. ആറാം മിനിറ്റില്‍ രാഹുലിന്റെ മനോഹരമായ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചു. രാഹുലിന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളിതാരം വി.പി.സുഹൈറിന്റെ കയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.16-ാം മിനിറ്റില്‍ത്തന്നെ ഈസ്റ്റ് ബംഗാള്‍ ആദ്യ പകരക്കാരനെ കൊണ്ടുവന്നു. പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, അങ്കിത് മുഖര്‍ജിയ്ക്ക് പകരം മുഹമ്മദ് റാക്കിബിനെ ഇറക്കി. ഇത് ചെറിയ വിവാദത്തിന് വഴിവെച്ചു. പരിശീലകന്റെ നടപടിയില്‍ പ്രതിഷേധിച്ച മുഖര്‍ജി ജഴ്സിയൂരി വലിച്ചെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. ഈസ്റ്റ് ബംഗാള്‍ പതിയെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും മുന്നേറ്റനിരയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മികച്ച പ്രതിരോധം തീര്‍ത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പാറപോലെ ഉറച്ചുനിന്നു. 36-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിക്ടര്‍ മോംഗിലിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ അഡ്രിയാന്‍ ലൂണയുടെ പോസ്റ്റിലേക്ക് താഴ്ന്നുവന്ന കോര്‍ണര്‍ കിക്കും കമല്‍ജിത്ത് രക്ഷപ്പെടുത്തി.
42-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി വി.പി.സുഹൈര്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ രണ്ട് അത്യുഗ്രന്‍ സേവുകള്‍ നടത്തി ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ് ഹീറോയായി മാറി. ക്ലെയിറ്റണ് സില്‍വ പോസ്റ്റിലേക്കുതിര്‍ത്ത ഷോട്ട് കരണ്‍ തട്ടി. പന്ത് വീണ്ടും പിടിച്ചെടുത്ത ക്ലെയിറ്റണ് വീണ്ടും നിറയൊഴിച്ചെങ്കിലും കരണ്‍ വീണ്ടും അത് തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
4-4-2 ശൈലിയിലാണ് ഇവാന് വുകോമനോവിച്ച് തന്റെ ടീമിനെ കളത്തിലിറക്കിയത്. കരണ്ജീത്ത് സിംഗ് ഗോള്‍ബാറിന് കീഴെ തുടര്‍ന്നപ്പോള്‍ ജെസ്സല്‍ കാര്‍ണെയ്റോ, വിക്ടര്‍ മോംഗില്‍, ഹോര്‍മിപാം, ഹര്‍മന്‍ജോത് ഖബ്ര, ബ്രൈസ് മിറാണ്ട, അഡ്രിയാന്‍ ലൂണ, ജീക്സണ് സിംഗ്, രാഹുല്‍ കെപി, അപ്പോസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റക്കോസ് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.